സനാഥ വൃദ്ധരും മുഖമില്ലാത്ത കപ്പിത്താനും

ഇത് 'അനാഥരായ വൃദ്ധ'രുടെ മാത്രം അവസ്ഥയാണോ? സനാഥരായ വൃദ്ധരുടെ അവസ്ഥ വ്യത്യസ്തമാണോ? പ്രസക്തമായ ചില അനുഭവങ്ങള്‍ ഓര്‍ക്കുന്നു.
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്

രണവും വാര്‍ദ്ധക്യവും വിഷയമാകുന്ന മാധവിക്കുട്ടിയുടെ ഒരു കഥയുണ്ട്-മുഖമില്ലാത്ത കപ്പിത്താന്‍. ''മൃത്യുമുഖമില്ലാത്ത ഒരു കപ്പിത്താനാണ്''- മാധവിക്കുട്ടി എഴുതുന്നു. ആ കപ്പിത്താനെ മാത്രം കാത്ത് കഴിയുന്നവരുള്ള ഒരു വൃദ്ധാശ്രമം എഴുത്തുകാരി വിവരിക്കുന്നു. ''വൃദ്ധാശ്രമത്തിലേക്ക് സന്ദര്‍ശകയായി ഞാന്‍ കഴിഞ്ഞമാസം ചെന്നപ്പോള്‍ പശുക്കളുടെ ശാന്തനേത്രങ്ങളുള്ള അനാഥ വൃദ്ധരെ ഞാന്‍ കണ്ടു.'' സ്ഥാപനത്തിന്റെ കാര്യദര്‍ശി അന്തേവാസികള്‍ക്കു നല്‍കുന്ന വിഭവസമൃദ്ധമായ ഊണ്, വൈകുന്നേരം ചായ, പലഹാരം, രാത്രി ചപ്പാത്തി എന്നിങ്ങനെയുള്ള സുഭിക്ഷമായ സൗകര്യങ്ങളെക്കുറിച്ച് വാചാലനാകുമ്പോള്‍ കഥാകാരിയുടെ ആത്മഗതം. ''സ്നേഹമെന്ന വസ്തു മറക്കാന്‍ കഴിഞ്ഞാല്‍ അവിടെ സ്വസ്ഥമായി ജീവിക്കാം, മരിക്കാം.'' 

ഇത് 'അനാഥരായ വൃദ്ധ'രുടെ മാത്രം അവസ്ഥയാണോ? സനാഥരായ വൃദ്ധരുടെ അവസ്ഥ വ്യത്യസ്തമാണോ? പ്രസക്തമായ ചില അനുഭവങ്ങള്‍ ഓര്‍ക്കുന്നു.

ഡി.ജി.പി ആയിരുന്ന ഇ. സുബ്രമണ്യം സാര്‍ ഒരു ദിവസം രാവിലെ എന്നെ ഫോണില്‍ വിളിച്ചു. 'Hemachandran, one Mr. Balakrishnan, a senior officer with Govt. of India will come and meet you. He has a serious problem. അദ്ദേഹത്തിന്റെ അച്ഛനെ കാണാനില്ല. We should find him. Do everything possible.'  കൃത്യവും വ്യക്തവുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വ്യക്തിപരമായി  ശ്രദ്ധിച്ച് ഉടന്‍ വേണ്ടതു ചെയ്യാം എന്ന്  ഡി.ജി.പിക്ക് ഉറപ്പു നല്‍കി. പൊലീസ് ഭാഷയില്‍ അതൊരു 'man missing'  കേസ് ആയിരുന്നു. രാഘവന്‍ മാസ്റ്റര്‍ എന്ന 82 വയസ്സ് കഴിഞ്ഞ വൃദ്ധനെ (മുതിര്‍ന്ന പൗരന്‍ എന്ന പ്രയോഗത്തിന് അക്കാലത്ത് പ്രചാരം കുറവായിരുന്നെന്നു തോന്നുന്നു.) കാണാനില്ല. പൊലീസില്‍ വലിയ പരിഗണന ലഭിക്കാറില്ലാതിരുന്ന ഒരു വിഭാഗം കേസായിരുന്നു അത്, അക്കാലത്ത്. കാരണം, പലപ്പോഴും അപ്രത്യക്ഷനായ വ്യക്തി ഒന്നുരണ്ട് ദിവസത്തിനകം തിരികെ വരുകയോ സ്വന്തക്കാരും സുഹൃത്തുക്കളും തന്നെ കണ്ടെത്തുകയോ ചെയ്യും. അങ്ങനെ സംഭവിക്കാതെ വരുമ്പോഴായിരുന്നു പൊലീസ് സജീവമാകാന്‍ നിര്‍ബന്ധിതരാകുന്നത് എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എങ്കിലും കേരളത്തിലെ അവസ്ഥ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാള്‍ മെച്ചമായിരുന്നു. അതിന് കേരളം കടപ്പെട്ടിരിക്കുന്നത് ഐ.ജി. എം. ഗോപാലനോടാണ്. Man missing സംഭവങ്ങള്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കണമെന്ന്  നിഷ്‌കര്‍ഷിച്ച് സ്റ്റാന്റിംഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത് അദ്ദേഹമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് കേരളത്തിനു പുറത്ത് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാറില്ലായിരുന്നു- അടുത്ത കാലയളവുവരെ. പില്‍ക്കാലത്ത് - നിതാരി കൂട്ടക്കൊല എന്നറിയപ്പെടുന്ന ദാരുണമായ സംഭവങ്ങള്‍ക്കുശേഷം - സുപ്രീംകോടതിയുടേയും ദേശിയ മനുഷ്യാവകാശ കമ്മിഷന്റേയും ഇടപെടലുകളിലൂടെയാണ് അവിടെ ഈ അവസ്ഥയ്ക്ക് കുറേയെങ്കിലും മാറ്റമുണ്ടായത്. 

അതവിടെ നില്‍ക്കട്ടെ, നമുക്ക് നമ്മുടെ കഥാപുരുഷന്‍ രാഘവന്‍ മാസ്റ്ററിലേയ്ക്ക് തിരിച്ചു വരാം.  ഡി.ഐ.ജിയുടെ ഫോണ്‍ വച്ച ഉടന്‍ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചു സംസാരിച്ചു. രാഘവന്‍ മാസ്റ്ററെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പൊടിപ്പും തൊങ്ങലും വച്ച് വര്‍ണ്ണിച്ചുവെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്ന വസ്തുത എനിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് സി.ഐയേയും ഡി.വൈ.എസ്.പിയേയും വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എങ്കിലും എനിക്ക് തൃപ്തിയായില്ല. അവരുടെ ബഹുമുഖ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ഈ പാവം 82 വയസ്സുകാരന്‍ രാഘവന്‍ മാസ്റ്റര്‍ക്ക് എത്ര പരിഗണന കിട്ടും? ശരിയായ അന്വേഷണം ഉറപ്പുവരുത്താന്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, മനസ്സു പറഞ്ഞു. കണ്‍ട്രോള്‍റൂമിലുണ്ടായിരുന്ന എസ്.ഐ വര്‍ഗ്ഗീസിനെക്കൂടി ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറ്റാന്വേഷണത്തില്‍ അദ്ദേഹത്തിന്റെ വൈഭവം കിടയറ്റതായിരുന്നു (കൂട്ടത്തില്‍ പറയട്ടെ, കുറ്റാന്വേഷണ സാമര്‍ത്ഥ്യവും ഉദ്യോഗസ്ഥന്റെ റാങ്കും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ് എന്റെ അനുഭവം). വര്‍ഗ്ഗീസിനെ ഓഫീസില്‍ വരുത്തി, രാഘവന്‍ മാസ്റ്ററെ ഉടന്‍ കണ്ടെത്താന്‍ സമര്‍ത്ഥരായ ഒന്നുരണ്ട് പൊലീസുകാരേയും കൂട്ടി അന്വേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചു. ഡി.ജി.പി വിളിച്ച കാര്യവും അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നും ലഭിച്ച വിവരവും എല്ലാം വര്‍ഗ്ഗീസിനെ ധരിപ്പിക്കുകയും ചെയ്തു.  

ഡി.ജി.പി ഫോണ്‍ ചെയ്ത അന്നു വൈകുന്നേരം തന്നെ ബാലകൃഷ്ണന്‍ എന്റെ ഓഫിസിലെത്തി. അക്കാലത്ത് അദ്ദേഹത്തിന് ജയ്പൂരിലായിരുന്നു ജോലി. അച്ഛന്‍ രാഘവന്‍ മാസ്റ്ററെ കാണാനില്ലെന്ന വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തി, ഡി.ജി.പിയെ കണ്ട ശേഷം, നേരെ എന്നെ കാണാനെത്തിയതാണ്. അദ്ദേഹത്തെ ഞാന്‍ ദീര്‍ഘമായി കേട്ടു. സംഭാഷണത്തിലുടനീളം അച്ഛനോടുള്ള സ്‌നേഹവും കരുതലും എത്ര വലുതായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഇതു പറയുമ്പോള്‍ അദ്ദേഹം നാട്ടില്‍ വന്ന് അച്ഛനെ കണ്ടിട്ട് രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കുമെന്നത് എനിക്ക് മനസ്സിലായി. വലിയ നഗരത്തില്‍ വലിയ ജോലിയിലെ വലിയ തിരക്കില്‍ ആ മനസ്സില്‍ ചെറിയ കാര്യങ്ങള്‍ക്കു സ്ഥാനമില്ലല്ലോ. രാഘവന്‍ മാസ്റ്ററെ കാണാതായിട്ട് അന്നേയ്ക്ക് നാലഞ്ച് ദിവസമായിരുന്നു. ആ നിലയ്ക്ക് എന്റെ ശ്രദ്ധ മുഴുവന്‍ അദ്ദേഹം പോകാനിടയുള്ള ഏതെങ്കിലും വീടുകളെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ എന്തെങ്കിലും സൂചന മകനില്‍നിന്നു ലഭിക്കുമോ എന്ന നിലയിലായിരുന്നു. അതൊന്നുമുണ്ടായില്ല. ക്ഷമയോടെ അദ്ദേഹത്തെ കേട്ട ശേഷം എസ്.പി എന്ന നിലയില്‍ പൊലീസിന്റെ എല്ലാ സംവിധാനങ്ങളും രാഘവന്‍ മാസ്റ്ററെ കണ്ടെത്താന്‍ പ്രയോജനപ്പെടുത്തും എന്ന് അദ്ദേഹത്തിന് ഉറപ്പു നല്‍കി. എപ്പോള്‍ വേണമെങ്കിലും നേരിട്ടു വിളിക്കാന്‍ ഫോണ്‍ നമ്പറും നല്‍കി. 

ഒറ്റപ്പെട്ടുപോയ ജീവിതം

ബാലകൃഷ്ണന്‍ പോയിക്കഴിഞ്ഞ് 2-3 മണിക്കൂര്‍ കഴിഞ്ഞ്, രാത്രി 9 മണിയോടെ എസ്.ഐ വര്‍ഗ്ഗീസ് ക്യാമ്പ് ഓഫീസില്‍ വന്ന് എന്നെ കണ്ടു. ''രാഘവന്‍ മാസ്റ്ററെ കിട്ടുമോ?''  മുഖവുരയില്ലാതെ വിഷയത്തിലേക്കു കടന്നു. ആ മനുഷ്യന്‍ അപ്രത്യക്ഷമായ സാഹചര്യവും അദ്ദേഹത്തിന്റെ ജീവിതാവസ്ഥയും എല്ലാം വര്‍ഗ്ഗീസ് വസ്തുനിഷ്ഠമായി വിവരിച്ചു. എനിക്കു ലഭിച്ച ചിത്രം ഏതാണ്ട് ഇങ്ങനെയാണ്. കഠിനാദ്ധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും കുടുംബം പടുത്തുയര്‍ത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. സ്വന്തം മക്കളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമാണ് അദ്ദേഹം ജീവിച്ചത്. അവരായിരുന്നു അദ്ദേഹത്തിന് എല്ലാമെല്ലാം. കൃഷിയും കച്ചവടവുമായിരുന്നു പ്രവര്‍ത്തനമേഖല. തികച്ചും ദരിദ്രമായ പശ്ചാത്തലത്തില്‍നിന്നു തുടങ്ങി സ്വന്തം സുഖസൗകര്യങ്ങള്‍ അവഗണിച്ച് ജീവിതകാലം മുഴുവന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കു നല്ല ഫലമുണ്ടായി. അദ്ദേഹത്തിന്റെ നാലു മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചു. എന്നുമാത്രമല്ല, എല്ലാ പേര്‍ക്കും മികച്ച ജോലിയും ലഭിച്ചു. അവരെല്ലാം കേരളത്തിനു പുറത്തായിരുന്നു കുടുംബ സമേതം. ഒരാള്‍ വിദേശത്തും. ജനിച്ചുവളര്‍ന്ന സാഹചര്യം നോക്കുമ്പോള്‍ അവരെല്ലാം 'അസൂയാര്‍ഹം' എന്നു വിശേഷിപ്പിക്കാവുന്ന നിലയിലായിരുന്നു. അങ്ങനെ കടുത്ത വെല്ലുവിളികള്‍ അതിജീവിച്ച്, ജീവിതയാത്ര വിജയത്തിന്റെ കൊടുമുടി കയറി. പക്ഷേ, അത് ആ മനുഷ്യന്റെ ദുരന്തങ്ങളുടെ തുടക്കമായാണ് മാറിയത്. വീട്ടില്‍ വൃദ്ധരായ രാഘവന്‍ മാസ്റ്ററും ഭാര്യയും മാത്രമായി. അവര്‍ക്ക് സ്വാഭാവികമായും സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, സാമൂഹ്യമായി അവര്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു. അതൊന്നുമല്ല അവരുടെ അവസ്ഥ ദുഃസ്സഹമാക്കിയത്. മക്കളുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. എന്നെ സന്ദര്‍ശിച്ച മകന്‍ അച്ഛനോടുള്ള സ്‌നേഹത്തെക്കുറിച്ചൊക്കെ വാചാലനായിരുന്നു എങ്കിലും യാഥാര്‍ത്ഥ്യം അതിനു നേരെ വിപരീതമായിരുന്നുവെന്നാണ് വര്‍ഗ്ഗീസ് നാട്ടില്‍ അന്വേഷിച്ചറിഞ്ഞത്. അവരാരെങ്കിലും വീട്ടില്‍ വരുന്നതുതന്നെ അപൂര്‍വ്വമായിരുന്നു. ഇക്കാര്യത്തില്‍ മക്കളെല്ലാവരും ഒരുപോലെയായിരുന്നു. ആ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ സ്ഥാപിക്കാന്‍പോലും ആരു താല്പര്യം കാണിച്ചില്ല. അതിനിടെ ചില ആരോഗ്യപ്രശ്നങ്ങളും അവരെ അലട്ടി. 

ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ തന്റേടത്തോടെ അഭിമുഖീകരിച്ച് വിജയിച്ച മനുഷ്യനായിരുന്നു രാഘവന്‍ മാസ്റ്റര്‍. പക്ഷേ, വാര്‍ദ്ധക്യത്തില്‍ സ്വന്തം മക്കളുടെ ഭാഗത്തു നിന്നുള്ള സ്‌നേഹശൂന്യമായ സമീപനം, ആ മനുഷ്യനെ തളര്‍ത്തി. കടുത്ത നൈരാശ്യത്തിലേക്ക് തള്ളിവിട്ടു. ''ചില ക്ഷേത്രങ്ങളും ദൈവങ്ങളും മാത്രമാണ് ആ മനുഷ്യനെ താങ്ങിനിര്‍ത്തിയതെന്ന് തോന്നുന്നു.'' വര്‍ഗ്ഗീസ് പറഞ്ഞുനിര്‍ത്തി. ''അദ്ദേഹം ജീവനൊടുക്കിയിരിക്കാനാണ് സാദ്ധ്യത;'' അല്പം കഴിഞ്ഞ് കൂട്ടിച്ചേര്‍ത്തു. ''മക്കളൊക്കെ ഇപ്പോള്‍ വെറുതെ വാചകമടിക്കുന്നുണ്ട്. പക്ഷേ, അവരൊന്നും ആ പാവങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലായിരുന്നു.'' അയാള്‍ തീക്ഷ്ണമായിത്തന്നെ പറഞ്ഞു. അതെന്തായാലും തുടരന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ സ്വന്തക്കാരുടേയും ബന്ധക്കാരുടേയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലോക്കല്‍ പൊലീസ് ഇതിനോടകം നടത്തിയിരുന്നെങ്കിലും അത് നിഷ്ഫലമായിരുന്നു. ഞങ്ങള്‍ തീരുമാനിച്ച ഒരു കാര്യം പോകാനിടയുള്ള ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അടിയന്തരമായി അന്വേഷിക്കാനാണ്. അദ്ദേഹത്തിന്റെ മുഖത്ത് ആരും ശ്രദ്ധിക്കുന്ന ഒരു കറുത്തപാട് ജന്മനാല്‍ത്തന്നെ ഉണ്ടായിരുന്നതുകൊണ്ട്, ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തിരിച്ചറിയുന്നതിനു വലിയ ബുദ്ധിമുട്ടില്ലായിരുന്നു. 

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആദ്യം പ്രതീക്ഷയുണര്‍ത്തി. രാഘവന്‍ മാസ്റ്റെറെന്നു സംശയിക്കാവുന്ന വ്യക്തിയെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രപ്പരിസരത്തുവെച്ച് കണ്ടതായി അവിടെ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചു. കാണാതായതിന്റെ തൊട്ടടുത്ത ദിവസംതന്നെയായിരിക്കണം അദ്ദേഹം ഏറ്റുമാനൂരെത്തിയത് എന്ന് ഞങ്ങള്‍ അനുമാനിച്ചു. തുടര്‍ന്നുള്ള വിവരങ്ങളൊന്നും കിട്ടിയില്ല. എങ്കിലും അന്വേഷണം തുടര്‍ന്നു. അദ്ദേഹത്തിന്റെ ഇഷ്ടദൈവങ്ങളെ മനസ്സിലാക്കി ഗുരുവായൂരും തൃശൂരും മറ്റും അന്വേഷണം തുടരുന്നതിനിടയില്‍ എറണാകുളത്ത് കായലില്‍ ഒരജ്ഞാത മൃതദേഹം കണ്ടെത്തി. അത് പരിശോധിച്ചതില്‍ രാഘവന്‍ മാസ്റ്ററുടേതാണന്ന് ഉറപ്പിച്ചു. മൃത്യു എന്ന മുഖമില്ലാത്ത കപ്പിത്താന്‍ തന്നെ സ്വീകരിക്കാന്‍ തേടിവരും മുന്‍പേ രാഘവന്‍ മാസ്റ്റര്‍ ജലാശയത്തിന്റെ ആഴങ്ങളിലേക്ക് സ്വയം സമര്‍പ്പിച്ചുകൊണ്ട് ആ കപ്പിത്താനെ സ്വീകരിക്കുകയാണുണ്ടായത്. സംഭവം ആത്മഹത്യയാണെന്ന് ഉറപ്പായതോടുകൂടി പൊലീസ് ഫയല്‍ തീര്‍പ്പാക്കി. എങ്കിലും, ആ നല്ല മനുഷ്യന്‍ അങ്ങനെ അവസാനിക്കേണ്ടതായിരുന്നില്ലല്ലോ എന്ന വേദന എന്റെ മനസ്സിലുണ്ടായി. അത്തരമൊരു ചിന്ത, അതിന്റെ വ്യര്‍ത്ഥതയെക്കുറിച്ച് കൂടുതല്‍ ബോദ്ധ്യമുണ്ടെങ്കിലും ഉള്ളിലുണ്ട് ഇന്നും. ചില സമാനതകളുള്ള ഒരു സംഭവം കൂടി ഓര്‍മ്മയിലെത്തുന്നു. ഞാനന്ന് തലസ്ഥാനത്ത് ഡെപ്യൂട്ടി കമ്മിഷണറായിരുന്നു. ഒരു ദിവസം ഡി.ജി.പി രാധാകൃഷ്ണന്‍ സാര്‍, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നേരിട്ടെന്നെ വിളിപ്പിച്ച് ഒരു കാര്യം പറഞ്ഞു. കേരളത്തില്‍ ജനിച്ച പ്രമുഖ അമേരിക്കന്‍ പൗരന്റേതാണ് വിഷയം. അദ്ദേഹം അതിസമ്പന്നനായിരുന്നു. എന്നു പറഞ്ഞാല്‍ പോര, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ ഫണ്ട് സമാഹരണത്തില്‍വരെ സ്ഥാനം പിടിച്ചിരുന്ന ധനാഢ്യനായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ തിരുവനന്തപുരത്തായിരുന്നു താമസം. തൊണ്ണൂറ് കഴിഞ്ഞ അച്ഛന്റെ സ്വത്ത് തിരുവനന്തപുരത്ത് ആരോ തട്ടിയെടുക്കുന്നു എന്നാണ് പരാതി. ഈ വി.ഐ.പി പരാതി കേന്ദ്ര വിദേശകാര്യവകുപ്പിലെ ഉന്നതന്‍ നേരിട്ട് ഡി.ജി.പിയെ ഫോണില്‍ അറിയിച്ചതാണ്.  ഡി.ജി.പി ആയിരുന്ന ഞാന്‍ നേരിട്ട് ആ മുതിര്‍ന്ന പൗരനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ പരാതി പരിഹരിക്കാന്‍ ഉടന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചു. 

തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഞാന്‍ ആ മുതിര്‍ന്ന പൗരനെ കണ്ടു. അദ്ദേഹത്തിന്റെ ജീവിതം ഏതാണ്ട് സെഞ്ച്വറിയോട് അടുക്കുകയായിരുന്നുവെന്നു തോന്നുന്നു. ചലനശേഷി കുറവായിരുന്നെങ്കിലും കാഴ്ചയ്ക്കും കേള്‍വിക്കും കാര്യമായ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, മാനസികമായി വളരെ ഊര്‍ജ്ജസ്വലനായിരുന്നുവെന്നുതന്നെ പറയാം. അദ്ദേഹം അവിടെ ഒറ്റയ്ക്കായിരുന്നു. ഏതാണ്ട് 50 വയസ്സ് തോന്നിക്കുന്ന ഒരാള്‍, ഇടയ്ക്ക് അദ്ദേഹത്തിനു സഹായത്തിനായി വീട്ടില്‍ വരും. പൊലീസ് യൂണിഫോമില്‍ എന്നെ കണ്ടപ്പോള്‍ ഒരു പുതിയ സ്പിരിറ്റ് വന്നപോലെ തോന്നി. സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം സ്വതന്ത്ര്യത്തിനു മുന്‍പുണ്ടായിരുന്ന തിരുവിതാംകൂറിലെ പൊലീസ് കമ്മിഷണര്‍മാരെക്കുറിച്ചും അവരോടൊപ്പം ചീട്ട് കളിച്ചതും സല്‍ക്കാരങ്ങളില്‍ പങ്കെടുത്തതുമൊക്കെ വലിയ സന്തോഷത്തോടെ വിവരിച്ചു. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ അണ്‍പാര്‍ലമെന്ററി എന്നു പറയാവുന്ന ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ ധാരാളം നടത്തി അഭിരമിക്കുന്നതുപോലെ തോന്നി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇംഗ്ലീഷ് പഠിച്ച ഇന്ത്യക്കാര്‍ ചിലരെങ്കിലും സ്വയം നിലവാരം 'ഉയര്‍ത്തിയത്' ഇംഗ്ലീഷ് ഭാഷയിലെ വൃത്തികെട്ട പ്രയോഗങ്ങള്‍ സ്വായത്തമാക്കിക്കൊണ്ടായിരുന്നെന്നു തോന്നുന്നു. ഞാന്‍ ക്ഷമയോടെ, കൗതുകത്തോടെ കേട്ടിരുന്നു. താനര്‍ഹിക്കുന്ന ഒരു ശ്രോതാവിനെ കാത്തിരുന്നു കിട്ടിയ ആവേശത്തിലായിരുന്നു അദ്ദേഹം എന്നു തോന്നി. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ സ്വത്തിനുള്ള ഭീഷണിയെപ്പറ്റി ഓര്‍മ്മിപ്പിച്ചുവെങ്കിലും അതൊന്നും അദ്ദേഹം ഗൗനിക്കുന്നുണ്ടായിരുന്നില്ല.

സന്ദര്‍ശനം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും 'കഥകള്‍' തുടര്‍ന്നതല്ലാതെ പൊലീസ് നടപടി ആവശ്യമായ യാതൊന്നും  ഇല്ലായിരുന്നു. സഹായിയോട് സംസാരിച്ചതിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നതായി വെളിവായില്ല. എനിക്ക് മനസ്സിലായത് സ്വത്തിനു ഭീഷണി എന്നെങ്കിലും ധരിപ്പിച്ചാല്‍ വര്‍ഷങ്ങളായി നാട്ടില്‍ വരാത്ത മകന്‍ ഓടി എത്തുമോ എന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നെതെന്നാണ്. തികച്ചും ഒറ്റപ്പെട്ട, വിരസമായ, ശൂന്യമായ അവസ്ഥയില്‍ ഏക മകന്റെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണല്ലോ! പൊലീസിനു പരിഹരിക്കാവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രശ്നം. അവസാനം വളരെ ബുദ്ധിമുട്ടിയാണ് സംഭാഷണം അവസാനിപ്പിച്ച് എനിക്ക് മടങ്ങാന്‍ കഴിഞ്ഞത്. പ്രതീക്ഷയോടെ കാത്തിരുന്ന ആ മനുഷ്യനെ ആദ്യം സന്ദര്‍ശിച്ചതാരാണ് - സ്വന്തം മകനോ, അതോ എല്ലാവരേയും ഒരിക്കല്‍ മാത്രം സന്ദര്‍ശിക്കുന്ന മുഖമില്ലാത്ത കപ്പിത്താനോ? അറിയില്ല ഇവിടെ പരാമര്‍ശിച്ച രണ്ടാളും ഒരര്‍ത്ഥത്തില്‍ വലിയ ജീവിതവിജയം നേടിയവരാണ്. പക്ഷേ, നാം കണ്ടപോലെ സ്‌നേഹശൂന്യമായ, ദുരന്തപര്യവസായിയായ ജീവിതം. വിജയമോ, പരാജയമോ? നാമെല്ലാം ജീവിതവിജയം തേടുന്നവരാണ്. എന്താണ് ജീവിതവിജയം? ചിന്തിക്കേണ്ടതാണ്. പ്രത്യേകിച്ച് നമ്മുടെ പൊതുമണ്ഡലം വിജയഗാഥകള്‍കൊണ്ട്  നിറയുന്ന ഇക്കാലത്ത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം എനിക്കറിയില്ല. എങ്കിലും കഥാരംഭത്തില്‍ മാധവിക്കുട്ടി എഴുതിയ വാചകം അവഗണിക്കാനാവില്ല. ''ഇത് നിന്റെ കഥയും എന്റെ കഥയും എല്ലാവരുടെ കഥയും ആണെന്ന് എനിക്കു തോന്നുന്നു.'' 
ഇപ്പോള്‍ എനിക്കും.?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com