നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും... 

സുഗതകുമാരി വിടപറഞ്ഞിട്ട് ഒരു വര്‍ഷം
നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും... 

ദ്യം വായിച്ച സുഗതകുമാരിക്കവിത 'അഭയാര്‍ത്ഥിനി' ആണെന്നാണ് ഓര്‍മ്മ. സ്‌കൂള്‍ പാഠപുസ്തകത്തില്‍ അതുണ്ടായിരുന്നു. ഒ.എന്‍.വിയുടെ 'അനിയത്തി'ക്കും തിരുനല്ലൂരിന്റെ 'ആദ്യത്തെ തീവണ്ടി'ക്കും പി. ഭാസ്‌കരന്റെ 'ഹിരോഷിമ'ക്കും ഒപ്പം. 'പ്രേമസംഗീത'വും 'ലീല'യുടെ ഒരു ഭാഗവും 'മലയാളത്തിന്റെ തലയും' ഒക്കെയുള്ള ആ പദ്യപാഠാവലിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന മേല്‍പ്പറഞ്ഞ പുതുകവിതകള്‍ പഠിപ്പിക്കുന്നവരും പഠിക്കുന്നവരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ഞാനെന്തായാലും ആ നാലു കവിതകളും പല ആവൃത്തി വായിച്ചിരുന്നു. സുഗതകുമാരിയുടെ ആ കവിതയിലും വിപിനവിഹാരിയുണ്ടായിരുന്നു. അഭയാര്‍ത്ഥിനി ആവേണ്ടിവരുന്നതിനു മുന്‍പ് തന്റെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ 'പ്രേമാര്‍ദ്രയായ രാധികക്കൊപ്പം നിന്ന് വിപിനവിഹാരിയെ കൂപ്പിയവളാണ'വള്‍... സര്‍വ്വവും തകര്‍ന്ന അവളെ രക്ഷിക്കാതെ ''എവിടെപ്പോയ് നീ ഹരേ'' എന്ന ധര്‍മ്മരോഷം, അവളെ മനസ്സുകൊണ്ടല്ലാതെ ശരീരംകൊണ്ട് ആലിംഗനം ചെയ്യാന്‍ കഴിയാത്തതിലെ ആത്മനിന്ദ ഇവയൊക്കെ. എന്റെ ഉള്ളില്‍ തട്ടിയതുകൊണ്ടാവണം കമ്യൂണിസ്റ്റ് കവികളുടെ രചനകളേക്കാള്‍, അന്നത്തെ ശൈലിയില്‍, 'പുരോഗമന സാഹിത്യം' 'അഭയാര്‍ത്ഥിനി'യാണെന്ന് എനിക്കു തോന്നി. സരളവും സുഭഗവുമായ രൂപശില്പം എന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു.

മനുഷ്യനെ അവന്റെ ദുരിതങ്ങളില്‍ ചേര്‍ത്തുപിടിക്കുക; അങ്ങനെ മനുഷ്യവര്‍ഗ്ഗത്തെ ഒരിഞ്ചെങ്കിലും മുന്നോട്ടു നയിക്കുക; അതു ചെയ്യുന്നതെന്തോ അതാണ് പുരോഗമന സാഹിത്യമെന്ന എന്റെ പില്‍ക്കാല വിശ്വാസത്തിന് അബോധപൂര്‍വ്വമായി അടിത്തറയിട്ടിരുന്നുവോ ഈ കവിത? ആവോ! പക്ഷേ, ആ കവിത സമ്മാനിച്ച അപൂര്‍വ്വ രസാനുഭൂതി ഇന്നും മനസ്സിലുണ്ട്.

എന്നെ അമ്പരപ്പിക്കുകയും ആനന്ദിപ്പിക്കുകയും ഒപ്പം തത്ത്വചിന്താപരമായി ആലോചിപ്പിക്കുകയും ചെയ്ത ഒരു സുഗതകുമാരിക്കവിത അധികം താമസിയാതെ വായിക്കാന്‍ ഇടയായി 'ശക്തി പൂജ.'

''അറിവു ഞാന്‍ നര്‍ത്തനമാടാന്‍ പ്രിയപ്പെട്ട
തവിടേക്കു ഘോരശ്മശാനമത്രേ.
അതിനാലെന്നുള്ളവും ദേവീ ഞാന്‍ 
വന്‍ ചിതയെരിയുന്ന ചുടുകാടായ് മാറ്റിടുന്നു.'' 

അതുകൊണ്ട് ''വരിക ഘനശ്യാമരൂപിണി...'' താണ്ഡവം എന്റെ മനസ്സാകുന്ന ചുടലയിലാവട്ടെ എന്ന് ദേവിയെ ആഹ്വാനം ചെയ്യുന്ന ആ കവിത, അതുല്യമായ ഒരു കാവ്യാനുഭവമായിരുന്നു; സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണം, സാക്ഷാല്‍ക്കാരത്തിനുവേണ്ടി! ആയിടെ തന്നെയാണ് 'യമുനാതീരേ' എന്ന കവിതയും വായിക്കാനിടയായത്. അതും ആത്മസമര്‍പ്പണത്തിന്റെ കവിത തന്നെയായിരുന്നു; കൃഷ്ണനെ കാണാനുഴറുന്ന ഒരു ഗോപികയ്ക്ക് സഖി നല്‍കുന്ന ഉപദേശ രൂപത്തിലുള്ള കവിത. ''ചെല്ലുകാക്കഴലില്‍ നീ, സര്‍വ്വവും കാഴ്ചവെയ്ക്കൂ...''

അവരുടെ കവിതകള്‍ വരുന്ന മുറയ്ക്കുതന്നെ ഞങ്ങള്‍ വായിച്ചു. വായനക്കാര്‍ക്ക് ഒരു കാര്യം ബോദ്ധ്യമായി. ആ കവിതകളെല്ലാം ആത്മസമര്‍പ്പണത്തിന്റെ കവിതകളായിരുന്നു. സാക്ഷാല്‍ക്കാരത്തിനുവേണ്ടിയുള്ള ഇച്ഛയായിരുന്നു അവയുടെ എല്ലാം ആധാരശ്രുതി. അന്നേ ഞങ്ങളൊക്കെ ശ്രദ്ധിച്ച ഒരു പ്രത്യേകത ആ കവിതകളില്‍ മിക്കവയിലും ആഖ്യാതാവ് പുരുഷനായിരുന്നു; ഉപാസനാമൂര്‍ത്തിയും അങ്ങനെ തന്നെ. കരുണാമയനായ അവനെ കാത്തിരിക്കുന്ന സാധാരണക്കാരന്‍, സമഷ്ടിപുരുഷനുമായി ഏകത്വം കൊതിക്കുന്ന വ്യഷ്ടിപുരുഷന്‍.

''...പൊന്‍പരിവേഷമണിഞ്ഞും, നെറുകയില്‍
എന്‍ പ്രേമത്തിന്‍ മുള്‍മുടിചേര്‍ന്നും
പുഞ്ചിരി തൂകിയണഞ്ഞിടുവോനെ...''

നിന്റെ കരതാര്‍ നീളുന്നു. തരാന്‍ എന്താണുള്ളത്? ''വെറുതേവെറുമൊരു വേദന മാത്രം''
ഈ വേദന അവരുടെ കവിതകളിലാകെ ഒരു അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്''

അവനും ഞാനും ഒന്നാവാന്‍ കഴിയാത്തതിന്റെ വേദനയാണോ അത്? ദ്വൈതഭാവം സൃഷ്ടിക്കുന്ന വേദന! സുഗതകുമാരി പ്രാപഞ്ചിക ദുഃഖങ്ങളെക്കുറിച്ചുള്ള കവിതകളെഴുതിയിട്ടുണ്ട്. നല്ല കവിതകള്‍! ''സാരേ ജഹാംസേ അഛാ'' പെട്ടെന്ന് തോന്നുന്ന ഉദാഹരണം. ''കൊല്ലേണ്ട തെങ്ങനെ'' പോലൊരു കവിത മലയാളത്തില്‍ വേറെ ഉണ്ടോ? എന്നിരുന്നാലും അവരുടെ ഏതാണ്ടെല്ലാ കവിതകളിലും അന്തര്യാമിയായി വര്‍ത്തിക്കുന്ന ദുഃഖം കൂടുതല്‍ ദാര്‍ശനികമായ ഒരു തലത്തില്‍ അനുഭവിക്കപ്പെടേണ്ടതാണ്.

'വെറുമൊരു വേദന മാത്രം' എന്ന മനോഹര കവിത മറ്റൊരു തരത്തില്‍ക്കൂടി വായിക്കപ്പെടേണ്ടതാണ്. പൊന്‍പരിവേഷമണിഞ്ഞവന് നല്‍കാന്‍ വേദനക്കൊപ്പം മറ്റു ചിലതുകൂടിയുണ്ട്. അതിലൊന്നിതാണ്.

''കാലടി തന്നില്‍ തളിരിലമര്‍ന്നു...
പതിഞ്ഞൊരുവിഷമുള്ളരാന്നെ
വിളിക്കും കണ്ണിന്‍ കദനം മാത്രം...''

അത് 'വെറുതെ നടിച്ചതാ'യിരുന്നില്ലേ? വിശദീകരിക്കുന്നു വലയത്തിനുള്ളില്‍!

''കപടം? ഹാ! നിണമിറ്റു പതിക്കിലും
അതു കാണാതെ നിനച്ചേനെന്റെ
ശകുന്തളവീണു മരിക്കും വരെയും''

'വെറുതെ നടിച്ചു' എന്നത് രാജാവ് തോഴനോട് പറഞ്ഞതാണ്... ആരും അത് കണ്ടിട്ടില്ല. തോഴനോടു പക്ഷേ, രാജാവ് പ്രണയത്തെക്കുറിച്ച് പറഞ്ഞത്. 'പരിഹാസവിജല്പിതം' എന്നും 'പരമാര്‍ഥേന ന ഗൃഹ്യതാം വച' എന്നുമാണല്ലോ. ഒരു യഥാര്‍ത്ഥ ശിങ്കടിയാവുന്നു വിദൂഷകന്‍. ഇപ്പറഞ്ഞ കള്ളങ്ങളാണ് യഥാര്‍ത്ഥ സത്യം എന്ന് അവ കള്ളങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ വിശ്വസിക്കുകയും ചെയ്തു. (ഓര്‍വിലിയന്‍ 'ഡബിള്‍ തിങ്ക്' തൊള്ളായിരത്തി മുപ്പതുകളില്‍ ഉടലെടുത്ത ഒരു പ്രതിഭാസമല്ല) പക്ഷേ, യാഥാര്‍ത്ഥ്യം വിഷമുള്ളൂ കാലില്‍ തറച്ചു എന്നതു തന്നെയായിരുന്നു. അതൂരി കൊടുക്കാന്‍ 'നാഗരികാംഗനാ രസികനായ' നായകന്‍ തയ്യാറായതുമില്ല. ഇപ്പോള്‍ കരുണാമയന്‍ അരികിലെത്തുമ്പോള്‍ അതു ചെയ്യാതിരുന്നതിന്റെ വേദനയും ആത്മനിന്ദയും കൂടി അവന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെടുകയാണ്.

സുഗതകുമാരി
സുഗതകുമാരി

കാളിയമര്‍ദ്ദനം, പാവം മാനവഹൃദയം

ശാകുന്തളത്തിന്റെ ഈ നൂതനാവിഷ്‌കാരം, ഹൃദയഹാരിയും ഹൃദയസ്പര്‍ശിയുമായ ഈ പുനരാവിഷ്‌കാരം ഒരുപക്ഷേ, നമ്മുടെ പുരാവൃത്ത പുനരാവിഷ്‌കാരങ്ങളില്‍ സമാനതകളില്ലാത്ത ഒന്ന് സുഗതകുമാരിയെ പ്രശംസിക്കുന്നത് വര്‍ണ്ണാശ്രമ ധര്‍മ്മമായി സ്വീകരിച്ച മലയാള നിരൂപണം ഒട്ടും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.

സാക്ഷാല്‍ക്കാരത്തിനു മറ്റൊരു മാര്‍ഗ്ഗം പ്രശസ്തമാണ്. വിപരീതഭക്തി, രാവണനും ഹിരണ്യ കശിപുവും ഒക്കെ പ്രയോഗിച്ചത്. അപ്പോള്‍ സായൂജ്യം എളുപ്പമാകുമത്രേ. സുഗതകുമാരിയുടെ എക്കാലത്തും മികച്ച കവിതകളിലൊന്ന് ഈ ആദര്‍ശം ഉള്‍ക്കൊള്ളുന്നതാണ്: കാളിയമര്‍ദ്ദനം.

'''കുനിഞ്ഞതില്ലീ പത്തികള്‍ കണ്ണാ
 കുലുങ്ങിയില്ലീ കരളിന്നും...''

...എന്നു വായിച്ചു തുടങ്ങിയപ്പോള്‍ മലയാളി കാവ്യാസ്വാദകന്‍ അഭൂതപൂര്‍വ്വമായൊരു കാവ്യാനുഭവത്തിന് വശംവദനാവുകയായിരുന്നു.

ഒരു വായനയില്‍ത്തന്നെ, ''ഇതാ ഒറ്റ കവിതകൊണ്ട് അമരത്വം വരിച്ച കവയിത്രി എന്ന് 'കാളീയമര്‍ദ്ദന'ത്തിന്റെ ആദ്യവായനയില്‍ത്തന്നെ എനിക്കു തോന്നിയെന്നു'' പറഞ്ഞത് സാക്ഷാല്‍ എന്‍. കൃഷ്ണപിള്ളയാണെന്നോര്‍ക്കണം. അതു മലയാളി വായനാസമൂഹത്തിന്റെ പൊതു അഭിപ്രായമായിരുന്നു. കര്‍മ്മങ്ങളെ വേദനയോടെ അനുഭവിച്ചുതീര്‍ക്കുന്ന പീഡിതമായ ജീവാത്മാവ്, അതിന്റെ അഹങ്കാരത്തിന്റെ വിഷമയങ്ങളായ പത്തികളില്‍ തേജോ നൃത്തം നടത്തുന്ന ഈശ്വരന്‍. ഈ സനാതനസിദ്ധാന്തം ആണ് കവിതയുടെ വര്‍ണ്ണ്യവിഷയം എന്ന് കവി തന്നെ പറയുന്നു. പക്ഷേ, അത് ഭാഗികമായ സത്യമാണെന്നു വായനക്കാരനു തോന്നുന്നു. വിധിയുടെ താഡനങ്ങളെ, എല്ലാ വേദനകളേയും തൃണവല്‍ഗണിച്ചുകൊണ്ട് നേരിട്ട് തലയുയര്‍ത്തി പിടിച്ചുനില്‍ക്കുന്ന അഭിമാനിയാണ് കാളീയന്‍. അയാള്‍ നോക്കിക്കാണുന്നത് അതീവ സുന്ദരമായ ഒരു നൃത്തമാണ്. കേവലസൗന്ദര്യത്തിന്റെ ആവിഷ്‌കാരമാണ് നൃത്തം. കാളീയ മര്‍ദ്ദനത്തിന്റെ അലൗകികവും ദിവ്യവുമായ സൗന്ദര്യം ദ്രുതതാളത്തില്‍ നൃത്തം ചെയ്യുന്ന ഭാഷയിലൂടെ അനുഭവവേദ്യമാക്കുന്നു ഈ കവിത.

''പോയ വെളിച്ചം ഇരുട്ടാവുകിലും
തീയാറാത്തൊരു ശോണാകാശം
ആലയിലണയാതലസം നിന്നു മയങ്ങും വേനല്‍ക്കാല ദിനാന്ത്യം...''

എന്റെ കൗമാരത്തിലെ മദ്ധ്യവേനല്‍ സന്ധ്യതന്നെയായിരുന്നു. പക്ഷേ, അതിത്ര ഹൃദയാവര്‍ജ്ജകമായി ചിത്രീകരിക്കപ്പെടാന്‍ കഴിയുമെന്ന് സുഗതകുമാരിയുടെ 'വെളുത്ത പൂവുകള്‍' വായിച്ചപ്പോഴാണ് ബോദ്ധ്യമായത്. ആ ദിനാന്ത്യത്തില്‍

''നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും
കയ്യിലൊരഞ്ചാറിതളും മൊട്ടുംപേറിയു
മാവഴിതെല്ലുതിടുക്കില്‍ നടന്നുവരുന്നു സന്ധ്യ...''

ഈ സന്ധ്യ എന്റേതായിരുന്നു. സന്ധ്യ മാത്രമല്ല, അവിടെ അനുക്തമായ ഉപമേയമായ, വീട്ടില്‍ വിളക്കു കൊളുത്താന്‍ അമ്പലത്തില്‍നിന്നു കൈതോലകള്‍ അതിരിട്ട നാട്ടുവഴിയിലൂടെ തിടുക്കത്തില്‍ നടന്നുവരുന്ന നാട്ടിന്‍പുറത്തെ യുവതീ-യുവതികള്‍, എന്റെ ചേച്ചിമാര്‍. ആ ചേച്ചിമാരില്‍ ഒരാളായി ഈ കവിയും എന്റെ മനസ്സില്‍ കടന്നു കയറിക്കൂടി.

അതുകൊണ്ടു മാത്രമല്ല ഈ കവിത എനിക്കു പ്രിയപ്പെട്ടതാകുന്നത്. വായനക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം പകര്‍ന്നുകൊടുക്കുന്ന അത്യപൂര്‍വ്വം സുഗതകുമാരി കവിതകളിലാണല്ലോ ഇത്. ശുഭ പ്രതീക്ഷയ്ക്ക് കാരണമാവുന്നത് ഒരു വേനല്‍ക്കാല സന്ധ്യയില്‍ ഭാരം ചുമന്നു തളര്‍ന്നുവീഴാറായ ഞങ്ങള്‍ ഒരത്ഭുതംപോലെ വഴിവക്കില്‍ കാണുന്ന, 'അടിമുടിപൂക്കും' പൂമരമാണ്... സുശോഭിതയായി സുവാസിതയായി ''ഇത്ര വെളുപ്പ് വെളുപ്പിനുമുണ്ടോ'' എന്നു ചോദിച്ചുപോകുമാറ് വെളുത്ത പൂവുകള്‍ ചൂടിനില്‍ക്കുന്ന പൂമരം.

''പിന്നെ ഇരുട്ടാകിലുമെന്തേ, വൈകിലുമെന്തേ'' ചൂമടേറി പോകുന്ന ഞങ്ങള്‍ക്ക്. ''ഉള്ളൊരു പൂക്കളമായി തോന്നി.''

ഈ കവിതയില്‍ മാത്രമല്ല, എല്ലാ സുഗതകുമാരി കവിതകളിലും പ്രകൃതി - പ്രകൃതിയിലെ ഭിന്ന വസ്തുക്കള്‍, പൂമരങ്ങള്‍, മുള്‍ച്ചെടികള്‍, കാടും കടലും മലയും മഴയും പുഴയുമെല്ലാം സജീവ കഥാപാത്രങ്ങളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. പ്രകൃതി മനുഷ്യകര്‍മ്മങ്ങളുടെ പശ്ചാത്തലം മാത്രമായിരുന്നില്ല സുഗതകുമാരിക്ക് ഒരിക്കലും. പ്രപഞ്ചത്തിന്റെ കേന്ദ്രം മനുഷ്യനാണെന്നും മറ്റെല്ലാം അവന്റെ ഉപഭോഗത്തിനുവേണ്ടിയാണെന്നുമുള്ള യൂറോപ്യന്‍ നവോത്ഥാന സന്ദേശം അവരൊരിക്കലും സ്വീകരിച്ചിരുന്നില്ല. മലയേയും മരത്തേയും പുഴയേയുമൊക്കെ ദേവതകളായി ആരാധിച്ചിരുന്ന, ദര്‍ശനത്തിന്റേയും പ്രകൃതി സൃഷ്ടി സ്ഥിതി സംഹാരകാരിണിയാണെന്നു വിശ്വസിച്ചിരുന്ന സംസ്‌കാരത്തിന്റേയും പിന്തുടര്‍ച്ചക്കാരിയായിരുന്നു അവര്‍.

ഈ ദര്‍ശനവിശേഷം അവരുടെ കവിതകളിലെ മുഖ്യപ്രമേയമായ ആത്മസാക്ഷാല്‍ക്കാരത്തിന്റെ പ്രതിനിധാനങ്ങളിലും കാണാം. കരുണാമയനായ ദിവ്യപുരുഷനെ കാത്തിരിക്കുന്ന ജീവന്റെ ആകുലതകളും പ്രതീക്ഷകളുമാണ് പല കവിതകളിലും വര്‍ണ്ണ്യം; ആദ്യകാല കവിതകളില്‍ വിശേഷിച്ചും അന്നതിനെ നിരൂപകര്‍ മിസ്റ്റിസമെന്നു വിളിച്ചു. അന്നത്തെ പതിവനുസരിച്ച് ചില കവിതകളില്‍ അത് രാധാകൃഷ്ണ പ്രണയമായി. കൃഷ്ണകവിതകള്‍ എന്നു വിളിക്കപ്പെടുന്നവയില്‍ത്തന്നെ ചിലതില്‍ ഏതോ ഗോപികയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പായി. ഏറ്റവും പ്രശസ്തമായ കവിതകളുടെ കൂട്ടത്തില്‍പ്പെടുന്ന മറ്റൊന്നില്‍ അത് സ്വകര്‍മ്മനിരതയായി. ഏകാന്തധ്യാനത്തിലൂടെ കൃഷ്ണനെ പ്രത്യക്ഷപ്പെടാന്‍ നിര്‍ബ്ബന്ധിക്കുന്ന, കൃഷ്ണനറിയാത്ത ഗോപികയായി ('സ്വകര്‍മ്മണാ തമഭ്യര്‍ച്ച സിദ്ധിം വിന്ദതി മാനവ' എന്ന ഗീതാവാക്യം രൂപം ധരിച്ചതുപോലെ) പ്രകൃതിയുടെ ഭിന്നഭാവങ്ങളിലെ നൃത്തം നിരീക്ഷിച്ചു. ചരിതാര്‍ത്ഥനാവുന്ന പുരുഷനായി, പ്രകൃതി പ്രതിഭാസങ്ങളെ ദേവതാരൂപത്തില്‍ ആരാധിക്കുന്ന മര്‍ത്ത്യനായി... ഈ കവിതകളുടെയെല്ലാം ആധാരശ്രുതി വിഷാദത്തിന്റേതാണ്. ലൗകികമായ ദുഃഖമല്ല. തേടലിന്റെ പ്രതീക്ഷയ്‌ക്കൊപ്പം തീര്‍ത്ഥാടകനുണ്ടാവുന്നതാണല്ലോ എത്തിച്ചേരാത്തതിലെ ദുഃഖവും. ബുദ്ധതത്ത്വങ്ങളുള്‍പ്പെടെയുള്ള ഭാരതീയ ദര്‍ശനങ്ങളെല്ലാം അനന്തതയുടെ വാഗ്ദാനങ്ങളായിരിക്കുമ്പോഴും അവയുടെ അടിസ്ഥാന ശ്രുതി വിഷാദത്തിന്റേതാണെന്ന് സുഗതകുമാരി.

'ഇരുള്‍ ചിറകുകളു'ടെ ആമുഖത്തിലെഴുതുന്നത് ഒരു ന്യായീകരണമായിട്ടാണ്; വസ്തുനിഷ്ഠവും സത്യസന്ധ്യവുമായ ന്യായീകരണം. ദാര്‍ശനികമായ ദുഃഖം ഒരു സത്യമായിരിക്കേ തന്നെ തീരെ ചെറിയ കാര്യങ്ങളില്‍പ്പോലും സന്തോഷിക്കാന്‍ കഴിയും മനുഷ്യന് എന്ന വസ്തുത സുഗതകുമാരി അംഗീകരിക്കുന്നുണ്ടല്ലോ. ആ അതിപ്രശസ്തമായ കവിതയില്‍ അങ്ങനെയല്ലേ പറഞ്ഞിരിക്കുന്നത്.

''ആരുചവിട്ടിത്താഴ്ത്തിലുമഴലിന്‍ പാതാളത്തിലൊളിക്കലുമേതോ
പൂര്‍വ്വസ്മരണയിലാഹ്ലാദത്തിന്‍ ലോകത്തെത്തും ഹൃദയം...
പാവം മാനവ ഹൃദയം!'' എങ്കിലും  

''തീരാത്തതേടലാകുന്നുജന്മം'' എന്നു പ്രത്യക്ഷമായിത്തന്നെ പറഞ്ഞിട്ടുണ്ട് ഒരു കവിതയില്‍. എത്തിച്ചേരാന്‍ കഴിയാത്തതിന്റെ ദുഃഖത്തിനു കാരണമായി. എത്തിച്ചേരലിനെക്കുറിച്ച് സുഗതകുമാരി എന്നെങ്കിലും എഴുതിയിട്ടുണ്ടോ? മുക്കാലും താഴ്ന്നു കഴിഞ്ഞ തുമ്പിക്കയ്യുടെ അഗ്രംകൊണ്ട് ''ഹരിചന്ദന പരിപാവനഗന്ധം'' നുകരുന്ന ഗജേന്ദ്രനെക്കുറിച്ചു നമ്മള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, അവിടെ കവിത അവസാനിക്കുകയാണ്. എത്തിച്ചേരലിന്റെ സായൂജ്യത്തിന്റെ ഒരു കവിത സുഗതകുമാരി എഴുതിയിട്ടുണ്ട്. അവരുടെ ഏറ്റവും നല്ല കവിതകളില്‍ ഒന്ന് 'അഭിസാരിക' കൗതുകകരമായ വസ്തുത ഈ കവിതയുടേയും അന്തര്‍നാദം (under tone) ദുഃഖത്തിന്റേതാണ്.

''പാല പൂത്തു മദിക്കുന്ന രാവില്‍/പാരിജാതം മണക്കുന്ന രാവില്‍'' രണ്ടേ രണ്ടു വരികളിലൂടെ പ്രകൃതിയുടെ വിലോഭനീയമായ സൗന്ദര്യം! വീടിനുള്ളില്‍, ''ക്ലാന്തമാം മുഖംചായ്ച്ചുറങ്ങീടും കാന്തന്‍'', തൊട്ടിലില്‍ വിരലുണ്ടുമയങ്ങും കുട്ടി... തീര്‍ത്താല്‍ തീരാത്ത അടുക്കള ജോലികള്‍. പക്ഷേ, ''കാത്തിരിപ്പു വരൂ വരൂ'' എന്നു കാട്ടില്‍നിന്നും കുഴല്‍വിളി... പിന്നെ ഒന്നുമാലോചിച്ചില്ല. ലൗകികമായതെല്ലാം ഇവിടെ വിട്ട് നിലാവിന്റെ മുല്ലമാലകള്‍ വാരിയണിഞ്ഞ് ആ കുഴല്‍വിളി കേട്ടിടത്തേക്ക്! എനിക്കറിയാം ഇത് രാസനൃത്തത്തിനുള്ള ആഹ്വാനമല്ല. നീ തീര്‍ത്ത പുതിയ രാഗം വായിച്ചു കേള്‍പ്പിക്കാനുമല്ല. വേറെന്തെങ്കിലും ആഘോഷത്തിനുമല്ല. എന്നെ മാത്രം വിളിച്ചത് വീണ്ടും ''ഒന്നുകാണുവാന്‍ മാത്രമാണല്ലോ.'' ''അതെ, എന്നെ മാത്രം ഒന്നു കാണുവാന്‍ മാത്രമാണല്ലോ! യാത്ര സാധാരണപോലെ ഉല്ലാസകരമായിരുന്നില്ല. കാലില്‍ മുള്ളുതറച്ച്, ഉടലുരഞ്ഞ്, കാലില്‍ പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞ്, കുണ്ടില്‍ വീണും വലഞ്ഞും അന്ധകാരത്തില്‍ ഓടിയെത്തുമ്പോള്‍, 'അന്ത്യബിന്ദുവില്‍' പുഞ്ചിരിക്കൊള്ളുന്ന ചന്ദനം മണക്കുന്ന നീ, നിന്റെ മാറില്‍ തളര്‍ന്നുവീഴുമ്പോള്‍ ''ശ്യാമ സുന്ദരാ മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേന്‍'', സംസാരത്തിന്റെ ബന്ധനത്തില്‍നിന്നു മുക്തയായി പ്രകൃതിയുടെ സൗമ്യവും പരുഷവുമായ ഭാവങ്ങളിലൂടെ ഗോപിക നടത്തുന്ന യാത്ര അവളുടെ മാത്രമല്ല, എല്ലാ സംസാരികളുടേയും ജീവിതയാത്ര തന്നെയാണ്. കാരണം അവള്‍ എത്തിച്ചേരുന്നത് അന്ത്യബിന്ദുവിലാണ്. 

കണ്ണനോ? എല്ലാ തേരോട്ടങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വിശ്വരൂപ പ്രശ്‌നങ്ങള്‍ക്കും ഒടുവില്‍ നിരാശനും ദുഃഖിതനുമായി തന്റെ കൗമാരത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണല്ലോ കണ്ണന്‍.. സാക്ഷാല്‍ക്കാരം തേടുന്നത് കണ്ണനോ ഗോപികയോ? പരസ്പര സാക്ഷാല്‍ക്കാരം എന്നതാവുമോ പരമാര്‍ത്ഥം: പ്രകൃതി പുരുഷനുവേണ്ടി നൃത്തം ചെയ്യുന്നുവെന്നും അവന്‍ ചരിതാര്‍ത്ഥനാവുന്നതോടെ -ആത്മസ്വരൂപം കൈവരിക്കുമ്പോള്‍ - നൃത്തത്തില്‍നിന്നും വിരമിക്കുന്നുവെന്നും ഈശ്വര കൃഷ്ണന്‍ സാംഖ്യകാരികയില്‍ പറയുന്നു. ഇവിടെ കണ്ണന്‍ മുക്തനാവുകയാണ്. പ്രകൃതിയായ ഗോപിക അവനില്‍നിന്ന് ഒരിക്കലും ഭിന്നനായിരുന്നില്ലല്ലോ. തത്ത്വചിന്താപരമായ വ്യാഖ്യാനം എന്തുമാകട്ടെ, കണ്ണുനിറയാതെ ഈ കവിത വായിച്ചവസാനിപ്പിക്കാന്‍ കഴിയുകയില്ല. അത്യപൂര്‍വ്വമായ ഒരു കാവ്യാനുഭവം 'അഭിസാരിക' പ്രദാനം ചെയ്യുന്നു.

സുഗതകുമാരിയുടെ ഏറ്റവും നല്ല കവിതകളിലെ ഒന്നാണ് 'പാദപ്രതിഷ്ഠ.' രാധയേയോ ഗോപികമാരേയോപോലെ അത്രയധികം കവിതകളിലൊന്നും സീത പ്രത്യക്ഷപ്പെട്ടിട്ടില്ല. 'തുഞ്ചന്റെ തത്തയിലും' ധന്യതയിലും സൂചനയുണ്ട്.

''കത്തും തീയും തൊടില്ലയെങ്കിലുമഴല്‍ക്കാട്ടിന്‍
നടുക്കായ് പരിത്യക്തം
ജീവിതമൊന്നില്‍നിന്നുയരും
പൊള്ളുന്ന നിശ്വാസവും''
എന്ന് തുഞ്ചന്റെ തത്തയിലും
''ഏതുകിളിയിണയുടെയിളം ചിറകിലമ്പേല്‍ക്കെ...
യേതു തുടുകാലിണയിലാദ്യമുള്‍മുനയേല്‍ക്കെ
ഏതു പരിപാവനത യവമാന പാവകനില്‍
വീഴ്‌കെയെന്‍ കരളിന്നു മുറിവേറ്റു?''

എന്നു 'ധന്യത'യിലും കാണുന്ന പരാമര്‍ശങ്ങള്‍ അഗ്‌നിപ്രവേശം ചെയ്യേണ്ടിവന്നതിനെക്കുറിച്ചു മാത്രമല്ല. സീതയുടെ ആദ്യത്തേതും രണ്ടാമത്തേതും വനവാസത്തെക്കുറിച്ചുകൂടി സൂചിപ്പിക്കുന്നു. രാധയേയും അജ്ഞാത ഗോപികയേയും മറ്റു ഗോപസ്ത്രീകളേയും കുറിച്ചു പാടിക്കൊണ്ടിരുന്ന കവിയുടെ മനസ്സില്‍ എന്നും സീത ഉണ്ടായിരുന്നു. ഗോപസ്ത്രീകളുടെ കാര്യത്തില്‍ അവരില്‍ ഒരാളാണ് താനെന്നും അവര്‍ കരുതിക്കാണും. പക്ഷേ, സീത സുഗതകുമാരിയുടെ ആരാധ്യദേവതയായിരുന്നു. സ്ത്രീ സങ്കല്പത്തിന്റെ പൂര്‍ണ്ണത!

'പാദപ്രതിഷ്ഠ' സുഗതകുമാരിയുടെ രാമായണമല്ല, സീതായനമാണ്. മഹാദുഃഖ നാടകത്തിന്റെ നാന്ദികുറിക്കുന്നത്. വള്ളത്തോളിന്റെ 'കിളിക്കൊഞ്ചലി'ലൂടെ നാം പരിചയപ്പെട്ട, രാമനാമശ്രവണത്തില്‍ കുതുകയായി അമ്മയുടെ അടുത്തേക്കോടുന്ന കുമാരിയുടെ ചിലമ്പിട്ട പാദങ്ങളാണ്. ഭരതവാക്യം ചൊല്ലുന്നതോ ഹിമാലയത്തിനു സമീപമുള്ള മിഥിലയില്‍നിന്നു പുറപ്പെട്ട്, ഭാരതവര്‍ഷത്തിലെ കാടും മലകളും സമതലങ്ങളും താണ്ടി തെക്കന്‍ കടല്‍കടന്ന് ലങ്കയിലെത്തി അഗ്‌നിയിലൂടെ നടന്നു തിരിച്ചെത്തി; വീണ്ടും കാട്ടിലെ കല്ലും മുള്ളും ചവിട്ടിനടന്ന വിണ്ടുകീറിയ തൃപ്പാദങ്ങളും അശ്രുപൂര്‍ണ്ണാകുലേക്ഷണനായ രാമന്റെ ദൃഷ്ടിപഥത്തില്‍നിന്നു ഭൂമാതാവിന്റെ ഗര്‍ഭത്തിലേയ്ക്ക് പിന്‍വാങ്ങുന്ന ആ ''രണ്ടു പാദങ്ങളെ എന്റെ ഹൃദയത്തില്‍ ഞാന്‍ പണ്ടേ പ്രതിഷ്ഠിച്ചിരിപ്പൂ'' സീത രാമനുമായി ചേരുന്നതു മുതല്‍ വേര്‍പിരിയുന്നതു വരെയുള്ള കഥ. ഇതിലെ ഓരോ ഖണ്ഡത്തിലും രാമനുണ്ട്. ''അശ്രുപൂര്‍ണ്ണം രാമനേത്രങ്ങള്‍ ദൂരെ നിന്നര്‍ച്ചിച്ചിടുന്ന പാദങ്ങള്‍'' വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാമന്റെ കണ്ണുകളിലെ സൂക്ഷ്മദൃക്കുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന അശ്രുബിന്ദുക്കള്‍ ആദ്യം കണ്ടത് വാല്മീകിയാണ്.  പുരോഗാമികളായ രാമായണ പഠിതാക്കള്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ഇവിടെ മാത്രമല്ല, നിര്‍വ്വാസ നിശ്ചയത്തിന്റെ സമയത്തും ഈ അശ്രുക്കള്‍ രാമന്റെ നേത്രങ്ങളിലുണ്ടായിരുന്നു. അതായത് വാല്മീകി ഉറപ്പിച്ച് പറയുന്നത് രാമന്‍ സീതയെ ഒരിക്കലും സംശയിച്ചിട്ടില്ലെന്നു തന്നെയാണ്. സ്വധര്‍മ്മമായ രാജ്യഭരണത്തിന്റെ നിര്‍ബ്ബന്ധ പ്രേരണകളാണ്. ലങ്കയില്‍വെച്ച് പരുഷമായി സംസാരിച്ച് അഗ്‌നിപ്രവേശത്തിനു സീതയെ നിര്‍ബ്ബന്ധിതയാക്കിയതിനും പിന്നീട് അയോദ്ധ്യയില്‍ വെച്ച് നിര്‍വ്വാസദണ്ഡന വിധിക്കുന്നതിനും രാമനെ നിര്‍ബ്ബന്ധിതനാക്കിയത് എന്തായാലും സുഗതകുമാരി ആ കണ്ണുനീര്‍ കണ്ടു. അതുമാത്രമല്ലതാനും. അവര്‍ കണ്ടത്. സീതാരാമകഥയിലെ ചില അനര്‍ഘനിമിഷങ്ങള്‍ അവര്‍ ഉള്‍ക്കണ്ണില്‍ കണ്ട് വാങ്മയദൃശ്യങ്ങളായി വായനക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ''അറിയില്ലയൊന്നുമെന്നോ മനവാക്കിന്റെ ചിരി കിലുങ്ങിക്കൊണ്ടിരിക്കെ...'' സംവേദനം ചെയ്യുന്നത് അശ്രുത പൂര്‍വ്വമായൊരുനുഭൂതിയാണ്. അവിദഗ്ദ്ധമായി പണിപ്പെട്ട് സീതാപാദങ്ങളില്‍ പത്തിക്കീറെഴുതുക മാത്രമല്ല, രാമന്‍ ചെയ്തതായി സുഗതകുമാരി പറയുന്നത് കാട്ടില്‍വെച്ച് കാലില്‍ മുള്ളുകൊള്ളുമ്പോള്‍ തഴുകി ആശ്വസിപ്പിക്കുമായിരുന്നു പ്രിയന്‍. തനിച്ച് കാനനവാസം ചെയ്യേണ്ടിവന്ന അവസാന നാളുകളില്‍ കാലില്‍ മുള്ളു തറച്ചപ്പോള്‍ സീത ഓര്‍ത്തുപോയതാണ്.

രചനാസൗഷ്ഠവംകൊണ്ടും ആശയഗരിമകൊണ്ടും രസപൗഷ്‌കല്യംകൊണ്ടും മലയാളത്തിലെ സീതാകാവ്യങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളുന്ന 'പാദപ്രതിഷ്ഠ' കൂടുതല്‍ വിശദമായ പഠനം ആവശ്യപ്പെടുന്നു.

കരുണാമയനുവേണ്ടിയുള്ള ജീവാത്മാവിന്റെ കാത്തിരിപ്പ്, സാക്ഷാല്‍ക്കാര മോഹം ഇവയൊക്കെ ആവിഷ്‌കരിക്കുന്നതിനിടയില്‍ സുഗതകുമാരി മനുഷ്യന്റെ ദൈനംദിന ജീവിതത്തെ വിസ്മരിക്കുകയുണ്ടായോ? ഇല്ല. മിസ്റ്റിക്ക് എന്ന ആദ്യകാല നിരൂപകര്‍ വിളിച്ചിരുന്ന കവിതകളുള്‍പ്പെടെ അവരുടെ എല്ലാ കവിതകളും പ്രാപഞ്ചിക ദുഃഖത്തിന്റെ കൂടി ഗാഥകളായിരുന്നു. ആ വസ്തുത വിശദീകരിക്കുന്നതിനു മുന്‍പ് സാധാരണ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് അവരെഴുതിയ കവിതകളിലേക്കു വരാം. അവരുടെ കാവ്യജീവിതത്തിന്റെ രണ്ടാംപകുതിയില്‍ പ്രത്യക്ഷപ്പെട്ട കവിതകളിലേറെയും അങ്ങനെയുള്ളവയായിരുന്നു. മനുഷ്യരെക്കുറിച്ചു മാത്രമല്ല, മറ്റു ജീവജാലങ്ങളെക്കുറിച്ചുകൂടി അവരെഴുതി. മരക്കവി എന്ന പേര് സമ്പാദിക്കുക കൂടി ചെയ്തു അവര്‍. അക്കൂട്ടത്തില്‍ അവിസ്മരണീയങ്ങളായ രണ്ടു കവിതകള്‍ ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നു.

''സാരേ ജഹാംസേ അച്ഛാ'', നേരത്തെ സൂചിപ്പിക്കപ്പെട്ടിരുന്നു. ഇരമ്പുന്ന റേഡിയോ പാട്ടും തല്ലും തെറിയും കരച്ചിലുമൊക്കെയായി ഉറങ്ങാതിരിക്കുന്ന ഒരു ചേരിയിലെ, ഇരുളിന്റെ മറപറ്റി സ്വയം വിലപേശി നില്‍ക്കുന്ന ഒരു പതിനഞ്ചുകാരി. ആ വിലപേശലിന്റെ അര്‍ത്ഥം ഓര്‍ത്തപ്പോള്‍ ''മനംമുറിഞ്ഞ് ചോരത്തുള്ളി ഇറ്റിറ്റുവീഴുന്നു കുഞ്ഞേ'' എന്നവളോടു മനസ്സില്‍ പറയാനേ കഴിയുന്നുള്ളൂ കവയിത്രിക്ക്. ഒപ്പം സ്‌കൂള്‍ യൂണിഫോമും പുസ്തകക്കെട്ടുകളും കൊടുത്തു പഠിക്കാനയച്ചാല്‍ അവളും മറ്റു കുട്ടികള്‍ക്കൊപ്പം ''സാരേ ജഹാംസേ അച്ഛാ'' പാടുമായിരുന്നു എന്ന് ആലോചിക്കാനും... എല്ലാം കുട്ടികള്‍ക്കും അതിനു കഴിയുന്ന ഒരുകാലത്തു മാത്രമേ ലോകത്തേക്കും സുന്ദരമായ ദേശം ഇതുതന്നെയാണ് എന്ന് അഭിമാനപൂര്‍വ്വം പാടാന്‍ കഴിയൂ എന്നൊരു അനുക്ത സന്ദേശം ഇതിലുണ്ട്. ഒരുപക്ഷേ, അങ്ങനെയൊരു ലോകത്തിനുവേണ്ടി പാടുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിക്കുന്നതാണ് എന്ന തീരുമാനമെടുക്കാന്‍ സുഗതകുമാരിയെ പ്രേരിപ്പിച്ച അനുഭവങ്ങളിലൊന്ന് ഇതാവാം.

സുഗതകുമാരി
സുഗതകുമാരി

കവിതകളിലെ സ്ത്രീവിമോചനം

പ്രഭാഷണങ്ങളേക്കാളും മുദ്രാവാക്യ പ്രഘോഷണങ്ങളേക്കാളും മനുഷ്യമനസ്സാക്ഷിയെ ഉണര്‍ത്താന്‍, പ്രക്ഷുബ്ധമാക്കാന്‍ ഈ 20 വരികള്‍ക്കു കഴിഞ്ഞു... എന്നാല്‍, കേരള മനസ്സാക്ഷിയെ പ്രകമ്പനം കൊള്ളിച്ച ഒരു വാങ്മയ വിസ്‌ഫോടനം ആണ് വരാനിരുന്നത്: 'കൊല്ലേണ്ടതെങ്ങനെ' മനസ്സിനു വളര്‍ച്ചയില്ലാത്ത ശരീരത്തിനു പൂര്‍ണ്ണവളര്‍ച്ചയുള്ള കുട്ടികള്‍ സമൂഹത്തിന്റെ പ്രധാന പ്രശ്‌നമാണല്ലോ. അങ്ങനെയുളള പെണ്‍കുട്ടികള്‍ വിശേഷിച്ചും. ശരീരത്തിനു മുപ്പത്തിയേഴു വയസ്സുള്ള, മനസ്സിന് ഒരു വയസ്സുപോലും തികയാത്ത മകളെ ചൊല്ലിയുള്ള ഒരു അമ്മയുടെ ഉല്‍ക്കണ്ഠ പ്രക്ഷോഭജനകമായ, അതേസമയം മനോഹരമായ ഒരു കവിതയായി വാര്‍ന്നു വീണതാണ് 'കൊല്ലേണ്ടതിങ്ങനെ.' തനിക്കുശേഷം ആ കുട്ടി എങ്ങനെ ജീവിക്കുമെന്നറിയാത്ത അഥവാ എങ്ങനെയായിരിക്കും ആ കുട്ടിയുടെ ശിഷ്ടജീവിതം എന്ന് ആരെക്കാളും നന്നായറിയുന്ന ''അമ്മ തനിക്കുശേഷം അവള്‍ ജീവിച്ചിരിക്കേണ്ടതില്ല'' എന്നു തീരുമാനിക്കുന്നു. വേദനയില്ലാതെ എങ്ങനെ അവസാനിപ്പിക്കാം എന്നാലോചിക്കുന്ന അവരുടെ മനസ്സിലൂടെ കുഞ്ഞിന്റെ ജീവിതം അഥവാ, കുഞ്ഞുമൊത്തുമുള്ള അവരുടെ ജീവിതം ഒരു ചലച്ചിത്രംപോലെ തെളിയുന്നു. നിവൃത്തിയില്ല. നമുക്ക് ഒരുമിച്ച് ഈ ലോകം വിടാം. ഇരുട്ടിനപ്പുറത്ത് കാണുമ്പോള്‍ മകള്‍ തന്നെ അമ്മേ എന്നു വിളിക്കുമെന്ന് അവര്‍ ആഗ്രഹിച്ചുപോകുന്നു. ഇഹലോകത്തില്‍ സംസാര ശേഷിയില്ലാത്ത അവള്‍ക്ക് അതിനു കഴിയുകയില്ലല്ലോ. ഡോ. എം. ലീലാവതിയാണ് വാങ്മയ വിസ്‌ഫോടനം എന്ന് ഈ കവിതയെ വിശേഷിപ്പിച്ചത്. സുഗതകുമാരിയുടെ പില്‍ക്കാല കവിതയെ ഒരുപക്ഷേ, അതിനേക്കാളധികം അവരുടെ പൊതുപ്രവര്‍ത്തനത്തെ ഈ കവിതക്കാസ്പദമായ സംഭവങ്ങളും സ്വാധീനിച്ചിരിക്കണം. പ്രകൃതിയും പുരുഷനുമെന്ന ദാര്‍ശനിക പ്രശ്‌നത്തിലെന്നപോലെ പ്രകൃതിയും മനുഷ്യനുമെന്ന ദൈനംദിന വ്യവഹാരത്തിലും ശ്രദ്ധാലുവായിരുന്നു സുഗതകുമാരി. അപ്പോഴും അവര്‍ക്ക് പ്രകൃതി മനുഷ്യനില്‍നിന്ന് അന്യമായ ഒന്നായിരുന്നില്ല. പ്രകൃതിവസ്തുക്കള്‍, പ്രതിഭാസങ്ങള്‍ ഒക്കെ അവര്‍ക്ക് സജീവ കഥാപാത്രങ്ങളായിരുന്നു. മനുഷ്യനേക്കാള്‍ പ്രാധാന്യം മരങ്ങള്‍ക്കും സിംഹവാലന്‍ കുരങ്ങുകള്‍ക്കും നല്‍കിയെന്നാരോപണം തന്നെയുണ്ടായിരുന്നല്ലോ. അതു പക്ഷേ, നമ്മുടെ സാഹിത്യത്തിലെ ഏറ്റവും അപഹാസ്യമായ കഥയില്ലായ്മകളിലൊന്നാണ്. കാടിനെക്കുറിച്ച് പാടുമ്പോഴും അവിടെ അവര്‍ കണ്ട ''പശിയാല്‍ കലങ്ങിയ പെണ്‍വയറുകളാ''യിരുന്നു അവരുടെ പ്രഥമ പരിഗണനാവിഷയം. 'ആദിവാസി സാക്ഷരത' എന്ന കവിത അവരുടെ കാഴ്ചപ്പാട് സംശയ രഹിതമായി വ്യക്തമാക്കുന്നുണ്ട്. ''ആദിവാസിക്കല്ലോ കാടില്ലാത്തു'' കാടുള്ളതോ? ''കയ്യേറി തമ്പ്രാക്കന്മാര്‍ക്ക്'' കള്ളച്ചീട്ടുള്ളവര്‍ക്കൊക്കെ ''ആയിരം പള്ളിക്ക്'' അണകെട്ടി തമ്പ്രാക്കള്‍ക്ക് കാട്. 

സുഗതകുമാരി ക്രൂരമായി അപഹസിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. പക്ഷേ, ആദിവാസിയുടെ ഈ ഉല്‍ക്കണ്ഠ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു എന്നു മാത്രമല്ല, അതു ശക്തിയായി വായനക്കാരിലേയ്ക്ക് സംക്രമിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. വികസന കാര്യത്തില്‍ വേറിട്ട് ചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചവരില്‍ ഒന്നാമത്തെ ആള്‍ സുഗതകുമാരിയാണ്; അവരുടെ കവിതകളിലൂടെ.

സുഗതകുമാരിയുടെ സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചും കൂടുതല്‍ വിശദമായ പഠനം ആവശ്യമാണ്. ഫെമിനിസത്തിന്റെ അംഗീകൃത ചിന്താധാരകളില്‍ ഒന്നുപോലും അവര്‍ക്കു സ്വീകാര്യമായി രുന്നില്ല. എന്നാല്‍, സ്ത്രീയുടെ മോചനം അവരുടെ കവിതകളിലെ മുഖ്യ പ്രമേയങ്ങളിലൊന്നായിരുന്നുതാനും. 

സാക്ഷാല്‍ക്കാരത്തിനായി കരുണാമയനെ കാത്തിരിക്കുന്ന വ്യക്തി പോകെ പോകെ സ്ത്രീയായി മാറുന്നു; ഗാര്‍ഹിക ദുരിതങ്ങളില്‍പ്പെട്ടുഴലുന്ന സ്ത്രീ. കണ്ണനും ഗോപികയും പരസ്പരം മുക്തി നല്‍കുന്നതായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്ന ആ ഉദാത്ത കവിത 'അഭിസാരിക' തന്നെ നോക്കൂ. അവര്‍ വിട്ടുപോരുന്നത് പാതിരാത്രി കഴിഞ്ഞിട്ടും വീടുപണി പാതിപോലും തീര്‍ന്നിട്ടില്ലാത്ത ഒരടുക്കളയാണ്. ഇവിടെ ''കവിതയിലെന്നെ വര്‍ണ്ണിക്കേണ്ടടുക്കളക്കരിയില്‍ ഞാന്‍ വേര്‍ത്തുവീഴുമ്പോള്‍/ഒരു വിരല്‍ കൊണ്ടൊന്നു താങ്ങുക...'' എന്നപേക്ഷിക്കുന്ന പീഡിതയായ വീട്ടമ്മയേയും (കയറ്റം-സച്ചിദാനന്ദന്‍) ''നീറിപ്പുകയുന്ന പച്ച വിറകുകള്‍ കത്തിക്കാന്‍ /അടുപ്പിനരികില്‍ മുട്ടുകുത്തിക്കിടന്നൂ തീയൂതി പുക കുരുങ്ങി കലങ്ങിയ കണ്ണുകളില്‍ ചുടുനീര്‍ നിറയുന്ന'' ശാന്തയേയും (കടമ്മനിട്ട) നമുക്കോര്‍മ്മിക്കാം. സുഗതകുമാരിയുടെ നായക കഥാപാത്രം കാലക്രമത്തില്‍ സ്ത്രീയായി, അജ്ഞാത ഗോപികയായി, ഒടുവില്‍ പ്രശസ്തയായ രാധയായി മാറുന്നു.

''ഏറെ ദരിദ്രമെന്‍ നാട്ടിലെ ഏതൊരു
 നാരിയും രാധികയല്ലിയുള്ളില്‍'' എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേരുകയും ചെയ്യുന്നു.
''വന്നീല പൗര്‍ണ്ണമി എങ്കിലും കൈനീട്ടി
 വിണ്ണിനെ പുല്‍കും കടലുപോലെ
 ഇന്ത്യ തന്‍ പെണ്മനം തേടുന്നു നിത്യനാം
തിങ്കളെ പ്രേമൈക മൂര്‍ത്തി തന്നെ'' എന്നവസാനിക്കുന്ന 'രാധയെവിടെ' എന്ന ദീര്‍ഘ കവിത ഈ കാഴ്ചപ്പാടില്‍ക്കൂടി വായിക്കപ്പെടേണ്ടതാണ്.

ദുരിതപൂര്‍ണ്ണമായ അടുക്കളയില്‍നിന്നുള്ള മോചനമാണ് സ്ത്രീയുടെ വിമോചനത്തിന്റെ സുപ്രധാന ഘടകമെന്ന് മാര്‍ക്‌സും സ്ത്രീപുരുഷ പ്രേമത്തിലധിഷ്ഠിതമായ ഏക ദാമ്പത്യകുടുംബമാണ് ലോകവിപ്ലവാനന്തര സാമൂഹ്യവ്യവസ്ഥയുടെ സ്ഥാപനം വരെ നിലനില്‍ക്കേണ്ടതെന്നു ഏംഗല്‍സും തറപ്പിച്ചു പറഞ്ഞിട്ടുണ്ടെന്നിരിക്കെ സുഗതകുമാരിയുടെ നിലപാട് പുരോഗമന പരമല്ലെന്നു പറയാന്‍ കഴിയുമോ?

പറയാന്‍ അങ്ങനെയൊരുപാടുണ്ട്. അവര്‍ പോയിട്ട് ഒരു വര്‍ഷമാവുന്നു. ഒരുപാട് കാലത്തേക്ക് അവരുടെ കവിതകള്‍ വായിക്കപ്പെടുകയും അവര്‍ സ്‌നേഹിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ഒപ്പം അപഹസിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. മഹത്വത്തിന്റെ അനിവാര്യമായ വിധി. പക്ഷേ, ''നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും കയ്യിലൊരഞ്ചാറിതളും മൊട്ടും പേറിയും'' തെല്ലു തിടുക്കില്‍ എന്റെ വഴിത്താരകളിലൂടെ അവര്‍ നടന്നുവരുന്നുണ്ട്, സാന്ത്വനമായി, അതിവൃഷ്ടിയുടെ ഈ അസ്വസ്ഥസായന്തനങ്ങളിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com