ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി, മുഖ്യമന്ത്രിക്ക് പരാതി; സംരക്ഷണം നല്‍കുമെന്ന് സിപിഎം, ജയിലില്‍ പോകാനും തയ്യാറെന്ന് ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2023 11:39 AM  |  

Last Updated: 24th January 2023 11:39 AM  |   A+A-   |  

jayarajan_surendran

എം വി ജയരാജന്‍, കെ സുരേന്ദ്രന്‍/ ഫയല്‍

 

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കില്ലെന്നും ബിജെപി വ്യക്തമാക്കി. 

തിരുവനന്തപുരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയില്‍ വൈകീട്ട് ആറുമണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുള്ളത്. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം. 

ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' കേരളത്തില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ സര്‍വകലാശാല ക്യാംപസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കുന്നത്. ഡോക്യുമെന്ററിയില്‍ മതവിദ്വേഷമുണ്ടാക്കുന്ന ഒന്നുമില്ലെന്നും, സംഘര്‍ഷത്തിന് ഡിവൈഎഫ്‌ഐ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. 

അതേസമയം വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് സിപിഎം സംരക്ഷണം ഒരുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കേസെടുക്കുന്നെങ്കില്‍ കേസെടുക്കട്ടെ. ജയിലില്‍ പോകാനും തയ്യാറെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ രണ്ടിടത്താണ് ഡോക്യുമെന്ററി പ്രദര്‍ശനം. മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും ഡിവൈഎഫ്‌ഐയുടെ ജില്ലാ ക്യാമ്പിലുമാണ് പ്രദര്‍ശിപ്പിക്കുക. 

ഗുജറാത്ത് വംശഹത്യയുടെ നേതൃത്വത്തില്‍ നിന്ന് മോദിക്കോ ബിജെപിക്കോ രക്ഷപ്പെടാനാകില്ല. വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുമാണെന്ന് അറിയാത്തവര്‍ ആരാണുള്ളതെന്നും എം വി ജയരാജന്‍ ചോദിച്ചു. ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. 


ഈ വാര്‍ത്ത കൂടി വായിക്കൂ

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും; തടയണമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ