കുടുംബ കലഹം പരിഹരിക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി കറക്കം, വീട് വിട്ട് ഇറങ്ങാൻ പ്രലോഭനം; എസ്ഐക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 08:12 AM  |  

Last Updated: 03rd November 2022 08:12 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്; കുടുംബ കലഹം പരിഹരിക്കാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്ഐക്ക് സസ്പെൻഷൻ. കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് നടപടി. കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുൽ ആർ.നായർ സസ്പെൻഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടു. 

കുടുംബ കലഹം പരിഹരിക്കാനായാണ് പരാതിക്കാരന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. ആ സമയത്ത് എടച്ചേരി എസ്ഐ ആയിരുന്നു അബ്ദുൽ സമദ്. തുടർന്ന് യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങൾ പകർത്തി വീടു വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നു. 

ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിച്ചെന്ന് കാട്ടി റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി  അബ്ദുൽ സമദിനെ കൽപറ്റയിലേക്ക് സ്ഥലം മാറ്റി. അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ യാത്രയ്ക്ക് ചെലവേറും, പന്നിയങ്കര ടോൾ നിരക്ക് ഇന്നു മുതൽ കൂടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ