'സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം'; മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 10:40 AM  |  

Last Updated: 08th September 2022 10:40 AM  |   A+A-   |  

murmu

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മലയാളത്തിലാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്.  ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു. 

‘‘എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’’– രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

‘‘ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ’’– പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഓണാശംസകൾ നേർന്നു. "ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍. മനസ്സുകളില്‍ സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ നല്ലകാലത്തിന്റെ അമൂല്യസ്മൃതികളും ഭവനങ്ങളില്‍ ഉത്സവത്തിന്റെ അലൗകികാനന്ദവും നിറയ്ക്കുന്ന ആഘോഷമാണ് ഓണം" ​ഗവർണർ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.  മുഖ്യമന്ത്രി പിണറായി വിജയനും ഓണാസംസകള്‍ നേർന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നാടെങ്ങും തിരുവോണ ലഹരി; പകിട്ട് വീണ്ടെടുത്ത് ആഘോഷങ്ങൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ