സ്വന്തം കസേര സംരക്ഷിക്കുന്ന 'നിയമപാലകര്‍'; ഏതൊക്കെയോ വഴിയില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന പാവം 'നിയമം'

സ്വന്തം കസേര സംരക്ഷിക്കുന്ന 'നിയമപാലകര്‍'; ഏതൊക്കെയോ വഴിയില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന പാവം 'നിയമം'
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്

നിയമം നിയമത്തിന്റെ വഴിക്കുപോകും; കേട്ട് തഴമ്പിച്ച പ്രയോഗമാണ്. മാധ്യമ പ്രവര്‍ത്തകരുടെ  നിരന്തര ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്തെങ്കിലും പറഞ്ഞെങ്കിലേ മതിയാകൂ, എന്നാല്‍, ഉള്ള കാര്യം ഉള്ളതുപോലെ പറയാന്‍ മനസ്സുമില്ല എന്ന വൈതരണി കടക്കുവാനുള്ള രക്ഷാമാര്‍ഗ്ഗമായിട്ടുണ്ട് ഈ പ്രയോഗം പലര്‍ക്കും. അതിനപ്പുറം എന്താണീ നിയമത്തിന്റെ വഴി? ആ വഴി സുഗമമാണോ. അതോ 'കല്ല്, കരട്, കാഞ്ഞിരക്കുറ്റി'യും 'മുള്ള്, മുരട്, മൂര്‍ഖന്‍ പാമ്പും' നിറഞ്ഞതാണോ? നമുക്കൊരു പഴയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത് പരിശോധിക്കാം.

ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസായിരുന്നു സംഭവസ്ഥലം. മെഡിക്കല്‍ ഓഫീസറെ കാണാന്‍ ജില്ലയിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ സംഘടനാ ഭാരവാഹികള്‍ എത്തുന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. കേരളത്തിലെ ഓഫീസുകളില്‍ അത് അസാധാരണമല്ല. ഇത്തരം സംഘടനകള്‍ സ്വതന്ത്രം എന്നാണ് പരസ്യമായി പറയുകയെങ്കിലും ഏതാണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളെപ്പോലെയാണ് പ്രവര്‍ത്തിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തിയവര്‍ പത്തുപന്ത്രണ്ടു പേരുണ്ടായിരുന്നു. അവര്‍ ഭരണകക്ഷിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരായിരുന്നു. ജില്ലാ ഓഫീസര്‍ നടത്തിയ ചില ട്രാന്‍സ്ഫര്‍  നടപടികളില്‍ അവരുടെ സംഘടനക്കാര്‍ക്കു മതിയായ പരിഗണന  കിട്ടിയില്ലത്രെ. അതു പിന്നെ സഹിക്കാന്‍ ആകില്ലല്ലോ. ഇത്തരം സംഘടനകള്‍ക്കു ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും  ചര്‍ച്ച നടത്തുന്നതിനും അപ്പീല്‍ നല്‍കുന്നതിനും ഒക്കെ വേദികളുണ്ട്. അതെല്ലാം പരാജയപ്പെട്ടാല്‍ അന്തിമമായി സമരമാര്‍ഗ്ഗം, അതാണ് വ്യവസ്ഥാപിതമായ ജനാധിപത്യ രീതി. 

പക്ഷേ, ഫലത്തില്‍ നടക്കുന്നത് വ്യത്യസ്തമാണ്. അതുതന്നെ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിലും അരങ്ങേറി. അപ്രതീക്ഷിതമായി മുന്‍കൂര്‍ അറിയിപ്പോ അനുമതിയോ ഒന്നുമില്ലാതെ ജില്ലാതല സംഘടനാ ഭാരവാഹികള്‍ എന്ന നിലയില്‍ കുറേപ്പേര്‍ ഓഫീസില്‍ ഇടിച്ചുകയറി. ഇമ്മാതിരി ഏര്‍പ്പാടുകളൊന്നും ഡോക്ടര്‍ക്ക് ശീലമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശീലം രോഗികളും അവരുടെ സഹായികളുമൊക്കെയായിട്ടാണല്ലോ. 

സാധാരണയായി ഇടിച്ചുകയറുന്ന നേതാക്കള്‍ക്ക് ഭരണയന്ത്രം ചലിപ്പിക്കുന്നതില്‍ തങ്ങള്‍ വഹിക്കുന്ന സ്വാധീനത്തെക്കുറിച്ച് അസാധാരണമായ ബോദ്ധ്യം സ്വയമുള്ളവരാണ്. അധികാര കേന്ദ്രങ്ങളില്‍ തങ്ങള്‍ക്കുള്ള ബന്ധവും വമ്പിച്ച സ്വാധീനവും ഒക്കെ തന്ത്രപരമായി വിളംബരം ചെയ്തുകൊണ്ടാണ് ഇത്തരക്കാരില്‍ പലരും കാര്യങ്ങള്‍ സാധിച്ചെടുക്കുന്നത്. അങ്ങനെ ഒരു പ്രതിച്ഛായാ നിര്‍മ്മിതി സഹായികളിലൂടെയും മറ്റും ചിട്ടയായി  നടത്തുന്നവരും ഉണ്ട്.  കാണാന്‍ പോകുന്ന ഉദ്യോഗസ്ഥനെ ആദ്യമേ തന്നെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് സാധാരണ തന്ത്രം. യുദ്ധത്തില്‍ വെീരസ മിറ മംല (ഞെട്ടിച്ച് സംഭ്രമിപ്പിക്കുക) എന്ന് പറയുന്നതുപോലെ. ഭരണപരമായ കാര്യങ്ങളില്‍ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും ഇത്തരം തന്ത്ര കുതന്ത്രങ്ങളെക്കുറിച്ച് വലിയ ധാരണയുണ്ടാകില്ല.  അപ്രതീക്ഷിതമായി ഇത്രയേറെ ആളുകള്‍ ഇരച്ചുകയറിയപ്പോള്‍ത്തന്നെ ഡോക്ടര്‍ക്ക് വലിയ സംഘര്‍ഷമായി. അത് വര്‍ദ്ധിപ്പിക്കുന്ന രൂപത്തില്‍ത്തന്നെ ആയിരുന്നു നേതൃനിരയുടെ പ്രകടനം. വലിയ കുറ്റാരോപണത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന രീതിയില്‍  ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു തുടക്കം. ''എന്ത് തോന്ന്യാസവും കാണിച്ചാല്‍ ഇവിടെ ചോദിക്കാനും പറയാനും ആളുണ്ടെന്ന് ഓര്‍മ്മ വേണം;'' അങ്ങനെ  ഭീഷണിയുടെ സ്വരം ഉയര്‍ന്നപ്പോള്‍ ഡോക്ടറുടെ സംഘര്‍ഷം വര്‍ദ്ധിച്ചു. പരിഭ്രാന്തിയില്‍, ''നിങ്ങളിറങ്ങി പോകണം'' എന്ന് അല്പം ഉച്ചത്തില്‍ത്തന്നെ  ഡോക്ടറും  പറഞ്ഞു. രാഷ്ട്രീയ പിന്‍ബലമുണ്ട്  എന്ന ധൈര്യത്തില്‍ ആധികാരികമായി കയറിച്ചെന്ന സംഘത്തിലെ ചില 'തീവ്രവാദി'കളുടെ 'രക്തം തിളച്ചു'. എല്ലാ സംഘത്തിലും അങ്ങനെ ചിലരുണ്ടാകുമല്ലോ.  അതോടെ കാര്യങ്ങള്‍ കൈവിട്ടു. എന്താണ് അവരുടെ ആവലാതി എന്നതിലേയ്ക്ക് കടക്കും  മുന്‍പേ, വാക്കുകള്‍കൊണ്ട് തുടങ്ങിയ ആക്രമണം കായികമായി മാറി, ചെറുതായിട്ടെങ്കിലും. ആകെ ഭയന്ന ഡോക്ടര്‍ വെപ്രാളത്തില്‍ പുറത്തിറങ്ങി  പോകാന്‍ ശ്രമിച്ചു. കൂടുതല്‍ പ്രകോപിതരായ ജീവനക്കാര്‍  ഡോക്ടറെ, ബലമായി പിടിച്ചുവലിച്ചിരുത്താന്‍ നോക്കി. ബലപ്രയോഗത്തില്‍  ഡോക്ടറുടെ കയ്യിലെ വാച്ചിന്റെ  ചെയിന്‍പൊട്ടി നിലത്തുവീണു. വാചകക്കസര്‍ത്തുകൊണ്ട് അത്യാവശ്യം ഒന്നു വിരട്ടി കാര്യം സാധിക്കുന്നതിനപ്പുറമുള്ള ദുരുദ്ദേശ്യമൊന്നും ഇതിന്റെ സംവിധായകര്‍ക്കില്ലായിരുന്നു. പക്ഷേ, ഇവിടെ ഒരു സീനിയര്‍ ഡോക്ടറുടെ നേരെയുള്ള കയ്യേറ്റമായത് മാറിപ്പോയി. തന്ത്രപരമായി, ധീരോദാത്തഭാവം കുറേ നേരം നിലനിര്‍ത്തിയെങ്കിലും സംഗതി അപകടകരമായ അവസ്ഥയിലായി എന്ന തിരിച്ചറിവ് അതിന്റെ  നേതാക്കള്‍ക്കുണ്ടായി. ആവശ്യങ്ങള്‍ ഉന്നയിക്കാനൊന്നും  നില്‍ക്കാതെ അവര്‍ എല്ലാ പേരെയും കൂട്ടി വേഗം പുറത്തുകടന്നു. പോകുന്ന പോക്കില്‍ 'നിന്നെ പിന്നെ കണ്ടോളാം' എന്ന് പ്രഖ്യാപിക്കാനും കൂട്ടത്തിലെ 'തീവ്രവാദികള്‍' മറന്നില്ല. 

ഡോക്ടറുടെ പരാതിയില്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ നിയമത്തിന്റെ യാത്ര ആരംഭിക്കുകയായി, നിയമത്തിന്റെ വഴിയില്‍. ക്രിമിനല്‍ കേസില്‍ നിയമത്തിന്റെ യാത്ര തുടങ്ങാനുള്ള പച്ചക്കൊടിയാണ് എഫ്.ഐ.ആര്‍. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളില്‍ നിയമത്തിന്റെ യാത്ര തുടങ്ങും മുന്‍പേ തടയപ്പെടുന്ന അവസ്ഥയുണ്ട്. ലളിതമായി പറഞ്ഞാല്‍ കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന രീതി പ്രബലമാണവിടെ. നിയമം രംഗപ്രവേശം ചെയ്യുന്നതുതന്നെ തടഞ്ഞാല്‍ പിന്നെ യാത്രയുടെ പ്രശ്നം ഉദിക്കുന്നില്ലല്ലോ. യഥാര്‍ത്ഥത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടുന്നതില്‍ വിവേചനാധികാരമൊന്നും പൊലീസുദ്യോഗസ്ഥന് നിയമം നല്‍കുന്നില്ല. പക്ഷേ, പാവം നിയമംഎന്തുചെയ്യാനാണ്. നിയമത്തിന് സ്വയം നിയമപാലനം സാധ്യമല്ലല്ലോ. പാലക'ന്റെ പങ്ക് പ്രധാനമാണ്. കേസെടുക്കുന്ന കാര്യത്തില്‍ കേരളത്തേക്കാള്‍ 50 വര്‍ഷത്തോളം പിന്നിലാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും. അതിനര്‍ത്ഥം കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ എല്ലാം ഭദ്രം എന്നല്ല. ഇക്കാര്യത്തില്‍ കേരളത്തിലുണ്ടാകുന്ന പരാതി കൂടുതലും കക്ഷികളുടെ സ്വാധീനം അനുസരിച്ച് കുറ്റകൃത്യത്തിന്റെ വകുപ്പുകള്‍ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യും എന്നതാണ്. അതുപോലെ നിരപരാധികളുടെ പേരുകൂടി ഉള്‍പ്പെടുത്തി കേസെടുത്തുവെന്ന പരാതിയും ഉണ്ടാകാറുണ്ട്. അല്ലാതെ കേസെടുക്കേണ്ടിടത്ത് കേസെടുക്കാതിരിക്കുകയും മറിച്ചും ഉള്ള സംഭവങ്ങള്‍ താരതമ്യേന വളരെ കുറവാണ്.

അപൂര്‍വ്വമായെങ്കിലും അത് സംഭവിക്കുന്നതാകട്ടെ, വിചിത്രമായ രീതിയിലാണ്. 'നിയമോപദേശം' എന്ന ഒരുതരം 'ജാലവിദ്യ'യിലൂടെയാണ് ഇത് സാധിക്കുന്നത്. ഒരു സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ അസാമാന്യ നിയമപാണ്ഡിത്യമൊന്നും ആവശ്യമില്ല. നമ്മുടെ പൊലീസ് സേനയിലെ ശരാശരി സബ്ബ് ഇന്‍സ്‌പെക്ടര്‍ക്കറിയാവുന്ന കാര്യമേ അതിലുള്ളു. പ്രശ്‌നം വരുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കേസുള്ളിടത്ത് അതില്ലാതാക്കുന്നതിനും ഇല്ലാത്തിടത്ത് അതുണ്ടാക്കുന്നതിനും ഉപായം  തേടുമ്പോഴാണ്. നിയമവിരുദ്ധമായ ഈ പ്രവൃത്തിക്ക്  പൊലീസുദ്യോഗസ്ഥര്‍ക്ക് 'ധൈര്യം' പോര. സ്വാഭാവികമായും അയാള്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കും. കുരുക്ഷേത്രത്തില്‍ സാക്ഷാല്‍  അര്‍ജ്ജുനനും അത് സംഭവിച്ചല്ലോ. നിഷ്‌ക്രിയനായി നില്‍ക്കുന്ന പൊലീസുദ്യോഗസ്ഥന് ധൈര്യം പകരാന്‍  അതാ പ്രത്യക്ഷപ്പെടുന്നു 'അഭിനവ കാര്‍വര്‍ണ്ണന്‍,' നിയമോപദേശകന്റെ വേഷത്തില്‍. ഉന്നത ഭരണഘടനാ സ്ഥാനം അലങ്കരിക്കുന്നവര്‍ മുതല്‍ താഴോട്ട് പലതരക്കാരായ ഉപദേശകരുണ്ട്. അധികാരശക്തികള്‍ക്കു പ്രിയങ്കരമായ ഉപദേശം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ പൊലീസുദ്യോഗസ്ഥനും ധൈര്യമായി. എന്റെ നിരീക്ഷണത്തില്‍ നട്ടെല്ലില്ലാത്ത പൊലീസുദ്യോഗസ്ഥനെ ഉപയോഗിച്ച് രാഷ്ട്രീയമോ മറ്റു നിലയിലോ സ്വാധീനമുള്ള ശക്തികളുടെ താല്പര്യപ്രകാരം തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുള്ള ഉപകരണമായി അധഃപതിക്കുന്നുണ്ട്നിയമോപദേശം, പലപ്പോഴും. 

നിയമം, ഉപദേശങ്ങളും വെല്ലുവിളികളും

അധികാരശക്തികളുടെ വിനീതവിധേയന്മാരായ പൊലീസുദ്യോഗസ്ഥനും നിയമോപദേശകനും ചേര്‍ന്ന് നടത്തുന്ന സംയുക്ത ഓപ്പറേഷനെക്കുറിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് ഉള്‍പ്പെട്ട ബഞ്ചിന്റെ  ഒരു വിധി നിയമ, പൊലീസ് വൃത്തങ്ങളില്‍ പ്രസിദ്ധമാണ്. നിയമത്തിന്റെ വഴിതിരിച്ചുവിടുന്ന നിയമോപദേശങ്ങളുടെ ധാര്‍മ്മികതയും അധാര്‍മ്മികതയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍  അഭിഭാഷകവൃത്തിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും സാമൂഹ്യനന്മയ്ക്കും വേണ്ടി പരിശോധിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍, 'All professions are conspiracies  against the laity' (എല്ലാ പ്രൊഫഷനുകളും സാധാരണക്കാരനെതിരായ ഗൂഢാലോചനകളാണ്) എന്ന ബര്‍ണാര്‍ഡ് ഷായുടെ പ്രസിദ്ധമായ വിമര്‍ശനത്തിനൊരു സാധൂകരണം നിയമവൃത്തിയില്‍നിന്നും കൂടിയാകും എന്നുമാത്രം.   
 
പില്‍ക്കാലത്ത് ഐ.ജി ആയി ജോലി നോക്കുമ്പോള്‍ ഇത്തരം  ഒരു 'സോദ്ദേശ്യ' നിയമോപദേശം എന്റെ വഴിക്കു വന്നതോര്‍ക്കുന്നു. അല്പം ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒരു സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുമോ എന്നതായിരുന്നു വിഷയം. അക്കാര്യത്തില്‍ ചില സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളും പ്രകടമായി തന്നെയുണ്ടായിരുന്നു.  എന്തുകൊണ്ടോ, അതില്‍ എന്റെ മുന്‍ഗാമി നേരത്തേ തന്നെ നിയമോപദേശം തേടിയിരുന്നു. എന്നാല്‍, ഞാന്‍ ചുമതല എടുത്ത ശേഷമാണ് നിയമോപദേശം കിട്ടിയത്. ആ കേസിലെ വസ്തുതകള്‍ നോക്കിയപ്പോള്‍  ഉപദേശത്തിന് നിയമത്തിന്റെ പിന്‍ബലം കുറവായിരുന്നു.  ആത്മഹത്യാപ്രേരണ  നിലനില്‍ക്കും എന്ന നിഗമനം തീരെ യുക്തിസഹമായി തോന്നിയില്ല. അത് ബോദ്ധ്യമാകാത്തതുകൊണ്ട് അക്കാര്യം സ്വതന്ത്രമായി പരിശോധിച്ച് നേരെ വിരുദ്ധമായ അഭിപ്രായത്തിലാണ് ഞാനെത്തിയത്. ഇക്കാര്യത്തില്‍ തല്പരരായ ചില യുവ രാഷ്ട്രീയ നേതാക്കള്‍ എന്നെ സമീപിച്ചപ്പോള്‍ ഞാനവര്‍ക്ക് പ്രസക്തമായ നിയമവ്യാഖ്യാനങ്ങള്‍ വായിച്ച് വിശദീകരിച്ചുകൊടുത്തു. കാര്യമവര്‍ക്ക് മനസ്സിലായെങ്കിലും അവരുടെ താല്പര്യം അതിനു വിരുദ്ധമായിരുന്നു. ഉപദേശകന്‍ എത്ര വലുതായാലും കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അധികാരവും ഉത്തരവാദിത്വവും പൊലീസുദ്യോഗസ്ഥന്റേത് മാത്രമാണ്.  ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ ഉപദേശം നല്‍കിയ  ആ അഭിഭാഷകന്‍ തന്നെ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആത്മഹത്യ ചെയ്തുവെന്ന  ദുഃഖകരമായ  ആകസ്മികതയും  ഞാനോര്‍ക്കുന്നു. 

ഏതായാലും ആലപ്പുഴയിലെ  ഡോക്ടറുടെ കേസിന്റെ കാര്യത്തില്‍ നിയമവഴിയില്‍ യാത്രയുടെ ആരംഭം സുഗമമായിരുന്നു. കൃത്യമായിത്തന്നെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. സംഘടിതമായി ഓഫീസില്‍ കടന്ന് ചെന്നതു മുതല്‍ ബഹളംവെയ്ക്കല്‍, ഭീഷണി, ശാരീരികമായ തടസ്സം ചെയ്യല്‍, കയ്യേറ്റം അങ്ങനെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു  തടസ്സം ചെയ്യല്‍ എല്ലാം ചേര്‍ന്നപ്പോള്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായതു മാറി. ഏതായാലും ആ ഘട്ടത്തില്‍ 'നാട്ടുനടപ്പ് അനുസരിച്ചുള്ള ബാഹ്യസ്വാധീനമൊന്നും അതിലുണ്ടായില്ല. അത്രയും വലിയ കേസാകുമെന്നവര്‍ പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. 'ഭരണം നമ്മുടേതാണല്ലോ' പിന്നെ എന്തു പേടിക്കാന്‍ എന്ന ആശ്വാസചിന്ത അവരെ നയിച്ചിരിക്കണം. അല്ലെങ്കില്‍ തികച്ചും ന്യായമായ ആവലാതികള്‍ പറയാന്‍ ചെന്ന സംഘടനാ പ്രതിനിധികളോട് അധികാര ദുഷ്പ്രഭുത്വം, ധിക്കാരം, അസഭ്യം തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ പരാതി അവരാദ്യം  നല്‍കിയേനെ. അത്തരം കുതന്ത്രമൊന്നും ആരംഭത്തിലുണ്ടായില്ല.

ഡോക്ടറുടെ സംഭവം എസ്.പി ആയിരുന്ന എന്റെയും കളക്ടറായിരുന്ന പോള്‍ ആന്റണിയുടേയും എല്ലാം ശ്രദ്ധയില്‍ വന്നിരുന്നു. ഇപ്പോഴത്തേതുപോലെ അത്രയ്ക്ക് ഡോക്ടര്‍മാര്‍ അന്ന് സമരോല്‍ത്സുകരായിരുന്നില്ലെങ്കിലും അദ്ദേഹത്തിന് സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരുന്നു. സംഭവത്തിലുള്‍പ്പെട്ട വ്യക്തികളേയും പശ്ചാത്തലവും മാറ്റിനിര്‍ത്തിയാല്‍ കേസെന്ന നിലയില്‍ ഇതില്‍ കാര്യമായ സങ്കീര്‍ണ്ണതകളൊന്നുമില്ലായിരുന്നു.  ശരാശരിക്കാരനായ ഏത് അന്വേഷണോദ്യോസ്ഥനും ഒന്നോ രണ്ടോ ദിവസംകൊണ്ട് അന്വേഷിച്ച് പൂര്‍ത്തിയാക്കി കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കാവുന്നതേയുള്ളു. കേസ് നിയമവഴിയില്‍ സഞ്ചാരം തുടങ്ങുമ്പോള്‍ പ്രധാനപ്പെട്ട അടുത്ത നാഴികക്കല്ല് പ്രതികളുടെ അറസ്റ്റാണ്. ഒരു ഭാഗത്ത് കേസന്വേഷണവുമായി പൊലീസുദ്യോഗസ്ഥര്‍ അങ്ങനെ നിയമത്തിന്റെ വഴിയെ യാത്ര തിരിക്കുമ്പോള്‍ മറുഭാഗത്ത് പ്രതികളും അവരുടെ പ്രതിരോധവും രക്ഷാമാര്‍ഗ്ഗവും തേടും. സംഭവം ക്രിമിനല്‍ കേസായെന്നും ജാമ്യം കിട്ടില്ലായെന്നും മനസ്സിലായപ്പോള്‍ അവരുടെ മുഖ്യ ഉല്‍ക്കണ്ഠ അറസ്റ്റാണ്. സംഭവ ദിവസം വൈകുന്നേരം തന്നെ പ്രതികളെ അന്വേഷിച്ച് പൊലീസ് അതില്‍ പലരുടേയും വീടുകളില്‍ പോയി. അറസ്റ്റ് സാധ്യതയും അറസ്റ്റ് ചെയ്താല്‍ ജാമ്യം കിട്ടാതെ ജയിലില്‍ പോകും എന്ന ഭയവും കൂടിയായപ്പോള്‍ അവര്‍ സ്വന്തം വീടുകളില്‍നിന്നും മാറിയിരുന്നു. അതു വളരെ പ്രധാനപ്പെട്ടതാണ്. 

കുറ്റകൃത്യം ചെയ്യുന്ന വ്യക്തിക്കു നിയമനടപടിയെ ഭയമുണ്ടാകണം. നിയമം നിയമത്തിന്റെ വഴിക്കു പോയാല്‍ അതുണ്ടാകുകയും ചെയ്യും.  ശരിയായ നിയമനടപടി ഭയപ്പെടാത്ത ഒരു 'ധൈര്യശാലി'യേയും ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. 'പൊലീസ് പുല്ലാ'ണെന്നും 'ലോക്കപ്പെന്നാല്‍ പൂമെത്ത'യാണെന്നുമൊക്കെ പ്രാസവും അലങ്കാരവുമൊപ്പിച്ച് പ്രസംഗിക്കാന്‍ എളുപ്പമാണ്. പ്രസംഗം വേറെ, പ്രവൃത്തി വേറെ. സ്വന്തം കാര്യം വരുമ്പോള്‍ സര്‍വ്വവിധ രക്ഷാമാര്‍ഗ്ഗങ്ങളും തേടും. നിയമം കൃത്യതയോടും നിശ്ചയദാര്‍ഢ്യത്തോടും മുന്നോട്ടുപോയാല്‍ മാത്രം മതി, കേരളം പോലുള്ള സമൂഹത്തില്‍ അതിന്റെ ഫലം അതിവേഗം പ്രകടമാകും. വളരെ ജനകീയമായ ചില സുരേഷ്‌ഗോപി സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളുടേതുപോലുള്ള നിയമം അനുവദിക്കാത്ത   അക്രമണോത്സുകമായ വാക്കും നോക്കും പ്രവൃത്തിയുമൊന്നും സമകാലിക കേരളത്തില്‍  ആവശ്യമില്ല. അത്തരം സിനിമകളൊക്കെ എനിക്കും ഇഷ്ടമാണെന്നത് മറ്റൊരു കാര്യം. ഡോക്ടറുടെ കേസിലെ പ്രതികള്‍ സാമൂഹ്യവിരുദ്ധരൊന്നുമായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി ഒരു സാഹചര്യത്തില്‍ കാര്യങ്ങള്‍ നിയന്ത്രണം വിട്ട് പോയപ്പോള്‍ അത് കുറ്റകൃത്യമായി മാറിയതാണ്. കുറേ ദിവസം അറസ്റ്റ് ഒഴിവാക്കി നടക്കുന്നതിനിടയില്‍ അവരുടെ നേതാവ് എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. പരാതിക്കാരനായ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഡോക്ടര്‍ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചതാണെന്നും അദ്ദേഹം പരാതിപ്പെട്ട അത്രയ്‌ക്കൊന്നും സംഭവിച്ചില്ലെന്നുമൊക്കെ പറഞ്ഞു. കൂട്ടത്തില്‍ അദ്ദേഹം പൊലീസിനെപ്പറ്റിയും പരാതി പറഞ്ഞു. പൊലീസിനെ ഭയന്ന് ആര്‍ക്കും വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ലത്രെ. അവര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച കാര്യവും പറഞ്ഞു. എന്നെ കാണാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ജാമ്യമെടുക്കാതെ കാണാന്‍ വന്നാല്‍ നിയമപരമായി അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അറിയിച്ചു. അതാണല്ലോ നിയമത്തിന്റെ വഴി.

നിയമം ശരിയായ വഴിക്കു  സഞ്ചരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. ഈ കേസില്‍ അതുതന്നെയാണ് ഉണ്ടായത്. സബ്ബ് ഇന്‍സ്പെക്ടറും പൊലീസുകാരുമെല്ലാം തന്നെയാണ് കൃത്യമായി പ്രവര്‍ത്തിച്ചത്. അതിനുള്ള അവസരം ഉറപ്പാക്കുക മാത്രമായിരുന്നു എസ്.പി എന്ന നിലയില്‍ എന്റെ കടമ. ഫലത്തില്‍, പൊലീസില്‍നിന്നും വഴിവിട്ട ഒരു സഹായവും പ്രതികള്‍ക്കുണ്ടായില്ല. മറിച്ചായാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയലേശമില്ലാതെ കുറ്റം ചെയ്തവര്‍ക്ക് നാട്ടില്‍ മാത്രമല്ല, ഡോക്ടറുടെ മുന്നില്‍ത്തന്നെ  ഞെളിഞ്ഞു നടക്കാം.  അങ്ങനെ സംഭവിക്കുമ്പോഴാണ് പരാതിക്കാരനു മാത്രമല്ല, ജനങ്ങള്‍ക്കിടയിലും നിയമത്തോടും പൊലീസിനോടും എല്ലാം അവമതിപ്പുണ്ടാകുന്നത്. ആ അവസ്ഥയാണ് നാട്ടില്‍ കുറ്റകൃത്യങ്ങളെ വളര്‍ത്തുന്നതിനു പ്രോത്സാഹനം നല്‍കുന്നത്. ആ പ്രവണത ശക്തിപ്രാപിച്ചുവരുമ്പോഴാണ്  സമൂഹത്തില്‍ കുറ്റവാളികള്‍ പ്രബലരായി സാമൂഹ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്നത്. വെറും പേശീബലം കൊണ്ടോ മാരകായുധങ്ങളുടെ ശക്തിയാലോ മാത്രം ഒരു കുറ്റവാളിയും ബഹുദൂരം പോകില്ല. അങ്ങനെ സംഭവിക്കുന്നതിനു പിന്നില്‍ നിയമത്തിന്റെ വഴി തടയുന്ന  രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തികളുണ്ടാകും എന്നതില്‍ സംശയമില്ല. 

ഡോക്ടറുടെ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോയപ്പോള്‍ പ്രതികള്‍ കുറേയേറെ ബുദ്ധിമുട്ടി. അവസാനം ഏറെ നാളുകള്‍ക്കു ശേഷം കോടതിയില്‍നിന്നും ജാമ്യം ലഭിച്ച ശേഷമാണ് അവരെല്ലാം ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കു വന്നത്. എങ്കിലും ക്രിമിനല്‍ കേസ് അവര്‍ക്കൊരു കീറാമുട്ടിയായി മുന്നില്‍ നിന്നു. അതില്‍നിന്നും രക്ഷനേടാന്‍ പല തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ അവര്‍ ആലോചിക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണെന്നു തോന്നുന്നു അവരുടെ ഒരു സംസ്ഥാനതല നേതാവ് തലസ്ഥാനത്തുനിന്ന് എന്നെ ഫോണ്‍ ചെയ്തു. അദ്ദേഹത്തിന്റെ സമീപനം വളരെ സൗഹാര്‍ദ്ദപരമായിരുന്നു. ''സാറേതായാലും ഞങ്ങളുടെ ആളുകളുടെ പേരില്‍ കേസെടുത്തു. അവര്‍ അല്പം ബുദ്ധിമുട്ടി; എങ്കിലും അതില്‍ പരാതി ഒന്നുമില്ല.'' കേട്ടപ്പോള്‍ സന്തോഷം തോന്നി, എന്തൊരു മഹാമനസ്‌കത. അതിനു പുറകേ വന്നത് ''സാറൊരു കാര്യം ചെയ്തുതരണം. ഒരു കൗണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തരണം.'' അതെനിക്കു മനസ്സിലായില്ല. അദ്ദേഹം തന്നെ വിശദീകരിച്ചു. ''ഡോക്ടറുടെ പരാതിയില്‍ ഞങ്ങളുടെ പേരില്‍ കേസ്, ഇനി ഞങ്ങളുടെ പരാതിയിലും ഒരു കേസ്; അതല്ലേ  സാര്‍ ന്യായം.'' ചുരുക്കത്തില്‍ വാദിയുടെ പേരില്‍ കൂടി ഒരു ക്രിമിനല്‍ കേസ്. ജാമ്യം കിട്ടിയശേഷം ജില്ലാ നേതാവും എന്നെ കണ്ടിരുന്നു. കൗണ്ടര്‍ കേസിന്റെ ബുദ്ധി തലസ്ഥാനത്തുനിന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയതായിരുന്നു. ഓഫീസില്‍ കാണാന്‍ ചെന്ന വലിയ സംഘത്തെ ഡോക്ടര്‍ അക്രമിച്ചുവെന്ന് പറഞ്ഞാല്‍ അതിന്റെ  പേര് കൗണ്ടര്‍ കേസെന്നല്ല, കള്ളക്കേസെന്നാണ് എന്നും അതൊന്നും നടപ്പുള്ള കാര്യമല്ലെന്നും  'മൃദുഭാവേ' അവരോട് പറഞ്ഞു. നിയമത്തിന്റെ വഴിയില്‍ ഇങ്ങനെ ചില വഴിവിട്ട അഭ്യാസങ്ങളും നിയമം മൂലം തന്നെ ധാരാളമായി നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ കേസന്വേഷണത്തിന്റെ യഥാര്‍ത്ഥ വെല്ലുവിളി, കുറ്റാന്വേഷണ കഥകളില്‍ നമ്മള്‍ സാധാരണ വായിക്കുന്നതുപോലുള്ളതൊന്നുമല്ല. അതൊക്കെ വിരളമാണ്. അന്വേഷിക്കാനുള്ള മികവ് നമ്മുടെ പൊലീസുദ്യോഗസ്ഥര്‍ക്കു് നന്നായുണ്ടു്. നിയമവഴിയിലെ യഥാര്‍ത്ഥ വെല്ലുവിളി, ഇവിടെ കണ്ട പോലുള്ള മറ്റു പലതുമാണ്. 

നിയമത്തെ അതിന്റെ വഴിയില്‍ കൊണ്ടുപോകാനുള്ള ചെറിയൊരു ശ്രമമാണ് നെയ്യാറ്റിന്‍കര സബ്ബ് ഡിവിഷനില്‍നിന്നും വേഗം രാജ്ഭവനിലേക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ എനിക്കു കാരണമായതെന്ന് പിന്നീടറിഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കേസും അറസ്റ്റും അവിടെ നടത്തിയിരുന്നു. അക്കാര്യത്തില്‍ ഇടപെട്ട് എന്നോട് സംസാരിച്ച  ഒരു ട്രേഡ് യൂണിയന്‍ നേതാവിന് നിയമനടപടിയോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ആ അപ്രീതി എന്റെ സ്ഥാനചലനത്തിനു പിന്നിലുണ്ടായിരുന്നുവത്രെ.  അതേ  നെയ്യാറ്റിന്‍കരയില്‍ പിന്നീട് വര്‍ഗ്ഗീസ് ജോര്‍ജ് എന്നൊരു ഡി.വൈ.എസ്.പി ഉണ്ടായിരുന്നു. അന്നവിടെ ഒരു കൊലപാതകക്കേസില്‍ ചിലരെ കളവായി പ്രതിചേര്‍ക്കാന്‍ ഉണ്ടായ സമ്മര്‍ദ്ദത്തെ അദ്ദേഹം ചെറുത്തു. നിയമം ശരിയായ വഴിയില്‍ക്കൊണ്ടുപോകാന്‍ വര്‍ഗ്ഗീസ് ജോര്‍ജ് നിലകൊണ്ടപ്പോള്‍ മറുഭാഗത്ത് സമ്മര്‍ദ്ദവുമായി ഒരു മന്ത്രിയുണ്ടായിരുന്നു; കൂട്ടിന് ഒരു  ഉയര്‍ന്ന  ഐ.പി.എസ് ഉദ്യോ ഗസ്ഥനും.  വഴങ്ങാതിരുന്ന വര്‍ഗ്ഗീസ് ജോര്‍ജിനും വേഗം സ്ഥാനചലനമുണ്ടായി. അടുത്തകാലത്ത് ജമ്മുകശ്മീര്‍ ഡി.ജി.പി ആയിരുന്ന ശേഷ്പാല്‍വൈദ് എന്ന സുഹൃത്തിനോട് സംസാരിക്കുവാനിടയായി.  ഒരു പ്രധാന കേസില്‍ അദ്ദേഹത്തിന്റെ ധീരമായ നിലപാടിനെ ഞാന്‍ അഭിനന്ദിച്ചു. ആ നിലപാട് മൂലമാണ് സംസ്ഥാന ഡി.ജി.പി പദവി അദ്ദേഹത്തിനു നഷ്ടമായതെന്നും  എനിക്കറിയാമായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരും എല്ലാ റാങ്കുകളിലുമുണ്ട്, എണ്ണം കുറവാണെങ്കിലും. അങ്ങനെ നിയമം നിയമത്തിന്റെ വഴിയേ കൊണ്ടുപോകാന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ വഴിയാധാരമാകുന്ന നിയമപാലകരുണ്ട്. വെറുതെ, അതിനൊന്നും ഇട കൊടുക്കാതെ സ്വന്തം കസേര സംരക്ഷിക്കുന്ന 'നിയമപാലകരു'മുണ്ട്, ധാരാളം. അങ്ങനെ ഏതൊക്കെയോ വഴിയില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു, പാവം നിയമം.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com