പ്രായം കൂടി വരുന്നത് മനസ്സിലാക്കുന്നു; അതൃപ്തി ചിലരുടെ വക്രദൃഷ്ടിയില്‍ ഉണ്ടാകുന്ന ഭാവന: ഇ പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 01:01 PM  |  

Last Updated: 16th November 2022 01:01 PM  |   A+A-   |  

ep-jayarajan

ഫയല്‍ ചിത്രം

 

കണ്ണൂര്‍: പാര്‍ട്ടിയോടുള്ള അതൃപ്തി കൊണ്ടാണ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന പ്രചാരണം തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കാതിരുന്നത്. പാര്‍ട്ടിയെ അറിയിച്ച് അവധിയെടുത്തിരുന്നു. പാര്‍ട്ടിയുമായി തനിക്ക് അതൃപ്തിയുണ്ടെന്നത് ചിലരുടെ വക്രദൃഷ്ടിയില്‍ ഉണ്ടാകുന്ന ഭാവന മാത്രമാണെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. 

പ്രായം കൂടി വരുന്ന കാര്യം താൻ മനസിലാക്കുന്നു. പി ബി അംഗത്വത്തിന് അനുയോജ്യൻ എം വി ഗോവിന്ദൻ തന്നെയാണ്.  പിബി അംഗം എന്ന നിലയിൽ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയില്ല. പാർട്ടി തഴയുന്നത് കൊണ്ട് താൻ സമരത്തിൽ നിന്ന് മാറിനിന്നുവെന്ന പ്രചാരണം തെറ്റാണ്. ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. 

കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു. 

തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്നമായി വരില്ല എന്ന് കരുതി. കണ്ണൂരിലെ പ്രതിഷേധത്തിൽ പാർട്ടി പിബി അംഗം എംഎ ബേബി ഉണ്ടായിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. പാർട്ടി ജില്ല സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. 

നിയമ വിരുദ്ധമായി ഒരു കാര്യവും അവിടെ ഉണ്ടായിട്ടില്ല. കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനം. ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുകയാണ് ചെയ്യുന്നതെന്ന് ജയരാജൻ പരിഹസിച്ചു. തന്നെ ആക്രമിക്കാനും   ആർ എസ് എസുകാരെയാണ് സുധാകരൻ അയച്ചത്. കോൺഗ്രസിനെ ആർ എസിന്റെ കയ്യിൽ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ശരിയായ നിലപാട് എടുത്തില്ലെങ്കിൽ മുസ്ലിം ലീ​ഗ് ഒറ്റപ്പെടുമെന്നും ഇപി ജയരാജൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സുധാകരന്‍ കറകളഞ്ഞ മതേതരവാദി, സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പിന്തുണയുമായി ചെന്നിത്തല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ