ദേവികുളം തെരഞ്ഞെടുപ്പ് കേസ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി കുമാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി

സിപിഎം അംഗം എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടുണ്ട്
എ രാജ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫയല്‍
എ രാജ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫയല്‍

ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കുന്ന അപ്പീലില്‍, തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് കുമാറിന്റെ ആവശ്യം. അഭിഭാഷകന്‍ അല്‍ജോ ജോസഫ് മുഖേനയാണ് തടസ്സ ഹര്‍ജി നല്‍കിയത്. 

സിപിഎം അംഗം എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി പത്തു ദിവസത്തെ സ്റ്റേയാണ് അനുവദിച്ചിട്ടുള്ളത്. എംഎല്‍എ നിലയിലുള്ള അവകാശം രാജയ്ക്ക് ഉണ്ടായിരിക്കുന്നതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ തന്നെ രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകരുമായി സിപിഎം നേതൃത്വം കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. 

എ രാജ ഹിന്ദു പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും, ക്രിസ്തുമത വിശ്വാസിയായ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com