അന്വേഷണത്തില്‍ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി; ഡിജിപിയെയും എഡിജിപിയെയും വിളിച്ചു വരുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2022 11:36 AM  |  

Last Updated: 26th May 2022 11:42 AM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രംതിരുവനന്തപുരം: കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് ആക്രമണത്തിനിരയായ നടിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. ആശങ്കകളെല്ലാം പരിഹരിക്കും. കേസില്‍ സര്‍ക്കാര്‍ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. നടി ഉന്നയിച്ച ആശങ്കകളും പരാതികളുമെല്ലാം നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നുപേജുള്ള നിവേദനം അതിജീവിത മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. കൂടിക്കാഴ്ചയ്ക്കിടെ തന്നെ മുഖ്യമന്ത്രി ഡിജിപിയെയും എഡിജിപിയെയും ഫോണില്‍ വിളിച്ചതായാണ് വിവരം. തന്റെ ഓഫീസിലേക്ക് ഇരുവരെയും വിളിച്ചു വരുത്തി. നടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തി. അന്വേഷണം സുതാര്യമായി മുന്നോട്ടുകൊണ്ടുപോകണം. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന്, സന്ദര്‍ശനത്തിന് ശേഷം ആക്രണത്തിന് ഇരയായ നടി വ്യക്തമാക്കിയിരുന്നു. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതില്‍ സന്തോഷമുണ്ട്. കേസില്‍ തന്നോടൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും നടി പറഞ്ഞു.

പോസിറ്റീവ് ആയ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കുന്നു. സര്‍ക്കാരിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല. ഹര്‍ജി നല്‍കിയതിന് പിന്നില്‍ യുഡിഎഫ് ആണെന്ന ആക്ഷേപം ശരിയല്ലെന്ന് നടി പറഞ്ഞു. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റിലെത്തി കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'ആരുടേയും വായ അടച്ചുകെട്ടാന്‍ തനിക്ക് പറ്റില്ല, പറയുന്നവര്‍ പറയട്ടെ'; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയെന്ന് നടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ