'തനിക്കെതിരായ നീക്കത്തില്‍ താന്‍ വിധികര്‍ത്താവാകില്ല'; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 06:14 AM  |  

Last Updated: 13th November 2022 06:14 AM  |   A+A-   |  

arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

 

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഓര്‍ഡിനന്‍സ് പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായി രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ ഇന്നലെയാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. 

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓര്‍ഡിനന്‍സിന് പിന്നാലെ നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനും നീക്കമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് നടു റോ‍ഡിൽ വീണ്ടും അതിക്രമം; കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ