പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയാര്?; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് തീരുമാനിച്ചേക്കും

കഴിഞ്ഞ തവണ മത്സരിച്ച ജെയ്ക് സി തോമസ് ആണ് പ്രധാന പരിഗണനയിലെന്നാണ് സൂചന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ സിപിഎം ഇന്ന് തീരുമാനിച്ചേക്കും. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കുക. നാളെ ജില്ലാ കമ്മിറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. 

കഴിഞ്ഞ തവണ മത്സരിച്ച ജെയ്ക് സി തോമസ് ആണ് പ്രധാന പരിഗണനയിലെന്നാണ് സൂചന. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് തുടങ്ങിയ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവെച്ചത് ജെയ്ക് സി തോമസിന് സാധ്യത വര്‍ധിപ്പിക്കുന്നു.

പുതുമുഖം മത്സരരംഗത്തു വരുന്നത് ഏറെ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. പുതുപ്പള്ളിയില്‍ നേരത്തെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം നിബു ജോണ്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് നിബു ഇന്നലെ വ്യക്തമാക്കി. 

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിയും ഉടന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com