കയ്യിലൊതുങ്ങാത്ത കാരമസോവുകള്‍

By ബിപിന്‍ ചന്ദ്രന്‍  |   Published: 25th November 2021 02:34 PM  |  

Last Updated: 25th November 2021 02:34 PM  |   A+A-   |  

BIPIN

 

''നാളുകളോരോന്നല്ലീ ജീവിതഗ്രന്ഥത്തിന്റെ
താളുകളതില്‍ ചിലതെഴുതാനുണ്ടേവര്‍ക്കും''
-ജോര്‍ജ് തോമസ്

ഹാംലെറ്റിലെ 'എന്‍ഡ്ലെസ് പ്രൊക്രാസ്റ്റിനേഷന്‍' പോലെ, പുതിയ ഭാഷാസിദ്ധാന്തങ്ങളിലെ വാക്കിന്‍ പൊരുള്‍പോലെ, അനന്തമായ നീട്ടിവെയ്ക്കല്‍ മൂലം പാരായണം ചെയ്യപ്പെടാത്ത എത്രയോ പുസ്തകങ്ങള്‍ കാണും ഒരാളുടെ വായനാജീവിതത്തില്‍. ''ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്ന്'' നളചരിതത്തിലെ അരയന്നത്തെപ്പോലെ, കാലങ്ങളായി കൊതിപ്പിച്ചു കൊണ്ടിരിക്കുന്നൊരു പുസ്തകത്തിന്റെ നടക്കാത്ത വായനയെക്കുറിച്ചാണീ കുറിപ്പ്. പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള വായന തുടങ്ങുന്നത് 'മലയാള മനോരമ' പത്രത്തില്‍നിന്നാണ്. ബാലമാസികകള്‍ ഒഴിച്ചുള്ള കാര്യമെടുത്താല്‍ മനസ്സിലാദ്യം വരുന്നത് മനോരാജ്യവും. ''മാമ്പഴക്കൂട്ടത്തില്‍ മള്‍ഗോവയാണു നീ'' എന്ന ഇ.വി. കൃഷ്ണപിള്ളയുടെ ഉപമപോലെ 'മ'കാരാദ്യങ്ങളായ പൈങ്കിളി വാരികകളുടെ കോട്ടയം കൂട്ടത്തില്‍ നിലവാരംകൊണ്ട് പൊടിക്ക് മുകളിലായിരുന്നത്. റേച്ചല്‍ തോമസായിരുന്നു അന്നതിന്റെ ജീവാത്മാവും പരമാത്മാവും. കൗണ്‍സലിങ്ങ് എന്ന വാക്കൊന്നും കേട്ടിട്ടുകൂടിയില്ലാത്ത കാലത്ത് ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട് അവര്‍ വാരികയില്‍ കൈകാര്യം ചെയ്തിരുന്ന പ്രശ്‌നപരിഹാരപംക്തി. അവരുടെ വാക്കുകളില്‍ കരുണ കിനിയുന്നത് വായനക്കാര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുമായിരുന്നു. കരുവാറ്റ ചന്ദ്രന്റെ നാറാണത്ത് ഭ്രാന്തന്‍ ചിത്രകഥ, ഡി.സി കിഴക്കേമുറിയുടെ കറുപ്പും വെളുപ്പും ചോദ്യോത്തര പംക്തി, ശ്യാമയാമങ്ങള്‍, അമ്മേ ഗാന്ധാരി തുടങ്ങിയ നോവലുകള്‍, കാര്‍ട്ടൂണിസ്റ്റ് നാഥന്റെ ഹിറ്റ്ലിസ്റ്റ് കോളം, പി. സുബ്ബയ്യാപിള്ളയുടെ സര്‍വ്വീസ് പരാക്രമങ്ങള്‍ എന്നിവയൊക്കെ ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. മനോരാജ്യത്തിലൊരിക്കല്‍ 'വര വരമായവര്‍' എന്ന പരമ്പരയില്‍ ടി.എ. ജോസഫ് എന്ന ചിത്രകാരനെക്കുറിച്ചൊരു ഫീച്ചര്‍ വന്നിരുന്നു. അതില്‍ അദ്ദേഹം ഒരു നോവലിനുവേണ്ടി വരച്ച ചിത്രങ്ങളും കൊടുത്തിരുന്നു. അങ്ങനെയാണ് പെരുമ്പടവം ശ്രീധരന്‍ എന്നൊരഴുത്തുകാരനുണ്ടെന്നും അദ്ദേഹം 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പുതിയ നോവല്‍ 'ദീപിക'യുടെ ഓണപ്പതിപ്പിലാണ് പ്രസിദ്ധീകരിക്കുന്നതെന്നുമൊക്കെ അറിയുന്നത്.

ഗ്രന്ഥകര്‍ത്താവ് തന്നെ പ്രസിദ്ധീകരിച്ച് എന്‍.ബി.എസ്. വിതരണത്തിനെടുത്ത 'ഒരു സങ്കീര്‍ത്തനം പോലെ' ഒന്നാം പതിപ്പ് ഒന്നാംവര്‍ഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വില കൊടുത്തു വാങ്ങിയത്. പിന്നീടതിന്റെ എത്രയോ പതിപ്പുകള്‍ ആശ്രാമം ഭാസിയുടെ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് അച്ചടിച്ചു. പുറത്തിറക്കിയ പുസ്തകത്തിന്റെ തലക്കെട്ട് പ്രസാധന സ്ഥാപനത്തിന്റെ പേര് തന്നെയായിത്തീര്‍ന്ന സംഭവം ലോകത്ത് മറ്റൊരിടത്തും ഒരുപക്ഷേ നടന്നിട്ടുണ്ടാകില്ല. ഈ നവംബറില്‍ ഒരു സങ്കീര്‍ത്തനം പോലെയുടെ 120-ാം പതിപ്പ് പുറത്തിറങ്ങുകയാണത്രേ. മലയാള പുസ്തക പ്രസാധനത്തെ സംബന്ധിച്ചിടത്തോളം അതും ഒരു ചരിത്രനേട്ടം തന്നെ. ഹോസ്റ്റല്‍ രാത്രികളിലൊന്നില്‍ സങ്കീര്‍ത്തനംപോലെ കമ്പോടുകമ്പ് വായിച്ചുതീര്‍ത്തു. കയ്യോടെ അതിന്റെ കര്‍ത്താവിനൊരു കത്തുമെഴുതി. ഉടന്‍തന്നെ പെരുമ്പടവത്തിന്റെ മറുപടിയും വന്നു. ഒരു പ്രീഡിഗ്രി വിദ്യാര്‍ത്ഥിയെ തേടി അത്രയും പ്രശസ്തനായൊരെഴുത്തുകാരന്റെ കത്ത് വന്നപ്പോഴുണ്ടായ പുളകമെത്രയെന്നൂഹിക്കണം. സങ്കീര്‍ത്തനത്തിലെ കഥാനായകനായ ഫയദോര്‍ ഡോസ്റ്റോയേവ്സ്‌കിയുടെ കൃതിയായ 'ക്രൈം ആന്റ് പണിഷ്മെന്റിന്റെ എബ്രിഡ്ജ്ഡ് വെര്‍ഷന്‍' രണ്ടാംവര്‍ഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പാഠപുസ്തകമായിരുന്നു. പഠിച്ച പുസ്തകത്തിന്റെ സമ്പൂര്‍ണ്ണ വിവര്‍ത്തനം ഡി.സി ബുക്‌സിനുവേണ്ടി നടത്താനുള്ള അവസരം പില്‍ക്കാലത്ത് ലഭിച്ചിരുന്നു. തുടങ്ങിവെച്ചെങ്കിലുമത് സിനിമയെഴുത്തു തിരക്കുകള്‍ മൂലം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇടപ്പള്ളി കരുണാകരമേനോന്‍ മാത്രമേ അന്ന് 'കുറ്റവും ശിക്ഷയും' പൂര്‍ണ്ണമായി പരിഭാഷപ്പെടുത്തിയിട്ടുള്ളൂ. പിന്നീട് വേണു വി. ദേശമാണ് ആ കൃതിയുടെ സമ്പൂര്‍ണ്ണ വിവര്‍ത്തനം നിര്‍വ്വഹിച്ചത്. ഒന്നു രണ്ടു വിവര്‍ത്തനങ്ങള്‍ കൂടി ഇപ്പോള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു. ഡോസ്റ്റോയേവ്സ്‌കിയുടേയും ടോള്‍സ്റ്റോയിയുടേയും കാര്യത്തില്‍ കേരളത്തിലിന്ന് വേണുവേട്ടനെ കഴിഞ്ഞേ ആധികാരികമായി സംസാരിക്കാന്‍ ആളുണ്ടാകൂ. കൈവെച്ച വിവര്‍ത്തനകൃതികളുടെ എണ്ണവും വണ്ണവും വച്ചുനോക്കിയാല്‍ കഴിഞ്ഞ ജന്മത്തില്‍ റഷ്യക്കാരനായിരുന്നോ കക്ഷി എന്നുവരെ സംശയിക്കാന്‍ ന്യായമുണ്ട്.

'ക്രൈം ആന്റ് പണിഷ്മെന്റ്' എന്ന മനുഷ്യപ്പറ്റിന്റെ മഹാഖ്യാനം കോളേജില്‍ പഠിപ്പിച്ചത് കൊള്ളാവുന്നൊരു മനുഷ്യനാണ്. അബദ്ധത്തില്‍ എങ്ങനെയോ എം.എ പാസ്സായിപ്പോയെന്നൊരു കുറ്റംകൊണ്ടോ കോര്‍പ്പറേറ്റ് മാനേജരുടെ കൈമണിക്കാരനാണെന്ന ഏക ഗുണംകൊണ്ടോ അദ്ധ്യാപകനായ ആളല്ലായിരുന്നു സിബി ചെറിയാന്‍ സാര്‍. പഠിപ്പിക്കുന്നതെന്തെന്ന് പിടിപാടുള്ള ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അദ്ദേഹം. പണ്ട് പൈകോ ക്ലാസ്സിക്‌സ് പരമ്പരയിലെ ചിത്രകഥയായി പരിചയപ്പെട്ട കഥയുടെ പുതിയ പുതിയ മാനങ്ങള്‍ ക്ലാസ്സ്റൂമില്‍ അദ്ദേഹം അനാവരണം ചെയ്തപ്പോള്‍ പതിയെപ്പതിയെ ഡോസ്റ്റോയേവ്സ്‌കിയുടെ ആരാധകനായിത്തീര്‍ന്നു ഞാനും. പെരുമ്പടവത്തിന്റെ നോവല്‍ പിന്നെയും പിന്നെയും വായിച്ചതിനു പിന്നില്‍ അതിലെ കഥാനായകനോടുള്ള ആരാധനയും ഒരു കാരണമായിരുന്നു. പിന്നെപ്പിന്നെ സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും ഫീച്ചറുകളും കുറിപ്പുകളുമൊക്കെ തപ്പിപ്പിടിച്ചു വായിക്കാന്‍ തുടങ്ങി. 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ലും (1990 നവംബര്‍-13) 'ഭാഷാപോഷിണി'യിലും (1995 ജനുവരി) 'കലാകൗമുദി'യിലുമൊക്കെ (1996 നവംബര്‍-3) വന്ന പഠനങ്ങള്‍ ഇപ്പോഴും കരുതിവെച്ചിട്ടുണ്ട്. ഡോസ്റ്റോയേവ്സ്‌കിയെപ്പറ്റി എന്തു വായിച്ചാലും അതിലെവിടെയെങ്കിലുമായി പരാമര്‍ശിക്കപ്പെടുന്നൊരു കൃതികൂടി പതിയെ ശ്രദ്ധയില്‍പ്പെട്ടു തുടങ്ങി. ബ്രദേര്‍സ് കാരമസോവ് എന്നുള്ള തലക്കെട്ടിനുതന്നെ വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.

കാരമസോവ് സഹോദരന്മാര്‍

എം. കൃഷ്ണന്‍നായരടക്കമുള്ള വലിയ വായനക്കാരെഴുതിയത് വായിച്ചാണ് കാരമസോവ് സഹോദരന്മാരെക്കുറിച്ച് കൂടുതലറിയുന്നത്. മഹാരാജാസിലെ എം.എ ക്ലാസ്സില്‍ കെ.പി. അപ്പന്റെ തിരസ്‌കാരം പഠിപ്പിക്കാന്‍ വന്ന കെ.ജി. ശങ്കരപ്പിള്ള സാര്‍ ഒരു പിരീയഡില്‍ പറഞ്ഞതു മൊത്തം കാരമസോവുകളെക്കുറിച്ചായിരുന്നു. കവിതപോലൊഴുകിയ ക്ലാസ്സ് കഴിഞ്ഞതോടെ ആ നോവല്‍ വായിക്കാതെ ഇരിക്കപ്പൊറുതിയില്ലാതായി. സംഗൃഹീത പുനരാഖ്യാനങ്ങള്‍ ചിലതു കിട്ടാനുണ്ടായിരുന്നു. പക്ഷേ, സമ്പൂര്‍ണ്ണ വിവര്‍ത്തനം വേണമെന്നതൊരു വാശിയായിരുന്നു. എന്‍.കെ. ദാമോദരന്റെ പുസ്തകം ഔട്ട് ഓഫ് പ്രിന്റ് ആയിട്ട് കാലങ്ങളായിരുന്നു. ഡി.സി കിഴക്കേമുറിയുടേയും പൊന്‍കുന്നം വര്‍ക്കിയുടേയുമൊക്കെ നേതൃത്വത്തില്‍ ആരംഭിച്ചൊരു ലൈബ്രറിയുണ്ട് കാഞ്ഞിരപ്പള്ളിയില്‍, സഹൃദയ ഗ്രന്ഥശാല. കൊണ്ടുപിടിച്ച തിരച്ചിലിനൊടുവില്‍ അവിടുന്നാണ് കാരമസോവുകളുടെ വിശ്വരൂപത്തിലുള്ള വിവര്‍ത്തനം കണ്ടുകിട്ടിയത്. ആ മൂച്ചില്‍ത്തന്നെ വായനയും കൂട്ടത്തില്‍ കുറിപ്പെടുക്കലും തുടങ്ങി.

''ദ്രോഹികള്‍ നരകത്തില്‍ പോയാലെന്താ കൃതം? കുഞ്ഞുങ്ങള്‍ യാതന അനുഭവിച്ചു മരിച്ചു കഴിഞ്ഞിരിക്കെ നരകത്തിനെന്തു ഗുണം ചെയ്യാന്‍ സാധിക്കും.'' 

''മനുഷ്യന്‍ സ്വതന്ത്രനായിരിക്കുന്ന കാലത്തോളം അവന് ആരാധിക്കാന്‍ ഒരാള്‍ കൂടിയേ തീരൂ.'' ''മനുഷ്യാസ്തിത്വത്തിന്റെ രഹസ്യം ജീവിക്കുക എന്നതു മാത്രമല്ല, ജീവിതപ്രേരകമായ എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരിക്കുക എന്നുള്ളതുകൂടിയാണ്.''

ഈ വരികളൊക്കെ കുറിച്ചുവെച്ച നോട്ട്ബുക്ക് ഭദ്രമായിരിപ്പുണ്ട് അലമാരയില്‍. പക്ഷേ, കുറച്ചദ്ധ്യായങ്ങള്‍ക്കപ്പുറത്തേക്കാ പുസ്തകവായന നീണ്ടില്ല. നിഘണ്ടുപ്പരുവത്തിലുള്ള പുസ്തകത്തിന്റെ ഘനം വലിയൊരു വിഘാതമായിരുന്നു. ട്രെയിനിലും ബസിലുമൊക്കെ അതും ചുമന്നു നില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും ബാഗില്‍നിന്നത് ഒഴിവാക്കി. അക്കാലങ്ങളില്‍ ബസ് സ്റ്റാന്‍ഡിലും വെയ്റ്റിങ്ങ് ഷെഡ്ഡുകളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും തീവണ്ടിബോഗികളിലുമൊക്കെ വെച്ചായിരുന്നു പുസ്തകവായന നടന്നിരുന്നത്. ഹോസ്റ്റല്‍മുറിയിലോ വീട്ടിലോവെച്ച് വായിക്കാമെന്നു കരുതുമ്പോഴാകട്ടെ, പുസ്തകക്കട്ടി കാരണം പെട്ടെന്ന് കൈ കഴച്ചു തുടങ്ങും. കൈക്കുഴയ്ക്കും നട്ടെല്ലിനും ആ സമയം തൊട്ടേ ചില അനുസരണക്കേടുകളുണ്ട്. സുഖകരമായ പോസുകളില്‍ ഇരുന്നോ കിടന്നോ ഉള്ള വായനകള്‍ക്ക് വഴങ്ങുന്നതായിരുന്നില്ല കാരമസോവുകളുടെ ഇതിഹാസകഥയുടെ പുസ്തകരൂപം. മനസ്സ് സന്നദ്ധമായിരുന്നെങ്കിലും ശരീരം ദുര്‍ബ്ബലമായിരുന്നതുകൊണ്ട് വേദന തിന്നുള്ള വായനകള്‍ക്കു തുടര്‍ച്ച കിട്ടിയില്ല. നാളെ നാളെ എന്ന് ഗണപതിക്കല്യാണംപോലെ നീണ്ടു നീണ്ടു പോയി അക്കാര്യം.

കാക്കത്തൊള്ളായിരം തവണ കാരമസോവ് വായിച്ചു തീര്‍ക്കാനായി കര്‍ശനമായി തീരുമാനമെടുത്തിട്ടുണ്ട്. പുകവലി നിര്‍ത്താനുള്ള കടുത്ത തീരുമാനമെടുത്തതെങ്ങനെയെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ അതു വളരെ എളുപ്പമാണ്, താന്‍ കുറഞ്ഞതൊരന്‍പത് പ്രാവശ്യമെങ്കിലും ആ തീരുമാനം എടുത്തിട്ടുണ്ട് എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. തീരുമാനമെടുക്കാന്‍ എളുപ്പമല്ലേ, നടപ്പാക്കാനാണല്ലോ പ്രയാസം. ഏറ്റവുമൊടുവില്‍ കാരമസോവ് വായിക്കാന്‍ തീരുമാനമെടുത്തത് 'ഇയ്യോബിന്റെ പുസ്തകം' കണ്ടപ്പോഴാണ്. അതിലെ കഥാപാത്രങ്ങളുടെ പേര് ഐവാന്‍, ദിമിത്രി, അലോഷി എന്നൊക്കെയായിരുന്നല്ലോ. പുസ്തകം കിട്ടാത്തതുകൊണ്ടാണ് പണ്ട് കുറേനാള്‍ വായന വൈകിയത്. ഇന്നിപ്പോള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി കാരമസോവ് സഹോദരങ്ങളുടെ വ്യത്യസ്ത പതിപ്പുകളുണ്ട് കയ്യില്‍. എന്‍.കെ. ദാമോദരന്റെ സമ്പൂര്‍ണ്ണ വിവര്‍ത്തനം വര്‍ഷങ്ങള്‍ക്കുശേഷം എസ്.പി.സി.എസ് വീണ്ടും പുറത്തിറക്കിയപ്പോള്‍ത്തന്നെ വാങ്ങിയിരുന്നു. പ്രേമാനന്ദ് ചമ്പാട് നടത്തിയ പുനരാഖ്യാനത്തിന്റെ പ്രസാധകര്‍ കൈരളി ബുക്സാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളെ ഉദ്ദേശിച്ച് ഇറക്കിയ പതിപ്പിന്റെ സംഗൃഹീതാഖ്യാനം നടത്തിയത് സെബാസ്റ്റ്യന്‍ പള്ളിത്തോടാണ്. സുധീര്‍ പി.വൈ. അതില്‍ വരച്ച ചിത്രങ്ങള്‍ മാത്രം മറിച്ചുനോക്കിയിട്ടുണ്ട്. പെന്‍ഗ്വിന്‍ ബുക്സിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ഡേവിഡ് മഗര്‍ഷോക്കിന്റേതാണ്. കയ്യിലുള്ള പുസ്തകത്തിന്റെ കവറില്‍ വി.വൈ. മാകോവ്സ്‌കിയുടെ 'കണ്‍വിക്റ്റഡ്' എന്ന മനോഹരമായ പെയിന്റിങ്ങാണുള്ളത്. റാദുഗ പബ്ലിഷേര്‍സ്, മോസ്‌കോ പ്രസാധനം ചെയ്ത നാലുഭാഗങ്ങളുള്ള പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് ജൂലിയസ് കാറ്റ്സര്‍. മൂന്നു ഭാഗങ്ങള്‍ തീയില്‍ പോയോ വായില്‍ പോയോ എന്നറിയില്ല. അടിച്ചുമാറ്റലിനെ അതിജീവിച്ചു കയ്യിലവശേഷിക്കുന്ന രണ്ടാം വാല്യം ഒരു നഷ്ടസ്വര്‍ഗ്ഗത്തിന്റെ സ്വപ്‌നസ്മാരകം കൂടെയാണ്. 1990-ല്‍ യു.എസ്.എസ്. ആറില്‍നിന്നിറങ്ങിയ ആ പുസ്തകം ഇനിയാ രാജ്യത്ത് അച്ചടിക്കാനാകില്ലല്ലോ. അന്നത്തെ മധുരമനോഹരമനോജ്ഞ റഷ്യയുടെ ഓര്‍മ്മയൊക്കെ ചിതല്‍ തിന്നുതീര്‍ത്ത പുസ്തകംപോലെ ഉണ്മയില്‍നിന്ന് ഇല്ലായ്മയായി മാഞ്ഞുപോയിക്കഴിഞ്ഞല്ലോ.

കയ്യില്‍ പുസ്തകമുണ്ടെന്നു കേമത്തം പറഞ്ഞിട്ടു കാര്യമില്ലല്ലോ. ഏതെങ്കിലുമൊന്ന് വായിച്ചുതീര്‍ക്കേണ്ടേ. വെളിയില്‍ നില്‍ക്കുന്നവനു പന്തിയില്‍ ഇടം കിട്ടാത്തതിന്റെ പരാതി. ഇരുന്നവന് ഇല കിട്ടാത്തതിന്റെ പരാതി. ഇല കിട്ടിയവനു വിളമ്പാത്തതിന്റെ പരാതി. ചോറു കിട്ടിയവനു കറി കിട്ടാത്തതിന്റെ പരാതി. എല്ലാം കിട്ടിയവന് ആവശ്യത്തിനു കിട്ടിയില്ലെന്ന പരാതി. ഇതുപോലെതന്നെയാണ് വായിക്കാന്‍ സമയം കിട്ടുന്നില്ലെന്നു പരാതി പറയുന്നവരുടെ വിവിധ കാരണങ്ങള്‍. അഞ്ചു പേര്‍ക്ക് വിസ്തരിച്ചു കഴിക്കാനുള്ളത് മുന്‍പിലിരിക്കുമ്പോള്‍ എന്തു പരാതി പറയും? ഉണ്ണാനുള്ള വിശപ്പ് ഒത്തുവന്നില്ലെന്നോ മറ്റോ പറയാം. വയറ്റുഭാഗ്യം പോലെയാണ് വായ്ക്കു രുചിയായി വല്ലതും വായിക്കാന്‍ പറ്റുന്നതും. വ്യക്തിജീവിതത്തില്‍ ഇന്നേവരെ പത്തുസെന്റ് സ്ഥലംപോലും സ്വന്തമായുണ്ടാക്കിയിട്ടില്ല. വാങ്ങിയ പുസ്തകങ്ങളുടെ പണമുണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും നഗരത്തില്‍ വാങ്ങാമായിരുന്നു അതില്‍ കൂടുതല്‍ സ്ഥലം. പുസ്തകങ്ങള്‍ക്കുവേണ്ടി മരിച്ചുനിന്നിട്ടും വായനക്കാരുടെ വേദപുസ്തകമായ കാരമസോവ് സഹോദരന്മാരെ കാര്‍ന്നോ കരണ്ടോ തീര്‍ക്കാന്‍ കഴിയാഞ്ഞതെന്തുകൊണ്ട്? കൃത്യമായ കാരണമൊന്നും പറയാനില്ല. പക്ഷേ, ഒരു നല്ല വായനക്കാരന്റെ കര്‍ത്തവ്യവും അവകാശവുമാണതിന്റെ വായനയെന്ന് കെ.ജി.എസ്. വിശേഷിപ്പിച്ച പുസ്തകം ഞാന്‍ ഒരിക്കല്‍ പൂര്‍ണ്ണമായി വായിച്ചുതീര്‍ക്കുകതന്നെ ചെയ്യും. ഉറപ്പെന്തെന്നു ചോദിച്ചാല്‍ ഡോസ്റ്റോയേവ്സ്‌കി തന്നെ അതിനു മറുപടി പറഞ്ഞിട്ടുണ്ട്: 

''അവകാശങ്ങളുടെ കാര്യം പറഞ്ഞാല്‍, ആര്‍ക്കാണ് ആഗ്രഹിക്കാന്‍ അവകാശമില്ലാത്തത്!'.