റോഡിനു കുറുകെ സ്ഥാപിച്ച ആര്‍ച്ച് അലക്ഷ്യമായി മറിച്ചിട്ടു; സ്‌കൂട്ടര്‍ യാത്രികരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 12:58 PM  |  

Last Updated: 17th September 2022 12:58 PM  |   A+A-   |  

lekha_accident

അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്

 

തിരുവനന്തപുരം: മുന്നറിയിപ്പുകളൊന്നുമില്ലാതെ ആര്‍ച്ച് റോഡിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഓലത്താണിക്ക് സമീപം കവിത ജംഗ്ഷനില്‍ സ്ഥാപിച്ച ആര്‍ച്ച് പൊളിച്ചപ്പോഴാണ് അപകടമുണ്ടായത്. വാഹനം തടസ്സപ്പെടുത്തുകയോ, മുന്നറിയിപ്പു നല്‍കുകയോ ചെയ്യാതെ ആര്‍ച്ച് അലക്ഷ്യമായി അഴിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. 

അപകടത്തില്‍പ്പെട്ട സ്‌കൂട്ടറിന് തൊട്ടുമുന്നിലായി ബൈക്കും കാറുകളുമെല്ലാം കടന്നുപോയിരുന്നു. ഇവ കഷ്ടിച്ചാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ലേഖയുടേയും മകളുടേയും ദേഹത്തേക്ക് ആര്‍ച്ച് പതിക്കുകയായിരുന്നു. അപകടത്തില്‍ ലേഖയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റു.

ലേഖയുടെ ചുണ്ടു മുതല്‍ താടി വരെ സാരമായി പരിക്കേറ്റു. ശ്വാസകോശത്തിനും കഴുത്തിനും ചതവു പറ്റി. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മകളുടെ നെറ്റിക്കും മൂക്കിനും പൊട്ടലുമുണ്ട്. ഒരു ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ആര്‍ച്ച് സ്ഥാപിച്ചത്. സംഭവം നടന്ന അന്ന് വിവരം പൊലീസിനെ അറിയിച്ചിരുന്നു. പിന്നീട് 14-ാം തീയതി രേഖമൂലം പരാതി നല്‍കിയിട്ടും നെയ്യാറ്റിന്‍കര പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ലേഖയുടെ കുടുംബം ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 മുഫീദയുടെ മരണം: രണ്ടാം ഭര്‍ത്താവിന്റെ മകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ