പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2022 09:04 AM  |  

Last Updated: 05th September 2022 09:04 AM  |   A+A-   |  

srilankans

പിടിയിലായവര്‍ പൊലീസ് സ്റ്റേഷനില്‍/ ടിവി ദൃശ്യം

 

കൊല്ലം: പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. 

കഴിഞ്ഞ 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതായി. ഇവര്‍ക്കുവേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു. 

ക്യൂ ബ്രാഞ്ചിന്റെ അറിയിപ്പ് പ്രകാരം കൊല്ലം പൊലീസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ലോഡ്ജില്‍ നിന്നും 11 പേരെ കണ്ടെത്തിയത്. ഇതില്‍ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരും, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് ഇവരെ കൊല്ലത്ത് എത്തിച്ചതെന്നാണ് സൂചന. കേരളത്തില്‍ തങ്ങള്‍ക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ മതിയെന്നുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്. പിടിയിലായ 11 പേരില്‍ കൂടുതല്‍ എത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തില്‍ മരണം രണ്ടായി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ