കാലവര്‍ഷം: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; അപകടങ്ങള്‍ എമര്‍ജന്‍സി നമ്പറില്‍ അറിയിക്കാമെന്ന് കെഎസ്ഇബി

വൈദ്യുതി തടസ്സം 1912 ല്‍ വിളിച്ചോ 9496 00 1912 എന്ന നമ്പരില്‍ വിളിച്ച് /വാട്‌സാപ് സന്ദേശമയച്ചോ അറിയിക്കാം
KSEB Warning
KSEB Warningfacebook
Updated on

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അതത് കെഎസ്ഇബി ( KSEB ) സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്പറായ 94 96 01 01 01 -ലോ അറിയിക്കേണ്ടതാണ്. ഓര്‍ക്കുക ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്പരാണ്. കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ കെഎസ്ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചോ 9496 00 1912 എന്ന നമ്പരില്‍ വിളിച്ച് /വാട്‌സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതാണ്. ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ വ്യാപകമായി തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഉന്നത വോള്‍ട്ടതയിലുള്ള ലൈനുകള്‍ക്കു വരെ നാശമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ കെഎസ്ഇബി ജീവനക്കാര്‍ പൂര്‍ണ്ണമായും കര്‍മ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നുണ്ട്.

പലയിടത്തും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ഹൈ ടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്‌ക്കേണ്ട സ്ഥിതിയുണ്ട്. വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെവി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുന്‍ഗണന നല്‍കുക. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com