പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം; കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി: ആരോഗ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2023 09:07 PM |
Last Updated: 30th March 2023 09:07 PM | A+A A- |

മന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
മാസ്‌ക് കൃത്യമായി ധരിക്കണം. ഇവര്‍ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവെയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണം. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കേരളത്തില്‍ ഫെബ്രുവരിയില്‍ കേസുകള്‍ കുറവായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെയാണ് നേരിയ വര്‍ധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമൈക്രോണ്‍ ആണ് കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കോവിഡ് വീണ്ടും കുതിക്കുന്നു; ഇന്ന് 765 പേർക്ക് രോഗം; ഒരു മാസത്തിനിടെ 20 മരണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ