സോണ്‍ട കമ്പനിക്കാര്‍ ഇന്നലെ പ്ലാന്റിലെത്തിയെന്ന് നാട്ടുകാര്‍ ; മാലിന്യത്തിന് തീയിട്ടതെന്ന് ആരോപണം; പ്രതിഷേധം

ബ്രഹ്മപുരത്ത് ഉന്നതാധികാരസമിതി എന്തു ചെയ്യുകയാണെന്ന് പ്രദേശവാസികള്‍ ചോദിച്ചു
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിച്ചതില്‍ രോഷാകുലരായി നാട്ടുകാര്‍. മാലിന്യത്തിന് തീയിട്ടതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സോണ്‍ട കമ്പനി കരാറുകാരും തൊഴിലാളികളും ഇന്നലെ ബ്രഹ്മപുരത്തെ പ്ലാന്റിലെത്തി. പ്ലാന്റില്‍ അവര്‍ എന്തു ചെയ്യുകയായിരുന്നു. ഉപകരാര്‍ എടുത്ത ഒരു കോണ്‍ട്രാക്ടറും പ്ലാന്റിലുണ്ടായിരുന്നു. ആരാണ് അവരെ കൊണ്ടുവന്നത്?. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

ബ്രഹ്മപുരത്ത് ഉന്നതാധികാരസമിതി എന്തു ചെയ്യുകയാണെന്ന് പ്രദേശവാസികള്‍ ചോദിച്ചു. നേരത്തെ തീ അണച്ചതിന് ശേഷം ഇവിടെ ഒരു നടപടിക്കും സമിതി തയ്യാറായിട്ടില്ല. ആ സമിതിയെ കാണാനില്ലല്ലോ?. ജില്ലാ കലക്ടറും മേയറും കോര്‍പ്പറേഷന്‍ അധികാരികളും എവിടെ?. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടു വരില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞദിവസവും പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടു വന്നു തള്ളിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

തീ പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു ഫയര്‍ഫോഴ്‌സ് യൂണിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ബ്രഹ്മപുരത്തെ പാവങ്ങള്‍ ഈ പുക ശ്വസിച്ച് മരിക്കുകയാണ്. കൊച്ചിയിലേക്ക് പുകയെത്തി ഉദ്യോഗസ്ഥര്‍ അടക്കം ശ്വാസം മുട്ടിയപ്പോഴല്ലേ ഇവരെല്ലാം ഇങ്ങോട്ടു വന്നത്. ബ്രഹ്മപുരം നിവാസികള്‍ വര്‍ഷങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. കൊച്ചി കോര്‍പ്പറേഷന്‍ പറഞ്ഞത് പ്ലാന്റില്‍ 24 മണിക്കൂറും നിരീക്ഷണസംവിധാനവും, നാലു യൂണിറ്റ് ഫയര്‍ഫോഴ്‌സ്, ജെസിബി എന്നിവ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ഒന്നും ഇവിടെ കാണാനില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. 

ബ്രഹ്മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണ് വീണ്ടും തീപിടുത്തമുണ്ടായത്. 
ദിവസങ്ങളോളം നീണ്ടുനിന്ന തീയും പുകയും ശമിച്ചിട്ട് 12 ദിവസം കഴിയുമ്പോഴാണ് വീണ്ടും അഗ്‌നിബാധ. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്. തീപിടുത്തം ഉടന്‍ നിയന്ത്രിക്കാനാകുമെന്ന് കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ബിപിസിഎല്ലിന്റെ അടക്കം കൂടുതല്‍ അഗ്നിരക്ഷായൂണിറ്റുകള്‍ പ്ലാന്റില്‍ എത്തിക്കുമെന്ന് കൊച്ചി മേയര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com