
കൊച്ചി: വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബി കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4 ന് കേരളം 10.078 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 5 ന് പ്രതിദിന ഉപഭോഗം 101.73 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.
2024 മാര്‍ച്ച് 11 ന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നിരുന്നു. 2024 മെയ് 3 ന് 11.596 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡിലും എത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. വൈദ്യുതി ആവശ്യകത മുന്‍കൂട്ടി കണ്ട് പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.
മാര്‍ച്ച് 5 ബുധനാഴ്ച സംസ്ഥാനത്തു പരമാവധി താപനില 33-നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു.കൂടുതല്‍ ഉപഭോക്താക്കള്‍ രാത്രി സമയങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഉപഭോഗം കൂട്ടി. നേരത്തെ പീക്ക് സമയം 6 നും രാത്രി 10 നും ഇടയിലായിരുന്നു. സമീപ വര്‍ഷങ്ങളില്‍ രാത്രി 10 നും പുലര്‍ച്ചെ 2 നും ഇടയിലാണ് ഉപഭോഗത്തില്‍ വര്‍ധനവ് ഉണ്ടായത്.
ബുധനാഴ്ച, ആദ്യ പീക്ക് ടൈമില്‍ പരമാവധി ഡിമാന്‍ഡ് വൈകുന്നേരം 7.35-ന് 4,933 മെഗാവാട്ടും രണ്ടാമത്തേതില്‍ രാത്രി 10.30-ന്, 5,160 മെഗാവാട്ടും രേഖപ്പെടുത്തി. 2024 മെയ് 2-ന് സംസ്ഥാനത്തെ ഉയര്‍ന്ന ആവശ്യകത റെക്കോര്‍ഡ് സൃഷ്ടിച്ച് 5,854 മെഗാവാട്ടായി ഉയര്‍ന്നു, ഇത് കേരളത്തിലുടനീളം ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലാകാനും വൈദ്യുതി ലൈനുകള്‍ പൊട്ടാനും കാരണമായി.
ഈ വേനല്‍ക്കാലത്ത് കുതിച്ചുയരുന്ന ആവശ്യകത മുന്‍കൂട്ടി കണ്ടുകൊണ്ട്, കെഎസ്ഇബി അധിക വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ സീസണില്‍ 6,200 മെഗാവാട്ട് പീക്ക് അവര്‍ ഡിമാന്‍ഡ് നിറവേറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ബോര്‍ഡ് നടത്തിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ പീക്ക് ഡിമാന്‍ഡ് 5,180 മെഗാവാട്ട് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
'ഉത്തര്‍പ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ യൂട്ടിലിറ്റികളുമായി പവര്‍ സ്വാപ്പിങ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. 1,800 മെഗാവാട്ട് ആന്തരികമായി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വാപ്പ് ക്രമീകരണങ്ങളില്‍ നിന്നും ഉള്‍പ്പെടെ 4,460 മെഗാവാട്ട് പുറത്തു നിന്ന് ലഭിക്കും. 2025 ജൂണ്‍ വരെ 300 മെഗാവാട്ട് ലഭിക്കുന്ന ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ, ഡേ എഹെഡ് മാര്‍ക്കറ്റില്‍ നിന്നും റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്നും ഏകദേശം 200 മെഗാവാട്ട് വാങ്ങാം. അതിനാല്‍, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് മറികടക്കാന്‍ ആവശ്യമായ വൈദ്യുതിയുണ്ട്, ''ഒരു മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രധാന ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമുള്ളതിനാല്‍ ഉല്‍പാദനത്തെ ഇത് ബാധിക്കില്ലെന്നും കെഎസ്ഇബി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക