പണവും സ്വര്‍ണവും മോഷണം പോയെന്ന് 'ദിവ്യദൃഷ്ടി'യില്‍ തെളിഞ്ഞു; വീണ്ടെടുക്കാന്‍ 'ചാത്തന്‍ സേവ'; തട്ടിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th October 2022 03:17 PM |
Last Updated: 12th October 2022 03:17 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: പയ്യോളിയില്‍ മന്ത്രവാദ ചികിത്സയുടെ പേരില്‍ മോഷണം. മന്ത്രവാദത്തിനെത്തിയ കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പയ്യോളി ആളിക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകനാണ് വീട്ടിലെ സ്വര്‍ണവും പണവും മോഷണം പോയെന്ന് കാണിച്ച് പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് അധ്യാപകന് നഷ്ടമായത്.
മന്ത്രവാദ ചികിത്സയുടെ പേര് പറഞ്ഞ് നാലുമാസം മുന്‍പാണ് മുഹമ്മദ് ഷാഫി മദ്രസ അധ്യാപകന്റെ അടുത്തെത്തുന്നത്. വാഹനാപകടത്തെ തുടര്‍ന്ന് അധ്യാപകന് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. കൂടാതെ സാമ്പത്തിക പ്രയാസങ്ങളും മാറ്റി അഭിവൃദ്ധി നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി അധ്യാപകനുമായി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് പ്രദേശത്ത് മുറിയെടുത്ത് താമസിച്ച് വന്നിരുന്ന ഷാഫിക്ക് അധ്യാപകന്‍ ചില്ലറ സഹായങ്ങള്‍ ചെയ്തിരുന്നു. മോഷണം നടന്ന കഴിഞ്ഞ മാസം 22ന് നിസ്‌കരിക്കാന്‍ എന്ന പേരു പറഞ്ഞാണ് ഷാഫി അധ്യാപകന്റെ വീട്ടിലെത്തിയത്. നിസ്‌കരിക്കാന്‍ എന്ന വ്യാജേന വീട്ടിലെ മുറിയുടെ വാതില്‍ അടച്ച ഷാഫി അലമാരയില്‍ നിന്ന്് സ്വര്‍ണവും പണവും മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
രണ്ടുദിവസം കഴിഞ്ഞ് അധ്യാപകന്റെ ഭാര്യയെ വിളിച്ച ഷാഫി, അധ്യാപകന്റെ വീട്ടില്‍ നിന്ന് ചാത്തന്‍സേവയിലൂടെ ആരോ പണവും സ്വര്‍ണവും കവര്‍ന്നതായി ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞതായി അറിയിച്ചു. രണ്ടുദിവസത്തേയ്ക്ക് അലമാര തുറക്കരുതെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. രണ്ടു ദിവസം കഴിഞ്ഞ് അലമാര നോക്കിയപ്പോള്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു.
ഇക്കാര്യം പറഞ്ഞപ്പോള്‍ ചാത്തന്‍ സേവയിലൂടെ തന്നെ പണവും സ്വര്‍ണവും വീണ്ടെടുത്ത് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. കുറച്ചുദിവസം കഴിഞ്ഞ് ഇലന്തൂര്‍ ഇരട്ട നരബലിയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ് എന്ന് തിരിച്ചറിഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ