

തിരുവനന്തപുരം: കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തൊഴിലാളിയുടേത് കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന. 20 മാസം മുൻപ് മരിച്ച മൈലച്ചൽ സ്വദേശി തോമസ് അഗസ്റ്റിനാഥിന്റെ മൃതദേഹമാണ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധന നടത്തിയത്.
2022 ഫെബ്രുവരി അഞ്ചിനാണ് കോൺക്രീറ്റ് തൊഴിലാളിയായ തോമസ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചത്. അപകടമരണമെന്ന് പറഞ്ഞ് 
അന്ന് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് കോടതിയുടെ നിർദേശം. അപകടം കഴിഞ്ഞ് ഒരാഴ്ചയോളം തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ആ സമയത്ത് അദ്ദേഹം കുടുംബാംഗങ്ങളോട് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. തോമസ് കുടുംബാംഗങ്ങളോട് ഇക്കാര്യം പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് പൊലീസിന് കൈമാറിയിരുന്നു. എന്നാൽ പൊലീസ് അക്കാര്യം അന്വേഷിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. 
കോൺക്രീറ്റ് പണി പൂർത്തിയായ ശേഷം കരാറുകാരന്റെ പ്രത്യേക നിർദേശ പ്രകാരമാണ് പണി നടക്കുന്ന കെട്ടിടത്തിൽ തോമസ് താമസിച്ചത്. അന്ന് അർദ്ധരാത്രിയാണ് കെട്ടിടത്തിന് മുകളിൽ നിന്നും അദ്ദേഹം വീണതും. ഈ ദുരൂഹതകളൊക്കെ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി മൃതദേഹം പുറത്തെടുത്ത് പുനരന്വേഷണത്തിന് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെയും ഫോറൻസിക് സംഘത്തിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. കല്ലറയിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനക്കയച്ചു. മൃതദേഹം തിരിച്ച് അതേ കല്ലറയിൽ അടക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
