ആരാണ് രാജേന്ദ്ര ആര്‍ലേകര്‍ ?; കേരളത്തിന്റെ പുതിയ ഗവര്‍ണറെ അറിയാം

ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് ആര്‍ലേകര്‍
Rajendra Vishwanath Arlekar
രാജേന്ദ്ര ആര്‍ലേകര്‍എക്സ്
Updated on

തിരുവനന്തപുരം: ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. ബിഹാര്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് 70 കാരനായ ആര്‍ലേകര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തുന്നത്. ബാല്യകാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്. സംഗീതാസ്വാദകനായ ആര്‍ലേകര്‍, സൗമ്യമായ വ്യക്തിത്വത്തിനുടമയാണ്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. ആര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.

2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായപ്പോള്‍ ആര്‍ലേകറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ലക്ഷ്മികാന്ത് പര്‍സേക്കറിനെയാണ് മുഖ്യമന്ത്രിയാക്കിയത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി. ഗോവ ബിജെപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗോവ വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ബിജെപി ഗോവ യൂനിറ്റിന്റെ ജനറല്‍ സെക്രട്ടറി, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

 രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍

2021ല്‍ ആര്‍ലേകറിനെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29-ാമത് ഗവര്‍ണറായി ചുമതലയേറ്റു. ക്രൈസ്തവ സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഗോവയില്‍, ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവു കൂടിയാണ് രാജേന്ദ്ര ആര്‍ലേകര്‍. അനഘ ആര്‍ലേക്കറാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ ഗവര്‍ണറായാണ് മാറ്റി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com