വോട്ടുറപ്പിക്കാന്‍ മുന്നണികള്‍; തൃക്കാക്കരയില്‍ ഇന്ന് നിശബ്ദപ്രചാരണം; വോട്ടെടുപ്പ് നാളെ

ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്
പാലാരിവട്ടത്തെ കലാശക്കൊട്ട് 
പാലാരിവട്ടത്തെ കലാശക്കൊട്ട് 

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാന്‍ അവസാനശ്രമത്തില്‍ മുന്നണികള്‍. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തുണ്ട്. നാളെയാണ് വോട്ടെടുപ്പ്. യുഡിഎഫിന്റെ ഉമ തോമസ്, എല്‍ഡിഎഫിന്റെ ഡോ. ജോ ജോസഫ്, ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോ ഇല്ല. 

കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം. എംഎല്‍എ പി ടി തോമസ് അന്തരിച്ചതോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിടി തോമസിന്റെ ഭാര്യ ഉമയെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ രംഗത്തിറക്കിയപ്പോള്‍, എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോ ജോസഫിനെയാണ് തൃക്കാക്കര പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്. 

നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് നേരിട്ടെത്തിയിരുന്നു. സിനിമാതാരം രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ ഉമാ തോമസിനൊപ്പം അവസാനഘട്ട പ്രചാരണത്തിനെത്തി. സിനിമാ താരവും എംപിയുമായ സുരേഷ് ​ഗോപി അടക്കമുള്ളവരെ രം​ഗത്തിറക്കിയായിരുന്നു ബിജെപിയുടെ അവസാനവട്ട പ്രചാരണം. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com