ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനം 

ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനം 

മുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല

ച്ചകഴിഞ്ഞ നേരത്താണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍വച്ച് ആ സ്ത്രീ എന്നെ കണ്ടത്. ഒറ്റയ്ക്കാണവര്‍ വന്നത്. പ്രത്യേകിച്ച് പരിഭ്രമമൊന്നും കണ്ടില്ല. കല്‍പ്രതിമയില്‍ കണ്ടിട്ടുള്ള ഈജിപ്ഷ്യന്‍ സ്ഫിന്‍ക്സിനെ (Sphinx) ഓര്‍മ്മിപ്പിച്ച് ഒന്നും വായിച്ചെടുക്കാനാകാത്ത ആ മുഖം. അവരുടെ കയ്യില്‍ ഇളം പച്ചനിറത്തിലുള്ള ഏതാനും കടലാസുകള്‍ ഉണ്ടായിരുന്നു. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മുന്നിലെ കസേരയില്‍ ഇരുന്നു. ''ഒരു പരാതിയുണ്ട് സാര്‍'' എന്ന് ആദ്യം പറഞ്ഞു. ''എന്താണ് പ്രശ്നം?'' എന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അവര്‍ തയ്യാറാക്കി കൊണ്ടുവന്ന പരാതി എന്റെ നേരെ നീട്ടി. മലയാളത്തില്‍ ടൈപ്പ് ചെയ്ത് സാമാന്യം ദീര്‍ഘമായ പരാതി. പരാതിക്കാര്‍ വരുമ്പോള്‍ പരമാവധി അവരെ നേരിട്ടു കേള്‍ക്കാനായിരുന്നു എനിക്കു താല്പര്യം. എഴുതി തയ്യാറാക്കി കൊണ്ടുവരുന്ന പരാതികളില്‍ പലപ്പോഴും 'എഴുത്തുകാരന്റെ' മൗലിക സംഭാവനയും ഉണ്ടാകും. തുടക്കത്തില്‍ പരാതിക്കാരി ഒന്നും പറയാതിരുന്നതുകൊണ്ട് ഞാനതു വായിക്കാന്‍ തുടങ്ങി. വലിയൊരു കുറ്റകൃത്യത്തിന്റെ അനുക്രമ വിവരണമായിരുന്നു അതില്‍. വായിക്കുന്തോറും അതിന്റെ ഉള്ളടക്കം കൂടുതല്‍ കൂടുതല്‍ ഭീകരമായി മാറുകയായിരുന്നു. 

മുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല. ''കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ നിന്ന ഞങ്ങളുടെ മാവിന്റെ കൊമ്പ് അയല്‍ക്കാരന്‍ മുറിച്ചു'' എന്ന് അടക്കാന്‍ ആകാത്ത സങ്കടത്തോടെ അവതരിപ്പിക്കുന്നത് ഞാനെത്ര കേട്ടിരിക്കുന്നു. അപ്പോഴാണ് ഈ സ്ത്രീ ഏതാണ്ടൊരു നിസ്സംഗ ഭാവത്തില്‍ ഇരിക്കുന്നത്. വായിക്കുന്നതിനിടയില്‍ ഞാന്‍ അവരോടു ചോദിച്ചു: ''ഇതില്‍ പറയുന്ന സ്ത്രീ നിങ്ങളാണോ?'' ''അതെ സര്‍'', ഒരു ഭാവഭേദവും ഇല്ലാത്ത മറുപടി. അങ്ങേയറ്റം ഗൗരവമായ വിഷയമായതുകൊണ്ട് അത് മുഴുവനും ഞാന്‍ ശ്രദ്ധിച്ചു വായിച്ചു. പത്തോളം പേര്‍ ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ തട്ടിക്കൊണ്ടുപോകലിന്റേയും പീഡനത്തിന്റേയും ചിത്രമായിരുന്നു വെളിവായത്. അപ്പോഴേയ്ക്കും സംഭവം കഴിഞ്ഞ് രണ്ട് ദിവസം ആയിരുന്നു. എന്നിട്ടും സംഭവം പൊതുമദ്ധ്യത്തില്‍ വന്നിരുന്നില്ല. എന്നോടും ആരുമിതു പറഞ്ഞിരുന്നില്ല. ''നിങ്ങള്‍ ഇക്കാര്യം പൊലീസില്‍ നേരത്തെ അറിയിച്ചില്ലേ?'' ഞാന്‍ ചോദിച്ചു. ''ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു സര്‍, എന്നെ അവിടെനിന്നും വിരട്ടി ഓടിച്ചു സര്‍'' എന്നായിരുന്നു മറുപടി. ദേഷ്യത്തില്‍, ഞാനുടനെ ബന്ധപ്പെട്ട സബ് ഇന്‍സ്പെക്ടറെ ഫോണ്‍ ചെയ്തു. ആ പരാതിക്കാരി സ്റ്റേഷനില്‍ വന്നിരുന്നോ എന്നു ചോദിച്ചു. ''വന്നിരുന്നു സര്‍. പക്ഷേ, ആ സ്ത്രീ അന്നേരം വെള്ളമടിച്ചിരുന്നു സാര്‍.'' ഒരു ദിവസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ അവര്‍ക്ക് മദ്യത്തിന്റെ മണമുണ്ടായിരുന്നുവത്രെ. അതുകൊണ്ട് പൊലീസ് അവരെ വിരട്ടി പറഞ്ഞയച്ചു എന്നാണ് എനിക്കു മനസ്സിലായത്. അവരുടെ പരാതി അവിടെ ആരും കേട്ടില്ല. പാവനമായ പൊലീസ് സ്റ്റേഷന്‍ പരിസരം മദ്യം കഴിച്ച സ്ത്രീയുടെ സാന്നിദ്ധ്യംകൊണ്ട് അശുദ്ധമാകുന്നത് എങ്ങനെ സഹിക്കാനാണ്? പൊറുക്കാനാവാത്ത ആചാരലംഘനമാണല്ലോ അത്. അങ്ങനെ തോന്നും എസ്.ഐയുടെ വിശദീകരണം കേട്ടാല്‍. ''ചാരായം കുടിക്കണോ, ഹോര്‍ലിക്സ് കുടിക്കണോ എന്നതൊക്കെ അവരുടെ കാര്യം. നമ്മളതൊന്നും നോക്കണ്ട. ഇത് സംഭവം സീരിയസ് ആണ്; നിങ്ങള്‍ ഉടന്‍ നടപടിയെടുക്കണം''- ഞാനയാളോട് പറഞ്ഞു. പരാതി ഏറ്റവും ഗൗരവമുള്ളതാണെന്ന് എസ്.ഐയെ പറഞ്ഞു മനസ്സിലാക്കി. ആ ഉദ്യോഗസ്ഥന്‍ പിന്നെ അറച്ചു നില്‍ക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പരാതിക്കാരിയുടെ മുന്നില്‍വെച്ചു തന്നെയാണ് ഞാന്‍ ഫോണില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സംസാരിച്ചത്. അവരോട് ചോദിച്ചതില്‍ പരാതിയില്‍ പറഞ്ഞ സംഭവമെല്ലാം സത്യമാണെന്ന് അവര്‍ വിശദീകരിച്ചു. 

രണ്ടു ദിവസം മുന്‍പൊരു രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി ഒമ്പതു മണിയോടെ ആ സ്ത്രീ അവരുടെ കുടിലില്‍ ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കിലും ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ അവിടെ വന്ന രണ്ടുമൂന്ന് പേരില്‍ ഒരാള്‍ കുടിലില്‍ ചെന്ന് അവരെ വിളിച്ചു. പുറത്തു വന്നപ്പോള്‍ അവിടെ നിന്നവരില്‍ രണ്ടുപേര്‍ നേരത്തെ അറിയാവുന്നവര്‍ ആണ്. അവരുടെ കൂടെ, അടുത്ത് ഒരിടം വരെ പോകാന്‍ നിര്‍ബ്ബന്ധിച്ചു. എന്തോ ചോദിക്കാനാണ് എന്ന് പറഞ്ഞെങ്കിലും ഭയംകൊണ്ട് അവരതിനു വഴങ്ങിയില്ല. വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കയറ്റി. അവിടെ മറ്റൊരു ഓട്ടോയും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ അതിലും കയറി. രണ്ട് ഓട്ടോയും കൂടി കുറേ ദൂരം സഞ്ചരിച്ച് നഗരത്തില്‍ ആ സ്ത്രീക്ക് പരിചയമില്ലാത്ത ഒരു സ്ഥലത്ത് കൊണ്ടുപോയി റോഡരുകില്‍ നിര്‍ത്തി. പിന്നീട് ആ സ്ത്രീ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഒരു കോമ്പൗണ്ടിനുള്ളില്‍ കയറ്റിനിര്‍ത്തി. അവരെ പുറത്തിറക്കി അവിടെ ഒരു കെട്ടിടത്തിനുള്ളില്‍ ഒരു മുറിയില്‍ കയറ്റി. അതൊരു അറവുശാലയായിരുന്നു. 

ഭീഷണിയും ഒപ്പം അനുനയവും കൂടി ചേര്‍ന്നതായിരുന്നു അവിടെയെത്തുന്നതു വരെയുള്ള സമീപനം. അറവുശാലയില്‍ എത്തിയപ്പോള്‍ അത് പാടേ മാറി. അവിടെ വേറെയും ആളുകളുണ്ടായിരുന്നു. ഏതാണ്ട് പത്തോളം പേരുണ്ടായിരുന്നു ആ സംഘത്തില്‍. അതില്‍ രണ്ടുപേര്‍ അവരെ കൈകൊണ്ട് അടിക്കാനും ഇടിക്കാനും തുടങ്ങി. ഒരാള്‍ കനത്ത വടികൊണ്ട് അവരുടെ പിന്‍ഭാഗത്ത് കഠിനമായി മര്‍ദ്ദിച്ചു. എന്തോ ഒരു പകപോക്കലിന്റെ സ്വഭാവം കൂടി ഉണ്ടായിരുന്നു അറവുശാലയിലെ ഈ ക്രൂരതയ്ക്കു പിന്നില്‍. ആ സംഘത്തില്‍പ്പെട്ട ഏതോ ചില പ്രധാനികളുമായി ഈ സ്ത്രീക്ക് അടുപ്പമുണ്ടെന്ന് അവര്‍ ആരോടൊക്കെയോ പറഞ്ഞുവത്രെ. അതിന്റെ ശിക്ഷകൂടിയായിരുന്നു അവിടെ നടപ്പാക്കിയത്. നഗ്‌നയാക്കപ്പെട്ട ആ സ്ത്രീയുടെ ഫോട്ടോകള്‍ ഒരാള്‍ എടുക്കുന്നുണ്ടായിരുന്നു. ശിക്ഷയുടെ അവസാന ഇനം ഓരോരുത്തരും ആ സ്ത്രീയെ ബലാത്സംഗം ചെയ്യുക എന്നതായിരുന്നു. ആ അറവുശാലയില്‍ ഒരു ജീവി, മനുഷ്യനായാലും മൃഗമായാലും, അനുഭവിച്ച ഏറ്റവും വലിയ വേദന ഈ പാവം സ്ത്രീയുടേതായിരുന്നിരിക്കണം. 

സംഭവം പുറത്തു പറഞ്ഞാല്‍ അവള്‍ ജീവിച്ചിരിക്കില്ലെന്നും മാത്രമല്ല, അവിടെ വച്ചെടുത്ത നഗ്‌നഫോട്ടോകള്‍ പലേടത്തും പ്രത്യക്ഷപ്പെടും എന്നുമെല്ലാം ഭീഷണിപ്പെടുത്തി. എല്ലാം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ ആ സ്ത്രീയെ നേരം പുലരുംമുന്‍പേ അവരുടെ കുടിലിന്റെ പരിസരത്തെത്തിച്ചു. അവിശ്വസനീയമാംവണ്ണമുള്ള ക്രൂരതയാണ് അവര്‍ വിവരിച്ചത്; ഏതാണ്ടൊരു മരവിച്ച മനസ്സോടെ. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും പോലെ പല കുറ്റകൃത്യങ്ങളും കുറേ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യന്‍ മനുഷ്യനോട് കാട്ടുന്ന ക്രൂരതയുടെ രൂക്ഷതയില്‍ ഇതിനു സമാനമായ അനുഭവം എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. എല്ലാം കേട്ടുകഴിഞ്ഞ് അവരോട് ഞാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഇനി വേണ്ട നടപടി എല്ലാം സ്വീകരിക്കാം എന്നു പറഞ്ഞു. വലിയ പ്രതീക്ഷയൊന്നും എന്റെ വാക്കുകളില്‍ അവര്‍ കണ്ടില്ല. ഒരു അപേക്ഷയേ അവര്‍ക്കുണ്ടായിരുന്നുള്ളു. ''സാറെ ആ ഫോട്ടോ അവന്മാരില്‍നിന്നും വാങ്ങി  നശിപ്പിക്കണം. അവരുടെ കയ്യിലിരുന്നാല്‍ അതുവച്ച് അവരെന്നെ മാനംകെടുത്തും.'' അവര്‍ക്കത്രയേ വേണ്ടൂ! അതിനപ്പുറം കുറ്റം, നീതി, ശിക്ഷ, ഇര, വേട്ടക്കാരന്‍ തുടങ്ങിയവയെപ്പറ്റിയുള്ള നീതിന്യായ ഉല്‍ക്കണ്ഠകളൊന്നും അവരെ സ്പര്‍ശിച്ചില്ലെന്നു തോന്നുന്നു. 

ഫോട്ടോ പ്രശ്നം ഉന്നയിക്കാന്‍ അവര്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അറവുശാലയിലെ കൃത്യങ്ങള്‍ കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം ആ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് മൂന്ന് 'പരാക്രമി'കള്‍ വീണ്ടും അവരുടെ വീട്ടിലെത്തിയിരുന്നു. എന്നിട്ട് ഫോട്ടോയുടെ കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ആ രാത്രിയിലെ സംഭവങ്ങളോ അവര്‍ക്കാര്‍ക്കെങ്കിലും എതിരേയോ എന്തെങ്കിലും ശബ്ദിച്ചാല്‍ ആ ഫോട്ടോകള്‍ പുറത്തുവിടും എന്ന് അവര്‍ വീണ്ടും ഭീഷണിപ്പെടുത്തി. ഫോട്ടോകളെക്കുറിച്ചുള്ള അവരുടെ ഉല്‍ക്കണ്ഠ അത് വര്‍ദ്ധിപ്പിച്ചിരിക്കണം. ഒരുപാട് ദുരനുഭവങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു ആ സ്ത്രീയുടേത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പല ജോലികളും ചെയ്തു. ഇടയ്ക്ക് വ്യാജമദ്യ വില്‍പ്പനയും നടത്തിയതായി കേട്ടിരുന്നു. ഈ പശ്ചാത്തലമായിരിക്കണം അക്രമികള്‍ക്കും ധൈര്യം പകര്‍ന്നത്. ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം അറവുശാലയിലെ പീഡകര്‍ക്കെതിരെ പൊലീസിനേയോ ഏതെങ്കിലും അധികാരികളേയോ സമീപിക്കുന്ന കാര്യം ചിന്തിക്കാനാവില്ല. തീരെ ഒറ്റപ്പെട്ട അവസ്ഥയിലുള്ള അവരുടെ മുന്നില്‍, തന്നെ 'ശിക്ഷിച്ചവര്‍' എത്ര പ്രബലരാണ് എന്ന ബോദ്ധ്യം ശക്തമായിരിക്കണം. അത്തരം ഒരു ബോദ്ധ്യം ആ ഇരുട്ടിന്റെ നായകര്‍ക്കും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ഒരു കാര്യത്തില്‍ മാത്രം അവരുടെ കണക്കുകൂട്ടല്‍ തെറ്റി. സംഭവം പുറത്തുവരാതിരിക്കാന്‍ മതിയായ മുന്‍കരുതല്‍ എന്ന നിലയില്‍ സ്വീകരിച്ച തന്ത്രം തിരിച്ചടിച്ചു. നഗ്‌നഫോട്ടോ കൈവശമുണ്ട് എന്ന ഭീഷണി ആയിരുന്നു അവരുടെ 'കരുതല്‍'. പക്ഷേ, ആ കരുതല്‍ അവര്‍ക്കു വിനയായി. അറവുശാലയിലെ ആ രാത്രി ആ സ്ത്രീയുടെ ശരീരത്തിലും മനസ്സിലും ഒരുപാട് മുറിവുകളേല്പിച്ചു. പക്ഷേ, പിന്നീട് ആ ഫോട്ടോകളായിരുന്നു അവരുടെ പ്രധാന ഉല്‍ക്കണ്ഠ. അത് പുറത്തുവരുന്നത് അങ്ങേയറ്റം അപമാനകരമായി അവര്‍ക്കു തോന്നി. മനസ്സ് മരവിച്ച അവസ്ഥയിലും ഭരണഘടനയുടെ ആമുഖത്തിലെ ആ വാക്കുകള്‍, വ്യക്തിയുടെ അന്തസ്സ് (ഉശഴിശ്യേ ീള വേല ശിറശ്ശറൗമഹ) എന്നത് അവര്‍ക്കും പ്രധാനമായിരുന്നു. തൊട്ടടുത്ത ദിവസം ചിരിച്ചുല്ലസിച്ച് അറവുശാലയിലെ നായകര്‍ ഫോട്ടോ ഭീഷണി ആവര്‍ത്തിച്ചപ്പോള്‍ തന്റെ അന്തസ്സ് ഹനിക്കപ്പെടും എന്ന ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചിരിക്കണം. എല്ലാത്തിനും പരിഹാരം തേടിയ മദ്യലഹരിയിലും ഇതൊരു പ്രശ്‌നമായി അവശേഷിച്ചിരിക്കണം. അതാണവരെ, അല്പം വൈകിയെങ്കിലും പൊലീസ് സ്റ്റേഷനിലേയ്ക്ക് നയിച്ചത്. അവിടെ രക്ഷയില്ലെന്ന തോന്നല്‍ ഉണ്ടായപ്പോഴാകണം അവരെന്റെ ഓഫീസില്‍ വന്നത്. അവിടെവച്ച് എന്നോടും ഒരൊറ്റ ആവശ്യം മാത്രമേ ആ പാവം സ്ത്രീക്കുണ്ടായിരുന്നുള്ളു. എങ്ങനെയെങ്കിലും ആ ഫോട്ടോ കണ്ടെത്തി നശിപ്പിക്കണം. അതിനപ്പുറം ഒരു നീതിയും അവരെന്നോട് ആവശ്യപ്പെട്ടില്ല എന്നതാണ് സത്യം. സംഭവം ഗൗരവമായിട്ട് എടുക്കാമെന്നും ശക്തമായ നിയമനടപടി ഉറപ്പാക്കാമെന്നുമൊക്കെ ഞാനവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴും അവരുടെ ഉല്‍ക്കണ്ഠ ആ ഫോട്ടോ മാത്രമായിരുന്നു എന്നെനിക്കു തോന്നി. 

മുഖ്യമന്ത്രിയുടെ മനുഷ്യത്വപരമായ സമീപനം

അവര്‍ പോയശേഷം ഞാന്‍ വീണ്ടും എസ്.ഐയേയും മറ്റ് ഉദ്യോഗസ്ഥരേയും ഫോണില്‍ വിളിച്ചു. ഉണ്ടായ സംഭവത്തിന്റെ സ്വഭാവം ഞങ്ങള്‍ ചര്‍ച്ചചെയ്തു. അവരെല്ലാം നല്ല ഉദ്യോഗസ്ഥര്‍ തന്നെ ആയിരുന്നു. മദ്യപിച്ച അവസ്ഥയില്‍ 'ഫോട്ടോ തിരികെ വാങ്ങിത്തരണം' എന്നു പറഞ്ഞു ചെന്നതുകൊണ്ടാണെന്നു തോന്നുന്നു പൊലീസ് സ്റ്റേഷനിലെ ആദ്യ പ്രതികരണം തെറ്റായ നിലയില്‍ ആയത്. ഏതായാലും പിന്നീടുള്ള നടപടികള്‍ കുറ്റമറ്റതായിരുന്നു. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, ഈ സംഭവം നിയമനടപടികളിലേയ്ക്ക് നീങ്ങാന്‍ ഒരുപക്ഷേ, കാരണമായ ആ ഫോട്ടോകള്‍ യഥാര്‍ത്ഥത്തില്‍ എടുത്തിട്ടില്ലായിരുന്നു. അക്കാലത്ത് ഫിലിം റോളുകള്‍ ഉപയോഗിച്ചു മാത്രമാണല്ലോ ഫോട്ടോ എടുക്കുന്നത്. അറവുശാലയില്‍ ആ സ്ത്രീയുടെമേല്‍ ക്യാമറ പല പ്രാവശ്യം ഫ്‌ലാഷ് ചെയ്‌തെങ്കിലും അതില്‍ ഫിലിം ഇല്ലായിരുന്നു. ഒരുപക്ഷേ, അവസാന നിമിഷത്തിലായിരുന്നിരിക്കണം അത്തരമൊരു ആശയം ആ സംഘത്തിന്റെ ബുദ്ധികേന്ദ്രത്തിലുദിച്ചത്. 

അതൊരു രാഷ്ട്രീയ അധികാരമാറ്റത്തിന്റെ സമയം കൂടിയായിരുന്നു. പുതുതായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ മുഖ്യമന്ത്രി ഇ.കെ. നായനാരെ സന്ദര്‍ശിക്കാന്‍ അന്ന് സന്ധ്യയ്ക്ക് എനിക്ക് സമയം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം ഔദ്യോഗികമായി ആദ്യം കാണുകയാണ്. അദ്ദേഹത്തിന്റെ മുറിയില്‍ കയറി ഞാന്‍ ഡി.സി.പി ആണെന്നും പേര് ഹേമചന്ദ്രന്‍ എന്നും പറഞ്ഞു. എന്റെ പേര് പറഞ്ഞപ്പോള്‍ സൗഹൃദഭാവത്തില്‍ ആ മുഖം വിടര്‍ന്നു. പിന്നീട് ''എടോ ഒരു സ്ത്രീ ഇപ്പോള്‍ എന്നെ കണ്ടിട്ടു പോയി. അവരെ കുറേ പേര്‍ ഉപദ്രവിച്ചുവെന്ന് പറഞ്ഞു.'' അല്പം മുന്‍പ് എന്റെ ഓഫീസില്‍ നിന്നിറങ്ങിയ സ്ത്രീ നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലാണെത്തിയത്. സംഭവം സാമാന്യം വിശദമായി മനസ്സിലാക്കിയിരുന്നതുകൊണ്ട് അതിന്റെ വസ്തുതകളും തുടര്‍ന്നുള്ള പൊലീസ് നടപടികളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിക്കാന്‍ കഴിഞ്ഞു. പരാതിക്കാരിയോട് വളരെ സഹതാപം പ്രകടിപ്പിച്ചാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ''ശരിയായ ആക്ഷന്‍ നമുക്ക് എടുക്കണം'' എന്നു പറഞ്ഞ് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് നായനാര്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞു വന്ന ഒരു അവസരത്തില്‍ അമേരിക്കയിലൊക്കെ 'ചായകുടിക്കുന്നപോലെയാണ് ബലാത്സംഗം' എന്ന രീതിയിലുള്ള ഒരു കമന്റ് പലവിധ വ്യാഖ്യാനങ്ങള്‍ക്കിട നല്‍കി. എന്റെ നേരിട്ടുള്ള അനുഭവത്തില്‍ ഇരയോട് സഹാനുഭൂതി പുലര്‍ത്തുന്ന മനുഷ്യത്വപരമായ സമീപനമാണ് അദ്ദേഹത്തില്‍ കണ്ടത്. 

കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ പ്രതികളെ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കേസിന്റെ അന്വേഷണത്തിന് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി. പ്രതികളുടെ കൂട്ടത്തില്‍ ദീര്‍ഘ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടായിരുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ മേഖലകളില്‍ ഉന്നത സ്വാധീനമുള്ളവരും ഉള്‍പ്പെട്ടു. അതുകൊണ്ടായിരിക്കണം കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവവും അതു നടന്ന സ്ഥലവും സാഹചര്യങ്ങളും എല്ലാം പരിഗണിക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളുടെ പൊതുരീതി അനുസരിച്ചുള്ള റിപ്പോര്‍ട്ടിംഗ് ഒന്നും ഈ കേസിലുണ്ടായില്ല. ''എന്തുകൊണ്ട് കേസെടുക്കാന്‍ വൈകി? കേസെടുത്ത് രണ്ട് ദിവസമായിട്ടും ഒരാളെപ്പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? കുറ്റവാളികള്‍ക്ക് ഉന്നത ബന്ധമോ? പ്രതികളെ സഹായിക്കുന്നതാര്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രബുദ്ധ കേരളം അറിയണം'' എന്നൊന്നും ഒരു മാധ്യമത്തിനും തോന്നിയില്ല. കേരളത്തില്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് നിശ്ശബ്ദമാകുന്നത് അടിയന്തരാവസ്ഥയില്‍ മാത്രമല്ലെന്നു മനസ്സിലായി. എക്കാലത്തും ഞാന്‍ വിലമതിക്കുന്ന ആ തൂണിനെക്കുറിച്ച് പിന്നെയും അത്തരം അനുഭവങ്ങളുണ്ട്, അപൂര്‍വ്വമായെങ്കിലും. മറ്റ് രാഷ്ട്രീയ, സാമൂഹ്യ പ്രസ്ഥാനങ്ങളും സ്ത്രീ സംരക്ഷകരും ഒന്നും ഇരയ്ക്കുവേണ്ടി യാതൊന്നും ചെയ്തില്ല. ഒരു 'സമൂഹ മനസ്സാക്ഷി'യും ഞെട്ടിയില്ല. കൗതുകകരമായ ഒരു രാഷ്ട്രീയ തര്‍ക്കം മാത്രമേ അന്നുണ്ടായുള്ളു. സ്ത്രീ പീഡന കേസുകളുടെ സ്ഥിതിവിവര കണക്കെടുക്കുമ്പോള്‍ ഈ പീഡനം എല്‍.ഡി.എഫ് അക്കൗണ്ടില്‍ വരുമോ അതോ യു.ഡി.എഫ് അക്കൗണ്ടില്‍ വരുമോ എന്നതായിരുന്നു തര്‍ക്കം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരമേറ്റ ഘട്ടമായിരുന്നു അത്. ഒഴുകിനടക്കുന്ന അനാഥ ശവങ്ങളുടെ കാര്യത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം പൊലീസില്‍ അപൂര്‍വ്വമായെങ്കിലും ഉണ്ടാകാറുണ്ട്. കാറ്റിന്റെ ഗതിയനുസരിച്ച് അധികാരപരിധി മാറും. അനാഥത്വം ഈ പീഡനക്കേസിലും പ്രകടമായിരുന്നു. 

എന്നിട്ടും ഉജ്ജ്വലമായി പ്രവര്‍ത്തിച്ചത് ആ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെയായിരുന്നു. തെളിവുകള്‍ കണ്ടെത്തുന്നതിലും അത് ഫലപ്രദമായി കോടതിയില്‍ കൊണ്ടുവരുന്നതിനും വേണ്ട കരുതല്‍ എടുത്തു. അറവുശാലയിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള പ്രധാന സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്തി. ഇതെല്ലാം ആ ഉദ്യോഗസ്ഥന്‍ ചെയ്തത് വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ്. ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുതല്‍ പല മേഖലകളിലും ഉള്ളവര്‍ പ്രതികള്‍ക്കുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അതിനെയൊക്കെ അതിജീവിച്ചാണ് മികച്ച പ്രവര്‍ത്തനം നടത്തിയത്. നേരിട്ടോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ഇക്കാര്യത്തില്‍ എന്റെ മേല്‍ ഒരു സമ്മര്‍ദ്ദവും വന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനു പിന്തുണ നല്‍കേണ്ടുന്ന ജോലിയേ എനിക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നുള്ളു. ബാക്കി എല്ലാം അയാള്‍ തന്നെ ചെയ്തു. ഏതാണ്ട് എല്ലാ ദിവസവും കേസിന്റെ പുരോഗതി ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളാ പൊലീസില്‍ എന്റെ അനുഭവം അതാണ്. നമ്മുടെ കീഴ്ത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പൊതുവേ പ്രാപ്തരാണ്. അധികാര ശ്രേണിയിലുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ശക്തമായ പിന്തുണ നല്‍കിയാല്‍ അവര്‍ എത്ര സ്വാധീനമുള്ള കുറ്റവാളിക്കെതിരെയും നടപടി സ്വീകരിക്കും. അങ്ങനെ സമ്മര്‍ദ്ദത്തിനു കീഴ്പെടാതെ നിയമപരമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം ഐ.പി.എസ് ഉദ്യോഗസ്ഥന് മറ്റെന്തു വൈഭവം ഉണ്ടെങ്കിലും അതുകൊണ്ട് സമൂഹത്തിനു കാര്യമായ പ്രയോജനമൊന്നുമില്ല.

നമ്മുടെ അനാഥമായ സ്ത്രീപീഡനക്കേസില്‍ ഏറെ ബുദ്ധിമുട്ടിയത് ഒരു പ്രധാന പ്രതിയെ അറസ്റ്റു ചെയ്യാനാണ്. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നോട് ചര്‍ച്ച ചെയ്തു. സാധാരണ ഇത്തരം കേസുകളില്‍ പൊലീസ് വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചാല്‍ കുറ്റവാളികള്‍ കോടതിയിലോ പൊലീസിലോ കീഴടങ്ങും. ഇവിടെ അതല്പം നീണ്ടുപോയതായി സംശയം തോന്നി. ആ അവസരത്തില്‍ തന്ത്രപരമായ ഒരു നീക്കം പൊലീസ് നടത്തി. പ്രതിയുടെ വീട് പൊലീസ് റെയ്ഡ് നടത്തിയ അവസരത്തില്‍ അയാളുടെ ഒരു ഫോട്ടോ അവിടെനിന്നും ലഭിച്ചിരുന്നു. പൊലീസിനെ വെട്ടിച്ചു നടക്കാനാണ് ഭാവമെങ്കില്‍ അടുത്ത പടിയായി ആ ഫോട്ടോ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടും എന്ന് ബന്ധപ്പെട്ടവര്‍ക്ക് സംശയം തോന്നി. അതുമതിയായിരുന്നു പ്രതിയുടെ അജ്ഞാതവാസം അവസാനിപ്പിക്കുവാന്‍. അതിലൊരു കാവ്യനീതി ഉണ്ടായിരുന്നപോലെ തോന്നി. അറവുശാലയില്‍വച്ച് എടുത്തുവെന്നു പറഞ്ഞ ഫോട്ടോ ആയിരുന്നുവല്ലോ ഇരയെ ഭീഷണിപ്പെടുത്താന്‍ വേട്ടക്കാര്‍ പ്രയോജനപ്പെടുത്തിയത്. അവസാനം 'ഫോട്ടോ ഭയ'ത്തില്‍ വേട്ടക്കാരന്‍ തന്നെ പൊലീസിനു കീഴടങ്ങി. കേസന്വേഷണത്തിനിടയില്‍ പ്രതികളുടെ അറസ്റ്റുപോലും പല മാധ്യമങ്ങളും തമസ്‌കരിച്ചു. മറ്റു ചില മാധ്യമങ്ങളാകട്ടെ, നഗരത്തില്‍ എല്ലാ വര്‍ഷവും പെയ്യുന്ന മണ്‍സൂണ്‍ മഴയ്ക്ക് നല്‍കുന്ന പ്രാധാന്യം പോലും ഈ സംഭവത്തിനു നല്‍കിയില്ല.

ഇത്രയേറെ സ്ഥാപിത താല്പര്യങ്ങള്‍ പ്രതികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും കേസ് വിചാരണയ്ക്കു വന്നപ്പോള്‍ സെഷന്‍സ് കോടതി പ്രധാന പ്രതികളെ എല്ലാം ശിക്ഷിച്ചു. ചില സാക്ഷികള്‍ കൂറുമാറുകയൊക്കെ ചെയ്തെങ്കിലും അതുകൊണ്ടുമാത്രം അവിടെ കുറ്റവാളികള്‍ക്കു  രക്ഷപ്പെടാനായില്ല. പക്ഷേ, അനവധി വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയില്‍ വന്നപ്പോള്‍ അവിടെ ചിത്രം മാറി. നീതിപീഠം ആ പ്രതികളെ കുറ്റവിമുക്തരാക്കി. അറവുശാലയില്‍ കൊടിയ പീഡനത്തിനു വിധേയയായ ആ സ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി ഉന്നത നീതിപീഠം. അവരുടെ ജീവിതം മുഴുവന്‍ തന്നെ പൊരുത്തക്കേടുകള്‍ ആയിരുന്നുവല്ലോ. അതുകൊണ്ട് നീതിപീഠത്തെ കുറ്റം പറയേണ്ടതില്ല. വിധി വായിച്ചപ്പോള്‍,  ''നല്ലൊരു നീതിമാനാണേ സാക്ഷാല്‍ ദില്ലിയില്‍ വാഴുമി ഷാഹന്‍ഷാ'' എന്ന  വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി'യിലെ വരികള്‍  എങ്ങനെയോ മനസ്സില്‍ കടന്നുവന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com