കമന്റടിച്ചത് ചോദ്യം ചെയ്തു; കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 10:47 AM  |  

Last Updated: 29th November 2022 10:47 AM  |   A+A-   |  

lady_attacked

പെണ്‍കുട്ടിയെ ആക്രമിക്കുന്നു/ ടിവി ദൃശ്യം

 

കോട്ടയം: കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. 

സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഈ വിദ്യാര്‍ത്ഥിനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നല്‍കിയശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അവിടെയെത്തിയ സംഘം പെണ്‍കുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചിങ്ങവനം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെ ആക്രമിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്തു. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.   

ഈ വാര്‍ത്ത കൂടി വായിക്കൂ‌

മൈക്ക് ഓഫായി, പകരം മൂര്‍ഖനെ മൈക്കാക്കി വാവ സുരേഷിന്റെ ക്ലാസെടുക്കല്‍;വിമര്‍ശനം ശക്തം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ