ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന: ഡൽഹിയിൽ രാപകൽ സമരത്തിന്‌ ഇന്ന്‌ തുടക്കം

എൽഡിഎഫ്‌ വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റിന് മുന്നിലാണ്‌ സമരം
wayanad landslide
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ എഎൻഐ
Updated on
1 min read

ന്യൂഡൽഹി : മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക്‌ എതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് തുടങ്ങും. എൽഡിഎഫ്‌ വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റിന് മുന്നിലാണ്‌ സമരം.

രാവിലെ ഒമ്പതോടെ കേരളാഹൗസിൽനിന്ന് പാർലമെന്റിന്‌ മുന്നിലേക്ക്‌ പ്രതിഷേധജാഥ നടത്തും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. എംപിമാരായ ജോൺബ്രിട്ടാസ്‌, വി ശിവദാസൻ, സിപിഐ നേതാവ്‌ ആനിരാജ തുടങ്ങിയവർ സംസാരിക്കും. എൽഡിഎഫ്‌ എംപിമാരും ദേശീയ നേതാക്കളും അഭിസംബോധന ചെയ്യും.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും ഐക്യദാർഢ്യം പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക്‌ എംപിമാർ മുഖേന വിശദമായ നിവേദനം കൈമാറുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. ദുരന്തമേഖലയിൽ നിന്നുൾപ്പടെ തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന്‌ വൊളന്റിയർമാർ സമരത്തിൽ പങ്കാളികളാകും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്‌നങ്ങൾ പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന്‌ ജനങ്ങളെ സംരക്ഷിക്കുക, വയനാട്ടിലെ രാത്രി ഗതാഗത വിലക്കുകൾ നീക്കുക, വയനാട്‌–-നഞ്ചൻകോട്‌, തലശേരി-മൈസൂരു റെയിൽവേ പദ്ധതികൾക്ക്‌ അംഗീകാരം നൽകുക, വനം–റവന്യു വകുപ്പ്‌ സംയുക്ത സർവേ പൂർത്തിയാക്കി തദ്ദേശവാസികൾക്ക്‌ രേഖകൾ കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com