കലയ്ക്കു വേണ്ടിയുള്ള കലയെ എതിര്‍ത്ത പ്രമുദ്യ

By റ്റി.ജെ.എസ്. ജോര്‍ജ്  |   Published: 24th February 2022 04:11 PM  |  

Last Updated: 24th February 2022 04:11 PM  |   A+A-   |  

tjs

 

റൊമാന്റിക്ക് പ്രസ്ഥാനത്തിന്റെ ഘോഷയാത്രയുടെ വാലില്‍ തൂങ്ങി നേരമ്പോക്കുകള്‍ മെനയലല്ല, ചുറ്റുപാടുകളുടെ കാര്‍ക്കശ്യം പച്ചയായി കാണിക്കലാണ് പുതിയ എഴുത്തുകാരന്റെ കര്‍ത്തവ്യമെന്ന് ജയിലില്‍ പിറന്ന ആദ്യ കൃതികള്‍ വിളിച്ചുപറഞ്ഞു. ചോരയില്‍ മുക്കിയ നോവലുകളായിരുന്നു രണ്ടും-ഒളിപ്പോരുകാരന്റെ കുടുംബം (കെലുഅര്‍ഗ ഗെറില്യ), അഭയാര്‍ത്ഥി (പെര്‍ബുറുഅന്‍). മുപ്പതു കൊല്ലത്തോളം പ്രമുദ്യയുടെ ഏറ്റവും അറിയപ്പെട്ട നോവല്‍ എന്ന സ്ഥാനം 'ഗെറില്യ'ക്കായിരുന്നു; മനുഷ്യന്റെ ഭൂമി (ബൂമി മനുസ്യ) 1980-ല്‍ ഇറങ്ങുന്നതുവരെ. 'ഗെറില്യ'യുടെ കയ്യെഴുത്തുപ്രതി ജയിലില്‍നിന്ന് ഒളിവില്‍ കടത്തി പ്രസാധകന്മാരെ ഏല്പിക്കുകയായിരുന്നു. അതു പ്രസിദ്ധപ്പെടുത്തിയ 1950-ല്‍ മികച്ച നോവലിന് ഗവണ്‍മെന്റ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 'അഭയാര്‍ത്ഥി'ക്കും ലഭിച്ചു. അങ്ങനെ ആദ്യത്തെ നോവലുകള്‍കൊണ്ടുതന്നെ പ്രമുദ്യ സാഹിത്യലോകത്ത് ഔന്നത്യങ്ങളിലെത്തിച്ചേര്‍ന്നു.

കഥകളുടെ തുളച്ചുകയറുന്ന ശൗര്യവും കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സാര്‍വ്വലൗകിക തത്ത്വശാസ്ത്രവും ജനലക്ഷങ്ങളുടെ അനുഭവങ്ങളോടുള്ള സാംഗത്യവും ജയില്‍ നോവലുകള്‍ക്ക് മഹത്വമേകി. മേധാവികള്‍ക്കെതിരായി ജനങ്ങള്‍ നടത്തിയ തീവ്രസമരത്തിന്റെ ജ്വരം ഓരോ വാക്കിലും തുടിക്കുന്ന നോവലാണ് 'ഗെറില്യ'. അഭ്യസ്തവിദ്യനെങ്കിലും ആട്ടോറിക്ഷാ ഡ്രൈവറായി ജക്കാര്‍ത്തയിലെ ഒരു ചേരിയില്‍ താമസിച്ച് ഒളിവില്‍ ഗൂഢസംഘത്തിലെ അംഗമായി പൊരുതുന്ന സാമന്‍ എന്ന യുവാവിന്റെ കുടുംബം അനുഭവിക്കുന്ന യാതനകളാണ് കഥാസാരം. സാമന്റെ കൂടെ അമ്മയും സഹോദരിയും സഹോദരിയുടെ പ്രതിശ്രുത വരനും ഉണ്ട്. ഡച്ചു പട്ടാളം സാമനെ പിടികൂടുന്നു. വധശിക്ഷയാണ് കോടതി നിശ്ചയിക്കുന്നത്. രക്ഷപ്പെടാന്‍ മൂന്ന് ഉപാധികളുണ്ട്: ജയില്‍ ചാടുക, അപ്പീല്‍ ബോധിപ്പിക്കുക, മാപ്പപേക്ഷിക്കുക. മൂന്നും നിരാകരിച്ച്, അടുത്ത ദിവസം തന്നെ വധശിക്ഷ നിര്‍വ്വഹിക്കണമെന്ന് സാമന്‍ ജയില്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുന്നു. മരണത്തില്‍ അയാള്‍ ജന്മസാഫല്യം കണ്ടെത്തുന്നു.

ഏതു സംസ്‌കാരത്തിലും സുപരിചിതമായ വെറുമൊരു സാധാരണ കഥാതന്തു. പക്ഷേ, പ്രതിപാദനത്തിലൂടെ കഥാകൃത്ത് തന്റേതായ സൂക്ഷ്മാര്‍ത്ഥം കുറിക്കുന്നു. സാധാരണ ബന്ധങ്ങള്‍ക്ക് അസാധാരണത്വം നല്‍കിക്കൊണ്ട് അദ്ദേഹം മനുഷ്യഹൃദയങ്ങളുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങുന്നു അതേസമയം കഥാപാത്രങ്ങള്‍ക്ക് ക്ലാസ്സിക്കല്‍ തോതിലുള്ള പരിമാണം കല്പിച്ച് അവരുടേതായ ഉയരങ്ങളിലേയ്ക്ക് കയറുന്നു. കഷ്ടപ്പാടില്‍പ്പെട്ടവരുടെ പ്രതികരണങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ പ്രത്യേകമായ അനുഭവങ്ങള്‍ പ്രപഞ്ചസത്യങ്ങളായി പ്രത്യക്ഷപ്പെടുന്നുവെന്നതാണ് പ്രമുദ്യയുടെ പ്രധാന വിജയരഹസ്യം. വിപ്ലവകാരി രചനാസമ്പ്രദായത്തിന്റെ പ്രത്യേകതയാല്‍ പാരമ്പര്യവാദിയാകുന്നതാണ് മറ്റൊന്ന്.

ജനതയ്ക്കുവേണ്ടിയുള്ള ധര്‍മ്മയുദ്ധം

കഥയുടെ ഗതിവിഗതികള്‍ ശ്രദ്ധിക്കുക. രാജ്യഭക്തിയുടെ പേരില്‍ കുടുംബത്തിനുള്ളില്‍ പിളര്‍പ്പുണ്ട്. അച്ഛന്‍ സാമ്രാജ്യ മേധാവികളോടു കൂറു പുലര്‍ത്തുന്നു; മക്കള്‍ അവര്‍ക്കെതിരായി സമരം നടത്തുന്നു. സാമന്‍ ജക്കാര്‍ത്തയിലെ ഗൂഢസംഘത്തില്‍ അംഗമായതുപോലെ അനുജന്‍ കാര്‍ത്തിമന്‍ ഗറില്ലാഭടനായി കാടുകളില്‍ കഴിയുന്നു. നോവലിലെ കഥാകഥനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ രാജ്യദ്രോഹിയായ അച്ഛനെ മക്കള്‍ ഒത്തുകൂടി കൊന്നു കഴിഞ്ഞിരിക്കുന്നു. വധശിക്ഷയ്ക്കു വിധേയനായ സാമന്റെ ശവം കണ്ട് അമ്മ ഭ്രാന്തിയായി മാറുന്നു. സാമനെ രക്ഷിക്കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് സഹോദരി തന്റെ ചാരിത്ര്യം ഒരു സര്‍ക്കാര്‍ കിങ്കരനു കാഴ്ചവെയ്ക്കുന്നു. അങ്ങെവിടെയോ ഒരു സംഘട്ടനത്തില്‍ കാര്‍ത്തിമനും വെടിയേറ്റു മരിക്കുന്നു.

സര്‍വ്വം രക്തമയം, ദാരുണം. പക്ഷേ, ഇന്‍ഡൊനേഷ്യക്കാര്‍ക്കറിയാം എല്ലാം ജീവിതത്തില്‍നിന്ന് അതുപോലെ അടര്‍ത്തിവെച്ച പരമാര്‍ത്ഥങ്ങളാണെന്ന്. സംഭവങ്ങളും പ്രത്യാഘാതങ്ങളും അവര്‍ക്കു ചിരപരിചിതമായവ തന്നെ. പാത്രങ്ങളോ, കുട്ടികള്‍ക്കുപോലും മനപ്പാഠമായ മാതൃകകള്‍ അനുസരിച്ചു കടഞ്ഞെടുത്തവ. സാമനും അമ്മയും സഹോദരീ സഹോദരന്മാരും ജാവയിലെ പരമ്പരാഗതമായ ആചാരമര്യാദകള്‍ അവരുടെ അന്യോന്യമുള്ള പെരുമാറ്റത്തില്‍ പ്രകടിപ്പിക്കുന്നു. പ്രതീക്ഷിതമായ പാത്രധര്‍മ്മം ഓരോരുത്തരും നിര്‍വ്വഹിക്കുന്നു. അമ്മ എപ്പോഴും നഅനുശാസനങ്ങള്‍ നല്‍കുകയും മക്കളെക്കുറിച്ച് ഉല്‍ക്കണ്ഠ പ്രകടിപ്പിക്കയുമാണ്. മക്കള്‍ ചിലപ്പോള്‍ അനുസരിക്കും, മറ്റവസരങ്ങളില്‍ സ്‌നേഹത്തോടെ ഒഴിവുകഴിവുകള്‍ പറയും. മൂത്ത സഹോദരന്‍ എന്ന നിലയ്ക്ക് സാമന്‍ മറ്റുള്ളവരുടെ പഠിത്തത്തില്‍ ശ്രദ്ധവെയ്ക്കുന്നു, അവരെ ശാസിക്കുന്നു. സാമനെ അറസ്റ്റുചെയ്ത ശേഷം കുടുംബത്തിന്റെ കാരണവര്‍ സ്ഥാനം മകളുടെ പ്രതിശ്രുത വരന്‍ ഏറ്റെടുക്കുന്നു. അധികാരശ്രേണിയും പരസ്പരബന്ധങ്ങളും ജാവയിലെ പുരാതനമായ കീഴ്വഴക്കങ്ങളനുസരിച്ചു മാത്രം.

പാരമ്പര്യത്തിനു പുറമെ സമൂഹം ആരാധിക്കുന്ന ധര്‍മ്മാനുഷ്ഠാനവും കഥാപാത്രങ്ങള്‍ക്കു ശക്തിപകരുന്നുണ്ട്. ദൈനംദിന ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കുടുംബാംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നത്, അച്ഛന്റെ വധം പോലും ന്യായീകരിക്കാന്‍ പോന്നതും പരിശുദ്ധവുമായ സ്വാതന്ത്ര്യം എന്ന ലക്ഷ്യമാണ്. ഇന്‍ഡൊനേഷ്യ എന്ന പുതിയ രാജ്യത്ത് തലയുയര്‍ത്തി നടക്കാന്‍ വെമ്പുന്ന പുതിയ ജനതയ്ക്കുവേണ്ടിയുള്ള ധര്‍മ്മയുദ്ധം കഥയിലെ സംഭവങ്ങള്‍ക്ക് സംശയാതീതമായ പവിത്രത നല്‍കുന്നു. ആ വിശുദ്ധിയില്‍ വേരുറച്ചുനില്‍ക്കുന്നതാണ് സാമന്റെ പാത്രഗാംഭീര്യം. യാതനകള്‍ വര്‍ദ്ധിക്കുമ്പോള്‍ സാമന്റെ ആത്മീയശക്തി കൂടിവരുന്നതേ ഉള്ളൂ. ദുരിതങ്ങള്‍ അയാള്‍ക്ക് ഉള്‍ക്കരുത്തിന്റെ ഉറവിടമാണ്.

വധശിക്ഷയ്ക്കു വിധിച്ച സാമന്‍ നമ്രമുഖനാവുകയല്ല, അതികായനാവുകയായിരുന്നു. പെട്ടെന്ന് അയാളുടെ വ്യക്തിത്വം തടവറ നിറഞ്ഞുകവിയുന്നത്ര വലുതാവുന്നു. അയാള്‍ നമസ്‌കാരത്തിനു മുട്ടുകുത്തുമ്പോള്‍ മറ്റു ജയില്‍പ്പുള്ളികളും വാര്‍ഡര്‍മാരും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. അയാള്‍ നടക്കുമ്പോള്‍ മറ്റുള്ളവര്‍ നിശ്ശബ്ദരായി അകന്നുനിന്ന് ആദരിക്കുന്നു. ഡച്ചുകാരനായ ജയില്‍ ഗവര്‍ണര്‍ സന്ദര്‍ശനത്തിനെത്തിയത് കുറ്റവാളിയെ നിന്ദിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍, സാമന്റെ ജ്വലിക്കുന്ന നോട്ടത്തില്‍ അയാള്‍ വിളറിപ്പോകുന്നു. ജയിലിലെ കുറ്റവാളികളും ഗവര്‍ണറും തമ്മിലുള്ള ഒരേയൊരു വ്യത്യാസം നിയമം രക്ഷനല്‍കുന്ന കുറ്റവാളിയാണ് ഗവര്‍ണര്‍ എന്നത് മാത്രമാണെന്ന സത്യം സാമന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ഗവര്‍ണറുടെ ഗമ അടങ്ങി. സാമ്രാജ്യവാദികള്‍ കുറ്റവാളികളാണെന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായി. അയാള്‍ തന്നെയാണ് വധശിക്ഷ ഒഴിവാക്കാനുള്ള വഴികള്‍ സാമന് പറഞ്ഞുകൊടുക്കുന്നത്. അതൊന്നും ഗൗനിക്കാതെ എത്രയും വേഗം ശിക്ഷ നിറവേറ്റണമെന്നു മാത്രം ആവശ്യപ്പെട്ട സാമന്റെ ധീരോദാത്തതയും ആദര്‍ശശുദ്ധിയും ഗവര്‍ണര്‍ക്കുതന്നെ ഒരു ഗുണപാഠമായി. മരണം സ്വമനസ്സാലെ, തന്റേതായ വ്യവസ്ഥകളില്‍, തന്റേതായ സമയത്ത് സ്വീകരിക്കുക കാരണം സാമന്‍ വീരോചിതമായ മാഹാത്മ്യം പ്രാപിച്ചു.

അതുകൊണ്ടും കഥാകൃത്ത് പാത്രവികസനം അവസാനിപ്പിക്കുന്നില്ല. നീതിക്കും മനുഷ്യരാശിയുടെ നന്മയ്ക്കും വേണ്ടിയുള്ള സമരത്തിനിടയില്‍ സാമന്‍ പലരേയും കൊന്നിട്ടുണ്ട്. അതിലൊരാള്‍ മാത്രമാണ് സ്വന്തം അച്ഛന്‍. അവലക്ഷണം പിടിച്ച ഒരു നീചനായിട്ടാണ് ഡച്ചുകാരുടെ സില്‍ബന്തിയായ അച്ഛനെ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമെയൊ മാതൃകയിലുള്ള ഒരു ചെറിയ റോളാണ് അച്ഛനുള്ളതെങ്കിലും നോവലിലെ ശക്തിയുറ്റ പാത്രങ്ങളിലൊന്നാണയാള്‍. മക്കള്‍ കൂട്ടുചേര്‍ന്നു തന്നെ കശാപ്പു ചെയ്യാന്‍ തീരുമാനിച്ച ദിവസം അയാള്‍ വീട്ടില്‍ വന്നു കയറുന്ന രംഗം വികാരതീവ്രമാണ്. ഡച്ചു പട്ടാളം കൊടുത്ത 'മുപ്പതുവെള്ളി'യുടെ ബലത്തില്‍ കുടിച്ചു ലക്കില്ലാതെ ആടിക്കറങ്ങിയാണ് വന്നത്. അകത്തുകടന്ന് അറപ്പിക്കുന്ന രീതിയില്‍ ഛര്‍ദ്ദി തുടങ്ങുന്നു. സഹിക്കാനാവാത്ത വെറുപ്പോടെ മക്കള്‍ കാണുന്നത് ഛര്‍ദ്ദിച്ചു പുറത്തുചാടുന്ന വിസ്‌കിയും ഫോറിന്‍ ചോക്കലേറ്റു കഷണങ്ങളും വിലകൂടിയ മറ്റു പദാര്‍ത്ഥങ്ങളുമാണ്-വെള്ള രാജാക്കന്മാരുടെ ചെരിപ്പുനക്കികള്‍ക്കു മാത്രം കിട്ടിക്കൊണ്ടിരുന്ന വിദേശവസ്തുക്കള്‍. ആ നികൃഷ്ടനെ വകവരുത്തുന്നത് ഒരു പാപമായി വായനക്കാര്‍ക്കു കാണാന്‍ കഴിയാത്ത രീതിയിലാണ് അയാളുടെ സ്വഭാവവും ഛര്‍ദ്ദിരംഗവും ആവിഷ്‌കരിക്കപ്പെടുന്നത്.

എങ്കിലും കൊല കൊലയാണല്ലോ. എത്രയൊക്കെ ന്യായീകരിക്കാവുന്നതാണെങ്കിലും താന്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് പ്രായശ്ചിത്തം വേണമെന്ന ആഗ്രഹം സാമന്റെ വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്നു. സ്വമേധയാ സ്വീകരിക്കുന്ന മരണശിക്ഷ അങ്ങനെ മഹത്തായ പ്രായശ്ചിത്തമായും പരിണമിക്കുന്നു.

പ്രമുദ്യ അനന്ത തുർ

ഇതിനെല്ലാം ഉപരിയായി സാമനുവേണ്ടി ദൈവികമായ ശ്രേഷ്ഠത അനുവാചക ഹൃദയത്തില്‍ കിളിര്‍പ്പിക്കുവാനുതകുന്ന പ്രതീകാത്മകത്വവും കഥാകാരന്‍ ഉപയോഗിക്കുന്നുണ്ട്. സാമനില്‍ അര്‍ജ്ജുനന്റെ വൈശിഷ്ട്യങ്ങള്‍ പ്രകാശിപ്പിച്ചു കാണിക്കുക എന്നതാണ് ഈ ഉപാധി. ഇന്‍ഡൊനേഷ്യയിലെ പൗരാണിക സംസ്‌കാരത്തിന്റെ അകക്കാമ്പാണ് രാമായണ മഹാഭാരത കഥകള്‍. മുസ്ലിം രാജ്യമായിട്ടാണ് ഇന്‍ഡൊനേഷ്യ അറിയപ്പെടുന്നതെങ്കിലും ഇസ്ലാമിന്റെ വരവിനു മുന്‍പുണ്ടായിരുന്ന സാംസ്‌കാരിക പാരമ്പര്യം അതേപടി തുടരുന്നുണ്ട്; പ്രത്യേകിച്ച് ജാവയില്‍. അര്‍ജ്ജുനനും ധര്‍മ്മപുത്രനും ഭീമനും പാഞ്ചാലിയും രാമനും സീതയും മറ്റും ഹിന്ദുമതത്തിലെ ആരാധനാപാത്രങ്ങളാണ്. ഇന്ത്യയുടെ വകയാണ് എന്നൊന്നും ഇന്‍ഡൊനേഷ്യക്കാര്‍ ചിന്തിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം രാമായണ മഹാഭാരതാദികളിലെ നായകന്മാരും നായികമാരും ദൈവങ്ങളും അസുരന്മാരും ചതിയന്മാരും രാക്ഷസന്മാരുമെല്ലാം ഇന്‍ഡൊനേഷ്യയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള പൊതുസ്വത്താണ്. കഥകളിപോലെ നാടെങ്ങും നടക്കുന്ന വയാങ്ങ് എന്ന നിഴല്‍ക്കൂത്ത് (ഷാഡോ പ്ലേ) രാമായണത്തിലേയും ഭാരതത്തിലേയും കഥകളെ പണ്ടെന്നപോലെ ഇന്നും ജനഹൃദയങ്ങളില്‍ നിലനിര്‍ത്തുന്നു. അര്‍ജ്ജുനന്‍ എന്നാല്‍, ഏതു പൗരനും, അയാളുടെ മതവും രാഷ്ട്രീയവും എന്തായിരുന്നാലും നേരിട്ട് അറിയാവുന്ന ഒരു കഥാപാത്രമാണ്. കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റേയും ധീരതയുടേയും പര്യായമായി ജനതയുടെ മനസ്സില്‍ ഒരു വീരജേതാവായി അര്‍ജ്ജുനന്‍ നിറഞ്ഞുനില്‍ക്കുന്നു.

പ്രമുദ്യ പല കഥകളിലും അര്‍ജ്ജുന സ്വഭാവം ധ്വനിപ്പിക്കുന്ന പാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് സാമന്‍. ജയിലിലെ ഏകാന്തതയിലൂടെ ശക്തമായ ഉള്‍വീര്യം നേടുന്ന സാമന്‍ അര്‍ജ്ജുനന്റെ വ്രതനിഷ്ഠയെ അനുസ്മരിപ്പിക്കുന്നു. ധര്‍മ്മത്തിനുവേണ്ടി മറ്റുള്ളവരെ കൊല്ലുവാന്‍ പ്രേരിതനാകുന്ന സാമന്‍ ഗീതോപദേശം ആവശ്യമാകുന്ന അര്‍ജ്ജുനനായി കാണപ്പെടുന്നു. തിന്മയെ ഉന്മൂലനം ചെയ്യാനാണ് യുദ്ധത്തിലേര്‍പ്പെടുന്നതെങ്കിലും അര്‍ജ്ജുനന്‍ മനോവ്യഥ അനുഭവിച്ചു; അതുപോലെ സാമനും. ജയിലില്‍നിന്നു ചാടിപ്പോകാന്‍ ഗവര്‍ണര്‍ നല്‍കിയ പ്രേരണ, മലമുകളില്‍ ധ്യാനത്തിലേര്‍പ്പെട്ട അര്‍ജ്ജുനനെ വശീകരിക്കാന്‍ അപ്സരസ്സുകള്‍ ചെയ്ത ശ്രമത്തിനു തുല്യമായിത്തീരുന്നു. ഉപബോധ മനസ്സില്‍ വീരേതിഹാസകഥ അടിഞ്ഞുകൂടിക്കിടപ്പുള്ള ഇന്‍ഡൊനേഷ്യന്‍ വായനക്കാര്‍ക്ക്, സാമന്റെ കുടുംബത്തിന്റെ കഥ കരളിലേക്കു തറച്ചുകയറുന്ന ഘനഗംഭീരമായ അനുഭവമായിത്തീരുന്നു. ആ ഒറ്റ നോവലിന്റെ പേരില്‍ത്തന്നെ ശാശ്വതത്വം കൈവന്ന സാഹിത്യവല്ലഭനായി പ്രമുദ്യ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതില്‍ അത്ഭുതമില്ല.

പക്ഷേ, 'ഗെറില്യ'യോടൊപ്പം തന്നെ അവാര്‍ഡു നിലവാരത്തിലുള്ള 'അഭയാര്‍ത്ഥി'യും പുറത്തുവന്നു. ഒന്നിന്റെ കഥാഗതി മറ്റേതിന്റേതില്‍നിന്നു വളരെ വ്യത്യസ്തമല്ല. 'അഭയാര്‍ത്ഥി'യിലെ അഭയാര്‍ത്ഥി, പ്രധാന കഥാപാത്രം ഹാര്‍ദൊ എന്ന സൈനിക ഉദ്യോഗസ്ഥനാണ്. ജപ്പാന്‍കാര്‍ക്കെതിരായ വിപ്ലവത്തില്‍ അയാള്‍ പങ്കെടുക്കുന്നു, വിപ്ലവം പരാജയപ്പെടുന്നു, ജപ്പാന്‍കാര്‍ അയാളെ പിന്‍തുടരുന്നു, പിടികൊടുക്കാതിരിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അയാള്‍ പിച്ചക്കാരനായി ജീവിക്കുന്നു. ഇതിലും ലളിതമായ കഥാബീജം കണ്ടുപിടിക്കാന്‍ എളുപ്പമല്ല. പക്ഷേ, മനുഷ്യന്റെ അന്തര്‍ഗതങ്ങളേയും അന്യോന്യ ബന്ധങ്ങളുടെ വേലിയേറ്റങ്ങളേയും കൂലങ്കഷമായി പഠിച്ച് ഗ്രന്ഥകാരന്‍ കഥയ്ക്കും കഥാപാത്രങ്ങല്‍ക്കും ഗുരുത്വം കൈവരുത്തുന്നു.

കഥയുടെ പേരിനുതന്നെ പല അര്‍ത്ഥങ്ങളുണ്ട്. 'പെര്‍ബുറുഅന്‍' എന്ന വാക്ക് അഭയാര്‍ത്ഥി (ദ ഫ്യൂജിറ്റിവ്) എന്ന പേരിലാണ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇന്‍ഡൊനേഷ്യന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ചില ആസ്‌ട്രേലിയന്‍ പണ്ഡിതന്മാര്‍ അതിന് അന്വേഷണം അല്ലെങ്കില്‍ പിന്‍തുടരല്‍ (പെര്‍സൂട്ട്) എന്ന തര്‍ജ്ജമയാണ് കൊടുക്കുന്നത്. മൂലപദത്തില്‍ അടങ്ങിയിരിക്കുന്ന വിവിധ സൂചനകള്‍ ഈ തര്‍ജ്ജമ വെളിച്ചത്തു കൊണ്ടുവരുന്നു. ഒരു തലത്തില്‍ ജപ്പാന്‍കാര്‍ ഹാദൊയെ അന്വേഷിക്കുകയാണ്. മറ്റൊരു തലത്തില്‍ ഹാര്‍ദൊ തന്നെയാണ് അന്വേഷണം നടത്തുന്നത്-വഞ്ചനയുടേയും ആത്മാര്‍ത്ഥതയുടേയും ഉള്ളിന്റെ ഉള്ളിലെ പൊരുള്‍ മനസ്സിലാക്കുവാനുള്ള അന്വേഷണം.

സാമന്റെ കഥ മൂന്നു ദിവസത്തെ സമയപരിധിക്കുള്ളില്‍ ഒതുക്കിയിരുന്നു. അയാളെ വധശിക്ഷയ്ക്കു വിധിച്ച നിമിഷം മുതല്‍ വെടിയേറ്റു വീഴുന്നതുവരെ. ഹാര്‍ദൊയുടെ കഥ ഇരുപത്തിനാലു മണിക്കൂറുകളില്‍ ചുരുളഴിയുന്നു. ജപ്പാന്‍ അടിയറവു പറയുന്ന 1945 ആഗസ്റ്റ് 16 രാത്രിയും പിറ്റേ ദിവസവും. പക്ഷേ, അതിന് ആറു മാസം മുന്‍പുതന്നെ നോവലിലെ കഥ ആരംഭിക്കുന്നുണ്ട്. കഥാബീജമായ യഥാര്‍ത്ഥ സംഭവം കിഴക്കന്‍ ജാവയിലെ ബ്ലിത്തര്‍ എന്ന സ്ഥലത്ത് നാട്ടുപട്ടാളം ജപ്പാന്‍കാര്‍ക്കെതിരായി തൊടുത്തുവിട്ട വിപ്ലവമാണ്. വെള്ളക്കാര്‍ പഴയ സാമ്രാജ്യവാദവും കൊണ്ടു തിരിച്ചുവരാതെ സൂക്ഷിക്കാന്‍ ജപ്പാന്‍കാര്‍ നാട്ടുകാരെ സംഘടിപ്പിച്ചിരുന്നു. ഈ സഹായസേനയില്‍ പല ദളങ്ങളായിട്ടാണ് രൂപീകരിച്ചിരുന്നത്. ഓരോ ദളവും സ്ഥലത്തെ നാട്ടുപ്രമാണിയോ അദ്ധ്യാപകനോ ആയിരുന്നു നയിച്ചത്. അവരു ചേര്‍ത്ത ചെറുപ്പക്കാരെ ജപ്പാന്‍ മുറയില്‍ ആക്രമണശീലവും ഗര്‍വ്വും ഹിംസാസക്തിയും പഠിപ്പിച്ചിരുന്നു. അമ്മാതിരി പരിശീലനത്തിനു വിധേയരായിരുന്ന നാടന്‍ ദളങ്ങളാണ് ജപ്പാന്‍കാര്‍ക്കെതിരായി പെട്ടെന്നു കൊടി ഉയര്‍ത്തിയത്.

കേണൽ സുഹാർതോ പട്ടാള ഉദ്യോ​ഗസ്ഥരുടെ ഇടയിൽ. ഇടത്തു നിന്ന് രണ്ടാമത്

അന്യാപദേശ രൂപത്തിലുള്ള ഒരു ദൃഷ്ടാന്തകഥ

മൂന്നു ചെറുദള നേതാക്കന്മാര്‍ ബ്ലിത്തറിലെ വിപ്ലവത്തിനു പിന്‍തുണ നല്‍കണമെന്ന് നിശ്ചയിക്കുന്നു. അവസാന രാത്രിയില്‍ അതിലൊരുവന്‍ മറ്റവരെ ഒറ്റിക്കൊടുക്കുന്നു. ചതിച്ചവന്‍, കാര്‍മിന്‍, ചതിക്കപ്പെട്ടവരില്‍ ഒരാളായ ഹാര്‍ദൊയുടെ പ്രേമഭാജനത്തിന്റെ അച്ഛനാണ്. ഹാര്‍ദൊയും ഒപ്പം വഞ്ചിതനായ ദിപൊയും ഒളിവില്‍ കഴിയുന്നു. ശത്രുരാജ്യത്തിന്റെ പതനത്തോടെ ഭയങ്കരമായ ഒരേറ്റുമുട്ടല്‍ നടക്കുന്നു. ഹാര്‍ദൊയും പ്രത്യേകിച്ച് ദിപൊയും വീരപരാക്രമികളായി യുദ്ധം ചെയ്ത് വിജയം വരിക്കുന്നു. പക്ഷേ, ഒരു ജപ്പാന്‍ ഭടന്‍ മദമിളകി വെടിയുണ്ടകള്‍ പായിക്കുമ്പോള്‍ നിലംപതിക്കുന്ന ഏക ഇര ഹാര്‍ദൊയുടെ പ്രേയസിയാണ്.

പ്രതീകാത്മകത ആദ്യന്തം ഉപയോഗിച്ചിട്ടുള്ള ഒരു നോവലാണ് 'അഭയാര്‍ത്ഥി.' അന്യാപദേശ രൂപത്തിലുള്ള ഒരു ദൃഷ്ടാന്തകഥ എന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. ഹാര്‍ദൊ അര്‍ജ്ജുന സദൃശനായ ശ്രേഷ്ഠ നായകനാണ്. രണഭൂമിയിലും അര്‍ജ്ജുനനെ വേഗം തിരിച്ചറിയുന്നത് ഇരട്ട ചൂണ്ടുവിരലുള്ള വലംകൈ മൂലമാണെന്നാണ് ഇന്‍ഡൊനേഷ്യയിലെ ഭാരതപുരാണം. ഹാര്‍ദൊയ്ക്കും വലതു കയ്യാണ് ട്രേഡ്മാര്‍ക്ക്; വിരലുകള്‍ക്കു പകരം ബയണറ്റുകൊണ്ടുള്ള കുത്തുണ്ടാക്കിയ വന്‍ തഴമ്പാണെന്നു മാത്രം. ഗുഹകളില്‍ കഴിച്ചുകൂട്ടുന്ന നീണ്ട മാസങ്ങളും ശാരീരികമായ സുഖസൗകര്യങ്ങള്‍ അവഗണിക്കുന്ന മനഃസ്ഥിതിയും ത്യാഗസന്നദ്ധതയും അത്ഭുതകരമായ വിധത്തില്‍ ശത്രുക്കളില്‍നിന്നു രക്ഷപ്രാപിക്കാനുള്ള കഴിവും എല്ലാം അര്‍ജ്ജുനസമാനമായ സ്വഭാവവിശേഷങ്ങളാണ്. ഹാര്‍ദൊയെ ദൈവപദവിയിലേയ്ക്കുയര്‍ത്തുവാന്‍ ഇവ സഹായിക്കുന്നു.

അര്‍ജ്ജുനന്റെ മാതൃകയിലാണ് ഹാര്‍ദൊ എങ്കില്‍, ഭീമനെ മാറ്റി പ്രതിഷ്ഠിച്ചതാണ് ദിപൊ. വഞ്ചകനായ കാര്‍മിന്‍ കര്‍ണ്ണന്റെ വകഭേദവും. പക്ഷേ, കര്‍ണ്ണനെ വീഴ്ത്തിയെങ്കിലും ഹാര്‍ദൊ കാര്‍മിനെ വധിക്കുന്നില്ല. മാത്രവുമല്ല, ദിപൊയും രോഷാകുലരായ ജനങ്ങളും പിച്ചിച്ചീന്താതെ ഹാര്‍ദൊ അയാളെ രക്ഷിക്കുന്നു. സാധാരണഗതിക്കുപരിയായ ഒരു സാന്മാര്‍ഗ്ഗികത്വം കഥാകൃത്തു പ്രഖ്യാപിക്കുകയാണിവിടെ. അപ്രതിരോധ്യമായ ശക്തികള്‍ക്കടിമപ്പെട്ട് നിസ്സഹായനായ ഒരു മനുഷ്യനായി കാര്‍മിനെ കണ്ട് അയാള്‍ക്ക് ഇളവനുവദിക്കയാണ് ഹാര്‍ദൊ ചെയ്യുന്നത്. അതിനുള്ള പരിതസ്ഥിതി സൃഷ്ടിക്കാനെന്നപോലെ കാര്‍മിന്റെ ചതിക്കു വേണ്ട യുക്തി കഥാകാരന്‍ സ്ഥാപിക്കുന്നുണ്ട്. പ്രിയതമയെ ഒരു നോക്കു കാണാന്‍ വേണ്ടി ഗുഹവിട്ടിറങ്ങുന്ന ഹാര്‍ദൊ കാര്‍മിന്റെ വീട്ടില്‍ വരുന്നു. അതറിഞ്ഞ കാര്‍മിന്‍ ഹാര്‍ദൊയെ അന്വേഷിച്ച് റോഡിലൂടെ നടക്കുന്നു. കണ്ടുകിട്ടിയാല്‍ എന്തെങ്കിലും പ്രലോഭനം നടത്തി തിരികെ വീട്ടില്‍ കൊണ്ടുവരാമെന്നും അങ്ങനെ വന്നാല്‍ ജപ്പാന്‍കാരെ അറിയിക്കാമെന്നും ആയിരുന്നു അയാളുടെ നിശ്ചയം. ജപ്പാന്‍കാര്‍ പ്രതിഫലം തരുമെന്നുള്ളത് ഒരു കാരണം. അതിലും പ്രധാനമായ ആകര്‍ഷണം തന്റെ മകള്‍ പിച്ചക്കാരന്റെ പ്രതിശ്രുതയായി തുടരുകയില്ല എന്ന പ്രതീക്ഷ. കാര്‍മിന്‍ അയാള്‍ ചെയ്ത വഞ്ചനയ്ക്കു കണ്ട ന്യായവും ഹാര്‍ദൊ കാര്‍മിനു മാപ്പു കൊടുക്കാന്‍ സന്നദ്ധത കാണിക്കുന്നതും അതേ സമയം അയാളുടെ മകളോടു കാണിക്കുന്ന സ്‌നേഹവായ്പും 'അഭയാര്‍ത്ഥി'യിലെ ഏറ്റവും മര്‍മ്മപ്രധാനങ്ങളായ ഭാഗങ്ങളാണ്.

താന്‍ ഉദ്ദേശിക്കുന്ന പ്രതീകാത്മകതയുടെ മുഴുവന്‍ ശക്തിയും പുറത്തുവരാനാവണം വയാങ്ങ് എന്ന പൗരാണിക കലയുടെ ചട്ടക്കൂട്ടില്‍ നാല് ഡയലോഗുകളായി 'അഭയാര്‍ത്ഥി'യുടെ കഥ ഇണക്കിവച്ചിരിക്കുന്നത്. ഒരായിരം വര്‍ഷങ്ങളായി ജീവിതസമസ്യകള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ജാവയിലെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത് വയാങ്ങില്‍ കൂടെയാണ്. അതിന്റെ ചട്ടങ്ങളനുസരിച്ച് സംവിധാനം ചെയ്യുന്ന ഒരു നോവല്‍ തല്‍ക്ഷണം നാടിന്റേതായ സംസ്‌കാര സമ്പത്തിന്റെ അംശമായിത്തീരുന്നു; മാര്‍ത്താണ്ഡവര്‍മ്മ കഥകളി ശൈലിയിലെഴുതിയാലെന്നതുപോലെ.

ചൈറിൽ അൻവർ

വയാങ്ങിലെ ആദ്യരംഗം പോലെ 'അഭയാര്‍ത്ഥി'യുടെ പ്രഥമാദ്ധ്യായം പ്രധാനമായും ഒരു സ്വരപ്പെടുത്തലാണ്. സൈന്യത്തെ പ്രതിനിധീകരിക്കുന്ന ഹാര്‍ദൊ കച്ചകെട്ടി പുറപ്പെടുന്നതോടെ ധര്‍മ്മയുദ്ധ സൂചനയായി. ഹാര്‍ദൊയും ഗ്രാമത്തലവനും തമ്മില്‍ നടക്കുന്ന വാക്തര്‍ക്കം തലവന്റെ കുടിലബുദ്ധിയും വക്രതയും വെളിപ്പെടുത്തുന്നു; നടക്കാന്‍ പോകുന്ന കൊടുംചതിക്കുള്ള രംഗം ഒരുക്കിക്കഴിഞ്ഞു.

ഇതു നിവര്‍ത്തിക്കുന്ന ഡയലോഗ് പ്രത്യേകിച്ചും വിജയപ്രദമായിട്ടുണ്ട്. ശേഷമുള്ള ഭാഗങ്ങള്‍ സംഘട്ടനങ്ങളുടെ മൂര്‍ത്തീകരണം പടിപടിയായി ചിത്രീകരിക്കുന്നവയാണ്. അനുഗ്രഹങ്ങളുമായി എത്തുന്ന അച്ഛന്‍ ഹാര്‍ദൊയുടെ ആത്മീയചൈതന്യം പ്രസരിപ്പിക്കുവാന്‍ വഴിതെളിക്കുന്നു. അച്ഛനും പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന ജപ്പാന്‍ രാക്ഷസനും തമ്മിലുള്ള ദ്വന്ദയുദ്ധം തുടര്‍ന്നു നടക്കുന്ന ഭീകര സംഘര്‍ഷങ്ങളുടെ നാന്ദിയാണ്. ശബ്ദജടിലവും ബീഭത്സവുമായ മഹാസംഗരത്തില്‍ ഭീമനായ ദിപൊ സംഹാരരുദ്രനെപ്പോലെ പൊരുതി ശത്രുക്കള്‍ക്ക് ഉന്മൂലനാശം വരുത്തുന്നു. അവസാനം നടക്കുന്ന വിജയഭേരിക്കിടയിലും സംഹാരമുണ്ട്. കലിയിളകി ഹാര്‍ദൊയുടെ പെണ്ണിനെ വീഴ്ത്തുന്ന ജപ്പാന്‍ ഭടനെ കൊലവിളിയോടെ ചീറിപ്പായുന്ന ദിപൊ നിര്‍ദ്ദാക്ഷിണ്യം ചുട്ടുകരിക്കുകയാണ്. യുദ്ധവക്ത്രത്തില്‍പ്പെട്ട മനുഷ്യരെക്കുറിച്ചുള്ള ആഴമേറിയ ഒരു പഠനമായി 'അഭയാര്‍ത്ഥി' ആരുടെ മനസ്സിലും പതിയും. ഇന്‍ഡൊനേഷ്യക്കാര്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ധ്വനിവിശേഷങ്ങളും സാരോപദേശങ്ങളും ഒന്നുപോലും വിടാതെ അറിഞ്ഞ് ആസ്വദിച്ച് നുകര്‍ന്നു സ്വന്തമാക്കുന്നു. മഹാത്മാക്കളുടെ ചരിത്രപരമായ സമ്പര്‍ക്കം കൊണ്ട് വര്‍ണ്ണ്യവസ്തുവിനു കൈവരുന്ന ഉദാത്തത 'അഭയാര്‍ത്ഥി'യേയും 'ഗെറില്യ'യേയും സമ്പുഷ്ടമാക്കുന്നു.

രണ്ടു നോവലുകളും അവയോടൊന്നിച്ച് '50-ലും '51-ലും ഇറങ്ങിയ മറ്റു നോവലുകളും ചെറുകഥകളും പഠനങ്ങളും പ്രമുദ്യയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ച് പലതും വെളിച്ചത്തു കൊണ്ടുവന്നു. ഇതില്‍ അധികവും എഴുത്തുകാരനെന്ന നിലയ്ക്ക് അദ്ദേഹത്തിനുള്ള പാടവങ്ങളായിരുന്നു. സാന്ദ്രമായ വികാരസ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നാടകീയമായ വിശദാംശങ്ങള്‍ കണ്ടുപിടിച്ച് വിവരിക്കുന്നതിലും ആഡംബരമില്ലാതെതന്നെ ഭാഷയ്ക്കു കരുത്തുണ്ടാക്കുന്നതിലും ഉള്ള കഴിവുകള്‍ തെളിഞ്ഞുകണ്ടു. അതിലേറെ പ്രധാനമായ നേട്ടം വെറും പ്രചാരണമായി തരംതാഴ്ന്നു പോകാമായിരുന്ന കൃതികള്‍ അങ്ങനെ അധഃപതിക്കാതെ കലയുടെ നിലവാരത്തിലേക്കുയര്‍ന്നുവെന്നതാണ്. പ്രചാരണസാഹിത്യവും അര്‍പ്പണസാഹിത്യവും തമ്മില്‍ അദ്ദേഹം ഒരു വേര്‍തിരിവുണ്ടാക്കി. ആത്മാര്‍ത്ഥമായ പ്രതിബദ്ധതയില്‍നിന്നുയരുന്ന സാഹിത്യരചന ശ്വസിക്കുന്നതുപോലെയാണ്; അതു പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല എന്നദ്ദേഹം വാദിച്ചു. താല്‍ക്കാലിക രാഷ്ട്രീയ വിഷയങ്ങള്‍ പ്രതിപാദനത്തിനെടുത്തുവെങ്കിലും അവ പ്രമേയങ്ങള്‍ തൂക്കുവാനുള്ള കൊളുത്തുകള്‍ മാത്രമായിരുന്നു പ്രമുദ്യയ്ക്ക്. എല്ലാ കാലത്തും എല്ലാവരും തിരിച്ചറിയുന്ന മാനുഷികബന്ധങ്ങളാണ് അദ്ദേഹത്തിന്റെ സാക്ഷാല്‍ പ്രതിപാദന വിഷയങ്ങള്‍. അതുകൊണ്ടുതന്നെ അവ പ്രചാരണത്തിന്റെ സീമകള്‍ക്കുപരി വളര്‍ന്നു.

ജനറൽ സുഹാർത്തോയുടെ പട്ടാളം കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യുന്നതിന് മുൻപ് തടവിലാക്കിയിരിക്കുന്നു. 1965-ൽ നടന്ന കമ്യൂണിസ്റ്റ് കൂട്ടക്കൊലകളിൽ ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്

സാഹിത്യത്തിലെ അന്ധകാര യുഗം

ക്രൂരത, യുദ്ധം, രക്തച്ചൊരിച്ചില്‍ മുതലായ വിഷയങ്ങള്‍ അതരിപ്പിക്കുമ്പോഴും ഈ മാനസികോന്നമന പ്രേരണ കാണാം. 'ഗെറില്യ'യിലെ മക്കള്‍ അച്ഛനെ കൊല്ലുന്നത് ഞെട്ടിപ്പിക്കുന്ന ഒരു ക്രൂരകൃത്യം മാത്രമാകാമായിരുന്നു. കഥാകൃത്ത് ആ സംഭവത്തിന് അച്ഛന്റെ പാത്രസൃഷ്ടിയില്‍ക്കൂടെ ഒരുതരം നൈയാമികത വരുത്തുന്നതിനു പുറമെ അനുകമ്പയുടെ മുഗ്ദ്ധത ചാര്‍ത്തുന്നു. ഇളയ മകന്‍ കാര്‍ത്തിമന്‍ കൊലയ്ക്കുശേഷം ഈശ്വരനോടു പ്രാര്‍ത്ഥിക്കുകയാണ്: ''ഒരുപക്ഷേ, എന്റെയീ പാപം പാപമായി അങ്ങ് കരുതുകയില്ലായിരിക്കും. അങ്ങാണല്ലൊ ഈ പുതിയ ജനതയ്ക്കു ജന്മം കൊടുത്തിരിക്കുന്നത്. മാത്രവുമല്ല, ഞങ്ങള്‍-ഞാന്‍-ബലഹീനരുടെ ഭാഗത്താണ് സ്വയരക്ഷ നോക്കുകയുമാണ്. അതെ, ഞങ്ങള്‍ ബലഹീന ഭാഗത്താണ്. എങ്കിലും എനിക്കുവേണ്ടി ഞാന്‍ ചെയ്ത പ്രവൃത്തികളെല്ലാം പാപങ്ങള്‍തന്നെ. ഞാന്‍ എനിക്കെതിരായും മനുഷ്യരാശിക്കെതിരായും പാപം ചെയ്തു. ഞാന്‍ കൊന്ന ഭടന്മാരുടെ കുടുംബങ്ങള്‍ക്കെതിരായി ഞാന്‍ പാപം ചെയ്തു. ആ കുടുംബങ്ങളുടെ സ്‌നേഹത്തിനെതിരായി ഞാന്‍ പാപം ചെയ്തു. ആ സ്‌നേഹം വ്യര്‍ത്ഥമായിപ്പോയി.''

പ്രചാരണമല്ല, ഉത്തമ സാഹിത്യം തന്നെയാണ് പ്രമുദ്യയുടെ കഥകള്‍. പക്ഷേ, കലയ്ക്കുവേണ്ടി മാത്രമാണ് കല എന്ന സിദ്ധാന്തത്തെ എതിര്‍ത്തവരുടെ അണികളിലാണ് അദ്ദേഹം. ചൂടുപിടിച്ച ഇത്തരം വാദപ്രതിവാദങ്ങള്‍ ഇന്‍ഡൊനേഷ്യയിലെ കലാരംഗത്തെ എന്നും പ്രകമ്പിപ്പിച്ചിരുന്നു. സാഹിത്യത്തിന്റെ സാരഥ്യം പ്രാരംഭദശ മുതല്‍ക്കേ വഹിച്ചിരുന്ന ചെറുപ്പക്കാരില്‍ ഭൂരിപക്ഷവും സമൂഹത്തില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതില്‍ എഴുത്തുകാര്‍ക്ക് വലിയൊരു പങ്കുണ്ടെന്നു വിശ്വസിച്ചിരുന്നവരാണ്. നിസ്സംഗതയാണ് സാഹിത്യകാരനു ഭംഗിയെന്നു ചിലര്‍ വാദിച്ചു. രണ്ട് ചിന്താഗതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംവാദങ്ങള്‍ക്ക് എരിവു പകര്‍ന്നു.

45-ന്റെ തലമുറ എന്ന നാമകരണത്തിനു പിന്നില്‍ത്തന്നെ പല പേനപ്പയറ്റുകള്‍ നടന്നു. ചൈറില്‍ അന്‍വറിന്റെ തലമുറ എന്നാണ് ചിലര്‍ പറഞ്ഞുതുടങ്ങിയത്. അനുഗ്രഹീത കവിയും വിപ്ലവം ജയിക്കുന്നതിന് ഒരു കൊല്ലം മുന്‍പ് 1948-ല്‍ യുവാവായിരിക്കെത്തന്നെ മരിച്ച പ്രതിഭയുമായ ചൈറില്‍ അന്‍വര്‍ ജനങ്ങളുടെ ആരാധനാപാത്രമായിരുന്നു. പക്ഷേ, അങ്ങനെയൊരു ലേബല്‍ ശരിയല്ലെന്നു ശഠിച്ചവരുടെ കൂട്ടത്തില്‍ പ്രമുദ്യയുമുണ്ടായിരുന്നു. 'സാഹിത്യത്തിലെ തലമുറകളെക്കുറിച്ച്' എന്ന ഒരു ഉപന്യാസത്തില്‍ അദ്ദേഹം എഴുതി: ''ഒരു സാഹിത്യതലമുറ ഒന്നോ രണ്ടോ വ്യക്തികളുടെ സൃഷ്ടിയല്ല. ഒരു കാലഘട്ടത്തിന്റെ, സ്ഥലത്തിന്റെ, സാഹചര്യത്തിന്റെ മൊത്തമുള്ള ചൈതന്യമായിട്ടാണ് അത് രൂപപ്പെടുന്നത്. അതുകൊണ്ട് 45-ലെ എഴുത്തുകാരുടെ തലമുറയെ ചൈറില്‍ അന്‍വറിന്റെ തലമുറ എന്ന് പറയുന്നത് അസംബന്ധമാണ്.'' പിന്നീട് വിമോചന തലമുറയെന്നും യുദ്ധാനന്തര തലമുറയെന്നും പറഞ്ഞുനോക്കിയ ശേഷമാണ് 45-ന്റെ തലമുറ എന്ന പേര് സ്ഥിരമായത്.

അവര്‍ സംഘടിപ്പിച്ച സ്വതന്ത്ര കലാവേദി എന്ന പ്രസ്ഥാനത്തിന്റെ വകയായി ആഴ്ചപ്പതിപ്പില്‍ ഫോറം എന്നൊരു പ്രത്യേക സാഹിത്യ ചര്‍ച്ചാവിഭാഗം ഉണ്ടായിരുന്നു. ഇന്‍ഡൊനേഷ്യന്‍ സാഹിത്യത്തിന്റെ ആദ്യകാല വളര്‍ച്ചയ്ക്കുള്ള പാതകളും ആശയ നിര്‍വ്വചനങ്ങളും ഒരുക്കിക്കൊടുക്കുന്നതില്‍ ഫോറം സുപ്രധാന പങ്കുവഹിച്ചു. പുതിയ രാഷ്ട്രത്തിന് ഒരു വയസ്സായപ്പോള്‍, പ്രമുദ്യയുടെ ആദ്യ കൃതികള്‍ പ്രകാശം കണ്ട 1950-ല്‍ 'ഫോറം സ്റ്റേറ്റ്‌മെന്റ് ഒഫ് കോണ്‍സപ്റ്റ്‌സ്' എന്ന തലക്കെട്ടില്‍ ഒരു പ്രസ്താവന ഇറങ്ങി. അനശ്വരമായ ഒരു മാനിഫെസ്റ്റൊ ആയി ഇന്നും ഗൗനിക്കപ്പെടുന്ന ഈ പ്രസ്താവന തുടങ്ങിയതുതന്നെ അന്നത്തെ സാഹിത്യ ചേതനയെ ഉല്‍ഘോഷിക്കുന്ന രീതിയിലായിരുന്നു: ''ഒരു ലോക സംസ്‌കാരത്തിന്റെ ന്യായമായ അവകാശികളാണ് ഞങ്ങള്‍. ഈ സംസ്‌കാരമാണ് ഞങ്ങളുടേതായ മാര്‍ഗ്ഗത്തില്‍ വിപുലപ്പെടുത്തുവാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അസംഖ്യങ്ങളുടെ മദ്ധ്യത്തിലാണ് ഞങ്ങള്‍ ജനിച്ചത്. ജനതയെക്കുറിച്ച് ഞങ്ങള്‍ക്കുള്ള സങ്കീര്‍ണ്ണമായ ഉള്ളറിവില്‍നിന്നാണ് ക്ഷേമദായകമായ ഒരു പുതിയ ലോകം പിറന്നുവരേണ്ടത്.''

പ്രമുദ്യ തികച്ചും വ്യാപൃതനായിരുന്ന ചര്‍ച്ചകളുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഇമ്മാതിരി അപഗ്രഥനങ്ങള്‍. കഥകള്‍ക്കു പുറമെ സാഹിത്യസംബന്ധമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ അദ്ദേഹം മുറയ്ക്ക് എഴുതിക്കൊണ്ടിരുന്നു. 'സാഹിത്യം എന്ന ഉപകരണ'ത്തില്‍ പറയുന്നത് നിശ്ചിത ലക്ഷ്യമില്ലാതെ കലാസൃഷ്ടി ചെയ്യുന്നതില്‍ കാര്യമൊന്നുമില്ലെന്നാണ്. 'സൗന്ദര്യവും നിര്‍വ്വചനവും' എന്ന ലേഖനത്തില്‍ കാവ്യഭംഗിയാണ് കലയുടെ പരമോദ്ദേശ്യം എന്ന പഴയ ആശയം റൊമാന്റിക്കാണെന്നും ഇന്നത്തെ ലോകത്തില്‍ കലയ്ക്ക് അതിലും ശ്രേഷ്ഠമായ ലക്ഷ്യങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ചൈനീസ് ഭാഷയില്‍നിന്നു തര്‍ജ്ജമ ചെയ്ത ഒരു പ്രബന്ധത്തിന്റെ ശീര്‍ഷകം 'സമൂഹവും സാഹിത്യസൃഷ്ടിയും' എന്നാണ്.

ഹൈസ്‌കൂള്‍ കാണാത്ത ഈ ചെറുപ്പക്കാരന് വിസ്മയാവഹമായ ജ്ഞാനലബ്ധിയാണ് ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായതെന്ന് തീര്‍ച്ചയാണ്. പ്രമുദ്യ വായനയും പഠനവും ചിന്തയും കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിലെ വിടവും മറികടന്നു. ആദ്യത്തെ ഒരു കെട്ടു പുസ്തകങ്ങള്‍ക്കുശേഷം പ്രമുദ്യയുടെ പോക്ക് ബിരുദാനന്തര ഗവേഷണത്തിലേര്‍പ്പെടുന്ന ഒരുവനേപ്പോലെ ആയിരുന്നു. ചരിത്രമാണ് തനിക്കേറ്റവും പ്രിയങ്കരമായ വിഷയമെന്ന് പ്രമുദ്യയ്ക്ക് മനസ്സിലായി. ചരിത്രപഠനം ഗൗരവബുദ്ധ്യാ തുടങ്ങുകയും ചെയ്തു. അന്‍പതുകളുടെ പകുതിയോടെ ജക്കാര്‍ത്തയിലെ പേരുകേട്ട കലാശാലകളില്‍ ക്ലാസ്സുകളെടുക്കത്തക്ക പാണ്ഡിത്യം അദ്ദേഹം സമ്പാദിച്ചു.

ചരിത്രപഠനം മനസ്സില്‍ പണ്ടേ ഉണ്ടായിരുന്ന ദേശീയബോധം അരക്കിട്ട് ഉറപ്പിച്ചതിനു പുറമെ ഇടതുപക്ഷ മൂല്യങ്ങളിലേക്ക് പ്രമുദ്യയെ തിരിച്ചുവിട്ടു. തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ക്കിടന്നു തന്നെ എന്നും അലട്ടിപ്പോന്ന ഉല്‍ക്കടമായ പീഡ ഈ ചായ്വിന് ഉപോല്‍ബലകമായിരുന്നിരിക്കണം. തന്റെ സ്വന്തമായ ജാവയെന്ന പ്രാചീന സംസ്‌കാരത്തോടുള്ള സ്‌നേഹവും ആ സംസ്‌കാരം വെച്ചുപുലര്‍ത്തുന്ന അനീതികളോടുള്ള വെറുപ്പുമായിരുന്നു പ്രമുദ്യയില്‍ മാനസിക വിക്ഷോഭത്തെ ഊതിക്കത്തിച്ചിരുന്നത്. ഈ പരസ്പര വൈരുദ്ധ്യത്തിന്റെ ഉള്ളുകള്ളികളിലേക്ക് ചരിത്രപഠനം വഴിതെളിച്ചപ്പോള്‍ വിദേശീയര്‍ക്ക് അടിയറവെച്ച മുന്നൂറില്‍പ്പരം വര്‍ഷങ്ങള്‍ ഒരു തീരാനഷ്ടമായി പ്രമുദ്യ കണ്ടു. അതേസമയം ഇന്‍ഡൊനേഷ്യയോടൊപ്പം 1949-ല്‍ വിപ്ലവത്തില്‍ വിജയിച്ച ചൈനയില്‍ പാരതന്ത്ര്യത്തിന്റെ വിഴുപ്പു വലിച്ചെറിഞ്ഞ് ഒരു നവയുഗം കണ്‍മുന്‍പില്‍ വിരിയുന്നതും അദ്ദേഹം കണ്ടു.

പ്രമുദ്യ അനന്ത തുർ

അന്‍പതുകള്‍ അവസാനിക്കുന്നതിനു മുന്‍പ് പ്രമുദ്യ ഒരു ചൈനാപ്രേമി ആയി എന്നുള്ളതില്‍ സംശയമില്ല. മറ്റു പുരോഗമന സാഹിത്യകാരന്മാര്‍ ആഴ്ചപ്പതിപ്പുകളിലും ഫോറത്തിലും പ്രസിദ്ധീകരണശാലകളിലും ജോലി കണ്ടെത്തിയപ്പോള്‍ പ്രമുദ്യ ചേര്‍ന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പീപ്പിള്‍സ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സാംസ്‌കാരിക സ്ഥാപനത്തിലാണ്. പാര്‍ട്ടിപ്പത്രത്തില്‍ അദ്ദേഹം കയറിക്കൂടിയില്ല. പകരം, പൗരസ്ത്യതാരം എന്ന പ്രസിദ്ധീകരണത്തിന്റെ സാംസ്‌കാരിക പത്രാധിപര്‍ സ്ഥാനമാണ് അദ്ദേഹം ഏറ്റെടുത്തത്. പുതിയ എഴുത്തുകാരെ അവതരിപ്പിച്ചും സാഹിത്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ സാമാന്യജ്ഞാനം വളര്‍ത്തിയും പല ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചും പൗരസ്ത്യതാരം സാഹിത്യമണ്ഡലത്തില്‍ മാര്‍ഗ്ഗദര്‍ശനം ചെയ്തു. പക്ഷേ, പ്രമുദ്യ പാര്‍ട്ടി മെമ്പറായില്ല. എങ്കിലും കലശലായി കമ്യൂണിസ്റ്റ് മനോഭാവം അദ്ദേഹത്തെ പിടികൂടി എന്ന് സഹപ്രവര്‍ത്തകര്‍ക്കും അനുവാചകര്‍ക്കും തോന്നി.

മൂന്നാംലോകത്തിലെ ഏതാനും നാടുകളില്‍ പലപ്പോഴായി പുരോഗമനവാദികള്‍ക്കുണ്ടായ അനുഭവമാണ് പ്രമുദ്യയ്ക്കും വന്നുചേര്‍ന്നത്. സാഹിത്യകാരന്‍ ഒരു പ്രത്യേക രാഷ്ട്രീയദര്‍ശനത്തിലേയ്ക്ക് തിരിയുന്നതില്‍ പ്രകൃത്യാ തെറ്റുണ്ടെന്നു പറയാന്‍ വയ്യ. കമ്യൂണിസം ഒരപരാധമായിരുന്നില്ല; അന്നത്തെ ഇന്‍ഡൊനേഷ്യയില്‍. എന്നിരുന്നാലും പ്രമുദ്യയുടെ ചുറ്റുപാടില്‍ അന്നദ്ദേഹം സ്വീകരിച്ച പാത സാഹിത്യവിരുദ്ധമായി ഒട്ടധികം പേര്‍ക്കു തോന്നി. ഇന്‍ഡൊനേഷ്യയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ അന്നത്തെ നയപരിപാടികളായിരുന്നു ഈ ധാരണയ്ക്ക് കാരണം. ചൈനയുടെ നേരിട്ടുള്ള സഹായസഹകരണങ്ങളോടെ പി.കെ.ഐ. (പാര്‍ട്ടി കമ്യൂണിസ്റ്റ് ഇന്‍ഡൊനേഷ്യ) അസാധാരണമായ സ്വാധീനശക്തി നേടിയെടുത്തു. അത് ശ്രദ്ധാപൂര്‍വ്വം നട്ടുവളര്‍ത്തപ്പെട്ടത് സാംസ്‌കാരിക മണ്ഡലത്തിലായിരുന്നു. 

സാഹിത്യവും കലകളും പാര്‍ട്ടിയുടെ ആയുധങ്ങളായി മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന യാതൊരു സങ്കോചവും കൂടാതെ ഉണ്ടായി. സാഹിത്യപരമായ സംഘടനകളെല്ലാം പാര്‍ട്ടിയുടെ ആള്‍ക്കാര്‍ കയ്യടക്കി. പാര്‍ട്ടിക്കെതിരായി നീങ്ങിയ എഴുത്തുകാരും കലാകാരന്മാരും അടിച്ചമര്‍ത്തപ്പെട്ടു. 1963-ല്‍ കമ്യൂണിസ്റ്റു കല്പനകള്‍ തെറ്റെന്നു വിശ്വസിച്ച ഒരുകൂട്ടം എഴുത്തുകാര്‍ 'സാംസ്‌കാരിക മാനിഫെസ്റ്റൊ' എന്നൊരു രേഖ പ്രസിദ്ധപ്പെടുത്തി. കലയ്ക്ക് അതിന്റെ ലോകത്തില്‍ സ്വച്ഛന്ദം വിഹരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മാനിഫെസ്റ്റോ പറഞ്ഞത്. പി.കെ.ഐയുടെ സ്വാധീനത്തിന്മേല്‍ സുക്കാര്‍ണൊ ഈ മാനിഫെസ്റ്റൊ നിരോധിച്ചു. പ്രസ്താവനയിറക്കുന്നതില്‍ മുന്‍കൈ എടുത്ത ജാസ്സിന്‍ എന്നു പേരായ നിരൂപകന്‍ സുക്കാര്‍ണോയുടെ മുന്‍പില്‍ നാലുകാലില്‍ ക്ഷമാപണം ചെയ്യേണ്ടിവന്നു. മര്‍ദ്ദനാസക്തമായ നിയന്ത്രണത്തിന്റെ ചൂടില്‍ ഭൂരിപക്ഷം എഴുത്തുകാരും ആത്മരക്ഷാര്‍ത്ഥം മൗനം പാലിച്ചു. ബാക്കിയുള്ളവര്‍ ഏറെക്കുറെ മുദ്രാവാക്യശൈലിയില്‍ സാഹിത്യനിര്‍മ്മാണം നടത്തി. 1961 മുതല്‍ 1965 വരെയുള്ള പഞ്ചവത്സരഘട്ടം ഇന്‍ഡൊനേഷ്യയുടെ അന്ധകാരയുഗമായി കമ്യൂണിസ്റ്റേതര സാഹിത്യകാരന്മാര്‍ കരുതുന്നു.

ആദര്‍ശശുദ്ധിയും രാഷ്ട്രീയ നിഷ്‌കളങ്കതയും

അങ്ങനെയുള്ള കാലയളവിലാണ് പ്രമുദ്യ പാര്‍ട്ടിയുടെ കുടക്കീഴില്‍ സജീവമായ സാഹിത്യ സേവയിലേര്‍പ്പെട്ടത്. പക്ഷേ, കലയെ പൂട്ടിയിടുന്ന പ്രവണതയില്‍ അദ്ദേഹം പങ്കുപറ്റിയില്ല. നിര്‍ദ്ദോഷമായ ആദര്‍ശത്തിന്റെ പ്രേരണയിന്മേലാണ് അദ്ദേഹം നീങ്ങിയത്. മാവോയുടെ ചൈനയില്‍ വര്‍ഗ്ഗവ്യത്യാസങ്ങള്‍ പൊടുന്നനവെ അപ്രത്യക്ഷമായി. അതോടൊപ്പം കുടുംബബന്ധങ്ങളില്‍ വന്ന പുതിയ കാഴ്ചപ്പാടുകള്‍ താന്‍ വെറുക്കുന്ന ദൈനംദിന കാപട്യങ്ങളെ തുടച്ചുമാറ്റുന്നതായി പ്രമുദ്യ കണ്ടു. അംഗീകൃത സാമുദായിക മാനദണ്ഡങ്ങളുടെ കാപട്യം കാരണം ഇനെം എന്ന സാധു പെണ്‍കുട്ടി സഹിച്ച യാതനകള്‍ ഈ പുതിയ പരിതസ്ഥിതിയില്‍ ഒഴിവാക്കിയിട്ടില്ലേ? താന്‍ എന്നും കൊതിച്ചിരുന്ന നവോദയമല്ലേ ചൈനയില്‍ കാണുന്നത്?

വെറുതേയല്ല ചൈനയിലെ ഒരു കമ്യൂണിസ്റ്റ് തത്ത്വജ്ഞാനി എഴുതിയ ലേഖനം തര്‍ജ്ജമ ചെയ്ത് തന്റെ നാട്ടുകാരെ സഹായിക്കണം എന്ന് പ്രമുദ്യയ്ക്കു തോന്നിയത്. 1956-ല്‍ പരിഭാഷപ്പെടുത്തിയ ലേഖനത്തിന്റെ വിഷയം കറകളഞ്ഞ കമ്യൂണിസമായിരുന്നു: ''എഴുത്തുകാരന്‍ വിജയം വരിക്കണമെങ്കില്‍ മാര്‍ക്‌സിസം-ലെനിനിസം മുഴുവന്‍ അറിഞ്ഞിരിക്കണമെന്നു മാത്രമല്ല, അയാള്‍ തൊഴിലാളികളുടെ ഇടയില്‍ ജീവിക്കുകയും അവരുടെ ആഗ്രഹങ്ങളിലും അഭിലാഷങ്ങളിലും പൂര്‍ണ്ണമായി പങ്കുകൊള്ളുകയും വേണം.'' മാര്‍ക്‌സിസം-ലെനിനിസത്തിന്റെ കോണുകളിലേക്കിറങ്ങിച്ചെല്ലുവാന്‍ പ്രമുദ്യ കൂട്ടാക്കിയെന്നു തോന്നുന്നില്ല. കമ്യൂണിസത്തിന്റെ ശാസ്ത്രീയ തത്ത്വങ്ങളിലായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധ. ചൈനീസ് ഉപന്യാസത്തിലുള്ള മറ്റൊരു വാചകം ഇതെടുത്തു കാട്ടി: ''എഴുത്തുകാരായ നാം സമരം ചെയ്യേണ്ടതാണ്- നമ്മുടെ ചുറ്റുപാടുകളെ സ്വാധീനിക്കുവാന്‍, വിശാലവീക്ഷണം പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍, ഒരു പുതിയ ജീവിതം അനാച്ഛാദനം ചെയ്യുവാന്‍.'' കലയുടെ ലക്ഷ്യമായി പ്രമുദ്യ എന്നും കണ്ടിരുന്ന ആശയങ്ങളായിരുന്നു ഇതെല്ലാം.

ആദര്‍ശശുദ്ധിയും രാഷ്ട്രീയതലത്തിലുള്ള നിഷ്‌കളങ്കതയുമായിരിക്കാം പ്രമുദ്യയെ ചൈനയുടെ ആരാധകനാക്കിയത്. പക്ഷേ, അദ്ദേഹത്തിന്റെ ചിന്താഗതി കറകളഞ്ഞ കമ്യൂണിസമാണെന്ന് സുക്കാര്‍ണോയ്ക്കുശേഷം വന്ന പട്ടാള ഗവണ്‍മെന്റ് മുദ്രയടിച്ചെങ്കില്‍ അദ്ഭുതപ്പെടാനില്ല. അധികാരം പിടിച്ചെടുക്കാന്‍ പി.കെ.ഐ. കരുതിക്കൂട്ടി സംഘടിപ്പിച്ച ഗൂഢപരിപാടി ഭയങ്കരമായ കൂട്ടക്കൊലയോടെ പരാജയപ്പെട്ടപ്പോഴാണ് 1965-ല്‍ ജനറല്‍ സുഹാര്‍ത്തോയുടെ നേതൃത്വത്തില്‍ പട്ടാളം ഭരണമേറ്റത്. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുകയെന്ന ഒറ്റയിന പരിപാടിയായിരുന്നു അവര്‍ ആദ്യം നടപ്പാക്കിയത്. രാജ്യത്തുടനീളം ഒറ്റയ്ക്കും കൂട്ടമായും വെടിവയ്പുകള്‍ നടന്നു. ആകെക്കൂടെ ലക്ഷക്കണക്കിന് ആളുകളെ കമ്യൂണിസ്റ്റ് ചായം തേച്ച് കൊന്നൊടുക്കി. വേറെ രണ്ടു ലക്ഷം പേരെ ബുറു ദ്വീപിലും അടച്ചിട്ടു.

അനിശ്ചിതവും നിഷ്ഠുരവുമായ ഒരു പുതിയ അദ്ധ്യായമാണ് പെട്ടെന്ന് പ്രമുദ്യയുടെ മുന്‍പില്‍ തുറന്നത്. ഭാഗ്യവശാല്‍ എഴുത്തില്ലാത്ത താളുകളായി അത് ശൂന്യതയില്‍ കലാശിച്ചില്ല. മറിച്ച്, ഇസങ്ങളുടെ പിടിയില്‍നിന്നു പിന്മാറി ചരിത്രത്തില്‍ വീണ്ടും കണ്ണുനട്ട് പുതിയ സര്‍ഗ്ഗക്രിയയ്ക്ക് കളമൊരുക്കാന്‍ സഹായിച്ചു, ഈ അഭിനവ ശ്രീരാമന്റെ പതിന്നാലു കൊല്ലത്തെ വനവാസം.

(തുടരും)