കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു; പിറവം ലോക്കല്‍ സെക്രട്ടറിയെ മാറ്റി സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 05:24 PM  |  

Last Updated: 26th March 2022 05:24 PM  |   A+A-   |  

cpi

ഫയല്‍ ചിത്രം


കൊച്ചി: കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. പിറവം ലോക്കല്‍ സെക്രട്ടറി കെ സി തങ്കച്ചനെയാണ് മാറ്റിയത്. കഴിഞ്ഞദിവസം പിറവത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമരത്തില്‍ തങ്കച്ചന്‍ പങ്കെടുത്തിരുന്നു. 

ഇതേത്തുടര്‍ന്ന് ഇന്നു ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തങ്കച്ചനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്. കെ റെയില്‍ വിരുദ്ധ സമരങ്ങളെ സിപിഐ നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറി സമരത്തില്‍ പങ്കെടുത്തത്. ഇത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. 

സമരത്തില്‍ പങ്കെടുത്തതില്‍ എറണാകുളം ജില്ലാ കമ്മിറ്റി തങ്കച്ചനോട് വിശദീകരണം ചോദിച്ചിരുന്നു. തനിക്ക് തെറ്റു പറ്റിയതായി തങ്കച്ചന്‍ വിശദീകരണം നല്‍കി. എന്നാല്‍ ഇന്നു ചേര്‍ന്ന പിറവം മണ്ഡലം കമ്മിറ്റി യോഗം, താക്കീത് എന്ന നിലയിലാണ് ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്. 

ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കല്‍ സമ്മേളനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ ലോക്കല്‍ സെക്രട്ടറിയെ മാറ്റിയ നടപടി പാര്‍ട്ടിയില്‍ ചര്‍ച്ചയാകും. സംസ്ഥാന നേതൃത്വം പദ്ധതിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളില്‍ കെ റെയിലിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.