കുടുംബ ജീവിതം താളം തെറ്റുമ്പോള്‍

മാറിനിന്ന് നോക്കിയാല്‍, ഏതാണ്ടൊരു സൂപ്പര്‍സ്റ്റാര്‍ മസാല സിനിമപോലെയായിരുന്നു അന്നത്തെ സിറ്റി പൊലീസ് അനുഭവങ്ങള്‍. തുടക്കം മുതല്‍ ഒടുക്കംവരെ സംഭവബഹുലം
കുടുംബ ജീവിതം താളം തെറ്റുമ്പോള്‍

മാറിനിന്ന് നോക്കിയാല്‍, ഏതാണ്ടൊരു സൂപ്പര്‍സ്റ്റാര്‍ മസാല സിനിമപോലെയായിരുന്നു അന്നത്തെ സിറ്റി പൊലീസ് അനുഭവങ്ങള്‍. തുടക്കം മുതല്‍ ഒടുക്കംവരെ സംഭവബഹുലം. കൊലപാതകം മുതല്‍ കൂട്ടബലാല്‍സംഗം വരെയും വിമാനത്തിലെ ബോംബ് മുതല്‍ പൊലീസുകാരന്റെ രക്തസാക്ഷിത്വം വരെയും; നിരന്തരം പറന്നിറങ്ങുന്ന വി.ഐ.പികളും കൂട്ടത്തില്‍ കുറേ സാധാരണ മനുഷ്യരും എല്ലാം അതിലുണ്ടായിരുന്നു.  ഇത്തരം സിനിമകളിലെ തട്ടുപൊളിപ്പന്‍ പശ്ചാത്തല സംഗീതത്തിന്റെ ഫലം ചെയ്തു മാധ്യമ റിപ്പോര്‍ട്ടുകളും സാമൂഹ്യരാഷ്ട്രീയ പ്രതികരണങ്ങളും. അതില്‍ പൊലീസുദ്യോഗസ്ഥര്‍ തന്നെ ചിലപ്പോള്‍ ഹീറോയും ചിലപ്പോള്‍ വില്ലനും ആയി; ഇടയ്ക്ക് വിദൂഷക വേഷവും കെട്ടേണ്ടിവന്നിട്ടുണ്ടാകണം. തിയേറ്ററില്‍ നിന്നിറങ്ങുമ്പോഴും സ്‌ക്രീനില്‍ കണ്ട ചില രംഗങ്ങള്‍ മനസ്സില്‍ ശേഷിക്കുമല്ലോ. അതിലൊന്നായിരുന്നു ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മരണം. അതൊരസ്വാഭാവിക മരണമായിരുന്നു; കൃത്യമായി പറഞ്ഞാല്‍ കൊലപാതകം. 
 
ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ആ ഉദ്യോഗസ്ഥന്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. മരണത്തിന് ഏതാണ്ട് രണ്ടുമാസം മുന്‍പായിരിക്കണം അത്. ഫോണ്‍ വിളിച്ച് സ്വയം പരിചയപ്പെടുത്തിയ ശേഷം വളരെ മാന്യമായാണ് അദ്ദേഹം സംസാരിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന ബഹുമാനത്തോടെയാണ് ഞാനും ഇടപെട്ടത്. കേരളത്തിന് പുറത്തുനിന്ന് വന്നിരുന്ന ആ ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യം തികച്ചും അസാധാരണമായിരുന്നു; അദ്ദേഹത്തിന്റെ ഭാര്യയെ കാണാനില്ലത്രെ. സംഭവം സീരിയസ് ആണല്ലോ എന്നാദ്യം തോന്നി. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകളില്‍ അത്രയ്ക്ക് ഉല്‍ക്കണ്ഠ ഉള്ളതായി തോന്നിയുമില്ല. എന്തോ കുടുംബ പ്രശ്നത്തിന്മേല്‍ ചില്ലറ തര്‍ക്കം ഉണ്ടായതായി സൂചിപ്പിച്ചു. അത് രാത്രിയിലായിരുന്നു. അതെത്തുടര്‍ന്ന് ഒരുപക്ഷേ, തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതാകാം. അതോ ഡല്‍ഹിയില്‍ സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയോ എന്നും സംശയം പറഞ്ഞു. സംഘര്‍ഷത്തിലായിരുന്ന അദ്ദേഹത്തിന് ധൈര്യം നല്‍കുന്ന രീതിയില്‍ ഞാനെന്തോ പറഞ്ഞു. ഗൗരവമായി അന്വേഷിക്കേണ്ട സംഗതിയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും ഉറപ്പുനല്‍കി. അങ്ങനെയാണ് ആ സംഭാഷണം അവസാനിച്ചത്. പിന്നെ അദ്ദേഹം എന്നെ വിളിച്ചില്ല. ഞാനാ വിഷയം മറന്നു.
 
പക്ഷേ, അധികം കഴിയും മുന്‍പേ സിറ്റി പൊലീസിന് അദ്ദേഹം വീണ്ടും വിഷയമായി. വെളുപ്പിന് ഏതോ സമയത്താണ് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചില്‍നിന്ന് എനിക്ക് ഫോണ്‍ വന്നത്. ഒരു സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ മരണമടഞ്ഞു എന്നായിരുന്നു വിവരം. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപ്രതീക്ഷിതമായ ആ സംഭവം. മരണപ്പെട്ടത് ഉയര്‍ന്ന ഉദ്യോഗസ്ഥനായതുകൊണ്ട് എന്നെ അറിയിച്ചതാണോ എന്നായിരുന്നു ആദ്യം തോന്നിയത്. എവിടെ വച്ചാണ് സംഭവിച്ചത്? അസുഖം വല്ലതും ആയിരുന്നോ? എന്നൊക്കെ ചോദിച്ചപ്പോള്‍ വീട്ടിലാണ് മരിച്ചുകിടക്കുന്നതെന്നും ആത്മഹത്യ ചെയ്തതാണോ എന്ന് അയല്‍പക്കത്ത് ചിലര്‍ സംശയം പറഞ്ഞതായും അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സംഭവം മുന്‍പും തലസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. സ്വാഭാവിക മരണമായാലും ആത്മഹത്യ ആയാലും കൊലപാതകമായാലും മരണപ്പെട്ട വ്യക്തിയുടെ പ്രാധാന്യം പൊലീസിന് ഒരു ഘടകം തന്നെയാണ്. എല്ലാ മരണവും തുല്യമാകുന്നത് പ്രകൃതിയില്‍ മാത്രം. മനുഷ്യസമൂഹത്തില്‍ അങ്ങനെയല്ല. പല കാരണങ്ങള്‍കൊണ്ട് ചില മരണങ്ങള്‍ മാധ്യമങ്ങളും സമൂഹവും വലിയ ആഘോഷമാക്കും. ഇതില്‍ അത്തരമൊരു സാദ്ധ്യത ഉണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് മരണപ്പെട്ടതെങ്കിലും ഭാഗ്യത്തിന് അദ്ദേഹം വാര്‍ത്താതാരമൊന്നും ആയിരുന്നില്ല. മാത്രവുമല്ല, അന്നദ്ദേഹം വഹിച്ചിരുന്ന ചുമതല ഭരണപരിഷ്‌കരണം പോലെ എന്തോ വകുപ്പായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ അധികം ഭരണമൊന്നും തല്‍ക്കാലം നടത്തേണ്ട എന്ന് അധികാരം കയ്യാളുന്നവര്‍ കരുതുമ്പോള്‍ കാലാകാലങ്ങളായി നല്‍കുന്ന ചില സുരക്ഷിത ലാവണങ്ങളുണ്ട് . അതില്‍പ്പെടുന്ന ഒന്നാണ് ഈ ഭരണപരിഷ്‌കരണം. അതുകൊണ്ട് ഈ സെക്രട്ടറിയുടെ മരണത്തില്‍ അന്താരാഷ്ട്ര മാഫിയയുടെ പങ്ക് അന്വേഷിക്കണം എന്ന നിലയിലുള്ള വാര്‍ത്തകളൊന്നും തുടക്കത്തിലുണ്ടായില്ല. എന്നാല്‍, ഇതൊരു സാധാരണ മരണമല്ലെന്നും അതുകൊണ്ട് ശ്രദ്ധാപൂര്‍വ്വമുള്ള പൊലീസ് അന്വേഷണം അനിവാര്യമാണെന്നും ആരംഭത്തിലേ വ്യക്തമായിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ വേലപ്പന്‍ നായരും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്റ്റഫര്‍ ചാള്‍സും പ്രാപ്തരായ ഉദ്യോഗസ്ഥരായിരുന്നു. എന്നുമാത്രമല്ല, മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനുള്ള വ്യഗ്രത അശേഷം അവരെ ബാധിച്ചിരുന്നില്ല. ഒരു വി.ഐ.പിയുടെ അസ്വാഭാവിക മരണത്തെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങളും കിംവദന്തികളും കൊണ്ട് വാര്‍ത്തകള്‍ നിറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടി അതിന്റെ അരികുപറ്റിയാല്‍ അത് അവസാനം കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിക്കും. ഇതെല്ലാം കണക്കിലെടുത്ത് അന്വേഷണത്തിന്റെ ഓരോ കാല്‍വെയ്പും വളരെ സൂക്ഷ്മതയോടും ജാഗ്രതയോടും ആയിരിക്കണമെന്നും മരണപ്പെട്ട ഉദ്യോഗസ്ഥന്റെ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന സമീപനം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചു. അതേസമയം നിയമനടപടികളില്‍ വിട്ടുവീഴ്ച ഉണ്ടാകാനും പാടില്ല. ഇങ്ങനെയൊക്കെ പോയി ഞങ്ങളുടെ ആലോചനകള്‍.

മരണം നടന്ന പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ സംഭവദിവസം അദ്ദേഹവും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ മകള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് കേരളത്തിന് പുറത്തായിരുന്നു. മകനാകട്ടെ, അക്കാലത്ത് ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. മരണപ്പെട്ട നിലയില്‍ ആദ്യം കണ്ടത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരുന്നു. പൊലീസിനോട് പറഞ്ഞ പ്രകാരം, സംഭവം നടന്ന ദിവസം രാത്രി അവര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് സ്വീകരണ മുറിയിലിരുന്ന് ടി.വി. കാണുന്നുണ്ടായിരുന്നു. അപ്പോള്‍ രാത്രി 10 മണി ആയിരുന്നിരിക്കണം. വെളുപ്പിന് ഏതോ സമയം ഉണര്‍ന്നു നോക്കിയപ്പോള്‍, ഭര്‍ത്താവിനെ കിടക്കയില്‍ കണ്ടില്ല. അവര്‍ കതകു് തുറന്ന് ഡ്രോയിംഗ് റൂമില്‍ നോക്കിയപ്പോള്‍ അവിടെ സെറ്റിയില്‍. ഒരു പൈജാമയുടെ ഒരറ്റം കഴുത്തിലും മറ്റൊന്ന് സെറ്റിയുടെ കൈയിലും കെട്ടിയ അവസ്ഥയിലായിരുന്നു. വായില്‍ ഒരു തുണിതിരുകി വച്ചിട്ടുണ്ടായിരുന്നുവത്രെ. അവര്‍ ഉടനെ കെട്ടഴിച്ച് വെള്ളം കൊടുത്തുവെങ്കിലും കുടിച്ചില്ലെന്നും ഭര്‍ത്താവ് മരണപ്പെട്ടുവെന്ന് മനസ്സിലായതായും പറഞ്ഞു. വെളുപ്പിന് മൂന്ന് മണിയോടെ ഭാര്യയുടെ നിലവിളി കേട്ടതായി അയല്‍പക്കത്തുള്ള പലരും പറഞ്ഞിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തതായി ഭാര്യ സംശയം പ്രകടിപ്പിച്ചതായും വിവരം ലഭിച്ചു. അയല്‍പക്കത്തുള്ളവരുമായി വലിയ അടുപ്പം ഇല്ലായിരുന്നുവെങ്കിലും ആര്‍ക്കും അവരോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ലായിരുന്നു.

പ്രാഥമികമായി ലഭിച്ച വിവരം അനുസരിച്ച് സംഭവദിവസം രാത്രിയില്‍ ആ വീട്ടില്‍ അവര്‍ രണ്ടാളും മാത്രമാണുണ്ടായിരുന്നത്. പുറത്തുനിന്നൊരാള്‍ ഉള്ളില്‍ കടന്നുവെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവും ആ സമയത്തുണ്ടായിരുന്നില്ല. അതില്‍ നിര്‍ണ്ണായകമാകേണ്ടത് മരണപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യയില്‍ നിന്നുള്ള വിവരങ്ങള്‍ തന്നെയായിരുന്നു. അടുത്ത വ്യക്തിയുടെ അപ്രതീക്ഷിത മരണം സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിലപ്പോള്‍ അനുബന്ധ സാഹചര്യങ്ങള്‍ വിവരിക്കുന്നതില്‍ ചില ചെറിയ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് മനുഷ്യസഹജമാണ്. എന്നാല്‍, സ്വാഭാവിക മരണത്തിന്റെ സാഹചര്യങ്ങളല്ല അവിടെ കണ്ടതെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. പ്രാഥമിക വിവരങ്ങള്‍ കേസ് അന്വേഷണത്തിന്റെ വഴിതുറക്കുന്നു എന്നതിനപ്പുറം, നിഗമനങ്ങളിലേയ്ക്ക് എടുത്തുചാടിയാല്‍ അത് അശാസ്ത്രീയമാണ്. അന്വേഷണം പാളിപ്പോകും. അതൊക്കെ എന്തായാലും ഇവിടെ ഒരു കാര്യം വ്യക്തമായിരുന്നു. സാധാരണ വലിപ്പമുള്ള സെറ്റിയില്‍ പൈജാമകൊണ്ട് കെട്ടി സ്വയം ജീവനൊടുക്കുക അങ്ങേയറ്റം അസംഭവ്യമാണ്. അങ്ങനെ സംശയകരമായ ചില സാഹചര്യങ്ങള്‍ തുടക്കം മുതലേ വ്യക്തമായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് മെഡിസിന്‍ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധന കേസില്‍ വ്യക്തമായ നിഗമനത്തിലേയ്ക്ക് നയിക്കുന്നതിന് സഹായകമായിരുന്നു. കഴുത്തിലും മുഖത്തും ചുണ്ടുകളിലും ഒക്കെ മുറിവുകള്‍ കാണപ്പെട്ടു. എന്നു മാത്രമല്ല, അവ നിസ്സാരമായിരുന്നില്ല. കഴുത്തിലും മുഖത്തും ഏറ്റ മുറിവുകള്‍ തന്നെയാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് ഡോക്ടര്‍ കൃത്യമായി വിദഗ്ദ്ധാഭിപ്രായം നല്‍കി. സംഭവം കൊലപാതകം തന്നെ എന്ന് ആ ഘട്ടത്തില്‍ വ്യക്തമായി. 

കപ്പലിലെ കള്ളന്‍

ഈ കേസിന്റെ വാര്‍ത്താപ്രാധാന്യം നോക്കുമ്പോള്‍ മാധ്യമങ്ങളുടെ സജീവമായ താല്പര്യം തുടക്കം മുതലേ ഉണ്ടായിരുന്നു. അന്വേഷണവിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തി. പക്ഷേ, പൊടിപ്പും തൊങ്ങലുമുള്ള ധാരാളം വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. എന്നാല്‍, അതൊന്നും തന്നെ അന്വേഷണത്തെ സ്വാധീനിച്ചില്ല. ഫോറന്‍സിക്ക് സര്‍ജന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം പൊതുസമൂഹത്തിലും വര്‍ദ്ധിച്ചു.
 
അന്വേഷണത്തില്‍, മരണപ്പെട്ട ഉദ്യോഗസ്ഥന് ഔദ്യോഗിക കൃത്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഗൗരവമുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ കുടുംബാംഗങ്ങളോ അയല്‍വാസികളോ ആരും തന്നെ വിദൂരമായിപ്പോലും അത്തരമൊരു സാദ്ധ്യതയിലേയ്ക്ക് വിരല്‍ചൂണ്ടിയിരുന്നില്ല. അദ്ദേഹം വഹിച്ചിരുന്ന ഭരണപരിഷ്‌കാരവകുപ്പ് ആ നിലയില്‍ അപകടകാരിയായ വകുപ്പൊന്നുമായിരുന്നില്ല. കേരളത്തില്‍ പൊതുവേ, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അത്തരം ആസൂത്രിത കൊലപാതക ശ്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ഭീഷണിയുണ്ടായിട്ടുണ്ട്. എന്നാല്‍, അത്തരമൊരു സാഹചര്യം ഈ മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെത്താനായില്ല. മാത്രവുമല്ല, ആ മരണത്തിന്റെ, അല്ല കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാലും ഒരുപാട് തയ്യാറെടുപ്പിന്റേയും കരുതലിന്റേയും യാതൊരു ലക്ഷണവും കണ്ടില്ല. സാധ്യതകള്‍ ഓരോന്നായി പരിശോധിച്ച് കണ്ടെത്തി വരുമ്പോഴും ഏറ്റവും വലിയ സാദ്ധ്യത കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്നതായിരുന്നു. പക്ഷേ, അതാകട്ടെ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കുറ്റാന്വേഷണത്തിന്റെ അമിതാവേശം അനാവശ്യമായി കുടുംബാംഗങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കാന്‍ പാടില്ലല്ലോ. ഭര്‍ത്താവ് ഭാര്യയേയും മറിച്ചും കൊലചെയ്ത സംഭവങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുണ്ട്. കുറ്റം സംബന്ധിച്ച നിഗമനത്തില്‍ എത്തുന്നതിനു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന്‍ സമചിത്തതയോടെ കൃത്യമായി വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. 

മരണം നടന്ന രാത്രിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ഔദ്യോഗികമായി ഡല്‍ഹിയിലായിരുന്ന ആ ഉദ്യോഗസ്ഥന്‍ മടങ്ങിയെത്തിയത്. ലഭിച്ച വിവരമനുസരിച്ച് അന്ന് അദ്ദേഹം കിഴക്കേക്കോട്ടയിലുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സില്‍ തന്റെ ഭാര്യ നടത്തിയിരുന്ന ടെക്സ്‌റ്റൈയില്‍ കടയില്‍ പോയിരുന്നു. അവിടെനിന്നും ഇരുവരും ഒരുമിച്ചാണ് രാത്രിയില്‍ കട പൂട്ടി വീട്ടിലേയ്ക്ക് പോയത്. വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഒരു മദ്യഷോപ്പില്‍നിന്നും രണ്ടു ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യം അദ്ദേഹം വാങ്ങിയിരുന്നു. വീട്ടില്‍ ഭക്ഷണം കഴിച്ച സമയം ഭര്‍ത്താവ് മദ്യം കഴിക്കുന്നുണ്ടായിരുന്നു. രാത്രി 10 മണിക്ക് ഉറങ്ങാന്‍ പോകുമ്പോള്‍ ഭര്‍ത്താവ് ഡ്രോയിംഗ് റൂമില്‍ ടി.വി കാണുകയായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ആ രാത്രിയില്‍ മൂന്നാമതൊരാള്‍ ആ വീട്ടിനുള്ളില്‍ ഇല്ലായിരുന്നു എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടത്. കൊല നടന്ന വീട്ടില്‍നിന്നും വിലപ്പെട്ടതൊന്നും നഷ്ടമായിരുന്നില്ല; മരണപ്പെട്ട മനുഷ്യന്റെ ജീവന്‍ ഒഴികെ. അപ്പോള്‍ പിന്നെ മരണപ്പെട്ട ഭര്‍ത്താവിന്റെ ദേഹത്ത് കണ്ട മുറിവ് ആരുടെ പ്രവൃത്തിയുടെ ഫലമാണ്? സംശയത്തിന്റെ സൂചിമുന ഭാര്യയുടെ നേരെ നീണ്ടു. 

പക്ഷേ, ഒരാളെ കൊലചെയ്യണമെങ്കില്‍ അതിന് മതിയായ കാരണം ഉണ്ടായിരിക്കണമല്ലോ. എല്ലാ കൊലപാതകത്തിലും ഉയരുന്ന അടിസ്ഥാന ചോദ്യമാണ്, എന്തിനിത് ചെയ്തു എന്നത്. കൊലപാതകത്തിന്റെ പിന്നിലെ പ്രേരണ (motive) കുറ്റാന്വേഷണത്തില്‍ പ്രസക്തമാണ്. നിയമത്തിന്റെ ദൃഷ്ടിയില്‍ കുറ്റകൃത്യം ചെയ്തതിന് ഒരു വ്യക്തിക്കെതിരെ വിശ്വസനീയമായ തെളിവുകളുണ്ടെങ്കില്‍ പ്രേരണയെന്തായിരുന്നുവെന്ന് വ്യക്തമായില്ലെങ്കിലും അയാള്‍ ശിക്ഷിക്കപ്പെടാം. കൊലപാതകത്തിന്റെ പ്രേരണ തെളിയിക്കപ്പെടണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല. എന്നാല്‍ ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിക്കേണ്ടിവരുമ്പോള്‍ എന്തായിരുന്നു കൊലപാതകത്തിന്റെ പ്രേരണ എന്നതിന് പ്രാധാന്യമുണ്ട്. ഈ സംഭവത്തിന് നേരിട്ടുള്ള ദൃക്സാക്ഷി തെളിവുകള്‍ കണ്ടെത്താനുള്ള സാദ്ധ്യത വിരളമായിരുന്നു. എല്ലാ സാഹചര്യങ്ങളും ഭാര്യയുടെ നേരെ വിരല്‍ചൂണ്ടിയപ്പോള്‍ ഭാര്യാ-ഭര്‍ത്തൃബന്ധം അന്വേഷണത്തില്‍ പ്രസക്തമായി. അയല്‍ക്കാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും ആ ബന്ധത്തെക്കുറിച്ച് ഏകാഭിപ്രായമായിരുന്നു. അമിത മദ്യപാനം, സദാചാര സന്ദേഹം, സാമ്പത്തിക തര്‍ക്കങ്ങള്‍ അങ്ങനെ ഒരുപാട് ഗുരുതരമായ പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായിരുന്നു എന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. പക്ഷേ, അവരുടെ ജീവിതത്തിന്റെ തുടക്കം മനോഹരമായിരുന്നു. അതൊരു പ്രേമവിവാഹമായിരുന്നു. കൊലപാതകത്തിനു ശേഷം അവരുടെ ഒരു അടുത്ത ബന്ധുവിനെ മാധ്യമ പ്രവര്‍ത്തകന്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ''ഞങ്ങള്‍ ഉറ്റ ബന്ധുക്കളും അടുത്തടുത്ത വീട്ടുകാരുമായിരുന്നു. അവര്‍ പരസ്പരം ഇഷ്ടപ്പെട്ട് കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരായവരായിരുന്നു.'' കുടുംബ ജീവിതത്തിന്റെ തുടക്കത്തില്‍ ''ഭര്‍ത്താവിനുവേണ്ടി എന്തും ത്യജിക്കാന്‍ സന്നദ്ധതയുള്ളവരായിരുന്നു അവര്‍'' എന്നും അതുകൊണ്ട് മാത്രമാണ് വിവാഹസമയത്ത് ഡല്‍ഹി പൊലീസില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഭാര്യ അവര്‍ക്കേറെ ഇഷ്ടമായിരുന്ന ആ ജോലി ഉപേക്ഷിച്ചതെന്നും വിശദീകരിച്ചു. തുടക്കം സന്തോഷത്തോടെയായിരുന്നുവെങ്കിലും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആ ബന്ധു പത്രങ്ങളോട് പറഞ്ഞിരുന്നതിങ്ങനെയാണ്: ''കഴിഞ്ഞ 25 വര്‍ഷങ്ങളായി എന്റെ സഹോദരി ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. അമിത മദ്യപാനത്തിനടിമപ്പെട്ട് ഭര്‍ത്താവ് പലപ്പോഴും അവളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ഡല്‍ഹിയില്‍നിന്നും പലതവണ ഞാന്‍ കേരളത്തില്‍ വന്നിട്ടുണ്ട്.'' പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇത്തരം വിഷയങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. കുടുംബങ്ങള്‍ക്കുള്ളിലെ കൊലപാതകമായും ആത്മഹത്യയായും പൊലീസ് അന്വേഷണത്തിനു വരുന്ന മിക്ക കേസുകളിലും ഒരു ഘടകം മദ്യം തന്നെയാണ്. മദ്യത്തിന്റെ വഴിയിലൂടെ കുടുംബജീവിതത്തില്‍ നരകം സൃഷ്ടിക്കുന്നവരില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമുണ്ട് വലിയ സമ്പന്നന്മാരുമുണ്ട്. സമ്പൂര്‍ണ്ണ സമത്വം അവിടെ കളിയാടുന്നു. മദ്യം കുടുംബജീവിതത്തിന്റെ ഭദ്രതയെ തകര്‍ക്കുമ്പോള്‍ ഒപ്പം കണ്ടുവരുന്ന ഒരു ഘടകമാണ് സദാചാര പ്രശ്‌നം. അത് യാഥാര്‍ത്ഥ്യമാകാം, സങ്കല്പമാകാം, സംശയമാകാം. സദാചാര പ്രശ്‌നം ഈ കൊലപാതകത്തില്‍ ഒരു മുഖ്യഘടകമായി ഉയര്‍ന്നുവന്നു. സംശയിക്കപ്പെട്ട വ്യക്തി മരണപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാര്യ നടത്തിയിരുന്ന ടെക്സ്‌റ്റൈയില്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു ചെറുപ്പക്കാരനായിരുന്നു. സാധാരണഗതിയില്‍ വ്യക്തികളുടെ സദാചാരം പൊലീസിന്റെ വിഷയമല്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ അതിന്മേല്‍ തലപുകയ്‌ക്കേണ്ടതില്ല. പക്ഷേ, സദാചാരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള ജീവിതം കുറ്റങ്ങളിലേയ്ക്കു് നയിക്കുകയും അതിലെ പങ്കാളിത്തമായി മാറുകയും ചെയ്യുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് അതും പ്രസക്തമാകും. ചില സാമ്പത്തിക കാര്യങ്ങളിലും ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാര്യമായ തര്‍ക്കമുണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങളില്‍ നിന്നും ഊഹാപോഹങ്ങളും വെറും സംശയമായി മാത്രം നിന്നിരുന്ന കാര്യങ്ങളും മാറ്റിനിര്‍ത്തി വസ്തുതാപരമായി ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവ് അന്വേഷണസംഘത്തിനു ലഭിച്ചു. മരണപ്പെട്ട ഉദ്യോഗസ്ഥന്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ഡയറി ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി അറസ്റ്റ് നടപടികളിലേയ്ക്ക് കടക്കാവുന്ന ഘട്ടമെത്തി. ആ സമയം മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മൃതദേഹത്തോടൊപ്പം ഡല്‍ഹിയില്‍ പോയ ഭാര്യ മടങ്ങി എത്തിയിരുന്നില്ല. കേസിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് അറസ്റ്റിനു മുന്‍പ് ഡി.ജി.പിയെ അറിയിച്ച് ക്ലിയറന്‍സ് വാങ്ങാം എന്നായിരുന്നു പൊലീസ് കമ്മിഷണറുടെ അഭിപ്രായം. അതനുസരിച്ച് ഞങ്ങള്‍ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി രാജഗോപാലന്‍ നായരെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു മടങ്ങി. അരമണിക്കൂര്‍ കഴിയുമ്പോള്‍ അദ്ദേഹം തിരികെ വിളിച്ചു. അതോടെ നിയമാനുസരണം അറസ്റ്റുമായി മുന്നോട്ടുപോകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. അങ്ങനെ വിവാഹത്തിനു മുന്‍പ് ഡല്‍ഹി പൊലീസ് സേനയില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കിയിരുന്ന സ്ത്രീ, ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്വേഷണത്തില്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പിന്നെയും ബാക്കിയായിരുന്നു. പ്രത്യേകിച്ചും സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയുള്ള കേസായതിനാല്‍ ഓരോ കണ്ണിയും പ്രധാനപ്പെട്ടതായിരുന്നു. കുടുംബത്തിനുള്ളിലെ സംഭവവികാസങ്ങളിന്മേല്‍ പല സാക്ഷികളും കോടതിയില്‍ എന്ത്  നിലപാട് സ്വീകരിക്കും എന്നതും പ്രസക്തമായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിലേയ്ക്ക് മാറിയതുകൊണ്ട് ആ തലവേദനകളില്‍നിന്നും സിറ്റി പൊലീസ് മുക്തമായി. 

അതോടെ ഈ നാടകത്തില്‍ എന്റെ ഭാഗം കഴിഞ്ഞു. സ്വന്തം ഭാഗം കഴിഞ്ഞാല്‍ കഥ എങ്ങോട്ടു പോകുന്നു എന്ന് ശ്രദ്ധിച്ചിരുന്നില്ല എന്ന് പണ്ടൊരു നാടകനടി പറഞ്ഞതോര്‍ക്കുന്നു. പൊതുവേ ആ രീതിയാണ് പൊലീസില്‍ ഞാനും സ്വീകരിച്ചിരുന്നത്. എങ്കിലും ഇടയ്ക്ക് ചിലത് കേള്‍ക്കാതിരുന്നില്ല. അതാകട്ടെ, പലവിധ കാരണങ്ങള്‍കൊണ്ട്, അന്വേഷണം തട്ടിയും തടഞ്ഞും മന്ദഗതിയിലാണ് പോകുന്നത് എന്നായിരുന്നു. ഏതാണ്ട് പത്ത് കൊല്ലമെടുത്തു കേസ് കോടതിയിലെത്താന്‍. നീതി വൈകുന്നു എന്നൊന്നും ആരും പരാതിപ്പെട്ടതായി കേട്ടില്ല. കൊല ചെയ്യപ്പെട്ടത് ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും സംഭവത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടാകാം, ആര്‍ക്കും വലിയ താല്പര്യം ഇല്ലാതെ പോയത്. താല്പര്യമെടുക്കും എന്ന് പ്രതീക്ഷിക്കുന്നവരുടെ സഹതാപം പ്രതികളോടാകുന്ന ചില കേസുകളുണ്ട്. പില്‍ക്കാലത്ത് ഈ കേസിലെ പ്രതിയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധി വായിക്കാനിടയായപ്പോള്‍ ഇതും ആ ഗണത്തില്‍പ്പെട്ട കേസായിരുന്നുവെന്ന് തോന്നി. കൊലപാതകം നടന്ന ദിവസം രാത്രി ആ ഉദ്യോഗസ്ഥന്‍ തകരപ്പറമ്പിലെ ഒരു ബാര്‍ ഹോട്ടലില്‍നിന്നാണ് ആഹാരം കഴിച്ചതെന്നും രാത്രി പത്തരയോടെ അക്കാര്യം അദ്ദേഹം ഫോണില്‍ത്തന്നെ അറിയിച്ചുവെന്നും ഒക്കെയായിരുന്നു പ്രതി കോടതിയില്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ പൊലീസിനോട് എഫ്.ഐ.ആറില്‍ ആദ്യം പറഞ്ഞത് ഇതിന് വിരുദ്ധമല്ലേ? പ്രതിഭാഗത്തിന് അങ്ങനെ വൈരുദ്ധ്യങ്ങളാകാം. അതാണ് നിയമം. മരിച്ച ബന്ധുവിന് വേണ്ടിയാണോ പ്രതിയെങ്കിലും ജീവിച്ചിരിക്കുന്ന ബന്ധുവിനു വേണ്ടിയാണോ മൊഴി നല്‍കേണ്ടത് എന്നും പല സാക്ഷികളും ആലോചിച്ചിരിക്കാം. 

പ്രതി അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം നിയമപരമായ സഹായത്തിനും മറ്റും എത്തിയ അവരുടെ സഹോദരനോട് നേരത്തെ വിവാഹമോചനം നേടാതിരുന്നതിനെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ''അതൊക്കെ ദൈവത്തിന്റെ നിശ്ചയങ്ങളല്ലേ. 25 വര്‍ഷങ്ങള്‍ പിന്നിട്ടതായിരുന്നു അവരുടെ ദാമ്പത്യം. ഇനിയും കൂടിപോയാല്‍ എത്രവര്‍ഷം? എല്ലാം വിധി ആയിരിക്കാം.'' ആ വാക്കുകള്‍ അര്‍ത്ഥവത്താണെന്നു തോന്നി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഉമാദത്തന്‍ എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ ഹൃദയം വളരെ രോഗഗ്രസ്ഥമായിരുന്നുവെന്നും അധികം കഴിയാതെ സ്വാഭാവിക മരണം സംഭവിക്കുമായിരുന്നു എന്നുമാണ്. ഒരു സാങ്കല്പിക ചോദ്യം മനസ്സില്‍ വന്നു. ഇക്കാര്യം കൊലപാതകത്തിനു മുതിര്‍ന്നവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഇത് ഒഴിവാകുമായിരുന്നോ?

ആര്‍ക്കറിയാം?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com