കുഞ്ഞിന് മരുന്നു വാങ്ങാനെത്തിയ അച്ഛനെ തടഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു; റിപ്പോർട്ട് നൽകാൻ എസ്പിക്ക് നിർദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 05:49 PM  |  

Last Updated: 14th February 2023 05:49 PM  |   A+A-   |  

police

പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിനെ തടയുന്നു/ ടിവി ദൃശ്യം

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടെ കുട്ടിക്ക് മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. അന്വേഷണത്തിന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. 

ഞായറാഴ്ച വൈകിട്ടാണ് മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ കാലടിയിലും മറ്റൂര്‍ ജംഗ്ഷനിലുമെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിദേശത്തേക്കു പോകുന്ന ഭാര്യയെ കൊച്ചി വിമാനത്താവളത്തില്‍ ആക്കിയശേഷം മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശി ശരത് നാലു വയസ്സുള്ള കുട്ടിക്ക് പനിക്ക് മരുന്നു വാങ്ങാന്‍ വാഹനം നിര്‍ത്തിയത്. 

എന്നാല്‍ ഇതു തടഞ്ഞ പൊലീസ്, മരുന്നു വാങ്ങാന്‍ കാര്‍ നിര്‍ത്താന്‍ അനുവദിച്ചില്ല. ഒരു കിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും വേറെ മരുന്നുകട കാണാതെ ശരത് തിരികെ വന്ന് സമീപത്തെ ഒരു ഹോട്ടല്‍ വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് മരുന്നു വാങ്ങിയത്. പൊലീസിന്റെ നടപടി ചോദ്യം ചെയ്ത മരുന്നുഷോപ്പ് ഉടമയോടും പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിക്കയറിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ശിവരാത്രി മഹോത്സവം: ആലുവയിലേക്കു പ്രത്യേക തീവണ്ടി, കൂടുതല്‍ സ്റ്റോപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ