കിഫ്ബി ബാധ്യതകളുടെ ആകെത്തുക

By അരവിന്ദ് ഗോപിനാഥ്  |   Published: 28th November 2021 02:19 PM  |  

Last Updated: 28th November 2021 02:19 PM  |   A+A-   |  

kiifb

 

ക്കഴിഞ്ഞ നവംബര്‍ 11 നിര്‍ണ്ണായകമായ ഒരു ദിനമായിരുന്നു. കിഫ്ബിയുടെ വായ്പകള്‍ ആത്യന്തികമായി സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഈ വായ്പകളെക്കുറിച്ച് ബജറ്റ് രേഖകളിലോ അക്കൗണ്ട്സിലോ വെളിപ്പെടുത്തുന്നില്ലെന്നും ഇതിനു നിയമസഭയുടെ അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചത് അന്നാണ്. അന്നേ ദിവസം ശ്രദ്ധാകേന്ദ്രമാകേണ്ട ധനമന്ത്രി ഒരു ചടങ്ങിലായിരുന്നു. കിഫ്ബി ദിനം സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുകയായിരുന്നു അന്നേ ദിവസം. 1999 നവംബര്‍ 11-നാണ് കിഫ്ബി രൂപീകരിക്കപ്പെട്ടത്. ആസ്ഥാനത്ത് നടന്ന ദിനാചരണത്തില്‍ പങ്കെടുത്തത് പ്രധാനപ്പെട്ട രണ്ടുമന്ത്രിമാര്‍. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പിന്നെ കെ.എന്‍. ബാലഗോപാലും. ഡോ. കെ.എം. എബ്രഹാം വിളക്കുകൊളുത്തിയ ചടങ്ങില്‍ കിഫ്ബി ജീവനക്കാര്‍ രക്തദാനവും നടത്തി. അന്ന് ധനമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ തുടക്കം ഇതായിരുന്നു: അടിസ്ഥാന സൗകര്യവികസനത്തില്‍ ദശാബ്ദങ്ങള്‍ പിന്നിലായിപ്പോയ കേരളത്തില്‍ ഈ വലിയ വിടവ് നികത്താനുള്ള യത്‌നമാണ് കിഫ്ബി.

ഇതില്‍നിന്നു തുടങ്ങാം. കേരളത്തിന്റെ സമ്പദ് വികസനം നേരിടുന്ന ഏറ്റവും വലിയ തടസ്സം പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്മയാണോ? സത്യത്തില്‍ ഇത്തരമൊരു നിഗമനം ശരിവയ്ക്കുന്ന ഒരു ഗവേഷണപഠനവും നടന്നിട്ടില്ലെന്നതാണ് വാസ്തവം. വികസന ചരിത്രത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് പങ്കുണ്ട്. എന്നാല്‍, പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തിയതുകൊണ്ടു മാത്രം വികസനം വരില്ല. അതായത് സൗകര്യം സൃഷ്ടിച്ചാല്‍ മൂലധന നിക്ഷേപം പെരുകുമെന്നും തൊഴിലവസരം കൂടുമെന്നും സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലാകുമെന്നുമുള്ള ലളിത സമവാക്യം വികസന സമ്പദ്ശാസ്ത്രത്തിന്റെ സങ്കീര്‍ണ്ണതയ്ക്ക് നിരക്കുന്നതല്ല. കാരണം മറ്റൊന്നുമല്ല; പല രാജ്യങ്ങളും ഇവ രണ്ടും ഒപ്പത്തിനൊപ്പമാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഏതായാലും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനുള്ള പുതുസംവിധാനമെന്ന നിലയില്‍ ഇടതുപക്ഷ സര്‍ക്കാരാണ് കിഫ്ബിക്ക് തുടക്കമിട്ടത്. 1999-ല്‍ നിയമസഭ കിഫ്ബി നിയമം അംഗീകരിച്ചു. പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുക, തെരഞ്ഞെടുക്കുന്ന പദ്ധതികള്‍ക്ക് അതില്‍നിന്ന് പണം അനുവദിക്കുക - അതായിരുന്നു ലക്ഷ്യം. 2016-ലെ സര്‍ക്കാര്‍ ഓഡിനന്‍സിലൂടെ കിഫ്ബിയുടെ സംഘടനാരൂപവും പ്രവര്‍ത്തനരീതിയും മാറ്റി. നൂലാമാലകളൊന്നുമില്ല; കിഫ്ബിയുടെ അംഗീകാരം മാത്രം മതി. ഒറ്റനോട്ടത്തില്‍ നല്ലതാണെന്നു തോന്നുമെങ്കിലും അത്ര ഗുണകരമല്ല ഈ രീതി. 

കെഎം എബ്രഹാം

സ്വകാര്യമൂലധനത്തിന്റെ പങ്ക്, ധനവിഭവ സമാഹരണത്തിലും വിനിയോഗത്തിലുമുള്ള സുതാര്യത, നികുതിദായകരോടുള്ള ഉത്തരവാദിത്വം, സര്‍ക്കാര്‍ നിയന്ത്രണത്തിന്റെ അഭാവം എന്നിങ്ങനെ സകല വ്യവസ്ഥയിലും മാറ്റങ്ങള്‍ പ്രകടമായി. സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഫണ്ടിങ്ങ് സ്ഥാപനം എന്ന നിലയില്‍നിന്ന് പദ്ധതി ആസൂത്രണം ചെയ്യാനും അവയില്‍ തീര്‍പ്പുകല്‍പ്പിക്കാനും കഴിയുന്ന സാമ്പത്തികാധികാരകേന്ദ്രമായി കിഫ്ബി മാറി. 1999-ലെ കിഫ്ബി നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം കിഫ്ബിയുടെ എല്ലാ പദ്ധതികള്‍ക്കും നിയമസഭയുടെ അംഗീകാരം നിര്‍ബ്ബന്ധമാണ്. ആ വകുപ്പ് പ്രകാരം ഓരോ പദ്ധതിയും ആവിഷ്‌കരിക്കുന്ന മുറയ്ക്ക് നിയമസഭയില്‍ അവതരിപ്പിക്കണമെന്നും എം.എല്‍.എമാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അനുമതി നേടണമെന്നുമാണ്. ഈ നിയമമാണ് 2016-ല്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത്. അതായത് കിഫ്ബിയുടെ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം മാത്രം മതി. അതായത് കിഫ്ബിയുടെ നിര്‍വ്വഹണസമിതി അധ്യക്ഷന്‍ മുഖ്യമന്ത്രിയും ഉപാധ്യക്ഷന്‍ ധനമന്ത്രിയുമാണ്. അതായത് മന്ത്രിസഭയുടെ പോലും അനുമതി വേണ്ട. തത്ത്വത്തില്‍ ഇവരുടെ രണ്ടുപേരുടെ അനുമതി മാത്രം മതി. ചര്‍ച്ചയും വേണ്ട, അഭിപ്രായവും വേണ്ട. 

ഇതു സംബന്ധിച്ച് ആക്ഷേപമുയര്‍ന്നപ്പോള്‍ ബജറ്റിനൊപ്പം കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് നിയമസഭയില്‍വയ്ക്കുമെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്. കഴിഞ്ഞുപോയ വര്‍ഷത്തിലെ വരവും ചെലവുമാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭിക്കുക. ബജറ്റ് വേളയില്‍ ചര്‍ച്ച ചെയ്യേണ്ടത് വരാനിരിക്കുന്ന വര്‍ഷത്തെ പദ്ധതികളാണ്. അപ്പോഴാണ് എം.എല്‍.എമാര്‍ നിര്‍ദ്ദേശം വയ്ക്കുക. പദ്ധതികളുടെ നടത്തിപ്പ് താരതമ്യേന കുറ്റമറ്റതാക്കാനുള്ള മാര്‍ഗ്ഗമാണ് ഇത്. ചുരുക്കിപ്പറഞ്ഞാല്‍ പോയ വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടല്ല, വരും വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയാണ് ബജറ്റിനൊപ്പം വയ്ക്കേണ്ടിയിരുന്നത്. കിഫ്ബിയുടെ ഭാവി പദ്ധതികള്‍ വെളിപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നില്ല. പരാമര്‍ശിച്ചില്ലെങ്കില്‍ നിയമപരമായി അത് ചോദ്യം ചെയ്യാനാകില്ല. പരാമര്‍ശിച്ചാലും വിശദമായ ചര്‍ച്ച ബജറ്റ് അവതരണവേളയില്‍ അത് നടക്കില്ല. 

64,338 കോടി രൂപയുടെ 918 പദ്ധതികള്‍ക്കാണ് കിഫ് ബോര്‍ഡ് ഇതുവരെ അനുമതി നല്‍കിയത്. ദേശീയപാതാ വികസനം, വ്യവസായ ഇടനാഴികള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവയ്ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ ഇതില്‍ ഉള്‍പ്പെടുന്നു. 18146 കോടി രൂപയ്ക്കുള്ള 392 പദ്ധതികള്‍ മരാമത്ത് വകുപ്പിനു കീഴിലാണ്. 2017 മുതല്‍ നാലുവര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വിഭവസമാഹരണമാണ് കിഫ്ബി ലക്ഷ്യം വച്ചത്. ഇതിന്റെ ഭാഗമായാണ് 2018 സെപ്റ്റംബറില്‍ 5000 കോടിയുടെ കടപ്പത്ര പദ്ധതി. 2019 മാര്‍ച്ചില്‍ 2150 കോടിയുടെ മസാലബോണ്ടുകളുമിറക്കി. അഞ്ച് വര്‍ഷത്തേക്ക് പലിശ 9.723 ശതമാനം. മുതലും പലിശയും ചേര്‍ത്ത് 3195 കോടി രൂപ നല്‍കണം. 

കെഎന്‍ ബാലഗോപാല്‍

സംസ്ഥാന സര്‍ക്കാര്‍ ബജറ്റിന് പുറത്തുനിന്ന് എടുക്കുന്ന(ഓഫ് ബജറ്റ് ബോറോയിംങ്‌സ്) താണ് കിഫ്ബിയ്ക്കു വേണ്ടിയുളള വായ്പയെന്നാണ് സി.എ.ജി ആവര്‍ത്തിക്കുന്നത്. അതായത് ഇതിന്റെ തിരിച്ചടവ് മോട്ടോര്‍ വാഹന സെസ്സും പെട്രോളിയം സെസ്സില്‍നിന്നുമാണ്. തിരിച്ചടവും വായ്പയുടെ പലിശയും സര്‍ക്കാരിന്റെ വരുമാനത്തില്‍നിന്നാണ് ചെലവഴിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ ധനകാര്യ രേഖകളില്‍ ഇത് ഉള്‍പ്പെടുത്തുന്നില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ വാദം ഈ വായ്പകള്‍ ബജറ്റിന് പുറത്തുനിന്നുള്ളതല്ലെന്നാണ്. അതുപോലെ കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ നിയമസഭയില്‍വെയ്ക്കുന്നതിനാല്‍ കിഫ്ബിയുടെ വായ്പകള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ സി.എ.ജിയോട് വിശദീകരിച്ചത്. എന്നാല്‍, ഈ മറുപടി നിലനില്‍ക്കുന്നതല്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. കിഫ്ബിക്ക് സ്വന്തം നിലയില്‍ വരുമാനമില്ല. സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തില്‍നിന്നുവേണം കിഫ്ബിയുടെ കടബാധ്യതകള്‍ നേരിടാന്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ബാധ്യതയാണ് എന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ബജറ്റ് രേഖകളില്‍ കിഫ്ബിയുടെ വായ്പകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും പരാമര്‍ശിക്കാത്തതിനാല്‍ അതിന് നിയമസഭയുടെ അംഗീകാരമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.എ.ജി പറയുന്നു.

ബജറ്റിലില്ല ഈ കണക്കുകള്‍

2019-'20 സാമ്പത്തിക വര്‍ഷം മാത്രം 1930.04 കോടി രൂപ ബജറ്റിനു പുറത്ത് കിഫ്ബി സമാഹരിച്ചതായാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. ഈ വരവോ ചെലവോ സംസ്ഥാനത്തിന്റെ ഫിനാന്‍സ് അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുമില്ല. 2017-2020 സാമ്പത്തിക വര്‍ഷം കിഫ്ബി നടത്തിയ ധനസമാഹരണം 5,036.61 കോടിയാണ്. ഇന്ത്യയ്ക്ക് അകത്തുള്ള അഞ്ച് ബാങ്കുകളില്‍നിന്നു മാത്രം 2150 കോടി രൂപയുടെ ദീര്‍ഘകാല വായ്പകള്‍ കിഫ്ബി എടുത്തു. എസ്.ബി.ഐയില്‍നിന്ന് 800 കോടി, ഇന്ത്യന്‍ ബാങ്കില്‍നിന്ന് 500 കോടി, സിന്‍ഡിക്കേറ്റ് ബാങ്കില്‍നിന്ന് 200 കോടി, കോര്‍പ്പറേഷന്‍ ബാങ്കില്‍നിന്ന് 150 കോടി, സിന്‍ഡിക്കേറ്റ് ബാങ്കില്‍നിന്ന് 200 കോടി, യൂണിയന്‍ ബാങ്കില്‍നിന്ന് 500 കോടി എന്നിങ്ങനെ കടമെടുത്തിട്ടുണ്ട്. ഇതിനു പുറമേ നബാര്‍ഡില്‍നിന്ന് 564 കോടിയോളം രൂപയും കടമെടുത്തു. പ്രവാസി ചിട്ടിയില്‍നിന്ന് 115 കോടിയോളം സമാഹരണവും നടത്തി. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്ന് 57 കോടി വായ്പയുമെടുത്തു. മസാലബോണ്ടില്‍നിന്ന് ഇതുവരെ സമാഹരിച്ചത് 2150 കോടിയും. 2017 മുതല്‍ 2020 സാമ്പത്തിക വര്‍ഷം വരെ ഈ വായ്പകളുടെ എല്ലാം പലിശയായി കിഫ്ബി ഇതുവരെ നല്‍കിയത് 353.21 കോടി രൂപയാണെന്ന് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു.

10 മുതല്‍ 12 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് ഈ വായ്പകള്‍ പലതും എടുത്തത്. പലിശ 8.35 മുതല്‍ 9 ശതമാനം വരെ. ചിലത് മാസം തോറും തിരിച്ചടയ്ക്കണം. ചിലതാകട്ടെ, മൂന്നുമാസം കൂടുമ്പോഴും. അനുവദിച്ച കടം പൂര്‍ണ്ണമായും എടുത്താല്‍ ഏകദേശം 2800 കോടി പലിശയിനത്തില്‍ത്തന്നെ നല്‍കണം. കിഫ്ബിയുടെ തന്നെ 2019-'20ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം വായ്പത്തുകയും ചേര്‍ത്ത് ആകെ ബാധ്യത 5800 കോടിയാണ്. ഇത് കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കാണ്. കഴിഞ്ഞവര്‍ഷം പുതുതായി എടുത്ത കടങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. ഇവയ്‌ക്കെല്ലാം പുറമേയാണ് പ്രവാസിമലയാളികളില്‍നിന്നു വാങ്ങിയ കടം. രണ്ട് രീതിയിലാണ് ഇതിന്റെ ബാധ്യത. ആദ്യത്തേത് കേരള സ്റ്റേറ്റ് ഫിനാന്‍സ് എന്റര്‍പ്രൈസസിന്റെ പ്രവാസി ചിട്ടിപ്പണം കിഫ്ബി കൈപ്പറ്റുന്നു. ഓരോ മാസവും 2500 രൂപ മുതല്‍ 40,000 രൂപ വരെ 25 മുതല്‍ 40 മാസം വരെ നീളുന്ന, ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വരുന്ന ചിട്ടികളില്‍ നിക്ഷേപിക്കുന്നു. ഈ നിക്ഷേപം വരവ് വയ്ക്കുന്നത് കിഫ്ബിയുടെ ബോണ്ടുകളാണ്. പദ്ധതികള്‍ക്കു വേണ്ടി ഈ പണം ഉപയോഗിക്കുന്നു. 2021 ഫെബ്രുവരി 15 വരെ ബോണ്ടിനത്തില്‍ 269 കോടിയും സെക്യൂരിറ്റി ബോണ്ടിനത്തില്‍ 55 കോടി രൂപയും ബാധ്യതയ്ക്കായി കിഫ്ബിയുടെ ന്യൂസ് ലെറ്ററില്‍ പറയുന്നു. സി.എ.ജിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 125 കോടി രൂപയാണ് ഈയിനത്തിലുള്ളത്.

ഡോ. തോമസ് ഐസക്

മറ്റൊരു ബാധ്യത നോര്‍ക്കയുമായി ചേര്‍ന്നുള്ള പ്രവാസി ഡിവിഡന്റ് പദ്ധതിയാണ്. മൂന്നുലക്ഷം മുതല്‍ 51 ലക്ഷം വരെ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ നാലാമത്തെ വര്‍ഷം മുതല്‍ 10 ശതമാനം നിരക്കില്‍ പ്രതിമാസ ഡിവിഡന്റ് കിട്ടും. ഡിവിഡന്റിന്റെ ഒരു ശതമാനം സര്‍ക്കാരും ബാക്കി ഒമ്പതു ശതമാനം കിഫ്ബിയുമാണ് നല്‍കുക. കിഫ്ബിയുടെ ന്യൂസ് ലെറ്റര്‍ പ്രകാരം 2021 ഫെബ്രുവരി 15 വരെ ഈയിനത്തില്‍ 162 കോടി രൂപയുടെ ബാധ്യതയുണ്ട്. ഈ മുതലും പലിശയും എങ്ങനെയാണ് കിഫ്ബി തിരിച്ചടയ്ക്കുക. ഇതുതന്നെയാണ് സി.എ.ജി ഉയര്‍ത്തുന്ന ആശങ്കയും. സ്വന്തം വരുമാനമില്ലാത്ത കിഫ്ബിയുടെ ബാധ്യത ഫലത്തില്‍ സര്‍ക്കാരിന്റെ ബാധ്യത തന്നെയാണെന്ന് സി.എ.ജി പറയുന്നു. അതായത് കിഫ്ബിയുടെ പദ്ധതിച്ചെലവിനായും കടം തിരിച്ചടവിനായും സര്‍ക്കാര്‍ വാഹനനികുതിയുടെ ഒരു ഭാഗവും പെട്രോള്‍ സെസ്സും നീക്കിവച്ചിട്ടുണ്ട്. വാഹനനികുതിയുടെ വിഹിതം 10 ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും 10 ശതമാനം വര്‍ദ്ധിക്കും. അതായത് അഞ്ചാം വര്‍ഷത്തില്‍ ഈ വരുമാനത്തിന്റെ 50 ശതമാനമാണ് നീക്കിവയ്ക്കുക. പെട്രോള്‍ ലിറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് നീക്കിവയ്ക്കുക. 
പലിശ അടയ്ക്കുന്നത് സര്‍ക്കാര്‍ വരുമാനത്തില്‍ നിന്നുമാണ്. സ്വാഭാവികമായും ഈ കണക്കുകള്‍ സര്‍ക്കാരിന്റെ ഫിനാന്‍സ് ബുക്കിലോ ബജറ്റിലോ രേഖപ്പെടുത്തേണ്ടതാണ്. കിഫ്ബിയുടെ ബാധ്യത സര്‍ക്കാരില്‍നിന്ന് ഈടാക്കുന്നത് തടയാന്‍ നിയമവും പര്യാപ്തമല്ല അതുകൊണ്ടുതന്നെ കിഫ്ബിയുടെ ബാധ്യത സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇതൊന്നും നിയമസഭയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 203 (2)ന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. 2016-'20 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പെട്രോള്‍-ഡീസല്‍ സെസ് വഴി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിക്ക് നല്‍കിയത് 1921.11 കോടിയാണ്. മോട്ടോര്‍വാഹന നികുതി ഇനത്തില്‍ നല്‍കിയത് 3651.74 കോടിയും. അതായത് നാലു സാമ്പത്തിക വര്‍ഷങ്ങളിലായി 5572.85 കോടി രൂപ സര്‍ക്കാര്‍ കിഫ്ബിക്കു നല്‍കി. ഇതിനു പുറമേ ടെക്നിക്കല്‍ അസിസ്റ്റന്റ് ഫണ്ട് എന്ന പേരില്‍ 74.14 കോടിയും വികസനഫണ്ട് എന്ന പേരില്‍ 2495 കോടിയും നല്‍കി. നാലു സാമ്പത്തിക വര്‍ഷങ്ങളിലായി നല്‍കിയത് 2572 കോടി രൂപ.

വാഹന വില്‍പ്പനയിലും പെട്രോള്‍ ഉപയോഗത്തിലും ഇടിവ് വരാതിരിക്കുകയും അവയില്‍ നിന്നുള്ള നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കിഫ്ബിക്ക് തുടര്‍ന്നും വരുമാനമുണ്ടാകും. വാഹനവില്‍പ്പനയും പെട്രോള്‍ ഉപയോഗവും വര്‍ദ്ധിച്ചാല്‍ വരുമാനം കൂടും. എന്നാല്‍, പെട്രോള്‍ ഉള്‍പ്പെടെയുള്ളവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ഏറി വരികയാണ്. സാമ്പത്തികരംഗത്തെ മുരടിപ്പ് മാറാത്തതുകൊണ്ട് വാഹനവില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തുന്നു. കിഫ്ബിയുടെ ചില പദ്ധതികള്‍ തനത് വരുമാനം നേടുന്നവയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് എത്രത്തോളമെന്ന് വ്യക്തമല്ല. കിഫ്ബിയുടെ വരുമാനത്തിലെ കുറവ് നികത്തുന്നത് സര്‍ക്കാര്‍ സ്വന്തം ബാധ്യതയായി ഏറ്റെടുത്തിട്ടുമുണ്ട്. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സിഇഒ കെഎം എബ്രഹാം കാര്യങ്ങള്‍ വിശദീകരിക്കുന്നു

പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നിന്റെ പങ്ക് കിഫ്ബിക്കായി സ്ഥിരമായി മാറ്റിവയ്ക്കുന്നത് പുതിയൊരു കീഴ്വഴക്കമാണ് സൃഷ്ടിക്കുക. അതായത് കിഫ്ബിക്കുള്ള വിഹിതം കഴിഞ്ഞുള്ള വരുമാനമേ മറ്റു പദ്ധതികള്‍ക്കായി കിട്ടൂ. പ്രകൃതിദുരന്തം, പകര്‍ച്ചവ്യാധി എന്നിവ മൂലമുള്ള അപ്രതീക്ഷിത ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നുവരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കും കേന്ദ്രസഹായത്തിനും ചലഞ്ചിങ്ങ് ക്യാംപയിനുകള്‍ക്കും പരിമിതിയുണ്ട്. മറ്റു വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള ശേഷിയേയും ഇത് പ്രതികൂലമായി ബാധിക്കും. അതായത് കിഫ്ബി കടങ്ങള്‍ക്ക് അക്കൗണ്ട് സംവിധാനമുണ്ട്. രൊക്കം അടയ്ക്കുകയും വേണം. അതുകൊണ്ടുതന്നെ അത് മറ്റു ചെലവുകള്‍ക്കായി നീക്കിവയ്ക്കാനാകില്ല. എന്നാല്‍, മറ്റ് കടങ്ങള്‍ക്ക് ഒരു കണ്‍സോളിഡേറ്റഡ് സിങ്കിങ്ങ് ഫണ്ട് മാത്രമേയുള്ളൂ. 

പഴയ കടം വീട്ടാന്‍ വീണ്ടും പുതിയ വായ്പയെടുക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ പത്താം ധനകാര്യ കമ്മിഷന്‍ ഒരു ഫണ്ട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് റിസര്‍വ്വ് ബാങ്ക് കൈകാര്യം ചെയ്യുന്ന ഫണ്ടിലേക്കു മാറ്റാം. കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ നിക്ഷേപിക്കും. പൊതുകടത്തിന്റെ തിരിച്ചടവിന് ഇതിനു കിട്ടുന്ന പലിശ ഉപയോഗിക്കാം. ഈ ഫണ്ടിലേക്കുള്ള അടവ് മുടക്കരുതെന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്.  ഇതുവഴി വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സസ് പരിധിയിലും പലിശ ഇളവ് കിട്ടുമെന്നത് മാത്രമല്ല, കമ്പോളത്തില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക കടമെടുക്കാനും കഴിയും. 2016-ല്‍ കിഫ്ബി പുന:സംഘടിപ്പിച്ച ശേഷം ഈ ഫണ്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു നിക്ഷേപവും നടത്തിയിട്ടില്ലെന്ന് സി.എ.ജി കഴിഞ്ഞ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.