

തിരുവനന്തപുരം: എഐ ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണ് ചെന്നിത്തലയുടെ ആരോപണം. വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ചെന്നിത്തല കത്തില്‍ അഭിപ്രായപ്പെട്ടു.
എല്ലാം ദുരാരോപണങ്ങളെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുർബലമായി മുമ്പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല. ഇടപാടിൽ സർക്കാരും കെൽട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകൾ പുറത്തുകൊണ്ടുവരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാകുമെന്നും ചെന്നിത്തല ചോദിച്ചു. എ ഐ ക്യാമറയിലെ അഴിമതി പൊതുസമൂഹത്തിന് പകൽ പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയത്.
മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്ന എ കെ ബാലന്റെ പ്രസ്താവന ഭരണത്തിലിരിക്കുന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന്‍റേയും പൊതു സമൂഹത്തോടുള്ള പുച്ഛത്തിന്‍റേയും തെളിവാണ്. ഞങ്ങള്‍ എന്ത് അഴിമതിയും നടത്തും, ചോദിക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ആരാ എന്ന ധിക്കാരമണ് പ്രതിഫലിക്കുന്നത്. സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചതിന്‍റെ അഹന്തയാണിത്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ക്യാമറ ഇടപാടില്‍ കൊള്ള ലാഭം കൊയ്ത പ്രസാഡിയോക്ക് സിപിഎമ്മുമായി എന്താണ് ബന്ധമെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാണോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%വും പ്രസാഡിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടന്‍സ് വിശദീകരിക്കാനാവുമോ? അഞ്ചു വര്‍ഷം മുന്‍പ് മാത്രം രൂപീകരിച്ച പ്രസാഡിയോക്ക് സര്‍ക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? എന്നും കത്തിൽ ചെന്നിത്തല ചോദിക്കുന്നു. പദ്ധതിയുടെ അടിസ്ഥാനമായ ടെൻഡർ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അടിയന്തിരമായി ഇത് റദ്ദ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates