ദിലീപിന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്ത് പൊലീസ്; കോടതി രേഖകൾ നശിപ്പിച്ചതായും മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 10:24 AM  |  

Last Updated: 27th March 2022 10:24 AM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി വിവരം. സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത വാട്സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ചു കളയാൻ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ചില നിർണായക രേഖകൾ സായ്ശങ്കർ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിരിക്കുന്നത്.

കോടതിയുമായി ബന്ധപ്പെട്ട രേഖകളാണ് തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയണമെന്ന നിർദ്ദേശം ദിലീപ് നൽകിയതെന്നാണ് സായ് ശങ്കർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വാട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്. 

കേസിൽ ദിലീപിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെ മുൻനിർത്തി കേസിൽ തുടരന്വേഷണം നടക്കുന്നുണ്ട്. തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ.