വിമര്‍ശനമില്ലാത്ത ഒരു ലോകം അപ്പന്‍ ഇഷ്ടപ്പെട്ടില്ല

ശ്രീനാരായണഗുരുവിനെക്കുറിച്ചും ക്രിസ്തുവിന്റെ അമ്മ മറിയയെക്കുറിച്ചും എഴുതിയത് ഇക്കാലത്താണ്. ഈ ഘട്ടത്തില്‍ തന്നെയാണ് 'രോഗവും സാഹിത്യഭാവനയും' പൂര്‍ത്തിയാക്കിയത്
വിമര്‍ശനമില്ലാത്ത ഒരു ലോകം അപ്പന്‍ ഇഷ്ടപ്പെട്ടില്ല

ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ രോഗങ്ങള്‍ നല്‍കിയ വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടയിലും സമകാലികമായ സാഹിത്യപ്രശ്‌നങ്ങളും വിമര്‍ശനം നേരിടുന്ന പ്രതിസന്ധികളും അദ്ദേഹത്തിന്റെ ചിന്തയില്‍ നിറഞ്ഞുനിന്നിരുന്നു. വിമര്‍ശനമില്ലാത്ത ഒരു ലോകം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഏതു വലിയ ആഘാതങ്ങള്‍ക്കിടയിലും ലോകത്ത് എവിടെയുമുള്ള സാഹിത്യകലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നവ ചലനങ്ങള്‍ പിടിച്ചെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവസാന കാലത്ത് എഴുതിയ ലേഖനങ്ങളില്‍ ഒന്നാണ് 'എം.പി. പോള്‍ ബഷീറിനോട് ചെയ്തത്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2008 ആഗസ്റ്റ്). ആ ലേഖനത്തില്‍ എം.പി. പോള്‍ ബഷീറിനെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. 'ബാല്യകാലസഖി' ജീവിതത്തില്‍നിന്നും വലിച്ചു ചീന്തിയ ഒരേടാണ് എന്നു പറഞ്ഞ് ആരംഭിക്കുന്ന പ്രസിദ്ധമായ ആ ലേഖനത്തെ പിച്ചിച്ചീന്തുകയാണ് അപ്പന്‍. എമിലി സോളയെ വിശേഷിപ്പിക്കുവാന്‍ പാശ്ചാത്യ വിമര്‍ശകര്‍ ഉപയോഗിച്ച തീവ്രമായ വാക്കുകള്‍ കൂടുതല്‍ ആലോചിക്കാതെ ഉപയോഗിക്കുകയാണ് പോള്‍ ചെയ്തത് എന്നാരോപിക്കുന്നു അപ്പന്‍. എന്നാല്‍ ബഷീര്‍ ദാരിദ്ര്യത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചും എഴുതിയെങ്കിലും ബഷീറിന്റെ പ്രശ്‌നം വേറെയായിരുന്നു എന്ന് അപ്പന്‍ വാദിക്കുന്നു. അന്തര്‍ലീന യാഥാര്‍ത്ഥ്യങ്ങളാണ് ബഷീര്‍ അവതരിപ്പിച്ചത്. ആത്മീയതയുടെ പ്രശ്‌നങ്ങളും ദാര്‍ശനിക സന്ദേഹങ്ങളുമാണ് ബഷീര്‍ സാഹിത്യത്തിന്റെ കാതല്‍ എന്ന് ചൂണ്ടിക്കാണിക്കുന്നു. യോഗാത്മക സ്പര്‍ശമുള്ള ലോക വീക്ഷണമായിരുന്നു ബഷീറിന്റേതെന്നും വെളിപ്പെടുത്തുന്നു. ചെറുലേഖനമാണെങ്കിലും ബഷീറിന്റെ സാഹിത്യത്തെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുകയാണ് അപ്പന്‍.

2000-2008 കാലയളവില്‍ രണ്ട് സാഹിത്യചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അപ്പന് കഴിഞ്ഞു. 2002ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ചര്‍ച്ചയായിരുന്നു ആദ്യത്തേത്. പിന്നീട് സമകാലിക മലയാളം വാരികയില്‍ 2007ല്‍നടന്ന സാഹിത്യചര്‍ച്ചയിലും അപ്പനാണ് പ്രബന്ധം അവതരിപ്പിച്ചത്. 'വായനക്കാര്‍ മൗനത്തിലാണ് എന്നാലവര്‍ക്ക് ചോദ്യങ്ങളുണ്ട്' എന്നതായിരുന്നു 'മലയാളം വാരിക'യില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീര്‍ഷകം. രണ്ടു ചര്‍ച്ചകളിലും നമ്മുടെ സാഹിത്യസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെല്ലാം പങ്കെടുത്തു. ഭിന്നമായ സാഹിത്യാഭിരുചികളും സാഹിത്യധാരണകളും സൗന്ദര്യവിചാരങ്ങളും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച ചര്‍ച്ചകളായിരുന്നു അവ രണ്ടും. രണ്ടു ചര്‍ച്ചകള്‍ക്കും അപ്പന്‍ ഒടുവില്‍ മറുപടി പറഞ്ഞു. മലയാളത്തിലെ വായനക്കാരുടെ സംവേദനത്തെ സ്പര്‍ശിച്ച ആ സാഹിത്യ സംവാദങ്ങള്‍  സാഹിത്യചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ആ കാലയളവില്‍ത്തന്നെ സാംസ്‌കാരിക രംഗത്തെ തകര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കും നേതൃത്വം നല്‍കി അദ്ദേഹം. 'മതേതരത്വം മരിച്ചുകൊണ്ടിരിക്കുന്ന ആശയമാണോ?' എന്നതായിരുന്നു ആ ചര്‍ച്ചാലേഖനത്തിന്റെ ശീര്‍ഷകം ('കേരള കൗമുദി').

'സ്വര്‍ഗ്ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു' എന്നായിരുന്നു 'മാതൃഭൂമി' (2002 സെപ്റ്റംബര്‍ 22)യില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീര്‍ഷകം. ഇരുപതാം നൂറ്റാണ്ടില്‍ മലയാള സാഹിത്യത്തെ ഉഴുതുമറിച്ച രണ്ട് സാഹിത്യപ്രസ്ഥാനങ്ങളെ സംബന്ധിച്ച പ്രബന്ധമായിരുന്നു അത്. കാല്പനികതയും ആധുനികതയുമാണ് ചര്‍ച്ചാവിഷയമായത്. മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കാതെ കാല്പനികതയേയും ആധുനികതയേയും സംബന്ധിക്കുന്ന പുതു നിരീക്ഷണങ്ങളും വിലയിരുത്തലുകളും നിഗമനങ്ങളും പുതിയ ശൈലിയില്‍ ഈ ചെറുപ്രബന്ധത്തില്‍ അപ്പന്‍ അവതരിപ്പിക്കുന്നുണ്ട്. കാല്പനികതയേയും ആധുനികതയേയും വീണ്ടും മനസ്സിലാക്കാനും തന്റെ തന്നെ ചിന്തകളെ നവീകരിക്കാനും പുനര്‍മൂല്യനിര്‍ണ്ണയം നടത്തുവാനും അദ്ദേഹം തയ്യാറാകുന്നു. കാല്പനികത ഒരു പ്രത്യയശാസ്ത്രമാണ് എന്ന നവവും മൗലികവുമായ ആശയം അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. 'വികാരത്തേയും സ്വേച്ഛയേയും മുന്‍നിര്‍ത്തി മാനുഷികതയെ നിര്‍വ്വചിക്കാനുള്ള ശ്രമമാണ് അത്. സ്വന്തം അസ്തിത്വം നഷ്ടമാകുമെന്നറിഞ്ഞുകൊണ്ട് അപാരതയുമായി ബന്ധപ്പെടാന്‍ പരിമിതമായ വ്യക്തിസത്തയെ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണത്' എന്ന് വിശദീകരിക്കുന്നു. മാത്രമല്ല, കാല്പനികതയുടെ വിപരീത പ്രേരണകൊണ്ടാണ് എം.സി. ജോസഫിന്റേയും സഹോദരനയ്യപ്പന്റേയും കുറ്റിപ്പുഴയുടേയും നേതൃത്വത്തില്‍ യുക്തിവാദ പ്രസ്ഥാനം ഇവിടെ പ്രബലപ്പെട്ടതെന്ന നവീനവും വ്യത്യസ്തവുമായ അഭിപ്രായവും അപ്പന്‍ അവതരിപ്പിച്ചു. ഇതെല്ലാം കാല്പനികതയെ പുനര്‍നിര്‍വ്വചിക്കുവാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നതായിരുന്നു. ആധുനികതയെക്കുറിച്ചും പുതു നിരീക്ഷണങ്ങള്‍ നടത്തി. ആധുനിക എഴുത്തുകാര്‍ അന്യവല്‍ക്കരണത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ സാര്‍ത്രിന്റേയും മറ്റും ആശയങ്ങള്‍ മാത്രമല്ല പ്രതിഫലിച്ചത്. ഹേഗലിന്റേയും മാര്‍ക്‌സിന്റേയും കേന്ദ്ര ആശയങ്ങളും അതില്‍ മറ്റൊലിക്കൊണ്ടിരുന്നുവെന്നു ചൂണ്ടിക്കാണിക്കുന്നു. ആദ്യകാലത്തെ കെ.പി. അപ്പന്‍ ഇങ്ങനെ പറയുമായിരുന്നില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ രൂക്ഷമായി എതിര്‍ക്കുകയും ചെയ്യുമായിരുന്നു. കാഴ്ചപ്പാടിലുണ്ടായ മാറ്റമാണിത്. ഹെഗലിന്റേയും മാര്‍ക്‌സിന്റേയും ആശയങ്ങള്‍ വേര്‍തിരിച്ചെടുക്കുവാന്‍ നമ്മുടെ മാര്‍ക്‌സിസ്റ്റ് നിരൂപകര്‍ക്ക് കഴിഞ്ഞില്ലെന്നും അപ്പന്‍ ആരോപിക്കുന്നുണ്ട്. തന്റെ തന്നെ നിലപാടുകളെ പുന:പരിശോധിക്കുവാന്‍ അദ്ദേഹം തയ്യാറാക്കുന്നു. ഒരുപക്ഷേ, നാളത്തെ വായനക്കാര്‍ അപ്പന്‍ സൂചിപ്പിച്ചതുപോലെ ആധുനികതയെ രാഷ്ട്രീയമായി വിലയിരുത്തുവാന്‍ മുന്നോട്ടു വന്നേക്കാം. ആധുനികതയെ ബൂര്‍ഷ്വാ സാഹിത്യമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന രീതിയായിരുന്നു അന്ന് യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റ് വിമര്‍ശകര്‍ എക്കാലവും സ്വീകരിച്ചത്. തന്റെ തന്നെ മുന്‍ നിലപാടുകള്‍ വീണ്ടും വിലയിരുത്തിയാണ് ഇവിടെ ചിന്തിക്കുന്നത്. വിശദമായ അന്വേഷണവും വിശകലനവും ആവശ്യപ്പെടുന്ന പ്രസ്താവനയാണ് അപ്പന്‍ ആ പ്രബന്ധത്തില്‍ നടത്തിയത്. വിമര്‍ശകരുടെ സൈദ്ധാന്തിക ദുശ്ശാഠ്യങ്ങളേയും പ്രബന്ധത്തില്‍ ആക്രമിക്കുന്നുണ്ട്.

ആ സാഹിത്യസംവാദത്തില്‍ പല തലമുറകളില്‍പ്പെട്ട നിരവധി പേര്‍ പങ്കെടുത്തു. ആശയ സംഘര്‍ഷങ്ങളുടെ തീക്ഷ്ണമായ ഉരസലുകളുണ്ടായി. എം.വി. ദേവന്‍, ഡോ. എം. ലീലാവതി, ഡോ. എം.ആര്‍. രാഘവവാര്യര്‍, ഡോ. ടി.കെ. രവീന്ദ്രന്‍, ബി. ഹൃദയകുമാരി, ബി. രാജീവന്‍, വി. രാജകൃഷ്ണന്‍,  വി.സി. ശ്രീജന്‍, കെ.പി. നിര്‍മ്മല്‍ കുമാര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പി.കെ. രാജശേഖരന്‍ തുടങ്ങി നിരവധി വിമര്‍ശകര്‍ പങ്കെടുത്ത സംവാദമായിരുന്നു അത്. ചര്‍ച്ചയ്‌ക്കൊടുവില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചിലരെ ഒഴിവാക്കി മറ്റുള്ളവര്‍ക്കു ചുട്ട മറുപടി കൊടുത്തു. അത് മറുപടി മാത്രമായിരുന്നില്ല. ശരിക്കും അടി തന്നെ. 

എതിര്‍പ്പ് പ്രകടിപ്പിച്ച് അടിയേറ്റവരില്‍ ഒരാള്‍ ഞാനായിരുന്നു. ആധുനികതയെ സംബന്ധിക്കുന്ന ധാരണകള്‍ പുന:പരിശോധനയ്ക്കു വിധേയമാക്കണമെന്നും അസ്തിത്വ വാദപരമായ സമീപനങ്ങളില്‍നിന്നും മാറിനിന്ന് ആധുനികതയെ പഠിക്കണമെന്നും ആ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എഴുതിയ 'നിലപാടുകള്‍ പുന:പരിശോധിക്കുമ്പോള്‍' എന്ന ലേഖനത്തില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. ആധുനിക കൃതികളിലെ രാഷ്ട്രീയ ദാര്‍ശനികതയേയും അതുമായി ബന്ധപ്പെട്ട മനുഷ്യ സ്വാതന്ത്ര്യത്തേയും കാണുവാന്‍ നവീന വിമര്‍ശര്‍ക്കു കഴിഞ്ഞില്ല എന്ന ആക്ഷേപവും ഉന്നയിച്ചിരുന്നു. ആധുനികതയെ സംബന്ധിക്കുന്ന ഉറച്ചുപോയ സൗന്ദര്യപരവും രാഷ്ട്രീയവുമായ വിലയിരുത്തലുകള്‍ പൊളിച്ചെഴുതണമെന്ന് വേറെ ലേഖനങ്ങളിലും ('ആധുനികത ഒരു പൊളിച്ചെഴുത്ത്', 'ഉത്തരാധുനികത അര്‍ത്ഥവും യാഥാര്‍ത്ഥ്യവും')   ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു. ഇതെല്ലാം ഓര്‍ത്തുകൊണ്ടാകാം എന്റെ വാദങ്ങളെ അദ്ദേഹം പരിഹാസത്തോടെ തള്ളിക്കളഞ്ഞത്. അതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അത് സ്വാഭാവികവുമാണ്. ഞാന്‍ എന്റെ നിലപാടിലും അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടിലും ഉറച്ചുനില്‍ക്കും. എന്തായാലും അതോടെ അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹത്തിന്റെ ചരട് പൊട്ടിപ്പോയെന്നു തോന്നുന്നു. വ്യത്യസ്തമായ ഒരഭിപ്രായം പറഞ്ഞാല്‍ വ്യക്തിപരമായ സ്‌നേഹത്തിന്റെ ചരട് പൊട്ടുമോ? അതും കെ.പി. അപ്പനെപോലെയുള്ള ഉന്നത വ്യക്തിത്വമുള്ള ഒരാളില്‍നിന്ന്? എതിര്‍പ്പുകളെ സ്വാഗതം ചെയ്ത അപ്പനെപ്പോലെയുള്ള ഒരാളില്‍ അങ്ങനെ സംഭവിക്കുമോ? എന്നെപ്പോലെ നിസ്സാരനായ ഒരാളുടെ വിമര്‍ശനം അദ്ദേഹത്തെ ബാധിക്കുമോ? അറിയില്ല. പക്ഷേ, സ്‌നേഹത്തിന്റെ ചരട് പൊട്ടിയെന്ന് പിന്നീടുള്ള മറ്റു ചില അനുഭവങ്ങളില്‍നിന്നും എനിക്കു തോന്നി. എന്റെ വെറും തോന്നലാണോ അത്? ജീവിതത്തിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാറില്ല.

ബഷീർ
ബഷീർ

കെ.പി. അപ്പന്‍ അവതരിപ്പിച്ച സാഹിത്യചര്‍ച്ചയ്ക്ക് നമ്മുടെ വിമര്‍ശന ചരിത്രത്തില്‍  വലിയ പ്രസക്തി ഉണ്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, ആധുനികതയുടെ പിന്നിലുള്ള പ്രേരണകളെപ്പറ്റി അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ ആധുനികതാവാദത്തെ വലിയൊരു പുന:പരിശോധനയ്ക്കു വിധേയമാക്കുവാന്‍ ആവശ്യപ്പെടുന്നതാണ്. അദ്ദേഹം ആദ്യകാലത്ത് പറഞ്ഞതില്‍നിന്നും മുന്നോട്ടുപോയിട്ടുണ്ട് ആ ലേഖനത്തില്‍. ആധുനികതാപ്രസ്ഥാനം പ്രസ്ഥാനം എന്ന നിലയില്‍ തകര്‍ന്നുപോയെങ്കിലും ആധുനിക സാഹിത്യകൃതികള്‍  ഭിന്നഭാവങ്ങളോടെ നമ്മുടെ മുന്‍പില്‍ ഇപ്പോഴുമുണ്ട്. പുതിയ വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമായി അത് പുതിയ വായനക്കാരെ ക്ഷണിക്കുന്നുമുണ്ട്. ഭാവിയിലെ വിമര്‍ശകര്‍ ഈ സൗന്ദര്യപരമായ ചര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

'സമകാലിക മലയാളം വാരിക'യില്‍ അവതരിപ്പിച്ച ചര്‍ച്ച പ്രധാനമായും താരതമ്യേന ചെറുപ്പക്കാരായ വിമര്‍ശകരുമായിട്ടായിരുന്നു. ഭാഷയിലെ പ്രമുഖനായ വിമര്‍ശകന്‍ അടുത്ത തലമുറയിലെ വിമര്‍ശകരുമായി നടത്തിയ ആശയപരമായ സംവാദമായിരുന്നു അത്. പുതിയ തലമുറയുടെ ദുശ്ശാഠ്യങ്ങളേയും ധാരണകളേയും തിരുത്തുവാനും വ്യത്യസ്ത വഴികള്‍ ചൂണ്ടിക്കാണിക്കുവാനും ശ്രമിക്കുകയാണ് ആ ചര്‍ച്ചയില്‍ അദ്ദേഹം. തന്റെ വിമര്‍ശന ജീവിതത്തിന്റെ തുടക്കത്തില്‍ അന്നത്തെ പഴയ തലമുറയോട് കലഹിച്ചതുപോലെ ജീവിതത്തിന് ഒടുവില്‍ പുതിയ വിമര്‍ശകരോടും കലഹിക്കുകയാണ് അപ്പന്‍. എന്നും നിഷേധങ്ങള്‍ക്കും കലഹങ്ങള്‍ക്കും അപ്പന്റെ വിമര്‍ശനകലയില്‍ സ്ഥാനമുണ്ടായിരുന്നു. പുതിയ തലമുറയുടെ സിദ്ധാന്തഭക്തിക്കെതിരെയുള്ള കലഹമാണ് അപ്പന്‍ അവതരിപ്പിച്ച ചര്‍ച്ചാലേഖനത്തിലുണ്ടായിരുന്നത്. ഏറ്റവും പുതിയ തലമുറയിലെ വിമര്‍ശകര്‍ സിദ്ധാന്തങ്ങളെ ആശ്രയിച്ചു വിമര്‍ശനം നടത്തുന്നവരാണ്. സാഹിത്യവിമര്‍ശനം അടിസ്ഥാനപരമായി അസൈദ്ധാന്തിക(Atheoretical)മാണെന്ന് അപ്പന്‍ വാദിച്ചു. സിദ്ധാന്തം ഉപയോഗിക്കുമ്പോഴും വിമര്‍ശനത്തില്‍ വ്യക്തിപരമായ ആധികാരികതയുടെ സ്വയംഭരണമുള്ളതിനാല്‍ അത് സിദ്ധാന്തത്തിന് അപ്പുറത്തേക്ക് പോകുന്നു. വിമര്‍ശനത്തില്‍ വിമര്‍ശകന്റെ സ്വകാര്യമായ അഭിരുചിയുടേയും വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളുടേയും പ്രകാശനമുണ്ടാകണമെന്ന 'തിരസ്‌കാര'ത്തിലെ വാദഗതിയില്‍ അദ്ദേഹം അവസാന കാലത്തും ഉറച്ചുനിന്നു എന്നാണ് ഈ വാദം ഓര്‍മ്മിപ്പിക്കുന്നത്. പുതിയ വിമര്‍ശകരുടെ വായനക്കാരെ അന്ധാളിപ്പിക്കുന്ന സംജ്ഞകളും കാര്യങ്ങളെ വ്യക്തമാക്കുന്നതിനെക്കാള്‍ കാര്യങ്ങളെ ദുര്‍ഗ്രഹമാക്കുന്ന ഭാഷയും വായനക്കാരെ വിമര്‍ശനത്തില്‍നിന്നും അകറ്റിയെന്നും അപ്പന്‍ ആരോപിക്കുന്നു. നമ്മുടെ പല പുതു വിമര്‍ശകര്‍ക്കു നേരെ ഈ വാക്കുകള്‍ പാഞ്ഞു ചെല്ലുന്നുണ്ട്. വിമര്‍ശകന് വേണ്ടത് സൈദ്ധാന്തിക ശാഠ്യമല്ല, കവി ഭാവനയ്ക്കു മീതെ ഉയരുന്ന ഭാവനാപരമായ ഉള്‍ക്കാഴ്ചയാണ് എന്ന് അപ്പന്‍ വിശദീകരിക്കുന്നു. കൃതിയില്‍ പ്രത്യക്ഷമല്ലാത്ത അര്‍ത്ഥം ഗ്രഹിക്കാന്‍ ടെലിപതി(Telepathy)ക്ക് സമാനമായ ശക്തിവിശേഷം വിമര്‍ശകന്റെ മനസ്സിനുണ്ടെന്നും അതാണ് കൃതിയെ അറിയാന്‍ വിമര്‍ശകനെ സഹായിക്കുന്നത് എന്നും അപ്പന്‍ പറയുന്നു. കണ്‍മുന്‍പില്‍ പ്രത്യക്ഷപ്പെടാത്തവയെ കാണാന്‍ കഴിയുന്ന മനുഷ്യവ്യക്തിയെക്കുറിച്ച് പാരാസൈക്കോളജിയില്‍ പറയുന്നുണ്ട്. അത്തരമൊരു സിദ്ധി വിമര്‍ശകനുണ്ട് എന്നാണ് അപ്പന്റെ വാദം. ഏതു സിദ്ധാന്തത്തെക്കാളും വലുതാണ് ആ സിദ്ധി. അത് വിമര്‍ശകന് വ്യക്തിപരമായ ആധികാരികത നല്‍കുന്നു. വിമര്‍ശനത്തില്‍ വിമര്‍ശകനെ സഹായിക്കുന്നത് ഏതെങ്കിലും സിദ്ധാന്തത്തിലുള്ള അറിവോ പാണ്ഡിത്യമോ അല്ല അഭിരുചിയും സഹൃദയത്വവുമാണ് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് അപ്പന്‍. 'തിരസ്‌കാര'ത്തില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ അദ്ദേഹം എന്നും ഉറച്ചുനിന്നു. മാത്രമല്ല, പിന്നീട് പല ലേഖനങ്ങളില്‍ ഇത് ആവര്‍ത്തിച്ചു പറഞ്ഞു. 'വിമര്‍ശനത്തിന്റെ സമകാലിക രോഗങ്ങള്‍', 'വിമര്‍ശനത്തിന്റെ മിത്രങ്ങള്‍ക്ക്', 'ലോകത്തില്‍നിന്ന് വേര്‍പെടുത്തപ്പെടുന്ന വിമര്‍ശനം' ('വിവേകശാലിയായ വായനക്കാരാ') എന്നിങ്ങനെ നിരവധി ലേഖനങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ട്. ജീവിതത്തിനും കലയ്ക്കും സൈദ്ധാന്തിക ശാഠ്യങ്ങളൊന്നും അറിഞ്ഞുകൂടാ എന്ന് താന്‍ പഠിച്ചത് ഗൊയ്‌ഥെയുടെ 'ഫൗസ്റ്റി'ലെ രണ്ടു വരികളാണ് എന്നു പറഞ്ഞ് അവ ഉദ്ധരിച്ചു ചേര്‍ക്കുന്നു:

'ഏതു സിദ്ധാന്തവും എന്റെ ചങ്ങാതി, ജരാനര ബാധിച്ചതാണ്. ജീവിതത്തിന്റെ സുവര്‍ണ്ണ വൃക്ഷം മാത്രമാണ് നിത്യഹരിതം.'
(All theory is grey, my friend,
Green is the goldent ree of life)
('ഇന്നലെകളിലെ അന്വേഷണ പരീക്ഷണങ്ങള്‍')

'എല്ലാ തത്ത്വചിന്തയും കവിക്ക് ആവശ്യമാണ്, പക്ഷേ, അവയെയെല്ലാം കവി തന്റെ രചനയ്ക്കു പുറത്തു നിര്‍ത്തണം' എന്നും ഗയ്‌ഥേ പറഞ്ഞിട്ടുണ്ട്. അത് കവിക്കു മാത്രമല്ല, നിരൂപകനും ബാധകമാണ്. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് പുതിയ തലമുറയുടെ സിദ്ധാന്ത ഭക്തിയേയും പ്രത്യയശാസ്ത്ര മൂഢഭക്തിയേയും ആക്രമിക്കുന്നത്. വി.സി. ശ്രീജന്‍, സുനില്‍ പി. ഇളയിടം, ബാലചന്ദ്രന്‍ വടക്കേടത്ത്, ജി. മധുസൂദനന്‍, എസ്.എസ്. ശ്രീകുമാര്‍, പി.കെ. രാജശേഖരന്‍, പി.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് തന്റെ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നുകൊണ്ട് മറുപടി പറയുന്നു ('സിദ്ധാന്തമൂഢഭക്തിയും പ്രാദേശിക ജനമര്‍ദ്ദകരും', സമകാലിക മലയാളം വാരിക മെയ് 2007).

'കേരളകൗമുദി' സംഘടിപ്പിച്ച ചര്‍ച്ചയില്‍ അവതരിപ്പിച്ച ലേഖനത്തില്‍ മതേതരത്വം എന്ന ആശയത്തിനു സംഭവിച്ച വലിയ വീഴ്ചയെ പരിശോധിക്കുന്നു. നമ്മുടെ കാലഘട്ടം നേരിടുന്ന വലിയ സാംസ്‌കാരിക വിപത്തിലേക്ക് ശക്തിയുക്തം വിരല്‍ചൂണ്ടുകയാണ് അപ്പന്‍ ഇവിടെ. മതേതരത്വത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോള്‍ തന്നെ നാം അതിനെ കുഴിച്ചുമൂടുന്നു. ധാര്‍മ്മികവും ദാര്‍ശനികവും നിയമപരവും സൗന്ദര്യബോധപരവുമായ ഒരാശയ സംഹിതയായി അത് ഇവിടെ രൂപപ്പെട്ടില്ല. വിഭാഗീയത പേടിപ്പെടുത്തും വിധം തഴച്ചുവരുന്നു. മനുഷ്യരാശിയുടെ ഐക്യത്തെ പ്രതിഫലിപ്പിക്കുന്ന 'നമ്മള്‍' എന്ന പദം ഭാഷാഘടനയില്‍നിന്നു തന്നെ ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ കക്ഷികളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും മതേതരത്വത്തിന്റെ ആശയങ്ങള്‍ കുഴിച്ചുമൂടുകയാണ് എന്ന് വിശദമാക്കുന്നു. മറ്റു മതങ്ങളോട് സഹിഷ്ണുത കാണിക്കുവാന്‍ ഒരു മതത്തിനും കഴിയാത്തവിധത്തില്‍ എവിടെയും അസഹിഷ്ണുത വളരുന്നു എന്ന കാര്യവും എടുത്തുകാണിക്കുന്നുണ്ട്. സ്വന്തം മതത്തെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ മറ്റു മതങ്ങളെ സ്‌നേഹിക്കുക എന്നാണ് അര്‍ത്ഥമെന്ന ഗാന്ധിജിയുടെ വാക്കുകളും ഉദ്ധരിച്ചു ചേര്‍ക്കുന്നുണ്ട്. മത തീവ്രവാദത്തിനെതിരെ ശക്തമായ ആശയപ്രതിരോധങ്ങള്‍ സൃഷ്ടിക്കുവാന്‍ രാഷ്ട്രീയകക്ഷികള്‍ പേടിക്കുകയാണ് എന്ന കാര്യവും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആരേയും പ്രീതിപ്പെടുത്താതെ സ്വതന്ത്രമായി ചിന്തിക്കുന്ന സാംസ്‌കാരിക രാഷ്ട്രീയ വിമര്‍ശകന്‍ അപ്പന്റെ ഉള്ളിലുണ്ട്.
അവസാന കാലത്ത് തന്റെ ജീവിതം അവസാനിക്കുവാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് കിട്ടിയ നിമിഷം മുതല്‍ എഴുത്തിന് വേഗത കൂട്ടി. ലോകസാഹിത്യത്തിലെ നൂറ് നോവലുകളെപ്പറ്റിയുള്ള പഠനം എഴുതണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കുറച്ചൊക്കെ എഴുതിത്തീര്‍ക്കുകയും ചെയ്തു. വളരെ മുന്‍പ് അറുപതുകളില്‍ 'കൗമുദി' വാരികയില്‍ എഴുതിയ നോവല്‍പഠനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. അത് തിരിച്ചു കിട്ടുവാന്‍ ചില ശ്രമങ്ങളും നടത്തി. കിട്ടിയില്ല. നോവല്‍പഠനം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മരണശേഷം എഴുതിക്കഴിഞ്ഞ ലേഖനങ്ങള്‍ 'ഫിക്ഷന്റെ അവതാര ലീലകള്‍' എന്ന പേരില്‍ പുറത്തിറങ്ങി. കെ.പി. അപ്പന്‍ എഴുതുവാന്‍ ആഗ്രഹിച്ച മറ്റൊരു പുസ്തകമുണ്ട്. മലയാളത്തിലെ ഏറ്റവും പുതിയ കഥാകാരന്മാരുടെ കഥകളെക്കുറിച്ചുള്ള പുസ്തകമാണ് അദ്ദേഹം സ്വപ്നം കണ്ടത്. ഓരോ ആഴ്ചയിലും ആഴ്ചപ്പതിപ്പുകളില്‍ വരുന്ന ഓരോ കഥയും അദ്ദേഹം ശ്രദ്ധിച്ചു വായിച്ചിരുന്നു. എഴുതിത്തുടങ്ങുന്ന കഥാകൃത്തുക്കളെയെല്ലാം അവരുടെ കഥകളിലൂടെ അദ്ദേഹത്തിനു നല്ല പരിചയമായിരുന്നു. കഥയില്‍ 2000ത്തിനു ശേഷം പുതിയൊരു തരംഗം അലയടിക്കുന്നത് അപ്പന്റെ സൂക്ഷ്മമായ കണ്ണകള്‍ കണ്ടിരുന്നു. ആ കഥകളെപ്പറ്റി എഴുതുവാന്‍ ആഗ്രഹിക്കുകയും ചെയ്തു.  

2007ലെ 'മനോരമ' വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അടുത്തകാലത്ത് വായിച്ച മികച്ച കഥ ഏത്? എന്ന് അപ്പനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ ഉത്തരം ഇ. സന്തോഷ് കുമാറിന്റെ 'മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍' എന്നാണ്. ഏറ്റവും പുതിയ കഥ പോലും അതീവ ശ്രദ്ധയോടെ വായിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു എന്നാണ് അത് കാണിക്കുന്നത്. ഇ. സന്തോഷ് കുമാര്‍ അന്ന് മികച്ച കുറെ കഥകളുമായി രംഗത്ത് വന്നതേയുണ്ടായിരുന്നുള്ളൂ. ആ കഥാകാരന്റ പ്രതിഭ തിരിച്ചറിയാന്‍ അപ്പന് അന്നേ സാധിച്ചു. എപ്പോഴും പുതിയ എഴുത്തുകാരിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്. അദ്ദേഹത്തിന്റെ മനസ്സില്‍ വേറെയും പുസ്തകങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.

ഇ സന്തോഷ് കുമാർ
ഇ സന്തോഷ് കുമാർ

രോഗവും മരണവും

1998ല്‍ സി.പി. സ്‌നോ എഴുതിയ 'ഒടുവിലത്തെ കാര്യങ്ങള്‍' (Last things) എന്ന നോവല്‍ കെ.പി. അപ്പന്‍ വായിച്ചു. ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയുടെ കഥയായിരുന്നു അതിലെ വിഷയം. അത് അറംപറ്റിയ വായനയായി പിന്നീട് അദ്ദേഹത്തിനു തോന്നി. അങ്ങനെ എഴുതുകയും ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്പനും ഹൃദയാഘാതമുണ്ടായി. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം രോഗവുമൊത്തായിരുന്നു . അദ്ദേഹം രോഗത്തെപ്പറ്റി ആലോചിക്കുകയും അതിന്റെ ഭീകരതയോര്‍ത്തു നടുങ്ങുകയും മരണം എന്ന ജീവിതത്തിലെ ഏറ്റവും വലിയ സത്യത്തിനടുത്തെത്തി എന്ന ബോധത്തിലെത്തിച്ചേരുകയും ചെയ്തു. 

ഹൃദയാഘാതം അപ്പനെ സംബന്ധിച്ചിടത്തോളം  കടുത്ത അനുഭവമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് അറുപത്തിനാല് വയസ്സുണ്ട്. അതുവരെ വലിയ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. മെലിഞ്ഞ ശരീരമാണ്. ഭേദപ്പെട്ട ആരോഗ്യവുമുണ്ടായിരുന്നു. ഭക്ഷണം കുറച്ചു മാത്രമേ കഴിക്കുകയുള്ളൂ. കുറച്ചു ഭക്ഷണം കഴിച്ചാല്‍ വയറിന് അസുഖമെന്നുമുണ്ടാകില്ല എന്ന് അദ്ദേഹം കരുതി. അങ്ങനെ അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. ദിവസവും ഉല്ലാസപൂര്‍ണ്ണമായ സായാഹ്ന സവാരികളുണ്ട്. സംഘര്‍ഷങ്ങളില്ലാത്ത സാമാന്യം സന്തോഷപ്രദമായ ജീവിതവുമായിരുന്നു അദ്ദേഹത്തിന്റേത്. മരുന്നുകളില്‍നിന്നും താന്‍ സ്വതന്ത്രനാണെന്ന് അദ്ദേഹം കരുതി. പക്ഷേ, രോഗം ഭീകരരൂപത്തില്‍ അദ്ദേഹത്തെ സമീപിച്ചു. രോഗത്തിന്റെ കൈ പിടിച്ച് മരണം മുന്‍പില്‍ വന്നുനിന്നതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ചെറിയ കിതപ്പ് അനുഭവപ്പെട്ടു. പിന്നീട്, ഭക്ഷണത്തിനുശേഷം പടി കയറിയപ്പോള്‍ നെഞ്ചില്‍ ഭാരമുള്ളൊരു വേദന. ഒരു ദിവസം, വീട്ടില്‍ വന്ന സുഹൃത്തുക്കളില്‍ ഒരാളായ ഫാദര്‍ ജോര്‍ജ്ജ് വെള്ളാപ്പള്ളിയെ സ്വന്തം കാറില്‍ കൊല്ലത്തിനടുത്തുള്ള കൊട്ടിയത്ത് കൊണ്ടുവിടാന്‍ പോകുകയായിരുന്നു. വീട്ടില്‍ വരുന്നവരെ സ്വന്തം കാറില്‍ റെയില്‍വേ സ്‌റ്റേഷനിലും ബസ്സ്റ്റാന്റിലും കൊണ്ടുവിടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഫാദര്‍ വെള്ളാപ്പള്ളിയുമായുള്ള ആ യാത്രയിലാണ് നെഞ്ചില്‍ കഠിനമായ അസ്വസ്ഥതയാരംഭിച്ചത്. കാറില്‍ വച്ച് ചെറുതായി ആരംഭിച്ച വേദനയും അസ്വസ്ഥതകളും കൂടിവന്നു. 'അച്ചന്‍ ഉള്ളത് നന്നായി. അന്ത്യകൂദാശയ്ക്ക് ആള്‍ അടുത്തുണ്ടല്ലോ' എന്നൊക്കെ തമാശ തോന്നിയെങ്കിലും സംഗതി ഗുരുതരമായി. അച്ചനെ വിട്ട് തിരിച്ചു വരുമ്പോള്‍ നെഞ്ചുവേദന കൂടി. റോഡരികില്‍ കാര്‍ നിര്‍ത്തി. വേദന കീഴ്ത്താടിയിലേക്കും ചുമലിലേക്കും ബാധിച്ചു. പതുക്കെ സ്റ്റിയറിങ്ങ് വളയത്തില്‍ ചാഞ്ഞു... ഉടന്‍ ആശുപത്രിയില്‍ പോയി. വലിയ ചികിത്സകള്‍ ആവശ്യമാണെന്ന ഉപദേശവും കിട്ടി. അദ്ദേഹം ആ അനുഭവത്തെപ്പറ്റി ഇപ്രകാരം എഴുതി:

'ഹൃദയാഘാതം അപ്രതീക്ഷിതമായ അനുഭവമായിരുന്നു എനിക്ക്. സങ്കീര്‍ത്തനത്തില്‍ പറയും പോലെ മരണഭീതി എന്റെ മേല്‍ വീഴുന്നു. ഭയവും വിറയലും എന്നെ പിടികൂടുന്നു. പരിഭ്രമം എന്നെ മൂടുന്നു. ഭയങ്കരമായ വേദന കീഴ്ത്താടിയിലേക്കും തൊണ്ടയിലേക്കും ഇടത്തെ ചുമലിലേക്കും കയ്യിലേക്കും വ്യാപിക്കുന്നു. ഹൃദയത്തിന് ശരീരത്തിനാവശ്യമായ രക്തം കൊടുക്കുവാന്‍ കഴിയാതെ വരുമ്പോള്‍ ശ്വാസംമുട്ടിക്കുന്ന അസ്വാസ്ഥ്യം. നെഞ്ച് കുറുകെ പിളരുന്നതുപോലെ. എന്താണ് ഈ ശരീരം? നങ്കൂരമില്ലാതെ ആടിയുലയുന്ന കപ്പലാണോ? അത് മുങ്ങിത്താഴുകയാണ്. നീ, നിന്റെ ശരീരം മാത്രമാണ് എന്ന് എന്നോട് ആരോ പറയുന്നതുപോലെ തോന്നി.'

എഴുത്തില്‍ ധീരനും തന്റേടിയുമൊക്കെയാണെങ്കിലും അപ്പന്‍ ജീവിതത്തില്‍ അങ്ങനെയാണ് എന്നു പറയാനാവില്ല. ചെറിയ കാര്യങ്ങള്‍ക്കും ഉല്‍ക്കണ്ഠയാണ്. ഹൃദയാഘാതം വന്നപ്പോള്‍ തളര്‍ന്നുപോയി. വിദഗ്ദ്ധ ഡോക്ടറെ കണ്ടു. പരിശോധനകള്‍ നടത്തി. ബൈപ്പാസ് സര്‍ജറി വേണമെന്ന് വിധിക്കുകയും ചെയ്തു. ചെന്നൈയിലെ അടയാറിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. വേണ്ടതെല്ലാം അന്വേഷിക്കുകയും ചെയ്തത് എസ്. നാസര്‍ എന്ന പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. ഇവിടെ മുതല്‍ നാസര്‍ അപ്പനോടൊപ്പമുണ്ട്. അതിനു മുന്‍പും അങ്ങനെ തന്നെയായിരുന്നു. അപ്പന്റെ എന്ത് ആവശ്യത്തിനും നാസര്‍ ഉണ്ടാകും. അതുപോലെ ഉണ്ടായിരുന്ന മറ്റൊരാള്‍ വൈ.എ. റഹീം ആണ്. റഹിം കെ.എസ്.എഫ്.ഇയിലെ ഉദ്യോഗസ്ഥനും ഇപ്രിന്റ് ബുക്‌സിന്റെ ഉടമയുമാണ്. നാസര്‍ എസ്.എന്‍. കോളേജിലെ അപ്പന്റെ വിദ്യാര്‍ത്ഥിയാണ്. അപ്പന്റെ വിദ്യാര്‍ത്ഥിയാകുന്നതിനു മുന്‍പ് പ്രാക്കുളം സ്‌കൂളില്‍ പഠിക്കുമ്പോള്‍  അപ്പന്റെ പ്രസംഗം കേട്ട് ആരാധന തുടങ്ങിയ ആളാണ് നാസര്‍. അന്നു കേട്ട പ്രസംഗത്തിലെ വരികള്‍ പിന്നീട് മറന്നില്ല. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കല്ലട രാമചന്ദ്രന്‍ വഴി അപ്പന്‍ സാറുമായി പരിചയപ്പെട്ടു. പിന്നീട് കൂടുതല്‍ അടുത്തു. കെ.പി. അപ്പന്റെ എന്ത് ആവശ്യത്തിനും നാസറുണ്ടാകും. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു നാസര്‍.

ചെന്നൈയിലേക്കുള്ള യാത്ര വിമാനത്തിലായിരുന്നു. കൂടെ ഭാര്യയും ഭാര്യയുടെ സഹോദരനും ഉണ്ടായിരുന്നു. ചെന്നൈയിലെ 'മലര്‍' ആശുപത്രിയില്‍ ഡോ. ബാഷിയാണ് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്. ചെന്നൈയിലെ വ്യവസായിയും സഹൃദയനുമായ എ.പി. കുഞ്ഞിക്കണ്ണന്‍ വേണ്ടതെല്ലാം ചെയ്തു. ആശുപത്രിയില്‍ കിടക്കുമ്പോഴുള്ള അനുഭവങ്ങള്‍ അപ്പനെഴുതിയിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ബോധം വന്നപ്പോള്‍ ജനലിലൂടെ ആകാശം കണ്ടതും ആകാശത്ത് പറന്നുനടക്കുന്ന പക്ഷികളെ കണ്ടതും എഴുന്നേല്‍ക്കുവാനാകാതെ ക്ഷീണത്തില്‍ വീണതുമെല്ലാം അപ്പന്‍ പിന്നീട് വിശദീകരിച്ചു. ചെന്നൈയിലെ 'ഇന്ത്യാ ടുഡേ'യില്‍നിന്ന് പി.എസ്. ജോസഫും പി.കെ. ശ്രീനിവാസനും സുന്ദര്‍ദാസും അപ്പനെ കാണാന്‍ ആശുപത്രിയില്‍ എത്തി. അപ്പന്‍ 'ഇന്ത്യാ ടുഡേ'യിലെ സ്ഥിരം എഴുത്തുകാരനായിരുന്നു. അപ്പനു വായിക്കുവാന്‍ പുസ്തകങ്ങളുമായാണ് അവര്‍ എത്തിയത്. പക്ഷേ, പുസ്തകം വായിക്കാനോ അവരോടൊക്കെ ഹൃദയം തുറന്ന് സംസാരിക്കുവാനോ പറ്റിയ അവസ്ഥയായിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസം വെളിയില്‍ താമസിക്കണമെന്നും യാത്ര ചെയ്തു നോക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ഹോട്ടലില്‍ താമസിക്കുവാന്‍ അനുവദിക്കാതെ എ.പി. കുഞ്ഞിക്കണ്ണന്‍ അപ്പനെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. കൂടെ ശ്രീനിവാസനുമുണ്ടായിരുന്നു. എ.പിയുടെ വീട്ടിലെത്തിയപ്പോള്‍ ടി. പത്മനാഭന്‍ അപ്പനെ ഫോണില്‍ വിളിച്ചു. എ.പിയുടെ വീട് സ്വന്തം വീടാണെന്ന് കരുതാന്‍ പറഞ്ഞു. രണ്ട് ദിവസം അവിടെ താമസിച്ച ശേഷം നാട്ടിലേക്കു തിരിച്ചു. വീട്ടിലെത്തി കുറെനാള്‍ വിശ്രമിച്ചു. താമസിയാതെ വായനയിലേക്കും എഴുത്തിലേക്കും മടങ്ങി.

ബൈപ്പാസ് സര്‍ജറിയും ആശുപത്രിവാസവും അപ്പനില്‍ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. മരണം നേരില്‍ കണ്ട അനുഭവമാണ് അത് അപ്പനു നല്‍കിയത്. കുട്ടിക്കാലം മുതല്‍ മരണത്തിന്റെ സാന്നിദ്ധ്യമോര്‍ത്ത് വ്യാകുലപ്പെട്ട അദ്ദേഹത്തിന് ഹൃദയാഘാതവും സര്‍ജറിയും രോഗത്തേയും മരണത്തേയും കുറിച്ച് കൂടുതല്‍ ചിന്തിക്കുവാനും എഴുതുവാനും പ്രേരണ നല്‍കി. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ബോധം അദ്ദേഹത്തെ പിന്തുടര്‍ന്ന് വേട്ടയാടി. മരണത്തിന്റെ നിശ്ശബ്ദമായ അനന്തതയെക്കുറിച്ചുള്ള നിനവുകള്‍ മനസ്സില്‍ നിറഞ്ഞു. രോഗം മനുഷ്യനു നല്‍കുന്ന സര്‍ഗ്ഗാത്മകതയെ അഗാധതലങ്ങളില്‍ വച്ചു പരിശോധിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു തുടങ്ങി. രോഗം മനുഷ്യന് ജീവിതത്തെ സംബന്ധിക്കുന്ന സൗന്ദര്യപരവും ദാര്‍ശനികവുമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു. രോഗം ആത്മീയമായ വെളിപാടുകള്‍ക്കു കാരണമായിത്തീരുന്നതറിഞ്ഞ് രോഗത്തിന്റെ വേദനയും തിന്മയും കലാസൃഷ്ടികളില്‍ ലാവണ്യാനുഭവങ്ങളായി മാറുന്നത് കണ്ടു. രോഗം സ്‌നേഹവും സഹാനുഭൂതിയും എങ്ങനെ സൃഷ്ടിക്കുന്നു എന്ന് മുന്‍പ് വായിച്ച കലാസൃഷ്ടികള്‍ വീണ്ടും വായിച്ചു മനസ്സിലാക്കി. സൂസന്‍ സെന്റാഗ് രോഗവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചെഴുതിയത് വായിച്ച് സാഹിത്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിപുലപ്പെടുത്തി. മരണത്തെക്കുറിച്ച് ദാര്‍ശനിക കവിതപോലുള്ള രചനകള്‍ എഴുതി. 'മൗനത്തെക്കാള്‍ നിശ്ശബ്ദമായത്' എന്ന ചെറുലേഖനം അപ്പന്‍ മരണത്തെപ്പറ്റി ഗദ്യത്തിലെഴുതിയ ദാര്‍ശനിക ഭാവഗീതമാണ്. മൗനത്തെക്കാള്‍ നിശ്ശബ്ദമായ മരണത്തെ അറിയുകയാണ് അപ്പന്‍. തന്നെ അടിതെറ്റിച്ചുകൊണ്ടു വന്ന ഹൃദയാഘാതത്തെക്കുറിച്ചും ഹൃദയാഘാതത്തെക്കുറിച്ച് സി.പി. സ്‌നോ എഴുതിയ പുസ്തകത്തെക്കുറിച്ചും ഓര്‍ത്ത അപ്പന്‍ രോഗവും മരണവും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആഴം ആ 'കവിത'യില്‍ വെളിപ്പെടുത്തുന്നു. രോഗം മരണത്തിലേക്കുള്ള വഴിയാണ് എന്നും രോഗത്തിന് രണ്ടു വശമുണ്ടെന്നും അപ്പന്‍ കണ്ടെത്തുന്നു. ഭൗതികവശവും ആത്മീയവശവും. ശരീരത്തിന്റെ നാശമാണ് ഭൗതികവശം. അത് തകര്‍ച്ചയുടെ വശമാണ്. മരണം അന്തസ്സിന്റെ ചിഹ്നവും വ്യാകുലമായൊരു സൗന്ദര്യത്തിന്റെ ചിഹ്നവുമാണെന്ന് അപ്പന്‍ പറയുന്നു. മരണം അനന്തതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നമ്മെ കൊണ്ടുപോകുന്നു. അതുകൊണ്ട് ആദരവിനാല്‍ ഉയര്‍ത്തപ്പെടേണ്ട ഒന്നാണ് മരണം. അറിവിനെ സ്‌നേഹിച്ചതുപോലെ താന്‍ മരണത്തേയും സ്‌നേഹിച്ചിരുന്നുവോ എന്ന് അപ്പന്‍ സംശയിക്കുന്നുണ്ട്. രോഗം നല്‍കിയ വേദനയും മരണത്തിന്റെ സാന്നിദ്ധ്യവും അദ്ദേഹത്തിന്റെ ചിന്തയെ നിരന്തരം ഉണര്‍ത്തിയതിന്റെ ഫലമായി പിറവിയെടുത്ത ഗ്രന്ഥമാണ് 'രോഗവും സാഹിത്യഭാവനയും.'

ശസ്ത്രക്രിയയും ആശുപത്രിവാസവും അപ്പന്റെ മനസ്സില്‍ മരണത്തെക്കുറിച്ചുള്ള സ്മരണകള്‍ ഉണര്‍ത്തിയെങ്കിലും അതൊന്നും തന്റെ ചിന്താജീവിതത്തെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. തനിക്കും താമസിയാതെ എന്തെങ്കിലും സംഭവിക്കുമെന്ന അബോധപരമായ ഭീതി ഉള്ളതുകൊണ്ടാവാം പിന്നീട് വേഗത്തില്‍ എഴുതുകയും പുസ്തകങ്ങള്‍ താമസം കൂടാതെ പ്രസിദ്ധീകരിക്കയും ചെയ്തത്. എഴുതുവാനുള്ളത് വേഗത്തില്‍ എഴുതി തീര്‍ക്കുവാന്‍ തീരുമാനിച്ചതു പോലെ എഴുതിത്തുടങ്ങുകയായിരുന്നു പിന്നീട്. 

വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ലേഖനങ്ങള്‍ എഴുതിയും ആശയങ്ങളുടെ ലോകത്തെ പ്രിയപ്പെട്ട 'ശത്രുക്ക'ളോട് കലഹിച്ചും സംവാദങ്ങളില്‍ ഏര്‍പ്പെട്ട് ചിന്തയുടെ കൊടുങ്കാറ്റുകളഴിച്ചുവിട്ടും സാഹിത്യവിമര്‍ശനരംഗത്ത് ഉറച്ചുനിന്നു അപ്പന്‍. ശ്രീനാരായണഗുരുവിനെക്കുറിച്ചും ക്രിസ്തുവിന്റെ അമ്മ മറിയയെക്കുറിച്ചും എഴുതിയത് ഇക്കാലത്താണ്. ഈ ഘട്ടത്തില്‍ തന്നെയാണ് 'രോഗവും സാഹിത്യഭാവനയും' പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ മറ്റാരും എഴുതാത്ത പുസ്തകങ്ങള്‍ എഴുതാനാണ് എന്നും അപ്പനു താല്പര്യം. ഈ പുസ്തകവും മലയാളത്തില്‍ കെ.പി. അപ്പനു മാത്രം എഴുതാന്‍ കഴിയുന്ന ഒരു പുസ്തകമാണ്. 

(പരമ്പര അടുത്തലക്കം അവസാനിക്കും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com