കോണ്‍ഗ്രസ് മുക്ത ഭാരതം എ.എ.പി വഴി സാധിക്കുമെങ്കില്‍ അത് നല്ല കാര്യമെന്നേ അവര്‍ കരുതൂ

കോണ്‍ഗ്രസ് മുക്ത ഭാരതം എ.എ.പി വഴി സാധിക്കുമെങ്കില്‍ അത് നല്ല കാര്യമെന്നേ അവര്‍ കരുതൂ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ജയിച്ച ആം ആദ്മി പാര്‍ട്ടി 12.92 ശതമാനം വോട്ടാണ് നേടിയത്

ഗുജറാത്തില്‍ പ്രതീക്ഷിത വിജയം നേടിയില്ലെങ്കിലും അതിരറ്റ ആത്മവിശ്വാസത്തോടെയാണ് അരവിന്ദ് കെജ്രിവാള്‍ ഫലപ്രഖ്യാപനത്തിനു ശേഷം പ്രത്യക്ഷപ്പെട്ടത്. ഹൈന്ദവ താല്പര്യങ്ങളെ വൈകാരികമായും രാഷ്ട്രീയമായും സംരക്ഷിക്കുന്ന എ.എ.പിയുടെ ദേശീയ പാര്‍ട്ടിപദവിയിലേക്കുള്ള സ്ഥാനാരോഹണമായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനത്തില്‍ നിറഞ്ഞുനിന്നത്. ഗുജറാത്ത് ബി.ജെ.പിയുടെ കോട്ടയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ആ കോട്ടയില്‍ ഞങ്ങള്‍ക്ക് വിള്ളലുണ്ടാക്കാന്‍ സാധിച്ചു. 13 ശതമാനം വോട്ടുവിഹിതം ഞങ്ങള്‍ക്കു നേടാനായി. നിയമപ്രകാരം ആം ആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയെന്നു വിളിക്കാന്‍ ഈ വോട്ടുവിഹിതം മതി. പത്തു വര്‍ഷം കൊണ്ട് പാര്‍ട്ടി രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുമുണ്ടാക്കി-ഇതായിരുന്നു കെജ്രിവാളിന്റെ വിജയപ്രഖ്യാപനത്തിലെ വാക്കുകള്‍. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ജയിച്ച ആം ആദ്മി പാര്‍ട്ടി 12.92 ശതമാനം വോട്ടാണ് നേടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ച് ദേശീയ പാര്‍ട്ടി പദവി ലഭിക്കണമെങ്കില്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍നിന്ന് ആറു ശതമാനം വോട്ടെങ്കിലും നേടണം. ഇതല്ലെങ്കില്‍ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സംസ്ഥാനകക്ഷി പദവി വേണം. ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എ.എ.പി മത്സരിച്ചിരുന്നു. ഗോവയില്‍ രണ്ട് സീറ്റും 6.77 ശതമാനം വോട്ടുവിഹിതവും നേടി. ഗുജറാത്തില്‍ ആറു ശതമാനത്തിലധികം വോട്ട് ലഭിച്ചതോടെ ദേശീയ പാര്‍ട്ടി പദവിക്ക് എ.എ.പി അര്‍ഹവുമാണ്. പക്ഷേ, ആം ആദ്മിയുടെ ദേശീയ രാഷ്ട്രീയപ്രവേശം നിലവിലെ രാഷ്ട്രീയഘടനയില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ആശങ്ക നിലനില്‍ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വീക്ഷണത്തെക്കുറിച്ചും ദേശീയ സ്വഭാവത്തെക്കുറിച്ചും നാളിതുവരെയുള്ള സംഭവങ്ങള്‍ ആ ആശങ്ക ബലപ്പെടുത്തുന്നു.

ഒരു ദശാബ്ദത്തെ മാറ്റം

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, 2012 നവംബര്‍ 26-നാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. അന്ന് ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ഹനുമാന്റോഡിലുള്ള സ്റ്റുഡിയോയില്‍ ഒരു വീഡിയോ ക്ലിപ്പ് ഷൂട്ട് ചെയ്യാനെത്തിയ കെജ്രിവാളിനെ പലരും ഓര്‍ക്കുന്നവരുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ മുഖത്ത് പതര്‍ച്ച ദൃശ്യമായിരുന്നു. ചെറിയൊരു വീഡിയോ ഷൂട്ട് ചെയ്യാന്‍ പലതവണ റീടേക്കുകള്‍ എടുക്കേണ്ടിവന്നു. ക്യാമറയും മൈക്രോഫോണും അദ്ദേഹത്തിന് പക്ഷേ, അപരിചിതമായിരുന്നില്ല. വലിയ ജനക്കൂട്ടത്തെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ വലിയ ജനക്കൂട്ടത്തെ അദ്ദേഹം ഇതുവരെ ജീവിതത്തില്‍ നേരിട്ടിരുന്നില്ല. പിന്നീടുള്ള ഒരു ദശാബ്ദക്കാലയളവ് കെജ്രിവാളിനെ മാറ്റിമറിച്ചു. വിമര്‍ശനങ്ങളെ നിസ്സാരവല്‍ക്കരിച്ച് കെജ്രിവാള്‍ മൂന്നുതവണ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി. പാര്‍ട്ടി രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പഞ്ചാബില്‍ സര്‍ക്കാരുണ്ടാക്കാനായി. അങ്ങനെ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ പലതുണ്ട് കെജ്രിവാള്‍ എന്ന രാഷ്ട്രീയ മാന്ത്രികന്.

അഴിമതിയില്‍നിന്നും രാജ്യത്തെ മോചിപ്പിക്കാനിറങ്ങിയ അന്നാ ഹസാരെയുടെ ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനമാണ് രൂപാന്തരം പ്രാപിച്ച് ആം ആദ്മിയായി മാറിയത്. ജന്‍ ലോക്പാല്‍ ആവശ്യമുയര്‍ത്തിയുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ സംഘാടകനായി കടന്നുവന്ന കെജ്രിവാളും മറ്റു നേതാക്കളും ചേര്‍ന്ന് എ.എ.പി രൂപീകരിച്ചു. ഹസാരെ വഴിപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്‍ നേതാവായി മാറി. ക്ഷേമരാഷ്ട്രീയമായിരുന്നു ആയുധം. സൗജന്യങ്ങളിലൂടെ മധ്യവര്‍ഗ്ഗത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ എ.എ.പിക്ക് കഴിഞ്ഞു. 2013-ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ എ.എ.പി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി. ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ കക്ഷിയെങ്കിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ലായിരുന്നു. കോണ്‍ഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ എ.എ.പി സര്‍ക്കാരുണ്ടാക്കി. കെജ്രിവാള്‍ മുഖ്യമന്ത്രിയായി. 

ജനപക്ഷ രാഷ്ട്രീയമാണ് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ബദല്‍ എന്ന് ചില നിരീക്ഷകര്‍ കരുതി. കോണ്‍ഗ്രസ്സിന് ഇനി ഭാവിയില്ലെന്നും ചെറുത്തുനില്‍പ്പ് എ.എ.പിയെപ്പോലുള്ള പാര്‍ട്ടികളിലൂടെ വേണമെന്നും അവര്‍ വാദിച്ചു. ബി.ജെ.പിയുമായുള്ള വാക്പോരും രാഷ്ട്രീയ പോരാട്ടവുമൊക്കെ തുടര്‍ന്നെങ്കിലും ആദ്യതവണയൊഴിച്ച് പിന്നീട് ഒരിക്കല്‍പ്പോലും പ്രകോപനപരമായ ഇടപെടലുകള്‍ കെജ്രിവാള്‍ നടത്തിയിട്ടില്ലെന്നതാണ് രസകരം. ഒപ്പം ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തോടൊപ്പം നില്‍ക്കാതിരിക്കാനും ശ്രദ്ധിച്ചു. ജനാധിപത്യസമൂഹത്തില്‍ എങ്ങനെയാണ് അരാഷ്ട്രീയത പടര്‍ത്തുന്നത് എന്നതിന് പ്രത്യക്ഷ ഉദാഹരണമായി ആം ആദ്മിയുടെ ഭരണം മാറി. വര്‍ത്തമാനകാലത്ത് ഹിന്ദുത്വത്തിന്റെ ബദല്‍ സാധ്യതകള്‍ തേടുകയായിരുന്നു ആം ആദ്മി. ബദലെന്നാല്‍ വ്യത്യസ്തമായ ഒന്നായിരുന്നില്ല അത്. രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് നടത്തിയ മൃദുഹിന്ദുത്വ സമീപനത്തേക്കാള്‍ പ്രകടവും തീവ്രവുമായിരുന്നു അത്. സംവരണ വിരുദ്ധരും അതിദേശീയവാദികളുമായ ഈ സിവില്‍ സംഘത്തിന്റെ രാഷ്ട്രീയ അടിത്തറ സ്വാഭാവികമായും ഹിന്ദുത്വരാഷ്ട്രീയം തന്നെയായിരുന്നു. 

പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിലടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പിയുടേയും മോദിയുടേയും ഒപ്പമായിരുന്നു കെജ്രിവാള്‍. അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മിതിക്ക് മോദി കാര്‍മ്മികത്വം വഹിക്കുമ്പോള്‍ ആ ക്ഷേത്രത്തിലേക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്താണ് എ.എ.പി ഭക്തി തെളിയിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഹിന്ദുത്വ കാര്‍ഡ് കെജ്രിവാള്‍ ഇത്തവണയും പയറ്റിയിരുന്നു. ലക്ഷ്മിദേവിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സികളില്‍ പതിക്കണമെന്നതായിരുന്നു അതിലൊന്ന്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലാകട്ടെ, അഴിമതിക്കെതിരെ രാമരാജ്യം സ്ഥാപിക്കാനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നതെന്ന് പ്രചരണം നടത്തി. ഹനുമാന്‍ ചാലിസ ചൊല്ലിയും ദേശീയത സ്‌കൂളില്‍ പഠിപ്പിക്കണമെന്നുമൊക്കെ വാദിക്കുകയും ചെയ്യുന്ന കെജ്രിവാള്‍ നിശ്ശബ്ദനാകേണ്ട വിഷയങ്ങളില്‍ അത് പാലിക്കുകയും ചെയ്യുന്നു. ഇത്തവണ ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വെറുതേവിട്ട നടപടിയില്‍ ആം ആദ്മി തികഞ്ഞ മൗനം പാലിച്ചു. 

അരവിന്ദ് കെജ്രിവാള്‍

ആം ആദ്മി ഹിന്ദുത്വ

നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ സമൂഹത്തിലെ സാംസ്‌കാരിക സ്വാധീനമാണ് ആര്‍.എസ്.എസിന്റെ പ്രഥമലക്ഷ്യം. കേവലമായ രാഷ്ട്രീയ അധികാരത്തിനപ്പുറം തങ്ങളുടെ ഭൂരിപക്ഷാധിപത്യത്തെ പിന്‍പറ്റുന്ന പ്രത്യയശാസ്ത്രത്തിന്റെ സര്‍വ്വമേഖലകളിലുമുള്ള സ്വാധീനമായിരുന്നു എക്കാലവും ലക്ഷ്യം. അതുകൊണ്ട് തങ്ങളുടെ പദ്ധതികള്‍ മറ്റൊരു കൂട്ടര്‍ നടപ്പാക്കുന്നതും അവര്‍ സ്വാധീനശക്തിയാകുന്നതും ആര്‍.എസ്.എസിനെ സംബന്ധിച്ച് ഗുണകരം തന്നെയാണ്. മോദിയും അമിത്ഷായും ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുക്ത ഭാരതം എ.എ.പി വഴി സാധിക്കുമെങ്കില്‍ അത് നല്ല കാര്യമെന്നേ അവര്‍ കരുതൂ. ഡല്‍ഹിയില്‍നിന്ന് കോണ്‍ഗ്രസ് പുറത്തായതുപോലെ. ഇപ്പോള്‍ ഗുജറാത്തിലും മറ്റൊന്നല്ല സംഭവിച്ചത്. ഏതായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വത്തിന്റെ സ്വാഭാവികവല്‍ക്കരണത്തിന് ആം ആദ്മിയുടെ 'ദേശീയ പദവി' ആക്കം കൂട്ടുമെന്ന് കാര്യത്തില്‍ സംശയമില്ല.

എങ്കിലും സമീപഭാവിയിലെങ്കിലും ബി.ജെ.പി ആം ആദ്മിയെ ഭയക്കുന്നുവെന്നതാണ് ഗുജറാത്ത് ഫലം തരുന്ന സൂചനകളിലൊന്ന്. ഗുജറാത്തിലെ പോര് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണെന്നാണ് മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണകാലയളവിലുടനീളം ആവര്‍ത്തിച്ചത്. ആം ആദ്മി പാര്‍ട്ടിയെ പരമാവധി അവഗണിക്കുകയായിരുന്നു. അതേസമയം ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ക്യാബിനറ്റ് മന്ത്രിമാരേയും മുഖ്യമന്ത്രിമാരേയും രംഗത്തിറക്കി പ്രചരണം ബി.ജെ.പി കൊഴുപ്പിക്കുയും ചെയ്തു. ഗുജറാത്തില്‍ 15-20 ശതമാനം വരെ വോട്ടുവിഹിതം ആം ആദ്മി നേടുമെന്നത് തന്നെയായിരുന്നു ബി.ജെ.പിയുടെ കടുത്ത ആശങ്ക. ആം ആദ്മി ഗുജറാത്തില്‍ നേട്ടം കൊയ്യാതിരിക്കാന്‍ മോദിയും അമിത് ഷായും ആവുന്നതെല്ലാം ചെയ്തു. ആം ആദ്മിയുടെ നേതാക്കള്‍ക്കെതിരേ കേസുകള്‍ ചുമത്തി. കേന്ദ്ര ഏജന്‍സികള്‍ റെയ്ഡുകള്‍ നടത്തി. കെജ്രിവാള്‍ അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. 

ആം ആദ്മിയുടെ വരവ് ഫലത്തില്‍ ഗുണം ചെയ്തതും ബി.ജെ.പിക്കാണ്. സൗരാഷ്ട്രയില്‍ നിന്നാണ് ആം ആദ്മി 20 ശതമാനം വോട്ടുവിഹിതം പ്രതീക്ഷിച്ചത്. എന്നാല്‍, കോണ്‍ഗ്രസ്സിനു ശക്തിയുള്ള സൗരാഷ്ട്രയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് ആം ആദ്മിയുടെ സാന്നിധ്യം സഹായകമായി. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കൂടിയായപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിലയായ 156 സീറ്റ് ബിജെപി നേടുകയും ചെയ്തു. 2017-ല്‍ 41 ശതമാനം വോട്ടുവിഹിതം നേടിയ കോണ്‍ഗ്രസ്സിന് 14 ശതമാനം വോട്ടുവിഹതമാണ് നഷ്ടമായത്. 27 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ്സിനു കിട്ടിയത്. അതായത് കോണ്‍ഗ്രസ്സിനു കിട്ടേണ്ട വോട്ടുകള്‍ ആം ആദ്മിക്കു പോയെന്ന് അര്‍ത്ഥം. ബി.ജെ.പിയുടെ വോട്ടുവിഹിതം 2017-ല്‍ 49 ശതമാനമായിരുന്നത് ഇത്തവണ 52 ശതമാനമായി. 

വോട്ടുവിഹിതത്തില്‍ മൂന്നു ശതമാനം വര്‍ദ്ധനയെയുള്ളൂവെങ്കിലും 2017-ലേതിനെക്കാള്‍ 57 സീറ്റുകളാണ് ബി.ജെ.പിക്ക് അധികം ലഭിച്ചത്. അതായത് 57 ശതമാനം വര്‍ദ്ധന. ആം ആദ്മിയില്ലായിരുന്നെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. ഒരുപക്ഷേ, സൗരാഷ്ട്രയിലെങ്കിലും ബി.ജെ.പിയുടെ മുന്നേറ്റത്തിനു തടയിടാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞേനേ. ചുരുക്കിപ്പറഞ്ഞാല്‍ ആം ആദ്മിയെ അതിന്റെ വഴിയേ വിടാന്‍ ബി.ജെ.പി തയ്യാറായി. രണ്ടുകൂട്ടര്‍ക്കും അതിന്റെ നേട്ടമുണ്ടാകുകയും ചെയ്തു. ബി.ജെ.പിയാല്‍ വേട്ടയാടപ്പെട്ടെങ്കിലും ഫലത്തില്‍ അവര്‍ക്കു തന്നെ ഗുണകരമായ ആയുധമായി ആം ആദ്മി ഗുജറാത്തില്‍ മാറിയെന്നതാണ് വസ്തുത.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com