കൊവിഡ്-19 മൂന്നാം തരംഗത്തിനു ശേഷം സമ്പദ്വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു അടുത്തകാലത്ത് പുറത്തുവന്ന കണക്കുകള്‍. ഉണര്‍വ്വ് എന്നു വിശേഷിപ്പിക്കാനാകില്ലെങ്കിലും സാമ്പത്തിക ഇടപാടുകളിലെ വര്‍ദ്ധന ശുഭസൂചകമായി വിദഗ്ദ്ധര്‍ കണക്കുകൂട്ടി. വാക്‌സീന്‍ യജ്ഞവും നിയന്ത്രണങ്ങള്‍ ഇല്ലാതാക്കിയതും ഇതിനു കാരണമായി. ഇതോടെ റിക്രൂട്ട്മെന്റും കൂടി. ജി.എസ്.ടി. വരുമാനം, കയറ്റുമതി, ഇ-വേ ബില്ലുകള്‍ എന്നീ സൂചകങ്ങളൊക്കെ ആഴ്ചകള്‍ക്കു ശേഷം ഉയര്‍ന്നു. എല്ലാം പഴയപടിയാകുന്നു എന്ന തോന്നലിന്റെ പശ്ചാത്തലത്തിലാണ് യുക്രെയ്നെ റഷ്യ ആക്രമിക്കുന്നത്. യുദ്ധമുണ്ടാകുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും ഇത്ര പൊടുന്നനെ റഷ്യന്‍ അധിനിവേശമുണ്ടാകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. നവലിബറല്‍ കാലത്ത് മൂലധനത്തിന്റെ സഞ്ചാരപഥങ്ങള്‍ക്ക് രാജ്യാതിര്‍ത്തികള്‍ നിഷ്പ്രഭമമാണെന്നതുപോലെ പ്രതിസന്ധികള്‍ക്കും അതുണ്ടാക്കുന്ന തുടര്‍ചലനങ്ങള്‍ക്കും വേലിക്കെട്ടുകളില്ല. ആധുനിക ലോകക്രമത്തില്‍ അതിന്റെ അലയടികള്‍ അവസാനിക്കുന്നുമില്ല. റഷ്യ വലിയൊരു വാണിജ്യ പങ്കാളിയല്ലെങ്കില്‍പ്പോലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഈ യുദ്ധം വെല്ലുവിളിയാണ്.
ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രത്യാഘാതങ്ങള്‍ പെട്ടെന്നുണ്ടാകുന്നതും അതേസമയം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമാകും. രാഷ്ട്രീയമായും സാമ്പത്തികമായും പരസ്പരബന്ധമുള്ള ഈ പ്രതിസന്ധി യുദ്ധത്തില്‍ പ്രത്യക്ഷത്തില്‍ പങ്കെടുത്ത രാജ്യങ്ങളെ മാത്രമായിരിക്കില്ല ബാധിക്കുക. ആഗോളവ്യാപാരം, മൂലധനമൊഴുക്ക്, ഓഹരി വിപണികള്‍, സാങ്കേതികവിദ്യയുടെ വിപണനം എന്നിങ്ങനെ വിപുലമായ മേഖലകളില്‍ പ്രത്യാഘാതങ്ങളുണ്ടായേക്കാം. സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ടെലികമ്യൂണിക്കേഷന്‍) സംവിധാനത്തില്‍നിന്ന് റഷ്യന്‍ ബാങ്കുകളെ വിലക്കിയിട്ടുണ്ട്. 200 രാജ്യങ്ങളിലായി 11,000 ബാങ്കുകള്‍ ഉള്‍പ്പെടുന്നതാണ് സ്വിഫ്റ്റ് സംവിധാനം. അതുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധമാകും ഇത്. പ്രമുഖ ബാങ്കുകള്‍ വഴിയുള്ള റഷ്യയുടെ ആഗോളവ്യാപാരത്തിന് ഇത് വലിയ പ്രതിസന്ധിയാണ്. ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ 50 ശതമാനവും എസ്.ബി.ഐ, കാനറ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ കൈവശമാണ്. ഇത്രയും ബാങ്കുകളില്‍ ഒറ്റയടിക്ക് വിലക്ക് വരുന്നത് ആലോചിച്ചു നോക്കൂ. ഇതുപോലെയാണ് സ്വിഫ്റ്റും. ആഗോളവ്യാപാരത്തിലെ ചെറു അലകള്‍ പോലും ഇന്ത്യയേയും ബാധിച്ചേക്കാം.
ഒന്നാമത്തേത് ഇന്ധനവില തന്നെയാണ്. പ്രത്യേകിച്ച് ഉപയോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്തിന്. ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ. ഏഴു വര്‍ഷത്തിനു ശേഷമാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുന്നത്. 2014-ല്‍ റഷ്യയുടെ ക്രിമിയന്‍ അധിനിവേശത്തിനു ശേഷമുള്ള ഉപരോധമാണ് ക്രൂഡ് വിലയില്‍ ചലനങ്ങളുണ്ടാക്കിയത്. ലോകരാജ്യങ്ങളുടെ ഉപരോധം രൂക്ഷമാകാത്തതിനാല്‍ ക്രൂഡ് വില നൂറില്‍ താഴെയുമായി. എന്നാല്‍, യുദ്ധം തുടര്‍ന്നുപോകുന്നതു ചരക്കുനീക്കത്തെ ബാധിക്കാം. ലോകരാജ്യങ്ങളുടെ ഉപരോധം കഴിഞ്ഞ തവണത്തേതിനേക്കാള്‍ തീവ്രമായാല്‍ ക്രൂഡ് വില ബാരലിനു 125 ഡോളറിലധികം കടന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു. നവംബറിനു ശേഷം ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കൂട്ടിയിട്ടില്ല. ഉത്തര്‍പ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് കാരണമെങ്കിലും അതു കഴിയുന്നതോടെ വന്‍ വിലവര്‍ദ്ധനയ്ക്കാണ് കളമൊരുങ്ങുക. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ക്രൂഡ് വില 25 ശതമാനം ഉയര്‍ന്നതോടെ വില കൂട്ടാനുള്ള എണ്ണക്കമ്പനികളുടെ സമ്മര്‍ദ്ദം സര്‍ക്കാരിനുണ്ട്. അതായത് തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മാര്‍ച്ച് ഏഴിനു ശേഷം പെട്രോള്‍-ഡീസല്‍ വില വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നര്‍ത്ഥം. ഫെബ്രുവരി അവസാനത്തെ ക്രൂഡ് വില കണക്കിലെടുത്താല്‍പ്പോലും 12 രൂപയിലധികം പെട്രോളിനും ഡീസലിനും കൂടും. ആനുപാതികമായി നാണയപ്പെരുപ്പത്തിനും ഭക്ഷ്യവില ഉയരുന്നതിനും ഇതു കാരണമാകും.
റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി ഒരു ശതമാനത്തില്‍ താഴെയാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാകും വിലവര്‍ദ്ധനയ്ക്ക് വഴിതെളിക്കുക. വലിയ പ്രതിഷേധം നിലനില്‍ന്ന സാഹചര്യത്തിലാണ് നവംബര്‍ നാലിനു കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും നികുതിയിളവ് നല്‍കിയത്. ചില സംസ്ഥാനങ്ങള്‍ വാറ്റിലും ഇളവു വരുത്തി. എന്നാല്‍, ഇറക്കുമതിച്ചെലവ് ഉയര്‍ന്നെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ വില വര്‍ദ്ധന നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും. ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാകുമെങ്കിലും താല്‍ക്കാലിക പ്രതിഷേധം ഇതുവഴി ഒഴിവാക്കാനുമാകും.
പ്രകൃതിവാതക വിലയിലെ വര്‍ദ്ധനയാണ് മറ്റൊന്ന്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്പാദകരാണ് റഷ്യ. ഇന്ത്യയില്‍ എല്‍.പി.ജി ഉപയോഗത്തിന്റെ 60 ശതമാനവും എല്‍.എന്‍.ജിയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2018 മുതല്‍ ഇന്ത്യ റഷ്യയില്‍നിന്നു പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നുണ്ട്. 2021-ല്‍ നേരിട്ടുള്ള എല്‍.എന്‍.ജി ഇറക്കുമതിയും തുടങ്ങി. 2500 കോടി ഡോളറിന്റെ കരാറാണ് അന്ന് ഒപ്പിട്ടത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യന്‍ എല്‍.എന്‍.ജിക്ക് വില കുറവായിരുന്നു. റഷ്യന്‍ പ്രകൃതിവാതക കയറ്റുമതിയുടെ 0.2 ശതമാനമേ ഇന്ത്യയിലേക്കുള്ളൂവെങ്കിലും യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരതകള്‍ വിലയിലെ ചാഞ്ചാട്ടത്തിനാകും വഴിതെളിക്കുക. പാചകവാതകത്തിനു പുറമേ വാഹനങ്ങളില്‍ ഇന്ധനമായും താപവൈദ്യുതി നിലയങ്ങളിലും പ്രകൃതിവാതകം ഉപയോഗിക്കുന്നുണ്ട്.
2021-ല്‍ 1.8 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് റഷ്യയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020-ല്‍ ഇത് 2.5 മില്യണ്‍ ആയിരുന്നു. അതായത് റഷ്യ ഇറക്കുമതി വിഹിതം 1.6 ശതമാനത്തില്‍നിന്ന് 1.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രകൃതിവാതക വില അന്തരാഷ്ട്ര വിപണിയില്‍ ഉയര്‍ന്നാല്‍ പാചകവാതകം മുതല്‍ വൈദ്യുതിക്കു വരെ വിലകൂടുമെന്ന് ഉറപ്പാണ്. മുന്‍പ് റഷ്യ കയറ്റുമതി കുറച്ചപ്പോള്‍ യൂറോപ്പില്‍ പ്രകൃതിവാതകത്തിന് ക്ഷാമവും വിലവര്‍ദ്ധനയുമുണ്ടായിരുന്നു. ഇതെല്ലാം നാണയപ്പെരുപ്പം ഉയരാനാണ് വഴിയൊരുക്കുക. ജനുവരിയില്‍ 6.01 ശതമാനമാണ് നാണയപ്പെരുപ്പം. ആര്‍.ബി.ഐ നിശ്ചയിക്കുന്ന പരിധിയേക്കാള്‍ കൂടുതലാണ് ഇത്. കൊവിഡ്-19 പ്രതിസന്ധിയെ മറികടക്കാന്‍ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനായി പലിശനിരക്ക് കുറച്ച ആര്‍.ബി.ഐക്ക് ഇനി പലിശ കൂട്ടേണ്ടിവരും. ഇത് പണലഭ്യത കുറയ്ക്കുകയും സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയ്ക്കുകയും ചെയ്യും. ഭക്ഷ്യവിലയുടെ സൂചകമായ മൊത്തവില സൂചിക ഇപ്പോള്‍ത്തന്നെ ഇരട്ടയക്കത്തിലാണ്. ജനുവരിയിലും ഉയര്‍ന്നതോടെ തുടര്‍ച്ചയായ പത്താം മാസമാണ് ഭക്ഷ്യവില സൂചിക ഉയരുന്നത്. രണ്ടു മുതല്‍ ആറു ശതമാനം വരെയാണ് ആര്‍.ബി.ഐ നിഷ്‌കര്‍ഷിക്കുന്ന പരിധി. ചുരുക്കിപ്പറഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ നാണയപ്പെരുപ്പം നാലര ശതമാനത്തിലേക്ക് താഴുമെന്ന ആര്‍.ബി.ഐയുടെ പ്രതീക്ഷ തന്നെ അസ്ഥാനത്തായി. നിരക്കുകള്‍ ആര്‍.ബി.ഐ ഉയര്‍ത്തിയാല്‍ സ്വാഭാവികമായും ഉപഭോഗനിരക്ക് കുറയും സാമ്പത്തിക പ്രക്രിയ കുറയുകയും ചെയ്യും.
ഭക്ഷ്യവിലയില്‍ മാറ്റമുണ്ടാക്കിയേക്കാവുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്. ഗോതമ്പ് ഉള്‍പ്പെടെയുള്ളവയുടെ ആഗോളവില റെക്കോഡിലാണ്. ഭക്ഷ്യഎണ്ണയാണ് മറ്റൊന്ന്. ഉപഭോഗത്തിന്റെ 70 ശതമാനവും ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ചരക്കുനീക്കത്തിലെന്തെങ്കിലും തടസം നേരിട്ടാല്‍ വലിയ പ്രതിസന്ധിയാകും ഉണ്ടാകുക. മുന്‍പ് എണ്ണവില വര്‍ദ്ധനയിലൂടെ നേടിയ ലാഭം നഷ്ടം നികത്താന്‍ സര്‍ക്കാരിനു ഉപയോഗിക്കാമെങ്കിലും ഫലത്തില്‍ സമീപഭാവിയില്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുക. എണ്ണവില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന പഴി തുടര്‍ന്നും കേള്‍ക്കേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന സര്‍ക്കാരിന് അതൊട്ടും ശുഭകരവുമല്ല. ഇനി എക്സൈസ് തീരുവ കുറച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ഒരു ലക്ഷം കോടിയെങ്കിലും കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും. ജി.എസ്.ടി കുടിശ്ശിക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കേണ്ടിവരും. ഒരു മാസം മുന്‍പ് ബജറ്റ് സമയത്ത് നിലനിന്നിരുന്നതിനേക്കാള്‍ കൂടുതല്‍ അസുഖകരമാണ് കാര്യങ്ങളെന്നു വ്യക്തം. സമ്പദ്വ്യവസ്ഥ 'ദുര്‍ബ്ബല'മായ അവസ്ഥയിലല്ല എന്നതു മാത്രമാണ് ആശ്വാസകരം.
മൊത്തം ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) ഈ സാമ്പത്തിക വര്‍ഷം 8.9 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍, പ്രതീക്ഷിത വളര്‍ച്ച 9.2 ശതമാനമായിരുന്നു. ഉല്പാദനമേഖലയിലെ വാങ്ങല്‍ശേഷി സൂചിക ഫെബ്രുവരിയില്‍ 57.5 ശതമാനവും ജനുവരിയില്‍ 57.7 ശതമാനവുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഏറ്റവും നല്ല പ്രകടനമാണ് ഇത്. എന്നാല്‍, യുക്രെയ്നിലെ മാറ്റങ്ങള്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയേക്കാവുന്ന വിള്ളലുകള്‍ ഈ സൂചികയുടെ പ്രകടനത്തെ ബാധിച്ചേക്കാം. സാധാരണക്കാരന്റെ വാങ്ങല്‍ശേഷിയെ ബാധിക്കാവുന്ന തരത്തില്‍ ജീവിതച്ചെലവുകള്‍ ഉയരുന്നത് വെല്ലുവിളിയാണ്. കൊവിഡിനു ശേഷം വരുമാനം സാവധാനമെങ്കിലും സ്ഥിരത കൈവരിക്കുമെന്ന സാധാരണക്കാരന്റെ വിശ്വാസം ഇതോടെ തകിടം മറിയും. കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ജീവിതച്ചെലവുകള്‍ക്ക് മാറ്റിവയ്‌ക്കേണ്ടിവരുന്നതോടെ ഉല്പാദനമേഖലയുടെ തകര്‍ച്ചയ്ക്കാകും ഇതു വഴിതെളിക്കുക. ഫെബ്രുവരിയിലെ ആദ്യ മൂന്നാഴ്ചകളില്‍ ഉപഭോക്തൃ വിശ്വാസ സൂചിക 62-63 നിലയിലാണ്.
2020 മാര്‍ച്ചിലെ ലോക്ക്ഡൗണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. രണ്ട് രീതിയിലാണ് ഇതു കണക്കാക്കുക. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യവും ഭാവിയിലുണ്ടായേക്കാവുന്ന സാഹചര്യവും കണക്കിലെടുക്കും. യുക്രെയ്ന്‍ പ്രതിസന്ധിയോടെ ഈ സാഹചര്യങ്ങളെല്ലാം മാറിക്കഴിഞ്ഞു. ആര്‍.ബി.ഐയുടെ വിശ്വാസ സൂചികയിലും കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നതായി കാണിക്കുന്നു. വരുമാനവും വാങ്ങല്‍ശേഷിയും മെച്ചപ്പെട്ടതായി കാണിക്കുന്നു. എന്നാല്‍, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചെലവും ഉപയോഗവും കൊവിഡിനു മുന്‍പുള്ള സാഹചര്യത്തിലേക്ക് മടങ്ങിവന്നിട്ടില്ല. ഫോര്‍ച്യൂണ്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും ചെലവു ചുരുക്കാതെ പെട്രോള്‍ വില വര്‍ദ്ധനയുടെ ഭാരം മറികടക്കാനാവില്ലെന്നു വ്യക്തമാക്കി. 24 ശതമാനം പേര്‍ പറഞ്ഞത് ഇതിനകം മാസബജറ്റ് വെട്ടിച്ചുരുക്കിയെന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്ത രണ്ടിലൊരാള്‍ പറയുന്നത് വരുമാനവും നിക്ഷേപവും 2022-ല്‍ കുറഞ്ഞേക്കുമെന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates