കണ്ടം ചെയ്യാനിട്ടിരിക്കുന്നത് 920 ബസുകള്‍; ജനറം ബസുകള്‍ ബാധ്യത; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 10:30 AM  |  

Last Updated: 06th May 2022 10:30 AM  |   A+A-   |  

ksrtc_bus_dippo_thevara

ഫയല്‍ ചിത്രം

 


കൊച്ചി:  സംസ്ഥാനത്ത് 2800 ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു എന്ന ആരോപണം ശരിയല്ലെന്ന് കെഎസ്ആര്‍ടിസി. 920 ബസ് മാത്രമാണ് കണ്ടം ചെയ്യാന്‍ മാറ്റിയിട്ടിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ജനറം ബസുകള്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് അനുയോജ്യമല്ല. ഇത് ബാധ്യതയാണെന്നും കെഎസ്ആര്‍ടിസി ചീഫ് ലോ ഓഫീസര്‍ പി എന്‍ ഹേന സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കി. 

കെഎസ്ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു എന്നാരോപിച്ച് കാസര്‍കോട് സ്വദേശി എന്‍ രവീന്ദ്രന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കണ്ടം ചെയ്യാനുള്ളവയില്‍ 681 എണ്ണം സാധാരണ ബസും 239 എണ്ണം ജനറം ബസുമാണ്. ഇവ കണ്ടം ചെയ്യാന്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റല്‍ സ്‌ക്രാപ് ട്രേഡിങ് കോര്‍പ്പറേഷന്‍ മുഖേനയാണ് ലേലം നടത്തുന്നത് എന്നും വിശദീകരണത്തില്‍ പറയുന്നു. 

10-19 വര്‍ഷം പഴക്കമുള്ള ബസുകളാണ് കണ്ടം ചെയ്യുന്നത്. ഈ വര്‍ഷം 750 പുതിയ ബസുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇവ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം അടക്കം കണക്കിലെടുത്താണ് പഴയ ബസുകള്‍ കണ്ടം ചെയ്യുന്നത്. ഇവ തേവര, തിരുവനന്തപുരം ഈഞ്ചക്കല്‍, പാറശാല, ആറ്റിങ്ങല്‍, ചടയമംഗലം, ചേര്‍ത്തല, ചിറ്റൂര്‍, ചാത്തന്നൂര്‍, കാഞ്ഞങ്ങാട്, എടപ്പാള്‍ എന്നിവിടങ്ങളിലെ യാര്‍ഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നും കെ എസ്ആര്‍ടിസി വിശദീകരണത്തില്‍ വ്യക്തമാക്കി. 

ജനറം ബസുകളുടെ സ്‌പെസിഫിക്കേഷനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. സാധാരണ ബസുകളെ അപേക്ഷിച്ച് ഇവയ്ക്ക് തിരിയാന്‍ ഏറെ സ്ഥലം വേണം. സാധാരണ ബസുകള്‍ക്ക് 4.10 കി മീ മൈലേജ് ലഭിക്കുമ്പോള്‍ ജനറം ബസുകള്‍ക്ക് 3.40 കിലോമീറ്ററാണ്. എഞ്ചിന്‍ പിന്നിലുള്ള ഇവയുടെ ഗിയര്‍ ഗിയര്‍ കേബിള്‍ ഒരെണ്ണത്തിന് വില 29,500 രൂപയാണ്. ഇത്തരം മൂന്നു കേബിള്‍ ഒരു ബസിന് വേണം. 

ആകെയുള്ള 6185 ബസുകളില്‍ ആര്‍ടിസി ബസ് 5466ഉം, ജനറം ബസുകള്‍ 719 ഉം ആണ്. 4903 ബസുകള്‍ ആണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കട്ടപ്പുറത്തുള്ള ബസുകള്‍ 1736 ഉം കണ്ടം ചെയ്യാനുള്ളത് 920 മാണ്. 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍സ് ( മില്‍മ സ്റ്റാളുകള്‍, മൂന്നാറിലെ സ്ലീപ്പേഴ്‌സ്) ആയി ഉപയോഗിക്കുകയാണ്. 

2009, 2013 വര്‍ഷങ്ങളിലായി 190 എസി ലോ ഫ്‌ലോര്‍ ബസുകള്‍ ലഭിച്ചിരുന്നു. ഇവയുടെ സീറ്റുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് അനുയോജ്യമല്ല. എസി ലോ ഫ്‌ലോര്‍ ബസുകളുടെ മൈലേജ് 2.5-2.7 കിലോമീറ്റര്‍ മാത്രമാണ്. ഇവയുടെ അറ്റകുറ്റപ്പണിക്ക് 6.5 കോടി രൂപ വേണം. കിലോമീറ്ററിന് 60-70 രൂപ ചെലവും ബസുകളില്‍ നിന്നുള്ള വരവ് 40-50 രൂപയുമാണ്. ഈ ബസുകള്‍ വിനോദയാത്രയ്ക്കും ബൈപ്പാസ് സര്‍വീസിനും ഉപയോഗിക്കാനാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി; ജനം വലഞ്ഞു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ