ഭാഷയാല്‍ ആവിഷ്‌കരിക്കപ്പെടുന്ന 'ഉള്ളനക്കങ്ങള്‍'

അടുത്തിടെ വിടപറഞ്ഞ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാടിന്റെ കവിതകളെക്കുറിച്ച്
ഭാഷയാല്‍ ആവിഷ്‌കരിക്കപ്പെടുന്ന 'ഉള്ളനക്കങ്ങള്‍'

ഇതു വാസ്തവ,മന്യദൃഷ്ടികള്‍ 
ക്കതിസാധാരണമായ മൃത്യുവും
ഹൃദയം സ്വയമന്തരിച്ചു പോ
യതിനുള്ളോരനുബന്ധമായ് വരാം

(ഇതുപോലെ, വൈലോപ്പിള്ളി).


രിക്കല്‍ ഇതുപോലെ ബിജു കാഞ്ഞങ്ങാടിനെക്കുറിച്ചെഴുതേണ്ടിവരുമെന്നും അതിന്റെ തുടക്കത്തില്‍ മഹാകവി വൈലോപ്പിള്ളിയുടെ ഈ കയ്പന്‍വരികള്‍ ഉദ്ധരിക്കേണ്ടിവരുമെന്നും കരുതിയതല്ല. എങ്കിലും അനിവാര്യതയുടെ നിര്‍ബ്ബന്ധത്താല്‍ അങ്ങനെ ചെയ്യുന്നു.

ഒരേ സമയം കവിയും ചിത്രകാരനുമായിരിക്കുക എന്ന ഇരട്ടച്ചുമതലയുമായാണ് ബിജു ജീവിച്ചത്. അതയാള്‍ ഭംഗിയായി നിറവേറ്റി; കാവ്യപുസ്തകങ്ങളില്‍ നിറയെ രേഖാചിത്രങ്ങള്‍ വരച്ചു ചേര്‍ത്തും ചിത്രകവിതകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചും. 

മരണം ഏതൊരാളുടേയും രൂപം മാറ്റിക്കളയും. ഒറ്റ സ്‌നാപ്പില്‍ നിശ്ചലമായിപ്പോയ ചിരിയാണെങ്കിലും മാരകമായ തിളക്കത്തോടെയാവും അയാളുടെ നിത്യമായ അഭാവത്തില്‍ നമ്മളതു കാണുക. മരിച്ചവരുടെ എഴുത്തുകളുമതേ, കൂടുതല്‍ മുഴങ്ങും. വാക്കുകള്‍ മരണത്താല്‍ അടിവരയിടപ്പെടും. വരകള്‍ കൂടുതല്‍ കറുക്കും. ഇത്തരം വിചാരങ്ങളുമായി ബിജുവിന്റെ 'അഴിച്ചുകെട്ട്' എന്ന പുസ്തകം തുറന്നപ്പോള്‍ ആദ്യം കണ്ടത്, 'മിണ്ടാതെ പൊയ്‌ക്കോ' എന്ന കവിതയാണ്.

എനിക്കറിയാം
ഓര്‍മ്മ കൈവിട്ടപോലെ
ചിരി മാഞ്ഞേക്കുമെന്ന്

ഞാനന്ന്
പരിചയം ഭാവിക്കയേയില്ല

ബാബു, ശ്രീഹരി, പ്രിയ, ജയ
പേരുകളൊന്നും ഓര്‍മ്മയില്‍ വരില്ല
ആള്‍ക്കൂട്ടങ്ങളെ തിരിച്ചറിയില്ല
അലങ്കോലമാവും മുറി
അടഞ്ഞ ഒച്ചയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞേക്കും
പിറുപിറുത്തേക്കും

എന്നാലും മിണ്ടാതെ പൊയ്‌ക്കോ
ഒളിച്ചു കിടക്കയാവും ഞാന്‍.

ഈ കവിതയില്‍നിന്നുതന്നെ ഈ കുറിപ്പു തുടങ്ങേണ്ടിവന്നതിലെ ഭീകരമായ യാദൃച്ഛികത എന്നെ നടുക്കുന്നുണ്ട്. മരണവെളിച്ചത്തില്‍ കൂടുതല്‍ തെളിയുന്ന കവിതയാണിത്. അതെഴുതിയ ആള്‍ തന്നെ ഇക്കഴിഞ്ഞ നാള്‍ അതു കാണിച്ചുതന്നു. മരണത്തിന്റെ വിളക്കു കെടുത്തിയിട്ട് ഈ വരികളൊന്നു വായിച്ചു നോക്കൂ. അത് വളരെയൊന്നും നിങ്ങളോട് സംവദിച്ചുവെന്നു വരില്ല. ഒരു പക്ഷേ, മിണ്ടിയെന്നുതന്നെ വരില്ല. മരണത്തിന്റെ മാരകപ്രഭയില്‍ അതു കൂടുതല്‍ തെളിഞ്ഞു കൊണ്ടേയിരിക്കുന്നു. ഇത്തരം തെളിഞ്ഞുവരലാണ് എക്കാലത്തെയും മികച്ച കവിതയുടെ ലക്ഷണം. മരണവീട്ടില്‍ രാമായണം വായിക്കുന്ന മലയാളിക്കത് നന്നായറിയാം.

കവിതയില്‍ ഒച്ചവച്ചെഴുതുന്നയാളേയല്ല ബിജു. ചിത്രകലയുടെ അഗാധമായ ശിക്ഷണം അയാളെ മിതവാക്കാക്കി മാറ്റി. ആര്‍ച്ചിബാള്‍ഡ് മക്ലീഷിന്റെ പഴയൊരു കവിതയില്‍ പറയും പോലെ, മഹാദു:ഖത്തെ ആവിഷ്‌കരിക്കാന്‍ മേപ്പിളിന്റെ ഒരില മതി, തുറന്നു കിടക്കുന്ന ഒരു വാതിലും.

'അവള്‍/വെള്ളത്തില്‍/മുടി താഴ്ത്തി നില്‍ക്കെ/കാറ്റില്‍/ആകാശനീലയില്‍/കാവ് ഒന്ന് വിറച്ചു' എന്നവസാനിക്കുന്ന കവിതയ്ക്ക് 'ഭഗവതി' എന്നാണ് ബിജു പേരിടുന്നത്. പൂര്‍ണ്ണമായും ദൃശ്യങ്ങള്‍ കൊണ്ട് മെനഞ്ഞ കവിതയില്‍ വലിയൊരു ദൈവാന്തരീകരണ (apotheosis) മുഹൂര്‍ത്തമാണ് പ്രമേയം. അവള്‍ ഭഗവതിയും കാവാകെ ദൈവസാന്ദ്രതയുടെ പ്രസരമേറ്റ സ്തബ്ധദൃശ്യവുമായി മാറുന്നു. 'അപ്പോഴേയ്ക്കും/മായയായി' എന്ന ഒരൊറ്റ വരിയാലാണ് കവി ഇതിനു കളമൊരുക്കുന്നത്(അതെ, കളമൊരുക്കല്‍ തന്നെ; ഭഗവതിക്കളം എന്ന അധികാര്‍ത്ഥത്തോടെ!). തുടര്‍ന്ന് ഈ വരികളും:

മീന്‍കുഞ്ഞുങ്ങള്‍
വരിവരിയായി
നിശ്ശബ്ദരായി

പച്ചിലകളത്രയും
കൈകൂപ്പി നിന്നു

കല്‍ക്കെട്ടുകളില്‍
ചെക്കിപ്പൂക്കള്‍
ചോപ്പെറിഞ്ഞു ...

ബിജു കാഞ്ഞങ്ങാട് വരച്ച ചിത്രം
ബിജു കാഞ്ഞങ്ങാട് വരച്ച ചിത്രം

ഇനി അവള്‍ ഭഗവതിയാവാന്‍ എന്തെളുപ്പം! കവിതയില്‍, കവിതയാല്‍ അതു നിറവേറുന്നു. ഒരു ജലച്ചായചിത്രം പൂര്‍ത്തിയാവും പോലെ കവിത രൂപത്തികവും ഭാവത്തികവും കൈവരിക്കുന്നു. ഡിലന്‍ തോമസിന്റെ 'പോയം ഇന്‍ ഒക്‌ടോബര്‍' (Poem in October) പോലൊരു കവിതയുമായി പരിചയപ്പെട്ടിട്ടുള്ളൊരാള്‍ക്ക് ഈ കവിതയുടെ ദൃശ്യഭാഷയും ബിംബഭാഷയും വേഗം വഴങ്ങും. ജലം പ്രാര്‍ത്ഥിക്കുകയും (water praying) നീര്‍ക്കാക്ക പുരോഹിതവസ്ത്രമണിയുകയും (heron priested shore) സൂര്യവെളിച്ചം ദൈവരാജ്യത്തിന്റെ ഉപമകളാവുകയും (parables of sunlight) ചെയ്യുന്ന പ്രകൃത്യാത്മീയതയുടെ ലോകമാണത്. ഇതിനെ കാവും കുളവുമുള്ള കേരളീയാന്തരീക്ഷത്തിലേയ്ക്ക് മാറ്റിപ്പണിയുകയാണ് ബിജു, 'ഭഗവതി' എന്ന കവിതയില്‍. ഇതൊരു ഭക്തികാവ്യമല്ല, ഭക്തിയുണ്ടെങ്കില്‍ അത് പ്രകൃതിയുടെ സ്‌ത്രൈണ ചൈതന്യത്തോടാണ്. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ കവി അതാവിഷ്‌കരിക്കുന്നു എന്നതാണ് പ്രധാനം; 'പുല്‍ക്കോമരങ്ങള്‍' പോലൊരു അപൂര്‍വ്വ പദയോജന അതിനെ നന്നായി പിന്തുണയ്ക്കുകയും ചെയ്യുന്നു.

'ഭഗവതി'യുടെ ഇണക്കവിതയായാണ് സ്ഥാനപ്പെടുന്നത്, 'മാക്കംമീടി', എന്റെ വായനയില്‍. ആ വാക്കുതന്നെ ഒരു കവിതയാണ്. പേരുപോലെ ഗ്രാമീണമായ ഭാഷയും അനുഭവലോകവും. ഭഗവതിക്കൊത്ത മുഖമുള്ളവള്‍ ആണ്, 'മാക്കംമീടി.' അവള്‍ തന്റെ അസ്സലിനെ കണ്ണാലെ കണ്ടാലുള്ള അനുഭവമാണ് കവിതയില്‍. പ്രകൃതിയുടേതാണ് ഇവിടെയും ഉപമാനങ്ങള്‍:

എന്റെ കണ്ണ് കലങ്ങി
മയക്കത്തില്‍
കുമ്പളത്തിന്‍ പൂവിന്റെ
പൊന്‍ചൊവ്വ് പോലെ
കുറുന്തോട്ടി മലരിന്റെ
നെറം കണക്കെ
എന്റെ ആങ്ങളാര്
തമ്മാമ്മില് നോക്കിയപ്പോ
ഞാനും കണ്ടൂ
നെരന്തവള്ളിക്കിടയിലൂടെ
നക്ഷത്രമുദിച്ചത്
നട്ടുച്ചയ്ക്ക്.

ഒച്ചയില്ലാത്തൊരു നിലവിളി പോലെയാണ് ബിജുവിന്റെ കവിതകള്‍, പലപ്പോഴും. കവിതയുടെ ഭാഷയില്‍ മാത്രം അത് കാര്യങ്ങള്‍ കാണുന്നു. കണ്ടെഴുത്തുകളാണ് കവിത ബിജു കാഞ്ഞങ്ങാടിന്. 'കാവിലേക്ക് പോയ പാവാടക്കുട്ടി/കരഞ്ഞ് കരഞ്ഞ്/ആകാശം ചോപ്പിച്ചു' എന്ന വരിയൊന്നു മാത്രമാണ് 'കരിമഷി' എന്ന കവിതയുടെ പ്രമേയ കേന്ദ്രമെന്തെന്ന് നമുക്കു ചൂണ്ടിക്കാട്ടിത്തരുന്നത്. കണ്ടലുകളും പച്ചത്തത്തകളും മുള്ളുമുരിക്കും പുള്ളിവെയിലും ചേര്‍ന്ന് പൂരിപ്പിക്കുകയാണ് അതിനെച്ചൂഴുന്ന മൗനത്തെ. കവിതയുടെ ഒടുവിലെ വരികള്‍ ഇങ്ങനെ:

ആളൊഴിഞ്ഞ വെള്ളരിപ്പാടത്തില്‍
ഒറ്റയ്ക്ക് ഒരു ബലൂണ്‍
ആടിയാടി...

ലുബ്ധമായ വിശേഷണപദങ്ങള്‍കൊണ്ടും ക്രിയാപദത്തിന്റെ ഭാവപ്രലോഭനശേഷികൊണ്ടും ഒറ്റബലൂണ്‍ എന്ന കാഴ്ച, മുറിവേറ്റ ബാല്യത്തോളം ആഴമുള്ള ഒരു നിലവിളിയായി മാറുന്നു.

'ഞാന്‍' എന്ന പേരില്‍ ബിജുവിന്റെ ഒരു കവിതയുണ്ട്, 'ജൂണ്‍' എന്ന സമാഹാരത്തില്‍. ആ കവിതയിലും കാണാം ഒച്ചയില്ലായ്മയോടുള്ള കവിയുടെ പ്രിയം:

ഓര്‍മ്മപോലെ
ഇടയ്ക്ക് വരാറുണ്ട്

മറവിപോലെ 
ഇടയ്ക്ക് പോവാറുണ്ട്
എന്നും പറയാം

ഇവയ്ക്കിടയില്‍
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ചവെക്കാതെ.

ബിജുവിന്റെ ചിത്രകവിതകളാണ് ശ്രദ്ധിക്കേണ്ട വേറൊരു ഗണം. ചിത്രകാരനായ കവി, ചിത്രങ്ങളെക്കുറിച്ചെഴുതിയ ഇത്തരം കവിതകള്‍ (ekphrastic poems) നമ്മുടെ ഭാഷയില്‍ വിരളമാണ്. ആ അപര്യാപ്തതയെ ആണ് ഈ കവി, തന്റെ സമൃദ്ധമായ ചിത്രകവിതകള്‍കൊണ്ടു നിറച്ചത്. ലോകപ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങളെ മുന്‍നിര്‍ത്തി, 'മഴയുടെ ഉദ്യാനത്തില്‍' എന്ന സമാഹാരം; തൊട്ടുപിന്നാലെ വാന്‍ഗോഗ് ചിത്രങ്ങളെക്കുറിച്ചു മാത്രം 'മഞ്ഞ' എന്ന പുസ്തകവും.

'ബ്രഷുകളുടെ കലപ്പ/പാടം നിറയെ സഞ്ചരിച്ചു' എന്നും 'വേഗതയാര്‍ന്ന ചായച്ചാലുകളില്‍/ വിതക്കുന്നവന്റെ വിരലുകള്‍/വീണ്ടും വീണ്ടും വിത്തുകളായി' എന്നും വാന്‍ഗോഗിന്റെ 'വിതക്കാര'നെക്കുറിച്ചെഴുതുന്നുണ്ട് ബിജു. ബ്രഷ്, കലപ്പയും ചായത്തേപ്പുകള്‍ ഉഴവുചാലുമാകുന്ന ഈ ലയം, ഒരു പക്ഷേ, ആ ചിത്രങ്ങളുടെ രചനാവേളയില്‍ വാന്‍ഗോഗ് മാത്രം അറിഞ്ഞതാവണം. കവിയും അതറിയുന്നു, ചിത്രകാരനായ കവിയുടെ അധിക വരപ്രസാദത്താല്‍.

തന്റെ പ്രണയകവിതകളുടെ സമാഹാരത്തിന് 'ഉള്ളനക്കങ്ങള്‍' എന്നാണ് പേരിട്ടത്, ബിജു. പ്രണയം കാവ്യപ്രമേയമല്ലാത്തപ്പോഴും ഭാഷയാല്‍ ആവിഷ്‌കരിക്കപ്പെടുന്ന ഉള്ളനക്കമായിരുന്നു കവിത, അതെഴുതിയ കവിക്ക്; അത്രമേല്‍ ജാഗരൂകമായ ഉള്‍ക്കാതിനു മാത്രം കേള്‍വിപ്പെടുന്നത്, മൗനം കേള്‍ക്കുമ്പോലെ കേള്‍ക്കുന്നവരോടു മാത്രം സംവദിക്കുന്നതും. ഒരു വൈലോപ്പിള്ളിക്കവിതാ വരിയിലാരംഭിച്ച ഈ കുറിപ്പ്, വ്യക്തിപരമായ അനുസ്മരണങ്ങളിലേയ്‌ക്കൊന്നും കടക്കാതെ, ഇങ്ങനെ അവസാനിപ്പിക്കാം:

കുടയാതിരിക്കുന്നേന്‍,
ഉണങ്ങാതിരിക്കുവാന്‍
നനഞ്ഞ ചിറകുകള്‍

(സിറാജുന്നീസ, ഒളപ്പമണ്ണ)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com