രാത്രി 12.30 ഓടെ കടുവയെ കണ്ടെത്തി, മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഓടിപ്പോയി; രാവിലെ കണ്ടെത്തിയത് ചത്ത നിലയില്‍

പിലാക്കാവിലേക്ക് പോകുന്ന റോഡിലെ മൂന്നുറോഡ് എന്ന സ്ഥലത്താണ് കടുവയുടെ ജഡം കണ്ടെത്തുന്നത്
wayanad tiger
വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ ടിവി ദൃശ്യം
Updated on

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ രാത്രി 12.30 ഓടെയാണ് സ്‌പോട്ട് ചെയ്തതെന്ന് വയനാട് സിസിഎഫ് കെ എസ് ദീപ അറിയിച്ചു. സാന്നിധ്യം സ്ഥിരീകരിച്ചതോടെ രാത്രി രണ്ടു മണിയോടെ മയക്കുവെടി വെക്കാന്‍ ശ്രമം നടത്തി. എന്നാല്‍ കടുവ ഓടിപ്പോയി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തുന്നത്. കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും സിസിഎഫ് അറിയിച്ചു.

പിലാക്കാവിന് സമീപം റോഡുസൈഡില്‍ വെച്ചാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാന്‍ ശ്രമിച്ചത്. രാത്രിയായതിനാല്‍ ഓപ്പറേഷന് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ ശ്രമം വിജയിച്ചില്ല. പിലാക്കാവിലേക്ക് പോകുന്ന റോഡിലെ മൂന്നുറോഡ് എന്ന സ്ഥലത്താണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. കടുവയെ വെടിവെച്ചിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും സിസിഎഫ് ദീപ അറിയിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കടുവയെ സ്‌പോട്ട് ചെയ്തതായി വിവരം ലഭിച്ചുവെന്ന് ഡോ. അരുണ്‍ സഖറിയ പറഞ്ഞു. തുടര്‍ന്ന് സംഘം കടുവയെ ട്രാക്ക് ചെയ്തു. പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും രാത്രിയായതിനാല്‍ വിജയിച്ചില്ല. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ വീടിന് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. വേറെ കടുവയുമായുള്ള ഏറ്റുമുട്ടലിലെ പരിക്കുകളാണുള്ളത്. പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയാണെന്ന് സ്ഥിരീകരിച്ചതായും ഡോ. അരുണ്‍ സഖറിയ വ്യക്തമാക്കി.

അധികം പ്രായമില്ലാത്ത, 6-7 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലെ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. മുറിവിന് പഴക്കമുണ്ട്. രാത്രി ഒരു തരത്തിലും വെടിവെച്ചിട്ടില്ല. ഒരു വീടിന് തൊട്ടുപിറകില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. കുപ്പാടി വനംവകുപ്പ് ഓഫീസില്‍ എത്തിച്ച് വിശദമായ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും ഡോക്ടര്‍ അരുണ്‍ സഖറിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com