
കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ പൊലീസ് ആക്രമണങ്ങളിലൊന്നായിരുന്നു മുത്തങ്ങയിൽ (Muthanga) 22 വർഷം മുമ്പ് 2003 ഫെബ്രുവരിയിൽ സംഭവിച്ചത്. കേരളത്തിൽ ഭരിച്ചിരുന്ന എ കെ ആന്റണി സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് സി കെ ജാനു, ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് വെടിവെയ്പ്പും അതിക്രമവവും നടന്നത്. മലയാളത്തിൽ ഇപ്പോൾ പുറത്തിറങ്ങിയിട്ടുളള സിനിമയായ നരിവേട്ടയിൽ അഞ്ച് പേർ ഈ സംഭവത്തിൽ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ അന്നത്തെ പത്രവാർത്തകളിൽ പൊലീസ് വെടിവെയ്പ്പിൽ ജോഗി എന്ന ആദിവാസിയും സംഘർഷത്തിൽ പരുക്കേറ്റ വിനോദ് എന്ന പൊലീസുകാരനും മാത്രമാണ് കൊല്ലപ്പെട്ടതായി വന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകളും അതാണ് വെളിപ്പെടുത്തുന്നത്. എന്താണ് യഥാർത്ഥത്തിൽ മുത്തങ്ങയിൽ സംഭവിച്ചത് എത്രപേർ മരിച്ചു എന്നതൊക്കെ ഇന്ന് വീണ്ടും വിവാദമായിരിക്കുന്നു. അതേക്കുറിച്ച് മുത്തങ്ങ സമരം നയിച്ച സി കെ ജാനുവും ഗീതാനന്ദനും സംസാരിക്കുന്നു.
മുത്തങ്ങ സമരം എന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിവിടർന്നതല്ല, സമരങ്ങളുടെയും സഹനങ്ങളുടെയും കാലം ഇതിന് പിന്നിലുണ്ട്. കേരളത്തിൽ നിയമസഭ അംഗീകരിച്ച 1975 ലെ അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചെടുക്കൽ നിയമത്തെ അസാധുവാക്കിക്കൊണ്ട് യു ഡിഎഫും എൽ ഡി എഫും ചേർന്ന് പുതിയ നിയമം കൊണ്ടുവന്നു. കെ ആർ ഗൗരിയമ്മ ഒഴികെയുള്ള എല്ലാ എം എൽ എ മാരും അനുകൂലിച്ച് നിയമമാക്കി. ആദിവാസി മേഖലകളിൽ നിലനിന്ന ഭൂമി പ്രശ്നത്തിന് നിയമപരമായ പരിഹാരം എന്നത് സംബന്ധിച്ച് പ്രതീക്ഷ പോലും ഇതോടെ ഇല്ലാതാകുകയും ആദിവാസി മേഖലയിലെ വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 2001 ൽ ആദിവാസി മേഖലയിൽ പ്രത്യേകിച്ച് വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പട്ടിണിമരണം വ്യാപകമായി. ഈ പ്രതിസന്ധി പരിഹരിക്കണെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഔദ്യോഗിക വസതിക്ക് സമീപം സമരം ആരംഭിച്ചു. സമരം ചെയ്യാൻ ആദിവാസി ഗോത്രമഹാസഭാ പ്രവർത്തകർ തിരുവനന്തപുരത്ത് എത്തുമ്പോൾ ആദിവാസി വിഭാഗത്തിൽപ്പെട്ട് 30 പേരാണ് പട്ടിണി കൊണ്ട് മരണമടഞ്ഞിരുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കുറച്ചു ദൂരം മാറി ദേവസ്വം ബോർഡ് ജംക്ഷനിലായിരുന്നു ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലുള്ള സമരം, സർക്കാരും രാഷ്ട്രീയക്കാരും ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോയി. അവസാനം അവർ സമരം, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റി. സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച കുടിൽ കെട്ടി സമരം തുടങ്ങുമ്പോൾ പൊലീസ് പൊളിക്കുമെന്ന ഭീഷണി ഉയർന്നു മാധ്യമങ്ങൾ കൺ തുറന്ന് നിന്ന രാത്രിയിലിൽ അവർ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ കുടിലുകൾ കെട്ടി അവിടെ സമരം ആരംഭിച്ചു. തിരുവനന്തപുരം അതുവരെ കാണാത്താ സമരമുഖമായിരുന്നു അത്. ഓണാഘോഷം നടന്ന ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ വന്ന ഘോഷയായത്ര സമരക്കാരായ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ചേർന്ന് തടഞ്ഞു. അധികാരികൾക്കും പൊലീസിനും ഈ പ്രക്ഷോഭത്തെ സാധാരണപോലെ അടിച്ചൊതുക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ അവരെ ഒതുക്കി മാറ്റി ഓണം ഘോഷയാത്ര മറുവശത്ത് കൂടെ കടത്തി വിട്ടു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഈ സംഭവത്തെ തുടർന്ന് ഈ വിഷയം ചർച്ച ചെയ്യാമെന്ന നിലയിൽ സർക്കാരെത്തി. ആഭ്യന്തര മന്ത്രി കൂടെയായ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഭൂരഹിതരായ ആദിവാസികൾക്ക് അഞ്ച് ഏക്കർവരെ കൃഷി ഭൂമി നൽകാമെന്നും കേസുകൾ ഒഴിവാക്കാമെന്നുമൊക്കെയുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 48 ദിവസം നീണ്ടുനിന്ന സമരം പിൻവലിച്ചു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കൽ നിയമം 1975 ഇല്ലാതാക്കിക്കൊണ്ടുള്ള നിയമം മാറ്റി ഈ നിയമം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഒരു സമയത്തും ഗോത്രമഹാസഭ മുന്നോട്ടു വച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കരാറിൽ അക്കാര്യവുമുണ്ടായില്ല.
ധാരണയും കരാറിലുമൊക്കെ വിശ്വസിച്ച് സമരക്കാർ മടങ്ങിപ്പോയി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ കാര്യം മുറപോലെ എന്ന നിലയിൽ ആദിവാസികൾക്ക് ഭൂമി മാത്രം ലഭിച്ചില്ല. ഇതേതുടർന്നാണ് 2003 ജനുവരി അഞ്ചിന് മുത്തങ്ങയിലെ വനമേഖലയിൽ അവർ കയറി കുടിൽ കെട്ടി സമരം ആരംഭിച്ചത്. കുറുച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആദിവാസി വിഭാഗങ്ങളിൽ പെട്ട ആയിരത്തോളം പേർ ഈ പ്രദേശത്ത് എത്തുകയും കുടിൽ കെട്ടുകയും കൃഷി ആരംഭിക്കുകയും ചെയ്തു. ഇതോടെ ഒരുവിഭാഗം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ നിന്ന് ആദിവാസികളെ ഒഴിപ്പിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നു. എന്നാൽ, ഗോത്രമഹാസഭ ഇവിടെ സ്വയംഭരണം പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ നിയമപ്രകാരം അവർ പ്രഖ്യാപിച്ചു.
ഇതോടെ സമരത്തിലേക്ക് ശ്രദ്ധ വന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ വയനാട്ടിലെ ആദിവാസികളല്ലാത്ത വിഭാഗങ്ങളിൽപ്പെട്ട ഒരു വിഭാഗം, പരിസ്ഥിതിവാദികളിൽ ഒരു വിഭാഗം എന്നിങ്ങനെ അധികാരവും സ്വാധീനവുമുള്ള ഒരു വിഭാഗം സമരത്തിനെതിരെ രംഗത്തു വന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം അവരുടെ ജോലിയുടെ ഭാഗമായി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട വനമേഖലയിൽ ആളുകൾ കയറുന്നത് തടയുക എന്നതായിരുന്നു വാദം. ഔദ്യോഗികമായി അവർ അത് മുന്നോട്ട് വെക്കുകയും ചെയ്തു. ഇതിനിടിയിൽ ഫെബ്രുവരി 17 ന് രാത്രിയിൽ പുറത്തുനിന്നുള്ള ചിലർ ഗോത്രമഹാസഭ സമരക്കാർ കുടിൽ കെട്ടിയ ഭാഗത്ത് വനത്തിന് തീയിട്ടു. അതിൽ ചിലരെ സമരക്കാർ പിടികൂടി. അവർ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപണം ഉയർന്നു. 18 ന് അധികാരികളെ അറിയിക്കുകയും ചെയ്തു അതോടെ സംഭവം രൂക്ഷമായി.
ആദിവാസികളെ മുത്തങ്ങയിൽ നിന്നൊഴിപ്പിക്കണമെന്ന് സർക്കാർ തീരുമാനമെടുത്തു. തീരുമാനം നടപ്പാക്കാൻ പൊലീസ് സംഘം സ്ഥലത്തെത്തി. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി കൂടിയായ എ.കെ ആന്റണി ഭരിക്കുന്നതിനാൽ പൊലീസ് നടപടി എന്നത് സമാധാപരമായിരിക്കുമെന്നാണ് സമരക്കാരും പൊതുസമൂഹവും കരുതിയത്. എന്നാൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം മറ്റൊന്നായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.
വൻ പൊലീസ് സന്നാഹം കുടിലുകളും കൃഷിയും നശിപ്പിക്കാനൊരുങ്ങിയതോടെ പരിഭ്രാന്തരായ സമരക്കാർ ഇതിനെതിരെ ചെറുത്തുനിൽക്കാൻ തുടങ്ങി. പൊലീസ് മർദ്ദനം ആരംഭിച്ചതോടെ തങ്ങലുടെ കൈവശമുള്ള പണിയായുധങ്ങളും അവിടെ കിടന്ന കല്ലും കട്ടയുമൊക്കെ അവർ ആയുധമാക്കി. ഇതിനിടയിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. പരുക്കേറ്റു വീണ പൊലീസ് ഉദ്യോഗസ്ഥനെ സുരക്ഷിതമായി തങ്ങളുടെ താവളത്തിലേക്ക് മാറ്റുകയും അദ്ദേഹത്തിന്റെയും മറ്റ് പരുക്കേറ്റ ആദിവാസികളുടെയും ചികിത്സയ്ക്കായി ഡോക്ടറുടെ സേവനം വിട്ടുതരണമെന്ന് സമരക്കാർ പൊലീസിനോട് അഭ്യർത്ഥിച്ചു. എന്നാൽ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആ ആവശ്യം ചെവിക്കൊണ്ടില്ല. പകരം വെടിവെയ്പ്പിനാണ് മുതിർന്നത്. ഈ വെടിവെപ്പ് ആരംഭിച്ചതോടെ രംഗം കൂടുതൽ കലുഷിതമാകുകയും സമരത്തിന് മുൻനിരയിലുണ്ടായിരുന്ന ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും ചെയ്തു. 18റൗണ്ട് വെടിവെപ്പ് നടത്തി എന്നാണ് അന്ന് പുറത്തുവിട്ട ഔദ്യോഗികവിവരം. പൊലീസ് അതിക്രമം അഴിച്ചുവിട്ടു. വെടിവെയ്പ്പിന് പുറമെ മർദ്ദനവം കുടിലുകൾ തീയിടലും ആയതോടെ നിലവിളികൾ കൊണ്ട് പ്രദേശം മുഖരിതമായി ആദിവാസികൾ ജീവനും കൈയ്യിൽ പിടിച്ച് പലഭാഗത്തേക്ക് ചിതറിയോടി. ഇതിനിടയിൽ പരുക്കേറ്റ് കിടന്ന വിനോദ് എന്ന പൊലീസുകാരൻ രക്തംവാർന്ന് മരിച്ചു.
ഫെബ്രുവരിയിൽ വെടിവെപ്പുമായി ബന്ധപ്പെട്ട് നടന്ന രണ്ട് മരണങ്ങൾ ഇത് മാത്രമാണ് എന്ന് ജാനുവും ഗീതാനന്ദനും സമകാലിക മലയാളത്തോട് പറഞ്ഞു. പക്ഷേ, പൊലീസ് നടപടിയിൽ വേറെയും ഒരുപാട് മരണങ്ങൾ നടന്നു. അതിലെല്ലാം ഇപ്പോഴും നടക്കുന്ന ഓർമ്മയാണ് ഇരുവർക്കും.
ഔദ്യോഗിക കണക്ക് പ്രകാരവും ഞങ്ങളുടെ അറിവിലും രണ്ട് പേർ മാത്രമാണ് വെടിവെപ്പ് നടന്ന ദിവസം മരണമടഞ്ഞത്. ഒന്ന് പൊലീസുകാരുടെ വെടിയേറ്റ് മരിച്ച ജോഗി. രണ്ടാമത്തേത് പരുക്കേറ്റ പൊലീസുകാരൻ ഗീതാനന്ദൻ പറഞ്ഞു. എന്നാൽ പൊലീസ് നടപടിയെ തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ഒമ്പത് മാസം മാത്രം പ്രായമുണ്ടായിരുന്ന ഒരു കൈക്കുഞ്ഞ് മരണമടഞ്ഞു. പൊലീസ് വെടിവെപ്പും അക്രമവും രൂക്ഷമായപ്പോൾ പിടിച്ചു നിൽക്കാനാവാതെ കുഞ്ഞിനെയും എടുത്ത് കാട്ടിലേക്ക് ഓടിയപ്പോയവരാണ് പുലിതൂക്കിയിൽ നിന്നും മുത്തങ്ങയിലെ സമരത്തിനെത്തിയ നാരായണനും മാളുവും. കാട്ടിലെ തണുപ്പും മറ്റും കാരണം രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞിന് ജ്വരം പിടിച്ച് മരിക്കുകയായിരുന്നു. അവർ കാട്ടിലൂടെ നടന്ന് രണ്ട് ദിവസം കൊണ്ട് മാനന്തവാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മൃതശരീരം പൂലിതൂക്കിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനങ്ങളോ പോലും കൊടുക്കാൻ തയ്യാറാകാത്ത പകയാണ് അന്ന് അവരോട് സർക്കാർ സംവിധാനങ്ങളുൾപ്പടെ കാണിച്ചത്. അവർ തിരികെ കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ്, കിലോമീറ്ററുകളോളം നടന്നാണ് അവർ പുലിതൂക്കി കോളനിയിലേക്ക് മടങ്ങിപ്പോയതെന്ന് ഗീതാനന്ദൻ ഓർമ്മിച്ചു.
മുത്തങ്ങയിൽ നടന്ന പൊലീസ് വെടിവെപ്പിൽ ജോഗിയണ്ണൻ മാത്രമാണ് മാത്രമാണ് കൊല്ലപ്പെട്ടത്. പിന്നെ ഒരു പൊലീസുകാരനും ജാനു പറഞ്ഞു. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മാളുവിന്റെ മകൾ മരണമടഞ്ഞത്. പിന്നെ ആ ദിവസങ്ങളിൽ നടന്ന പൊലീസ് മർദ്ദനവും ക്രൂരവും മനുഷ്യത്വം തൊട്ടുതീണ്ടാത്തതുമായ നിലപാടുകൾ കൊണ്ട് ശാരീരികമായും മാനസികാമായും തകർന്ന് മരിച്ചവർ നിരവധിയുണ്ട്. ഇപ്പോഴും ആ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ പരുക്കേറ്റവർ മരിക്കുന്നുണ്ട്. ഞങ്ങളുടെയൊക്കെ ശാരീരികമായ ആരോഗ്യത്തെ പൊലീസ് മർദ്ദനം തകർത്തുകളഞ്ഞു. ആ മർദ്ദനത്തിനിരായായവർ പല അസുഖങ്ങൾ വന്ന് മരിക്കുകയായിരുന്നു. അതൊക്കെ മുത്തങ്ങയിലെ പൊലീസ് അതിക്രമത്തിനിരയായ മരണം തന്നെയാണ്. പലരുടെയും മരണകാരണം പൊലീസ് മർദ്ദനം മൂലമുണ്ടാതാമെന്ന് നേരിട്ട് അറിയാം. മാനസികമായി തകർന്ന പോയ നിരവധി ആളുകളുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കോഴിക്കോട് ജയിലിലും അമ്മയെ കണ്ണൂർ സെൻട്രൽ ജയിലിലുമാക്കിയ പൊലീസുകാരാണ്. അവരുടെ മർദ്ദനമേറ്റ പലർക്കും വർഷങ്ങളോളം രാത്രിയിൽ ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഉറങ്ങിവരുമ്പോൾ നിലവിളിച്ചു കൊണ്ട് ഞെട്ടിയുണരുന്ന നിരവധി പേരുണ്ടായിരുന്നു. സമരത്തിൽ പങ്കെടുക്കാത്തവർക്കുപോലും പൊലീസ് മർദ്ദനം കിട്ടിയിട്ടുണ്ടായിരുന്നു. അതൊന്നും ആ അതിക്രമത്തിന് ഇരയായ എനിക്ക് പോലും നിങ്ങളോട് പറഞ്ഞ് ഫലിപ്പിക്കാനാവില്ല, അന്ന് അതിക്രമത്തിൽ ഇരയാവരിൽ ജീവിച്ചിരിക്കുന്നവരെല്ലാം ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്. അന്ന് ഞങ്ങൾ അനുഭവിച്ചതൊക്കെ ഞങ്ങളുടെ മരണത്തോടു കൂടിമാത്രമേ അവസാനിക്കുകയുള്ളൂ ജാനു പറഞ്ഞു നിർത്തി.
സമരവുമായി ബന്ധമില്ലാതിരുന്നിട്ടും ആദിവാസി വിഭാഗത്തിന് പുറത്തുള്ള രണ്ട് പേരയും അന്ന് പൊലീസ് കേസിൽ ഉൾപ്പെടുത്തിയിരുന്നു ഒന്ന് ഡയറ്റിലെ അധ്യാപകനായ കെ കെ സുരേന്ദ്രനും രണ്ട്, ഏഷ്യാനെറ്റ് റിപ്പോർട്ടറായിരുന്ന എം കെ രാംദാസും. സുരേന്ദ്രനെ പൊലീസ് പിടികൂടുകയും മർദ്ദിച്ച് അവശനാക്കുകയും കർണ്ണപുടത്തിനും തലയ്ക്കും കണ്ണിനും നട്ടെല്ലിനും തകരാറ് സംഭവിക്കുകയും ചെയ്തു. ഇന്നും ആ മർദ്ദനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിലാണ് അദ്ദേഹം. രാംദാസ് അന്ന് തലനാരിഴയ്ക്ക് പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
നരിവേട്ടയ്ക്ക് മുമ്പ് മുത്തങ്ങ സംഭവത്തിനെ ഉൾപ്പെടുത്തി മലയാളത്തിൽ ഫോട്ടോഗ്രാഫർ എന്ന മോഹൻലാൽ സിനിമയും മുഖ്യധാരയിൽ വന്നിരുന്നു. ആ സിനിമയിലും മുത്തങ്ങ സംഭവത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ