Tiger found dead in Wayanad
കടുവ ചത്ത നിലയിൽ

വയനാട്ടിലെ കടുവ ചത്തനിലയില്‍; ജഡം കണ്ടെത്തിയത് പിലാക്കാവില്‍

പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു
Published on

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.

കടുവയെ പിടികൂടാനുള്ള സ്പെഷൻ ഓപ്പറേഷൻ കണക്കിലെടുത്ത് പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ എർപ്പെടുത്തിയിരുന്നു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com