'ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ പിന്നില്‍ മോദിയാണെന്ന് ചാപ്പ കുത്തുന്നതിനോട് യോജിപ്പില്ല'

മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ട്
ഗീവര്‍ഗീസ് മാര്‍ യൂലിയോസ്/ ടിവി ദൃശ്യം
ഗീവര്‍ഗീസ് മാര്‍ യൂലിയോസ്/ ടിവി ദൃശ്യം

തൃശൂര്‍: എല്ലാ മതങ്ങളിലും വര്‍ഗീയ സംഘടനകളുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. പക്ഷെ വര്‍ഗീയസംഘടനകളുടെ ലക്ഷ്യമല്ല മതത്തിന്റെ ആത്യന്തിക ലക്ഷ്യം. ബിജെപിക്ക് മാത്രം ഒരു രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. 

ബിജെപിയെ അനുകൂലിച്ചുകൊണ്ട് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരധാരയിലെ ഒരു ഭാഗം മാത്രമായി വ്യാഖ്യാനിക്കരുത്. ആര്‍എസ്എസിന് കുറേ നല്ല കാര്യങ്ങളുണ്ട്. ആളുകളുടെ വ്യക്തിത്വ വികസനമാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് പറഞ്ഞു.

മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ട്. രാജ്യത്ത് ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

ഇന്ത്യ വലിയൊരു രാജ്യമാണ്. സ്വാഭാവികമായും ചില അസ്വാരസ്യങ്ങളുണ്ടാകും. അത്തരം സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ആവശ്യമാണെങ്കില്‍ പ്രതിഷേധിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന നിലപാട് ശരിയല്ല. കന്യാസ്ത്രീകളെ ആക്രമിച്ചപ്പോള്‍ അഹമ്മദാബാദില്‍ താനും വായമൂടിക്കെട്ടി പ്രതിഷേധിച്ചതാണ്. വ്യാജ ഐഡിയില്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറി ഇവിടെ പ്രവര്‍ത്തിക്കുന്നവരാണ് കന്യാസ്ത്രീകളെ ആക്രമിച്ചതെന്ന് പിന്നീട് കണ്ടെത്തി. 

അവര്‍ വിഎച്ച്പി ഒന്നുമല്ല. എന്നുവെച്ച് വിഎച്ച്പി എല്ലാം നല്ലതാണെന്നല്ല പറയുന്നത്. എല്ലാ മതങ്ങളിലും വര്‍ഗീയ സംഘടനകളുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ വക്താവല്ല താന്‍. എല്ലാവര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്. എന്നാല്‍, തന്റെ വ്യക്തിസ്വാതന്ത്യം ഒരിക്കലും സഭയുടെ പൊതുധാരയ്ക്ക് എതിരാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com