സുധാകരന്‍ കറകളഞ്ഞ മതേതരവാദി, സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പിന്തുണയുമായി ചെന്നിത്തല

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങള്‍ക്കു വഴിവെച്ചത്
സുധാകരനും രമേശ് ചെന്നിത്തലയും/ ഫെയ്‌സ്ബുക്ക്
സുധാകരനും രമേശ് ചെന്നിത്തലയും/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: വിവാദപ്രസ്താവനകളെത്തുടര്‍ന്ന് ഒറ്റപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരന്‍ കറകളഞ്ഞ മതേതരവാദിയാണ്. രാഷ്ടീയ  പ്രവര്‍ത്തനത്തില്‍ ഉടനീളം മതേതരമായ നിലപാടുകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. സുധാകരന്റെ മതേതര നിലപാടിന് സിപിഎമ്മിന്റെയോ ബിജെപിയുടേയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങള്‍ സുധാകരന്‍ പറഞ്ഞിട്ടില്ല. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങള്‍ക്കു വഴിവെച്ചത്. തന്റെ നാക്കു പിഴയാണെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്. 

നാക്കു പിഴയാണ് എന്ന് വ്യക്തമാക്കിയതോടെ പിന്നെ വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മതേതര നിലപാടിൽ കോൺ​ഗ്രസ് വെള്ളം ചേർക്കുന്ന പ്രശ്നമില്ല. ആശയപരമായി ആരും തമ്മിൽ ഭിന്നതയില്ല. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് എല്ലാ കോൺ​ഗ്രസ് പ്രവർത്തകരും പ്രവർത്തിക്കുന്നത്. 

മതേതര നിലപാടിൽ യുഡിഎഫ് ഉറച്ചു നിൽക്കും. അതിൽ ഒരു സംശയവും വേണ്ട. ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ട.  വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കകള്‍ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് സുധാകരൻ രാജി സന്നദ്ധത അറിയിച്ചു എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് തെറ്റാണ്. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

സിപിഎമ്മിന് ലഭിച്ച തുടർഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഉപതിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടായി. അത് ജനങ്ങള്‍ക്ക് നിലവിലെ സര്‍ക്കാരിനോടുള്ള മടുപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്കു പകരം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com