വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാനപ്രശ്‌നം, പൊലീസ് പരാജയമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍; മറുപടിക്ക് സമയം തേടി സർക്കാർ

മൂവായിരത്തോളം വരുന്ന സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളയുകയും, സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
വിഴിഞ്ഞത്ത് പൊലീസ് ജീപ്പ് തകര്‍ത്ത നിലയില്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
വിഴിഞ്ഞത്ത് പൊലീസ് ജീപ്പ് തകര്‍ത്ത നിലയില്‍/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

കൊച്ചി: വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. പൊലീസിന് യാതൊന്നും ചെയ്യാനാകുന്നില്ല. തുറമുഖ നിര്‍മ്മാണം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും, ഇതുമൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. 

സമരത്തിനെതിരെ സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. തുറമുഖ നിര്‍മ്മാണ സാമഗ്രികളുമായി വന്ന ലോറി സമരക്കാര്‍ തടഞ്ഞപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയമാണ്. നിയമം കയ്യിലെടുക്കാന്‍ വൈദികര്‍ അടക്കം നേതൃത്വം നല്‍കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. 

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

മൂവായിരത്തോളം വരുന്ന സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളയുകയും സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 40 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ ഹാജരായി വിശദീകരിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ?

വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ ഹൈക്കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെയും അതിന് പ്രേരിപ്പിച്ചവരെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു. എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും കോടതി ചോദിച്ചു. കോടതിയുടെ നിര്‍ദേശത്തിന് അനുസരിച്ച് മുന്നോട്ടു പോകുമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കി. 

എന്നാല്‍ ക്രമസമാധാന പ്രശ്‌നമോ നിയമലംഘനങ്ങളോ ഉണ്ടായാല്‍ കോടതിയുടെ ഉപദേശത്തിന് ആരും കാത്തിരിക്കേണ്ട. സര്‍ക്കാരും പൊലീസും അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്യേണ്ടത്. കോടതിയുടെ തലയില്‍ ഇതിന്റെ ഉത്തരവാദിത്തം വെക്കേണ്ടതില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങളില്‍ കൃത്യമായ നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കേസ്  വെള്ളിയാഴ്ചത്തേക്ക് മാറ്റി

വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഭവങ്ങളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com