'എന്റെ അരാഷ്ട്രീയ നിലപാട് എന്റെ മനോഭാവത്തിന്റെ ഭാഗമാണ്, എന്റെ ധർമ്മബോധത്തിന്റെ സൃഷ്ടിയാണ്'

ഇന്നത്തെ പൊതുവായ രാഷ്ട്രീയ ജീർണ്ണതയേയും ഇടതുപക്ഷ അരാജകത്വത്തേയും സാംസ്‌കാരിക ഫാസിസത്തേയും നേരിടാൻ എഴുത്തുകാരനു കഴിയാതെ വരുന്നതായി അപ്പൻ വിശദീകരിക്കുന്നു
'എന്റെ അരാഷ്ട്രീയ നിലപാട് എന്റെ മനോഭാവത്തിന്റെ ഭാഗമാണ്, എന്റെ ധർമ്മബോധത്തിന്റെ സൃഷ്ടിയാണ്'

ന്തുകൊണ്ട് ഞാൻ അരാഷ്ട്രീയവാദിയാണ്?' (2004 നവംബർ) എന്ന ലേഖനത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ കെ.പി. അപ്പൻ വ്യക്തമാക്കുന്നുണ്ട്. അപ്പനെഴുതിയ ഏറ്റവും സത്യസന്ധവും ശക്തവുമായ രാഷ്ട്രീയ ലേഖനമാണിത്. വർത്തമാനകാല രാഷ്ട്രീയത്തിന്റെ ധാർമ്മികപഠനം എന്നാണ് ഈ ലേഖനത്തെ അപ്പൻ വിശേഷിപ്പിക്കുന്നത്. ഇന്ന് രാഷ്ട്രീയം പൂർണ്ണമായും തകർന്നുവെന്ന് ആദ്യം വ്യക്തമാക്കുന്നു. മൂല്യങ്ങൾക്കോ ധാർമ്മികതയ്‌ക്കോ ഇന്ന് രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ല. എല്ലാ പ്രതിഷേധങ്ങളും തന്ത്രാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അടവുകൾ മാത്രമായി മാറിയിരിക്കുന്നു. നേതാക്കന്മാരുടെ അധികാരരതി കോമാളി നാടകമായി അരങ്ങേറുന്നു. ഇടതു വലതു കക്ഷികൾ തമ്മിൽ ഇപ്പോൾ വ്യത്യാസങ്ങൾ ഒന്നുമില്ല. വലതുപക്ഷ രാഷ്ട്രീയം മുൻപേ ജീർണ്ണിച്ചു കഴിഞ്ഞു. ഇടതും ആ വഴിക്കു നീങ്ങുന്നു; ഇടതുപക്ഷം മുതലാളിത്ത സ്വഭാവത്തിലുള്ള പ്രസ്ഥാനമായി മാറാൻ ഇനി താമസമില്ല. അപ്പൻ എഴുതുന്നു:

'മുഖ്യ ഇടതുപക്ഷത്തിന്റ നിലപാടുകൾ മൂലം മലയാളികൾക്ക് ഇന്ന് രാഷ്ട്രീയ സ്മൃതിനാശം (Political Amnesia) എന്ന രോഗം പിടിപെട്ടിരിക്കുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോൾ എതിർത്തു തോൽപ്പിച്ച കാര്യങ്ങൾ ഭരണപക്ഷത്തു വരുമ്പോൾ ഇവർ നടപ്പാക്കുന്നു. ഇത് സ്ഥിരം സ്വഭാവമാകയാൽ മലയാളി സ്ഥിരമായി പഴയ കാര്യങ്ങൾ മറന്ന അവസ്ഥയിലാകുന്നു. ഇത് ഇടതുപക്ഷം ജനങ്ങൾക്കു നൽകിയ രോഗമാണ്.'

രാഷ്ട്രീയത്തിന് അതിന്റെ ധാർമ്മിക അടിത്തറ നഷ്ടപ്പെടുകയും അത് ജീർണ്ണതയിലേക്കു കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു. ഇന്നത്തെ പൊതുവായ രാഷ്ട്രീയ ജീർണ്ണതയേയും ഇടതുപക്ഷ അരാജകത്വത്തേയും സാംസ്‌കാരിക ഫാസിസത്തേയും നേരിടാൻ എഴുത്തുകാരനു കഴിയാതെ വരുന്നതായി അപ്പൻ വിശദീകരിക്കുന്നു. അതുകൊണ്ടാണ് അയാൾ അരാഷ്ട്രീയത്തിലേക്കു പോകുന്നത്, ലാവണ്യവാദത്തിലേക്കും ഒറ്റതിരിഞ്ഞ മിസ്റ്റിസിസത്തിലേക്കും പോകുന്നത്.   പലപ്പോഴും ഒരാളുടെ ലോകബോധത്തെ നിയന്ത്രിക്കുന്നത് അയാളുടെ ഉള്ളിലെ ശക്തിയാണ്. അപ്പൻ പറയുന്നു:

'എന്റെ അരാഷ്ട്രീയ നിലപാട് എന്റെ മനോഭാവത്തിന്റെ ഭാഗമാണ്. എന്റെ ധർമ്മബോധത്തിന്റെ സൃഷ്ടിയാണ്. എന്നാൽ, ഇപ്പോൾ രാഷ്ട്രീയത്തിലെ ധാർമ്മിക ജീർണ്ണതയുടെ വലിപ്പം എന്റെ അരാജക നിലപാടിനെ കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിലെങ്കിലും ഇക്കാര്യം ഞാൻ പറയാതിരിക്കുന്നത് ശരിയല്ല.' 

വിശദീകരണം ഒട്ടും ആവശ്യപ്പെടുന്നതല്ല അപ്പന്റെ ഈ വാക്കുകൾ.   അപ്പനെ ഏറ്റവും കൂടുതൽ ആകർഷിച്ച കമ്യുവിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ അദ്ദേഹത്തെ സ്വാധീച്ചിട്ടുണ്ട്. '...ഞാൻ രാഷ്ട്രീയത്തിനുവേണ്ടി നിർമ്മിക്കപ്പെട്ടവനല്ല. എന്തുകൊണ്ടെന്നാൽ ഞാൻ പ്രതിയോഗിയുടെ മരണത്തെ ആഗ്രഹിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല' എന്ന കമ്യുവിന്റെ വാക്യങ്ങളിൽ താൻ തന്റെ മനോഭാവത്തെ തിരിച്ചറിഞ്ഞു എന്ന് അപ്പൻ വ്യക്തമാക്കി. വിപ്ലവങ്ങൾ അവസാനിക്കുന്നത് ഭരണകൂടത്തിന്റെ അധികാരത്തെ വീണ്ടും കൊണ്ടുവരാനാണെന്നും ഭരണമാറ്റമെന്നത് ഒരു പീഡനത്തിൽനിന്നും മറ്റൊരു പീഡനത്തിലേക്കുള്ള മാറ്റമാണെന്നും മറ്റുമുള്ള കമ്യുവിന്റെ ചിന്തകൾ അപ്പനെ സ്വാധീനിച്ചു.

ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ ഒരന്വേഷണവും അവസാനിക്കുന്നില്ല എന്ന് അപ്പൻ കരുതുന്നു.  ദൈവാസ്തിത്വത്തെ നിഷേധിക്കാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. മതത്തിന് അതീതമായി ദൈവത്തെ കാണാനാണ് തനിക്ക് ഇഷ്ടം. സംഘടിത മതവുമായി ബന്ധപ്പെട്ട ഒരു വിശ്വാസവും തനിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.  സംഘടിത മതങ്ങളുടേയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും ക്രൂരതകളും നിഷ്ഠൂരതകളും   ദൈവത്തെ ആന്തരികമായി അറിയുന്നതിൽനിന്നും വിലക്കിയിട്ടുണ്ട്. എന്നാൽ, നമ്മുടെ അനുഭവങ്ങളിൽ യഥാർത്ഥത്തിൽ ദൈവത്തിന്റെ അഭാവം ഉണ്ടാകുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. 

ദൈവത്തിന്റെ മരണം എന്നത് തനിക്ക് ഒരു ലാക്ഷണിക പ്രയോഗമാണ്. മനുഷ്യൻ മൂല്യങ്ങളിൽനിന്നും മനുഷ്യത്വത്തിൽനിന്നും ധാർമ്മികതയിൽനിന്നും അകലുമ്പോൾ ദൈവം മരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രശ്‌നം മനുഷ്യന്റെ മരണമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രശ്‌നം എന്താണ്? നാം ദൈവത്തിന്റെ മരണം വിളംബരം ചെയ്യണോ അതോ മനുഷ്യന്റെ മരണം ദൈവത്തിനു വിളംബരം ചെയ്യണോ? ഈ ചോദ്യങ്ങളെല്ലാം സാഹിത്യവിമർശകനും നേരിടുന്നുണ്ട്. ഈ ചോദ്യങ്ങൾ നൽകുന്ന അസ്വസ്ഥതയും അശാന്തിയും വിമർശകൻ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.  

കമ്യു
കമ്യു

അവസാന കാലം ജീവിതവും എഴുത്തും

പൊതുവേ പറഞ്ഞാൽ അപ്പന്റെ സ്വകാര്യജീവിതം ശാന്തമായിരുന്നു. അത് ശാന്തമായ നദി പോലെ ഒഴുകിക്കൊണ്ടിരുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം ഭാര്യ ഓമനടീച്ചർ ഭംഗിയായി നോക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും അവരെ സംബന്ധിക്കുന്ന മറ്റെല്ലാ കാര്യങ്ങളിലും ടീച്ചറുടെ സജീവ ശ്രദ്ധ ചെന്നെത്തിയിരുന്നു. അപ്പൻ എല്ലാം അറിയുന്നുണ്ട്. അഭിപ്രായങ്ങൾ പറയുന്നുണ്ട്. മക്കളെ നന്നായി ശ്രദ്ധിക്കുന്നുണ്ട്. അവരെ ലാളിക്കുന്നുണ്ട്. പക്ഷേ, മനസ്സുകൊണ്ട് എപ്പോഴും എഴുത്തിലും വായനയിലും ആയിരിക്കും. മൂത്ത മകൻ ബാംഗ്ലൂരിൽ പോയി പഠിച്ച് എൻജിനീയറായി. രണ്ടാമത്തെ മകൻ ബിരുദമെടുത്തു. മൂത്തമകൻ വിവാഹിതനായി. അതിൽ അപ്പൻ വളരെയധികം സന്തോഷിച്ചു. വിവാഹത്തിനു കൂട്ടുകാരേയും പഴയ സഹപ്രവർത്തകരേയും മുൻ വിദ്യാർത്ഥികളേയും പരിചയമുള്ള പത്രപ്രവർത്തകരേയുമെല്ലാം വിളിച്ചു. ആഘോഷപൂർവ്വം വിവാഹം നടന്നു.
     
 

ശ്രീനാരായണ ​ഗുരു
ശ്രീനാരായണ ​ഗുരു

നടുക്കം സൃഷ്ടിച്ച രണ്ട് മരണങ്ങൾ 

മകൻ വിവാഹിതനാകുകയും വീട്ടിൽ മരുമകൾ എത്തുകയും ചെയ്തപ്പോൾ അപ്പനും ഭാര്യയും ഏറെ സന്തോഷിച്ചു. രണ്ട് ആൺമക്കളുള്ള വീട്ടിൽ ഒരു പെണ്ണ് എത്തിയപ്പോൾ പെൺമക്കളില്ലാതെ പോയതിലുള്ള ദുഃഖം ഇരുവരും മറന്നു. മരുമകൾ രണ്ടു പേർക്കും സ്വന്തം മകളായി മാറി. വീട്ടിൽ കൂടുതൽ സന്തോഷവും ഉത്സാഹവും നുരഞ്ഞുപൊന്തി. അപ്പൻ മരുമകളെ പേരുപോലും വിളിക്കാതെ മോളേ എന്ന് ഹൃദയം തുറന്നു വിളിച്ചു. ആ പെൺകുട്ടിയും ഈ സ്‌നേഹത്തിന്റെ സൗന്ദര്യവും മാധുര്യവും ആവോളം ആസ്വദിക്കുകയും ചെയ്തു. ഇടയ്ക്ക് അപ്പന് ഹൃദയാഘാതമുണ്ടായി. (അതിനെക്കുറിച്ച് പിന്നീട് വിശദമായി വിവരിക്കുന്നുണ്ട് ). ഹൃദയാഘാതം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന വേളയിൽ അപ്പന്റെ ശുശ്രൂഷ മരുമകൾ ഏറ്റെടുത്തു. മരുന്ന് എടുത്തു കൊടുക്കുന്നതും രോഗസംബന്ധമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതും ഈ പെൺകുട്ടിയായിരുന്നു. വിരലിലെ നഖങ്ങൾ വെട്ടികൊടുക്കുന്നതുപോലും മരുമകളാണെന്ന് അപ്പൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മരുമകൾക്ക് ആ വീട്ടിൽ വലിയ സ്വാതന്ത്ര്യം കിട്ടി. തന്റെ മേൽ സ്‌നേഹത്തിന്റെ 'അധികാരം' പ്രയോഗിക്കാൻ അപ്പൻ മരുമകളെ അനുവദിച്ചു. അപ്പൻ സ്വന്തം മുറിയിൽ രാത്രി വളരെ നേരം വായിച്ചിരിക്കുന്ന അവസരത്തിൽ  കടന്നുവന്ന് 'ഇനി അച്ഛൻ കിടക്ക്' എന്നു പറഞ്ഞ് ലൈറ്റണയ്ക്കുവാനുള്ള സ്വാതന്ത്ര്യവും ആ മരുമകൾക്കുണ്ടായിരുന്നു. ആ വീട്ടിൽ മറ്റാർക്കുമില്ലാത്ത സ്വാതന്ത്ര്യം!  

പക്ഷേ, ആ സ്‌നേഹവും സ്വാതന്ത്ര്യവും വളരെ നാൾ നിന്നില്ല. മരണം എന്ന രംഗബോധമില്ലാത്ത കോമാളി കടന്നുവന്നത് ആരുമറിഞ്ഞില്ല. സ്‌നേഹത്തിന്റെ പ്രതീകമായിരുന്ന ആ മരുമകൾ മരിച്ചു! ദാരുണമായ മരണമായിരുന്നു! പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാനില്ലാത്ത മരണം! ഹൃദയസ്തംഭനമായിരുന്നു അത്. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം. വിവാഹം കഴിഞ്ഞ് ചില മാസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പന്റെ ഭാര്യ ഓമന ടീച്ചറുമൊത്ത് മരുമകൾ വീടിനു സമീപത്തുള്ള  അമ്പലത്തിൽ പോയി. അപ്പന്റെ രോഗം ഭേദമാകുവാൻ ഭാര്യ നടത്തിയ പൂജയുടെ അവസാന ചടങ്ങ് അന്ന് അമ്പലത്തിലുണ്ടായിരുന്നു. മരുമകൾ അവിടെ അമ്പലനടയിൽ തൊഴുതുകൊണ്ട് നിന്നപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണു. പൂജ നടത്തിയ അമ്പലത്തിലെ പൂജാരിയും അവിടെ ഉണ്ടായിരുന്ന മറ്റു ഭക്തരും താങ്ങിയെടുത്തു. പൂജാരി കയ്യിലുണ്ടായിരുന്ന തീർത്ഥജലം വിവശയായ മരുമകളുടെ വായിലേക്ക് പകർന്നുകൊടുത്തു. അതും കുടിച്ച് മരുമകൾ മരിച്ചുവീണു! എല്ലാവരും മരണവാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ചുപോയി. അസാധാരണ മരണമായതുകൊണ്ട് പോസ്റ്റ്‌മോർട്ടവും നടത്തേണ്ടിവന്നു. അപ്പനേയും കുടുംബത്തേയും വലിയ വേദനയിൽ വീഴ്ത്തിയ സംഭവമായിരുന്നു അത്. കേട്ടവരെല്ലാം ഞെട്ടി. ആർക്കും പെട്ടെന്നു വിശ്വസിക്കാനാവാത്ത സംഭവമായിരുന്നു അത്.  മരുമകളുടെ അപ്രതീക്ഷിതമായ മരണം അപ്പനിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എല്ലാവരേയും സ്‌നേഹിക്കുന്ന ആ കുടുംബത്തിൽ ഇത് എങ്ങനെ സംഭവിച്ചു എന്നറിയാൻ കഴിയാതെ എല്ലാവരും കുഴങ്ങി.

മരുമകൾ മരിക്കുന്നതിനു മുൻപ് മറ്റൊരു ദാരുണമായ മരണവും അപ്പനെ വേദനയിൽ വീഴ്ത്തിയിട്ടുണ്ട്. അത് സഹപ്രവർത്തകനും ആത്മമിത്രവുമായിരുന്ന കല്ലട രാമചന്ദ്രന്റേതാണ്. കല്ലടയും കെ.പി. അപ്പനും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതായിരുന്നു. ആ ബന്ധത്തെ നിർവ്വചിക്കുവാനാകില്ല. എന്തു കാര്യത്തിനും കല്ലട അപ്പനോടൊപ്പമുണ്ടാകും. കൂട്ടുകാരൻ, സഹപ്രവർത്തകൻ, ആരാധകൻ,   അഭ്യുദയകാംക്ഷി ഇതെല്ലാമായിരുന്നു കല്ലട അപ്പന്.  എന്നാൽ, ഇടയ്ക്കു കല്ലട അപ്പനുമായി പിണങ്ങും. വലിയ കാരണങ്ങളൊന്നും വേണ്ട. അപ്പനു മറ്റൊരാളോട് കൂടുതൽ സൗഹൃദമുണ്ടെന്ന് കല്ലടയ്ക്കു തോന്നിയാൽ പിന്നെ കുറച്ചു ദിവസത്തേക്ക് അപ്പനെ കണ്ടാൽ മിണ്ടില്ല. വൈകിട്ട് വീട്ടിൽ പോവില്ല. പിണങ്ങി നടക്കും. അതൊക്കെ അപ്പന് രസമാണ്. കല്ലട തിരിച്ചുവരുമെന്ന് അപ്പനറിയാം. വരികയും ചെയ്യും. കല്ലട രാമചന്ദ്രൻ സർവ്വീസിൽനിന്നും റിയട്ടർ ചെയ്ത വർഷം തന്നെ മരിച്ചു. കിഴക്കെ കല്ലടയിലെ അമ്പലത്തിലെ ഉത്സവത്തിനു പുതിയ തലമുറയിലെ ചെറുപ്പക്കാരുമായി 'സന്തോഷിച്ചു' നടക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് നെഞ്ചുവേദന വരികയും മരിക്കുകയും ചെയ്തു. കല്ലടയുടെ മരണം അപ്പനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. പുറത്തു കാണിച്ച ദുഃഖത്തെക്കാൾ വലിയ ദുഃഖം അപ്പന് ഉള്ളിൽ ഉണ്ടായിക്കാണുമെന്ന് എല്ലാവർക്കും തോന്നി.  മരുമകളുടെ മരണം അപ്പനെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ, വലിയ താമസം കൂടാതെ ആഘാതങ്ങളിൽനിന്നും രക്ഷപ്പെട്ട് വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക് അദ്ദേഹം തിരിച്ചു വന്നു.
                            
 

ഹൈഡ​ഗർ
ഹൈഡ​ഗർ

വേഗത വർദ്ധിച്ച എഴുത്ത്   

അവസാന കാലത്ത് എഴുത്തിന്റെ വേഗത വർദ്ധിച്ചു. ഭാഷയിലും ശൈലിയിലും  വലിയ മാറ്റങ്ങളുണ്ടായി. ഒടുവിലത്തെ രചനകളിൽ മഹർഷിയുടെ ധ്യാനാത്മകത ചിന്തയെ നിയന്ത്രിക്കുന്നതായി കാണാം. വളരെ വർഷത്തെ വായനയും അന്വേഷണവും ചിന്തയേയും ശൈലിയേയും കൂടുതൽ പ്രകാശപൂർണ്ണമാക്കി. അവസാന വർഷങ്ങളിലെ എഴുത്തിനെ പക്വതയുടെ അഗാധതാളവും ചിന്തയുടെ ആഴവും ദാർശനികമായ സാരള്യവും ഭാഷയുടെ നവലാവണ്യവും കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നതായി കാണാം. ഭാഷ വളരെയധികം മാറി. ഗഹനമായ ഒരു തരം ലാളിത്യം അതിനുണ്ടായി. അറിവിന്റേയും അനുഭവത്തിന്റേയും ലോകങ്ങൾ ദാർശനികതയുടെ പശ്ചാത്തലത്തിൽ വായനക്കാർക്കു മുൻപിൽ തുറന്നുവയ്ക്കുകയാണ് ഒടുവിൽ. 2000 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ സാഹിത്യവിമർശന ലേഖനങ്ങളും രാഷ്ട്രീയ ലേഖനങ്ങളും ആത്മകഥാപരമായ ലേഖനങ്ങളും ധാരാളമായി എഴുതി. എട്ട് വർഷത്തിനുള്ളിൽ ഒൻപത് പുസ്തകങ്ങൾ എഴുതി. മുൻപ് എഴുതിയത് വേറെ വിധത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതുൾപ്പെടെ പതിനൊന്ന് പുസ്തകങ്ങൾ പുറത്തിറക്കി.

'ഇന്നലെകളിലെ അന്വേഷണ പരിശോധനകൾ' (2000), 'വിവേകശാലിയായ വായനക്കാരാ' (2002) 'കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികൾ' മൂന്ന് ഭാഗങ്ങൾ (2003) 'രോഗവും സാഹിത്യഭാവനയും' (2004) 'ചരിത്രത്തെ അഗാധമാക്കിയ ഗുരു' (2005) 'സ്വർഗ്ഗം തീർന്നു പോകുന്നു നരകം നിലനിൽക്കുന്നു' (2005) 'മധുരം നിന്റെ ജീവിതം' (2006) 'തനിച്ചിരിക്കുമ്പോൾ ഓർമ്മിക്കുന്നത്' (2006) 'അരാജകവാദിയായി മാറുന്ന മലയാളി' (2008) 'പ്രകോപനങ്ങളുടെ പുസ്തകം' (2008) 'ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക' (2008) എന്നീ പുസ്തകങ്ങളാണ് അപ്പൻ ജീവിച്ചിരുന്നപ്പോൾ അവസാനത്തെ എട്ടു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത്. 'ഭാവനയുടെ കക്ഷിപരത' (2011) 'ഫിക്ഷന്റെ അവതാരലീലകൾ' (2012) എന്നിവ മരണശേഷം പുറത്തുവന്നു.

എഴുത്തിന്റേയും വായനയുടേയും കാര്യത്തിൽ അവസാന ഘട്ടവും സജീവമായിരുന്നു എന്ന് ഈ പുസ്തകങ്ങൾ വിളിച്ചുപറയുന്നു. മറ്റെല്ലാം മാറ്റിവച്ച്, ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളുംസ്വകാര്യദുഃഖങ്ങളുമെല്ലാം മറന്ന് വായനയ്ക്കും എഴുത്തിനും വേണ്ടി ജീവിക്കുവാൻ അദ്ദേഹത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും പ്രതിസന്ധികളിൽ തട്ടി തന്റെ ധൈഷണിക ജീവിതം സ്തംഭനത്തിലാകാതിരിക്കുവാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. ധിഷണയെ എപ്പോഴും ഉണർത്തിനിർത്താൻ പാടുപെട്ടു. പുതിയ പ്രമേയങ്ങളും വിഷയങ്ങളും കണ്ടെത്തി അവയെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതിൽനിന്നും ഭിന്നമായി എഴുതുവാൻ അവസാന കാലത്തും ശ്രദ്ധിച്ചു. ജീവിതത്തിന്റെ ഇന്നലെകളെ തമാശയോടെ ഓർക്കുകയും തന്റെ അഭിരുചികളും സൗന്ദര്യബോധവും എങ്ങനെയെല്ലാം രൂപപ്പെട്ടുവെന്നും ഓർമ്മക്കുറിപ്പുകളിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 'തനിച്ചിരിക്കുമ്പോൾ ഓർക്കുന്നത്' എന്ന പുസ്തകത്തിലും 'ഇന്നലെകളിലെ അന്വേഷണ പരിശോധനകൾ' എന്ന പുസ്തകത്തിന്റെ ആദ്യഭാഗത്തും ഗൗരവം വിടാത്ത സരസഭാവത്തിൽ ജീവിതാനുഭവങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കെ.പി. അപ്പൻ എന്ന വ്യക്തിയേയും വിമർശകനേയും അടുത്തറിയുവാൻ ഈ പുസ്തകങ്ങൾ ഭാവി വായനക്കാരെ സഹായിക്കും.

അവസാന കാലത്തും പ്രകോപനപരമായ ആശയങ്ങളും മറ്റുള്ളവരെ ബുദ്ധിപരമായി മുറിവേല്പിക്കുന്ന ചിന്തകളും അവതരിപ്പിക്കുന്നതിൽനിന്നും വിട്ടുമാറാതെ വിമർശനരംഗത്ത് നിലയുറപ്പിച്ചു നിന്നു. പ്രായം അദ്ദേഹത്തിന്റെ ചിന്തയെ ഒട്ടും തളർത്തിയില്ല. എഴുത്തിന്റേയും ചിന്തയുടേയും മുനകൾ കൂർപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു. തന്റെ മുൻ അഭിപ്രായങ്ങൾ പുനഃപരിശോധിക്കുവാനും സ്വയം തിരുത്തുവാനും തയ്യാറായി. 'അന്വേഷണ പരിശോധനകളുടെ' അവസാന ഭാഗത്ത് തകഴി എന്ന ശീർഷകത്തിൽ ഒരു ഭാഗമുണ്ട്. അവിടെ തകഴിയെക്കുറിച്ച് മുൻപ് എഴുതിയ അഭിപ്രായങ്ങൾ പുന:പരിശോധിക്കുന്നു. ആദ്യകാലത്ത് ദേവിന്റേയും തകഴിയുടേയും കഥകൾ വായിച്ചു നഷ്ടപ്പെട്ട സമയം ആധുനികരുടെ കഥകൾ വായിച്ച് വീണ്ടെടുത്തു എന്ന് അപ്പൻ എഴുതിയിട്ടുണ്ട്. അതിനുശേഷവും തകഴിയേയും ആ തലമുറയേയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ആധുനികതയുടെ തീവ്രഘട്ടത്തിൽ അതിന്റെ മനുഷ്യദർശനത്തിൽനിന്നുകൊണ്ട് തകഴിയെ താൻ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ സമീപ ഭൂതകാലത്തെ വലിയ നോവലിസ്റ്റായി താൻ തകഴിയെ കാണുന്നു എന്നും അദ്ദേഹം ഈ പുസ്തകത്തിൽ എഴുതി. തന്റെ ചില ഉറച്ച നിലപാടുകളേയും താൻ നടത്തിയ ചില കടുത്ത വിമർശനങ്ങളേയും ഇവിടെ പുനഃപരിശോധിക്കുകയാണ്. തകഴിയെക്കുറിച്ചു മുൻപു നടത്തിയ വിമർശനങ്ങൾ ഇവിടെ തിരുത്തുന്നു. 'യുക്തിയുടെ ലോകത്തെ തകർത്തുകൊണ്ട് മിത്തിന്റേയും മാജിക്കിന്റേയും പാരമ്പര്യപ്പഴമയുടേയും ലോകത്തേക്ക്' തകഴിയുടെ പ്രതിഭ കുതിച്ചു എന്നെഴുതി തന്റെ മുൻ അഭിപ്രായത്തെ തിരുത്തുകയാണ് ഈ വിമർശകൻ. ചിന്തയോടും എഴുത്തിനോടും സത്യസന്ധത പുലർത്തുന്ന ഒരാളാണ് ഈ വിമർശകൻ എന്ന് ഈ തിരുത്ത് വ്യക്തമാക്കുന്നു.
                       
 

നീറ്റ്ഷെ
നീറ്റ്ഷെ

ശിവഗിരിയിലെ മണിനാദങ്ങളിൽ നിന്ന്

ശ്രീനാരായണഗുരുവിനെക്കുറിച്ച്  കെ.പി. അപ്പൻ ഒരു പുസ്തകം എഴുതും എന്ന സൂചന ഗുരുവിനെക്കുറിച്ചുള്ള പുസ്തകം 2005ൽ പുറത്തിറങ്ങുന്നതിനു മുൻപ് അദ്ദേഹം നൽകിയിട്ടില്ല. അതിനെപ്പറ്റി ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഗുരുവിനെക്കുറിച്ചുള്ള പരാമർശങ്ങളും അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കുറവായിരുന്നു. അറുപതുകളുടെ ഒടുവിൽ വർക്കലയിൽ നടരാജഗുരു സ്ഥാപിച്ച നാരായണഗുരുകുലത്തിൽ ഗുരുവിനെപ്പറ്റി അപ്പൻ ഒരു പ്രബന്ധം എഴുതി വായിച്ചു. നിത്യചൈതന്യ യതിയാണ് അപ്പനെ ക്ഷണിച്ചത്. ശ്രീനാരായണഗുരു സമൂഹത്തിൽ നടത്തിയ 'അച്ചടക്കരാഹിത്യ'ത്തെക്കുറിച്ചാണത് അതിൽ പറഞ്ഞത്. ഗുരു നടത്തിയ പാരമ്പര്യ ലംഘനങ്ങളെക്കുറിച്ചുള്ള പ്രബന്ധമായിരുന്നു അത്. ഗുരുവിന്റെ ജീവിതവും ആശയങ്ങളും അദ്ദേഹത്തെ ചെറുപ്പകാലം മുതൽ ആകർഷിച്ചിരിക്കണം. അദ്ദേഹത്തിന്റെ പിതാവ് ഗുരുവിന്റെ കൃതികളുടെ മഹത്വവും ഗുരുചരിത്രത്തിൽ ഇടപെടലുകൾ നടത്തിയതും നന്നായി മനസ്സിലാക്കിയ ആളായിരുന്നു. അതുകൊണ്ട് തീരെ ചെറുപ്പം മുതൽ തന്നെ അപ്പൻ സ്വന്തം പിതാവിൽനിന്നും ഗുരുവിനെപ്പറ്റി പലതും മനസ്സിലാക്കിയിരുന്നു എന്നുവേണം വിചാരിക്കുവാൻ. അപ്പൻ മരിക്കുന്നതിന് മൂന്നു വർഷം മുൻപാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വളരെ നാൾ മനസ്സിൽ കിടന്ന് പാകമായ ആശയങ്ങളുടെ സ്വാഭാവികമായ ഒഴുക്ക് ഇതിലെ ആശയങ്ങൾക്കും ഉണ്ട്. സാധാരണ രീതിയിലുള്ള ഒരു ഗുരുപഠനം കെ.പി. അപ്പനിൽനിന്നും പ്രതീക്ഷിക്കുവാനാകില്ല. ഈ പുസ്തകം ഇതുവരെ വന്ന ഗുരുപഠനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അപ്പനിലെ ദാർശനികൻ എഴുതിയ അഗാധവും മാധുര്യമേറിയതുമായ ഭാവഗാനം പോലെ ഈ പുസ്തകം അനുഭവപ്പെടുന്നു. ഈ പുസ്തകം എഴുതാനുണ്ടായ പ്രചോദനത്തെക്കുറിച്ച് 'എഴുത്തിന്റെ ഈണം' എന്ന ലേഖനത്തിൽ വിവരിക്കുന്നുണ്ട്. ഒരു മേടമാസത്തിലെ സായംസന്ധ്യയിൽ ശിവഗിരി കുന്നിൽവച്ചു കേട്ട മണിമുഴക്കങ്ങളാണ് ഈ പുസ്തകമെഴുതാനുള്ള പ്രേരണ അദ്ദേഹത്തിനു നൽകിയത്. ഗിബ്ബൺ എന്ന മഹാചരിത്രകാരന് 'റോമാ സാമ്രാജ്യത്തിന്റെ അപചയവും പതനവും' എന്ന പുസ്തകമെഴുതാൻ പ്രേരണ നൽകിയത് പള്ളിയിൽ മുഴങ്ങിയ മണിമുഴക്കങ്ങളായിരുന്നു എന്ന കാര്യം അദ്ദേഹം ഓർക്കുന്നുണ്ട്. ശിവഗിരിയിലെ മണിനാദം ഇങ്ങനെയൊരു പുസ്തക രചനയിലേക്ക് തന്നെ നയിച്ചു എന്ന് എഴുത്തുകാരൻ ആ ലേഖനത്തിൽ വ്യക്തമാക്കി.

അദ്വൈത ചിന്തയിലും മറ്റ് ഭാരതീയ തത്ത്വചിന്താപദ്ധതികളിലും വേണ്ടത്ര അവഗാഹം അപ്പനുണ്ടായിരുന്നില്ല. എന്നും അദ്ദേഹത്തിന്റെ ഭാവനയേയും ചിന്തയേയും ധിഷണയേയും പ്രചോദിപ്പിച്ചത് പാശ്ചാത്യ തത്ത്വചിന്തയായിരുന്നു. ഭാരതീയ തത്ത്വചിന്തയിൽ തനിക്കു ശരാശരി വായനക്കാരന്റെ അറിവു മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫ. സുകുമാർ അഴീക്കോടിന്റെ 'തത്ത്വമസി' എന്ന ഗ്രന്ഥം പുറത്തുവന്നപ്പോൾ അപ്പനോട് ആ പുസ്തകത്തെപ്പറ്റി ഒരു പത്രം അഭിപ്രായം ചോദിച്ചു. 'തത്ത്വമസി'യെപ്പറ്റി അഭിപ്രായം പറയുവാൻ വേണ്ട അറിവ് ആ വിഷയത്തിൽ തനിക്ക് ഇല്ല എന്നായിരുന്നു അപ്പന്റെ മറുപടി. തന്റെ ഈ പരിമിതി മനസ്സിലാക്കിയാണ് നാരായണഗുരുവിന്റെ കൃതികളെ നോക്കിക്കാണുവാൻ അപ്പൻ ഈ പുസ്തകത്തിൽ ശ്രമിക്കുന്നത്. ചരിത്രത്തെ തിരിച്ചുവിടുകയും ചരിത്രത്തെ ചികിത്സിക്കുകയും അങ്ങനെ ചരിത്രത്തെ അഗാധമാക്കുകയും ചെയ്ത ഗുരുവിനെക്കുറിച്ചാണ് അപ്പൻ ചർച്ച ചെയ്യുന്നത്. 'ചരിത്രത്തെ അഗാധമാക്കിയ' എന്ന അപ്പന്റെ പ്രയോഗം കുറച്ചുകാലത്തിനുള്ളിൽത്തന്നെ മലയാളത്തിലെ പുതിയൊരു 'പഴഞ്ചൊല്ലായി' മാറിയിട്ടുണ്ട്.

ഭക്തിയും ആരാധനയും മാറ്റിവച്ച് ഗുരുവിന്റെ വാക്കുകളുടേയും പ്രവൃത്തികളുടേയും അർത്ഥ രഹസ്യങ്ങൾ യുക്തിപൂർവ്വം അന്വേഷിക്കുകയാണ് ഇവിടെ. ആദ്യത്തെ വാക്യം തന്നെ അർത്ഥവത്താണ്: 'തനിക്കു ചുറ്റുമുണ്ടായിരുന്ന മനുഷ്യവിരുദ്ധമായ ലോകത്തെ ചികിത്സിക്കാനാണ് ശ്രീനാരായണഗുരു ശ്രമിച്ചത്.' മൂല്യസ്രഷ്ടാവായ ആ ദാർശനികൻ ലോകത്തിന്റെ ഭ്രാന്ത് ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിച്ചു. ചരിത്രത്തിന്റെ മാനസിക ചികിത്സകനായിരുന്നു ഗുരു. ഇങ്ങനെയാണ് അപ്പന്റെ ചിന്തകൾ മുന്നോട്ടു നീങ്ങുന്നത്. ഗുരുവിന്റെ ചിന്തകളേയും ആദർശങ്ങളേയും മൂല്യസങ്കല്പങ്ങളേയും വിശദമാക്കുവാൻ അപ്പൻ കൂടുതലായി ആശ്രയിക്കുന്നത് ആധുനിക പാശ്ചാത്യ ചിന്തകരേയും എഴുത്തുകാരേയുമാണ്. അപ്പന്റെ ചിന്താലോകവുമായി ബന്ധമുള്ള ഹൈഡഗർ, കമ്യു, നീറ്റ്‌ഷേ, ദസ്തയേവ്‌സ്‌കി, കസാൻദ്‌സാക്കിസ്, ദാന്തേ, വിറ്റ്മാൻ തുടങ്ങിയ പാശ്ചാത്യ ചിന്തകരുടേയും എഴുത്തുകാരുടേയും ആശയങ്ങളുടേയും കല്പനകളുടേയും സഹായത്തോടെ ഗുരുവിനെ അറിയുവാൻ പരിശ്രമിക്കുന്നു. ആദർശമാനവികതയെ തന്റെ ചിന്തയുടെ മദ്ധ്യത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ഗുരു നീങ്ങിയത്. സ്‌നേഹം അതിന്റെ ജീവവായുവായിരുന്നു. അതുകൊണ്ടാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സൗഹാർദ്ദ സമീപനത്തോടെയുള്ള അധികാരം പിടിച്ചെടുക്കലായിരുന്നു എന്ന് അപ്പൻ കണ്ടെത്തിയത്. പുരോഹിത വർഗ്ഗത്തിൽ നിന്നുള്ള അധികാരം പിടിച്ചെടുക്കലായിരുന്നു അത്. അത് 'രാഷ്ട്രീയ മിസ്റ്റിസിസ'മായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. അതുവഴി ഗുരു ലോകത്തിന്റെ ഭ്രാന്ത് ചികിത്സിച്ച് മാറ്റുകകയാണ് ചെയ്തത്. ഇങ്ങനെ ചരിത്രത്തെ തന്റേതായ വിധത്തിൽ വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ് അപ്പൻ നീങ്ങുന്നത്.

ഗുരുവിൽ നിറഞ്ഞുനിന്നിരുന്ന ഫലിതബോധത്തിന്റെ പ്രത്യേകതകൾ അപ്പൻ എടുത്തുകാണിക്കുന്നുണ്ട്. വെട്ടിത്തിളങ്ങുന്ന ഹിമാലയത്തെ ശിവന്റെ ചിരിയായി കാളിദാസൻ ഭാവന ചെയ്തതിനെ ഓർമ്മിപ്പിച്ച്, ശിവന്റെ ചിരി ഗുരുവിലേക്ക് പകർന്നതായി വിമർശകൻ പറയുന്നു. ഗുരുവിൽ വലിയ തോതിൽ ഫലിതബോധമുണ്ടായിരുന്നു. ആ ഫലിതം മനുഷ്യചരിത്രത്തിലെ മനുഷ്യത്വരഹിതമായ മനോഭാവത്തെ കളിയാക്കുന്നതാണ്. ഒരു പെരിയ ശിവൻ ഗുരുവിന്റെ ബോധത്തിലുണ്ട്. അതുകൊണ്ടാണ് ശിവനെക്കുറിച്ച് ഗുരു ധാരാളമെഴുതിയത്. പ്രപഞ്ചത്തെ ഒറ്റനോട്ടം കൊണ്ട് സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന കാലകാലൻ ഗുരുവിന്റെ ഭാവനയെ ലഹരിപിടിപ്പിച്ചിരുന്നുവെന്ന് അപ്പൻ ചൂണ്ടിക്കാണിക്കുന്നു. ആറ്റിൽനിന്നും ശിവലിംഗാകൃതിയിൽ കിട്ടിയ ശിലയിൽ ശിവസത്തയെ ഗുരു മനസ്സുകൊണ്ടു കൊത്തിവയ്ക്കുകയായിരുന്നു. അത് ഒരു സ്വയം തിരിച്ചറിയൽ കൂടിയായിരുന്നു. തന്നിലുള്ള ശിവനെ ഗുരു തിരിച്ചറിഞ്ഞു. ആ ശൈവ വ്യക്തിത്വമാണ് ഗുരുവിനു കരുത്ത് നൽകിയത്. പ്രപഞ്ചത്തിലെ ദോഷങ്ങളെ എന്നന്നേക്കുമായി നശിപ്പിക്കുന്ന ശിവനെപ്പോലെ സാമൂഹിക ജീവിതത്തിലെ ജീർണ്ണതകളെ എന്നന്നേക്കുമായി നശിപ്പിക്കുവാനാണ് ഗുരു ശ്രമിച്ചതെന്നും അപ്പൻ ചൂണ്ടിക്കാട്ടുന്നു. ശൈവവ്യക്തിത്വമാണ് ജാതിചിന്തകൾക്കു അതീതമായി ചിന്തിക്കുവാൻ ഗുരുവിന് കരുത്ത് നൽകിയത്. ശൈവദർശനത്തിന്റെ നായകന്മാർ സ്വർണ്ണത്തേയും മണ്ണിനേയും ഒരുപോലെ കണ്ടവരാണ്. ചരിത്രമനസ്സിനെ സംസ്‌കരിക്കുകയും ഉദാരമാക്കുകയും ചെയ്ത ശൈവവ്യക്തിത്വത്തിന്റെ വിശാല വീക്ഷണം ഗുരുവിനു ശക്തി പകർന്നുവെന്നും ജാതിവിരുദ്ധ ചിന്തയിലേക്കും മതാതീതമായ മനുഷ്യദർശനത്തിലേക്കും ഗുരുവിനെ നയിച്ചുവെന്നും അപ്പൻ അഭിപ്രായപ്പെടുന്നുണ്ട്. ഗുരുവിലെ ശൈവവ്യക്തിത്വം കണ്ടെത്താൻ നമ്മുടെ പണ്ഡിതർക്കു കഴിഞ്ഞില്ല എന്നും അദ്ദേഹം പറയുന്നു.

മതങ്ങളെ നിയന്ത്രിക്കുന്ന പൗരോഹിത്യത്തിന്റെ തിന്മകൾ ഗുരു മനസ്സിലാക്കിയിരുന്നതായി അപ്പൻ പറയുന്നുണ്ട്. കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരു പുരോഹിതനെ നിരാകരിക്കുകയാണ്. ദൈവത്തെ സങ്കീർണ്ണമായ പൂജാവിധികളുടെ തടവുകാരനാക്കുന്ന പുരോഹിതൻ സംഘടിത മതത്തിന്റെ പ്രതീകമാണെന്ന് ഗുരു മനസ്സിലാക്കി. അതുകൊണ്ട് പുരോഹിതരില്ലാത്ത മതമാണ് ഗുരു ആഗ്രഹിച്ചത്. കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരു ദൈവത്തെ അപകടത്തിലാക്കുന്ന മതത്തെ ശിക്ഷിക്കുകയാണ് ചെയ്തതെന്നും അപ്പൻ നിരീക്ഷിക്കുന്നുണ്ട്. ഗുരുവിന്റെ സൗമ്യമെന്നു തോന്നുന്ന നടപടികളിലെ വിപ്ലവസ്വഭാവം അപ്പൻ തൊട്ടറിയുന്നുണ്ട്.

ഗുരുവിന്റെ വ്യക്തിത്വം എല്ലാവരേയും ആകർഷിച്ചു. ഗുരു അറബിക്കടലിന്റെ തീരത്തിലൂടെ നടന്നുപോകുന്നത് കണ്ട ഒരു വിദേശ സഞ്ചാരി അറബിക്കടലിന്റെ തീരത്തുകൂടി ഹിന്ദു സന്ന്യാസിയായ ക്രിസ്തു നടന്നുപോകുന്നതായി കണ്ടു ('I had seen our Christ walking through the shores of the Arabian sea, in the attire of a Hindu Sanyasi')എന്ന്  രേഖപ്പെടുത്തിയത് അപ്പൻ എടുത്തുകാണിക്കുന്നുണ്ട്. ആ സഞ്ചാരി സി.എഫ്. ആൻഡ്രൂസാണ്. ഒറ്റനോട്ടത്തിൽ തന്നെ ഗുരു എല്ലാവരേയും ആകർഷിക്കുന്നു. മഹാത്മാഗാന്ധിയും ടാഗോറും ഗുരുവിന്റെ മുഖത്ത് കണ്ട ആത്മീയമായ പ്രകാശത്തെക്കുറിച്ച് വിസ്മയത്തോടെ എഴുതിയിട്ടുണ്ട്. ഗുരുവിൽ വിവിധ ചൈതന്യം കാണാം. ക്രിസ്തു ഗുരുവിലുണ്ടായിരുന്നു എന്ന് അപ്പൻ നിരീക്ഷിക്കുന്നു. 'അനുകമ്പാദശക'ത്തിൽ ഗുരു ക്രിസ്തുവിനെ 'പരമേശപവിത്ര പുത്രൻ' എന്ന് വിശേഷിപ്പിച്ചു. ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം എന്ന് സഹോദരൻ അയ്യപ്പനെ ഗുരു ഉപദേശിച്ചു. ക്രിസ്തു അവസാന നാളുകളിൽ അനുഭവിച്ച തീവ്രവേദനകളും ഗുരു അവസാന നാളുകളിൽ അനുഭവിച്ച വേദനകളും താരതമ്യപ്പെടുത്തി ചിന്തിക്കുന്നുണ്ട് അപ്പൻ. സ്‌നേഹത്തിലൂടെ പ്രതിബന്ധങ്ങളേയും അധാർമ്മികതകളേയും നേരിട്ട ക്രിസ്തുവിന്റെ വഴികൾ ഗുരുവിനെ ആകർഷിച്ചിരിക്കണം. ക്രിസ്തുവിന്റെ കാരുണ്യവും സ്‌നേഹവും അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്ന കാര്യം വ്യക്തമാണ്. ഗുരു ജാതിയെ അപലപിച്ചു. എന്നാൽ, ജാതിയിൽപ്പെട്ടവരെ അപമാനിച്ചില്ല. ക്രൂരമായ ജാതി വ്യവസ്ഥയെ സൗഹാർദ്ദത്തോടെയാണ് നേരിട്ടത്. സ്‌നേഹമായി മാറിയ അറിവുകൊണ്ട് ഗുരു ലോകത്തിൽ നിറയുകയായിരുന്നു. ഗുരു 'ഒരു ജാതി ഒരു മതം മനുഷ്യന്' എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ സമൂഹം വംശീയ പ്രശ്‌നങ്ങളിലേക്ക് പോകുമായിരുന്നു എന്ന് അപ്പൻ പറയുന്നു. അടിമത്തത്തിന്റേയും നിഷ്ഠൂരമായ ജാതി ചിന്തയുടേയും ഒരു കേരളമുണ്ടായിരുന്നു. ആ കേരളത്തെ മാറ്റിമറിച്ചത് ഗുരുവാണ്. ആ കേരളത്തെ ഹരിതാഭമാക്കിയത് പ്രകൃതിയുടെ പച്ചനിറമല്ല, ഗുരുവിന്റെ മാനവികതയാണ് എന്ന് അദ്ദേഹം കണ്ടെത്തുന്നു. സരളവും ഹൃദ്യവും അർത്ഥവത്തുമായ വാക്കുകളിലൂടെ ഗുരുവിനെ പരിചയപ്പെടുത്തുകയാണ് അപ്പൻ.

(തുടരും)

ഈ ​ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com