മധു നുകരുന്ന മനോഹര രാവ്, മനം കവരുന്ന നിലാവൊളി രാവ്... 

ഭൂതകാലക്കുളിരിലേക്ക് ഇതള്‍ വിടര്‍ത്തും ഇശല്‍ വിസ്മയം. കാതോട് കാതോരം, പിന്നെ ഹൃദയതന്ത്രികളില്‍ കാതരമായി കൈവിരല്‍മീട്ടി, ലൗഡ് സ്പീക്കറുകളില്‍നിന്ന് സദാ അലയാഴി പോല്‍ ഒഴുകിയെത്തി...
മധു നുകരുന്ന മനോഹര രാവ്, മനം കവരുന്ന നിലാവൊളി രാവ്... 

രുലോകജയമണി നബിയുള്ള... തിരുമുന്‍പെന്നേ...

ഭൂതകാലക്കുളിരിലേക്ക് ഇതള്‍ വിടര്‍ത്തും ഇശല്‍ വിസ്മയം. കാതോട് കാതോരം, പിന്നെ ഹൃദയതന്ത്രികളില്‍ കാതരമായി കൈവിരല്‍മീട്ടി, ലൗഡ് സ്പീക്കറുകളില്‍നിന്ന് സദാ അലയാഴി പോല്‍ ഒഴുകിയെത്തി... അങ്ങനെയങ്ങനെ പഴയ തലമുറയുടെ ജീവതാളങ്ങളെ തരളിതമാക്കിയ, നാദനീലിമയില്‍ തിളക്കമേറ്റിയ നക്ഷത്ര സ്മിതം; അതേ, കഥകളുടെ റാണി, പാട്ടുകളുടെ കൂട്ടുകാരി ആലപ്പുഴ റംലാ ബീഗം. ആര്‍ക്ക് മറക്കാനാവും ഈ ഗായികയെ?

ഭക്തിയില്‍ ചാലിച്ച അവരുടെ വേറിട്ട ശബ്ദം. അനുകരിക്കാനാവാത്ത സ്വരസിദ്ധി. കഥാപ്രസംഗം അവതരിപ്പിക്കുമ്പോള്‍ വിഷയത്തിനു യോജിച്ച സീക്വന്‍സുകള്‍ സൃഷ്ടിക്കുന്നതില്‍ അനിതരസാധാരണമായ പാടവം.

...വമ്പുറ്റ ഹംസ റളിയല്ലാഹ്...

കര്‍ബലയിലെ യുദ്ധക്കളം. ഹസൈന്റേയും ഹുസൈന്റേയും രണവീര്യം. സദസ്യരുടെ മുന്‍പില്‍ വാള്‍ത്തലപ്പുകളുടെ മിന്നല്‍പ്രഭ.

രണ്ടാളുമൊത്ത് തകൃതി, അങ്കം വിറപ്പിച്ച് തീറ്റിയേ...

കരകവിയും ഭക്തിരസത്തിലേക്ക് സദസ്യരെ ആനയിക്കുന്ന വരികള്‍: ബിസ്മില്ലാഹ് എന്ന്, വിശുദ്ധ പൊരുളെന്ന്...

മണിയറയിലേക്ക് നയിക്കാന്‍ മണവാളനും കൂട്ടര്‍ക്കും വേണ്ടി റംലാ ബീഗം പാടുന്നു:

മധു നുകരുന്ന മനോഹര രാവ്, മനം കവരുന്ന നിലാവൊളി രാവ്...

ഭര്‍ത്താവ് കെ.എ. സലാം രചിച്ച് എം.എസ്. ബാബുരാജ് ഈണം നല്‍കിയ ഈ പാട്ട് റംലാ ബീഗം പാടി. മലബാറിലെ കല്യാണവീടുകളില്‍ ഈ പാട്ട് ഹരമായി, പലര്‍ക്കുമിത് ഹൃദിസ്ഥമായി.

9500-ലധികം സ്റ്റേജുകള്‍, അഞ്ഞൂറിലധികം സി.ഡികള്‍, അന്‍പതോളം ലോംഗ് പ്ലേ റെക്കാര്‍ഡുകള്‍. ഇവയൊക്കെ റംലാ ബീഗത്തിന്റെ കലാജീവിതത്തിന്റെ നീക്കിയിരിപ്പ്. യു ട്യൂബില്‍ റംലാ ബീഗത്തിന്റെ ആലാപനം ആസ്വദിക്കാം. പുകള്‍പെറ്റ പാട്ടുകാരിക്ക് പക്ഷേ, കഥാകഥനവും ഗാനാലാപനവും കൊണ്ടൊന്നും ജീവിതഭദ്രതയുടെ സ്വരപ്പൊരുത്തം പുന:സൃഷ്ടിക്കാനായില്ല. അക്കാര്യത്തില്‍ പക്ഷേ, പരിണതപ്രജ്ഞയായ ഈ കലാകാരിക്ക് നിരാശയൊന്നുമില്ല.

ജീവിതം തട്ടിമുട്ടിയാണെങ്കിലും ഇത്രത്തോളം എത്തിയില്ലേ? മലയാളികളുള്ള എല്ലായിടങ്ങളിലും എന്നെയും എന്റെ ശബ്ദവും തിരിച്ചറിയപ്പെടുന്നുവെന്നത് അത്ര നിസ്സാരമായ കാര്യമല്ലല്ലോ. എന്നെ സ്‌നേഹിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. എന്റെ കഥാപ്രസംഗത്തിന്റേയും പാട്ടിന്റേയും ആസ്വാദകരില്‍ പലരും എന്നെ അഭിനന്ദിക്കുന്നു. പഴയ തലമുറയിലുള്ള അവരുടെ സ്‌നേഹവും പിന്തുണയുമാണെന്റെ കരുത്ത്.

പിന്നിട്ട തന്റെ ജീവിതവഴികളെക്കുറിച്ച് റംലാ ബീഗം സംസാരിച്ചു. അക്കാലത്തെ ഗാനമേളാ ട്രൂപ്പില്‍ തന്നോടൊപ്പമുണ്ടായിരുന്ന ബീഗം ഖദീജയും മകള്‍ റസിയാ ബീഗവും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

*****

റംലാ ബീഗം
റംലാ ബീഗം

സംഗീതം റംലാ ബീഗത്തിന്റെ ബാല്യവിസ്മയങ്ങളില്‍ത്തന്നെ ശ്രുതി ചേര്‍ത്തിരുന്നു. ആലപ്പുഴ ഐഷാബീഗം അക്കാലത്തെ മികച്ച കഥാപ്രസംഗക. എട്ടാം വയസ്സില്‍ റംലാ ബീഗം പാട്ടുകാരിയായതിനു പിന്നില്‍ പിതാവ് ഹുസൈന്‍ യൂസുഫ് യമാനിയുടേയും മാതാവ് ഫറോക്കിലെ മറിയം ബീവിയുടേയും അളവറ്റ പ്രോത്സാഹനമായിരുന്നു പ്രധാനം. കുഞ്ഞുന്നാളിലേ ഐഷാബീഗത്തോടുള്ള ഇഷ്ടം കൂടിയായതോടെ മികച്ച പാട്ടുകാരിയായി വളരുകയായിരുന്നു, റംലാ ബീഗം. സംഗീതസാന്ദ്രമായ കുടുംബാന്തരീക്ഷം. മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, നല്ലളം ബീരാന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ഉമ്മ എപ്പോഴും പാടാറുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ മന്ദ്രമുഖരിതമായ ലോകത്തേക്ക് റംലാ ബീഗവും കടന്നുവരികയായിരുന്നു. അമ്മാവന്‍ സത്താര്‍ഖാന്‍ അവള്‍ക്കായി സ്വന്തം സംഗീത ട്രൂപ്പ് തന്നെയുണ്ടാക്കി. ആസാദ് മ്യൂസിക് ക്ലബ്ബ് എന്ന പേരില്‍ പ്രസിദ്ധമായ ഈ സംഘമാണ് റംലാ ബീഗം എന്ന കാഥികയെ കേരളത്തിലെ സംഗീതാസ്വാദകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. ആസാദ് മ്യൂസിക് ക്ലബ്ബില്‍ തബല വായിച്ചിരുന്ന അബ്ദുല്‍സലാം റംലാ ബീഗത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കാളിയായി. പ്രശസ്ത കാഥികന്‍ വി. സാംബശിവന്റെ ട്രൂപ്പിലേയും തബല വാദകനായിരുന്നു ഗാനരചയിതാവ് കൂടിയായ അബ്ദുല്‍സലാം എന്ന കെ.എ. സലാം. ഇദ്ദേഹം പിന്നീട് റംലാ ബീഗത്തിന്റെ ജീവിതപങ്കാളിയായി. പാട്ടുകാരിയില്‍നിന്നു കഥാപ്രസംഗകലയിലേക്കുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ ഭാവനാശാലിയായി സലാമിന്റെ പങ്ക് മറക്കാനാവില്ല. (32 വര്‍ഷം മുന്‍പ് മരിച്ചുപോയ പ്രിയതമനെക്കുറിച്ച് സംസാരിക്കെ, റംലാ ബീഗം മിഴി തുടച്ചു).

എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പില്‍ സ്‌കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോ ഗ്രാം. സ്ത്രീകള്‍ ആദ്യം വരാന്‍ മടിച്ചുവെങ്കിലും മനോഹരമായ പ്രണയകാവ്യം സ്വതസിദ്ധമായ ശൈലിയില്‍ ആലപ്പുഴ റംലാ ബീഗം അവതരിപ്പിക്കുന്നതു കാണ്‍കെ, വന്‍ജനക്കൂട്ടം. തുടര്‍ന്ന് നിരവധി വേദികള്‍ കിട്ടി.

******
എഴുപത്തിനാലാം വയസ്സിലും മാസ്മരികമായ ആ ശബ്ദത്തിന് ഇടര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ല. സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതിനകം നൂറുകണക്കിനു പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ഇസ്ലാമിക ചരിത്രകഥകളും ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍, 'ലൈലാമജ്നു പ്രണയകഥകളും' മാത്രമല്ല, കാളിദാസന്റെ ശാകുന്തളവും കുമാരനാശാന്റെ നളിനിയും കേശവദേവിന്റെ 'ഓടയില്‍നിന്നു'മൊക്കെ റംലാ ബീഗം കഥാപ്രസംഗമാക്കി. 'മലേഷ്യാ മലയാളി' എന്ന പ്രസിദ്ധീകരണത്തിന്റെ ബാനറില്‍ മലേഷ്യയിലെ വിവിധ നഗരങ്ങളിലും പിന്നീട് സിംഗപ്പൂരിലും ശാകുന്തളം കഥ അവതരിപ്പിച്ച് അവര്‍ കയ്യടി നേടി. ഏറെ ആവേശത്തോടെയാണ് അവിടെയുള്ള പ്രവാസികള്‍ പരിപാടിയെ വരവേറ്റതെന്ന് റംലാ ബീഗം ഓര്‍ക്കുന്നു.

കര്‍ബലാ യുദ്ധസ്മരണകള്‍ പാട്ടിന്റേയും കഥയുടേയും അകമ്പടിയോടെ അവതരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധപ്രതീതി സൃഷ്ടിക്കാന്‍ അനുഗൃഹീതയായ ഈ കാഥികയ്ക്ക് സാധിക്കുന്നു. ചരിത്രത്തിന്റെ ചോരപുരണ്ട അദ്ധ്യായങ്ങളെയാണ് ആയിരക്കണക്കിനു വേദികളില്‍ അനാവരണം ചെയ്തത്. കര്‍ബലയുടെ കഥകള്‍ അയവിറക്കവെ, റംലാ ബീഗം പറഞ്ഞു:

ആദ്യമായി ഒരു മുസ്ലിം വനിത പൊതുവേദിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചതിനെതിരെ യാഥാസ്ഥിതികര്‍ ശബ്ദമുയര്‍ത്തിയ കാലമായിരുന്നു അത്. കണ്ണൂരിലൊരു പ്രോഗ്രാമിനു പോയപ്പോള്‍ ഒരു വിഭാഗമാളുകള്‍ ഞങ്ങളെ തടഞ്ഞു.

ആലപ്പുഴക്കാരിയെ ഈ നാട്ടില്‍ ആടാന്‍ വിടില്ല എന്ന് ആക്രോശിച്ചുകൊണ്ടാണ് അവര്‍ ഞങ്ങളുടെ നേരെയടുത്തത്. കര്‍ബലയിലെ രക്തക്കളമല്ല, റംലാ ബീഗത്തിന്റെ രക്തക്കളമായിരിക്കും ഇവിടെയെന്നായിരുന്നു അവരുടെ ഭീഷണി. എക്കാലത്തും തന്റെ രക്ഷകനായി നിലയുറപ്പിക്കുന്ന ഭര്‍ത്താവ് എതിര്‍പ്പുമായി വന്നവരോട് പറഞ്ഞു: വീട്ടിലെ കഞ്ഞിക്കലത്തില്‍ വെള്ളം തിളപ്പിക്കാന്‍ വെച്ചിട്ടാണ് ഞങ്ങളിങ്ങോട്ട് പുറപ്പെട്ടത്. അവിടെ മടങ്ങിയെത്തുകയാണെങ്കില്‍ അതുകൊണ്ട് ചോറ് വെച്ച് കഴിക്കും. ഇല്ലെങ്കില്‍ ആ വെള്ളം കൊണ്ട് ഞങ്ങളുടെ മയ്യിത്ത് നാട്ടുകാര്‍ കുളിപ്പിക്കും... 

ധീരത കലര്‍ന്ന ആ വാക്കുകളും നിലപാടുമാണ് എന്നും തന്റെ ശക്തിയെന്ന് റംലാ ബീഗം പറയുന്നു. എന്തായാലും അന്ന് കണ്ണൂരില്‍ കഥ പറഞ്ഞു. പൊലീസ് സംരക്ഷണമുണ്ടായിരുന്നു. കര്‍ബലയില്‍ രക്തസാക്ഷികളായ പ്രവാചകപരമ്പരയിലെ കണ്ണികളുടെ വീരകഥ കേള്‍ക്കാന്‍ നിരവധിയാളുകള്‍ തടിച്ചുകൂടി. പിന്നെപ്പിന്നെ എതിര്‍പ്പുകാരും അടുത്തുകൂടി. അവര്‍ക്കും കഥ ബോധിച്ചു. ഒരു പെണ്ണ് കഥാപ്രസംഗം നടത്തുന്നുവെന്നു പറഞ്ഞ് ആളുകളെ ഇളക്കിവിട്ട പലരും ഞങ്ങളെ അഭിനന്ദിക്കാനെത്തി...

അതുപോലെ മറ്റൊരനുഭവവുമുണ്ടായതായി റംലാ ബീഗം ഓര്‍ക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഒരു റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന് എന്റെ കഥാപ്രസംഗം ബുക്ക് ചെയ്തു. നോട്ടീസ് കണ്ടപ്പോഴേ ചിലര്‍ ഭീഷണിയുമായി എത്തി. പരിപാടി അവതരിപ്പിച്ചാല്‍ കൊടുവള്ളിയില്‍ ചോരപ്പുഴയൊഴുകുമെന്നായിരുന്നു താക്കീത്.

ഇസ്ലാമിനെ താറടിക്കാനോ കൊടുവള്ളി റോഡിന് ടാര്‍ ഇടാനോ എന്നായിരുന്നു നോട്ടീസ്!

പക്ഷേ, ഞങ്ങള്‍ പിന്മാറിയില്ല. ജീവിതം തന്നെയായിരുന്നു ഞങ്ങള്‍ക്ക് കഥപറച്ചില്‍. അതു പറഞ്ഞാണ് പരിപാടി തുടങ്ങിയത്. കഥ നല്ലതല്ലെങ്കില്‍ നിര്‍ത്താമെന്നും പറഞ്ഞു. പക്ഷേ, കഥ പറയലും പാട്ട് പാടലും പുരോഗമിക്കവെ ജനങ്ങള്‍ ഇരമ്പിയെത്തുകയും എല്ലാവരും ആസ്വദിച്ച് വലിയ കരഘോഷം മുഴക്കുകയും ചെയ്തു. എതിര്‍പ്പിനു പകരം സദസ്യരാകെ ആവേശഭരിതരായി. എതിര്‍പ്പുകള്‍ കുറഞ്ഞു. മലബാറിലെ നിരവധി വേദികളില്‍ റംലാ ബീഗം ഒരു തരംഗമായി മാറി.

*********
ഇപ്പോള്‍ കഥാപ്രസംഗം കേള്‍ക്കാന്‍ ആളില്ലാതായി. മൂന്നു മണിക്കൂറൊന്നും കഥ കേട്ടിരിക്കാന്‍ ജനങ്ങള്‍ക്കു ക്ഷമയില്ല. അതുകൊണ്ട് ക്ഷണിക്കപ്പെട്ട വേദികളില്‍ മാത്രം പാടാന്‍ പോകുന്നു. ചില സ്ഥലങ്ങളില്‍ പാട്ടിനിടെ, പഴയ ആളുകള്‍ കഥാപ്രസംഗം അവതരിപ്പിക്കാന്‍ ആവശ്യപ്പെടാറുണ്ട്. അന്നേരം അവര്‍ക്കുവേണ്ടി ഒരു മണിക്കൂര്‍ കഥ പറയും. വ്യത്യസ്ത പ്രമേയങ്ങളില്‍ മുപ്പതോളം കഥകള്‍ റംലാ ബീഗം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ക്ക് പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരള സര്‍ക്കാരിന്റെ നാമമാത്ര പെന്‍ഷന്‍ മാത്രമേ കിട്ടുന്നുള്ളൂ. ഇ.എം.എസ്., സി.എച്ച്. മുഹമ്മദ് കോയ എന്നിവരൊക്കെ തന്റെ കഥാപ്രസംഗം കേട്ട് നേരിലെത്തി അഭിനന്ദിച്ച കാര്യം അഭിമാനത്തോടെയാണ് റംലാ ബീഗം ഓര്‍ത്തത്. സി.എച്ചിന്റെ മകന്‍ എം.കെ. മുനീറിന്റെ പ്രത്യേക താല്പര്യത്തില്‍, കലാസ്‌നേഹികളുടെ സഹായത്തോടെ കോഴിക്കോട് വെള്ളിമാട്കുന്നില്‍ അനുവദിച്ചു കിട്ടിയ വസതിയിലാണ് റംലാ ബീഗം ഇപ്പോള്‍ താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com