നിയമസഭ സമ്മേളനത്തിന് ഗവര്‍ണറുടെ പച്ചക്കൊടി; വെറ്ററിനറി വിസിക്ക് ഉടന്‍ നോട്ടീസില്ല

 ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ, ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും/ ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും/ ഫയല്‍

തിരുവനന്തപുരം:  ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിനിടെ, ഡിസംബര്‍ അഞ്ചു മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. അതിനിടെ, പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല. മറ്റു വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം വരട്ടെ എന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 30നാണ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. 

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരിക എന്നതാണ് സഭാ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സാഹചര്യവുമുണ്ട്.

സഭാ സമ്മേളനം എന്ന് അവസാനിക്കും എന്നതില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല. സഭാ സമ്മേളനം എന്ന് അവസാനിപ്പിക്കണമെന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിയമസഭ ബില്‍ പാസ്സാക്കിയാലും അത് നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ബില്ലില്‍ ഒപ്പിടുന്നത് വൈകിയാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com