പൊലീസ് ജീപ്പ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 07:54 PM  |  

Last Updated: 01st January 2023 07:54 PM  |   A+A-   |  

police_jeep_accident

അപകടമുണ്ടാക്കിയ പൊലീസ് ജീപ്പ്/ ടിവി ദൃശ്യം

 

ആലപ്പുഴ: പുതുവത്സരദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്‌കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ആലപ്പുഴ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് അറസ്റ്റ്.

ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങിയ കോട്ടയം വേളൂര്‍ ചുങ്കത്ത് മുപ്പത് അകംപാടം എഡ്വേര്‍ഡിന്റെ മകന്‍ ജസ്റ്റിന്‍ (അനിയച്ചന്‍ -38), കുമരകം പുത്തന്റോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകന്‍ ആഷിക് എഡ്വേര്‍ഡ് അലക്‌സ് (വാവച്ചി -20) എന്നിവരാണ് മരിച്ചത്. ജസ്റ്റിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ആഷിക്.

ഞായറാഴ്ച പുലര്‍ച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡില്‍ തലവടി ജങ്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈഎസ്പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങവെ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ജസ്റ്റിനും അലക്‌സും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

പൊലീസ് ജീപ്പില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ വീടിന്റെ മതിലും തകര്‍ന്നു.


ഈ വാര്‍ത്ത കൂടി വായിക്കൂ കുന്നംകുളത്ത് പട്ടാപ്പകൽ വൻ മോഷണം; 80 പവൻ കവർന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ