

ഈജിപ്തിലൂടെ സംഹാരദൂതന്‍ കടന്നുപോകുന്ന രാത്രിയില്‍ ഇസ്രേല്യരെ തിരിച്ചറിഞ്ഞ് സംഹാരത്തില്‍നിന്ന് ഒഴിവാക്കുന്നതിനുവേണ്ടിയാണ് അവരുടെ വാതില്‍പടിയില്‍ ബലിയാടിന്റെ ചോരകൊണ്ട് അടയാളമിടണമെന്ന് ദൈവം മോശയ്ക്ക് നിര്‍ദേശം നല്‍കിയത്. രക്ഷയ്ക്ക് മാത്രമല്ല, നിഗ്രഹത്തിനും അടയാളപ്പെടുത്തല്‍ ആവശ്യമുണ്ട്. ജര്‍മനിയില്‍ ജൂതവ്യാപാരസ്ഥാപനങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രക്രിയ ഹിറ്റ്ലറുടെ നിര്‍ദേശപ്രകാരം നടന്നത് അവരുടെ രക്ഷയ്ക്കുവേണ്ടിയായിരുന്നില്ല. നാസി സംഹാരദൂതര്‍ ജൂതന്മാരുടെ കടകള്‍ തല്ലിത്തകര്‍ത്തുകൊണ്ട് മുന്നേറിയ 1938 നവംബര്‍ 9-10 രാത്രി ക്രിസ്റ്റല്‍നാട്ട് എന്നു കുപ്രസിദ്ധമായി അറിയപ്പെടുന്നു. ഈ സംഭവം ഹിറ്റ്ലറുടെ സമ്പൂര്‍ണമായ ജൂതനിഗ്രഹമെന്ന അന്തിമ പരിഹാരത്തിന്റെ തുടക്കമായിരുന്നു.
ചില്ലുടഞ്ഞ രാത്രി എന്നാണ് ക്രിസ്റ്റല്‍നാട്ട് എന്ന ജര്‍മന്‍ പദത്തിന്റെ അര്‍ത്ഥം. ഒരു ജര്‍മന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാരീസില്‍ ഒരു പോളിഷ് ജൂതന്‍ വെടിവച്ചു കൊന്നതിന്റെ പ്രതികാരമെന്ന നിലയ്ക്കാണ് ഹിറ്റ്ലറുടെ രഹസ്യനിര്‍ദേശമനുസരിച്ച് സിനഗോഗുകളും ജൂതവ്യാപാരസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടത്. മുപ്പതിനായിരം ജൂതര്‍ അറസ്റ്റ് ചെയ്യപ്പെട്ടു; 91 പേര്‍ കൊല്ലപ്പെട്ടു. ജൂതഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും അടയാളപ്പെടുത്തിയിരുന്നതുകൊണ്ട് നാസി അക്രമികള്‍ക്കു ലക്ഷ്യം തെറ്റാതെ അക്രമവും കൊള്ളയും നടത്താന്‍ കഴിഞ്ഞു. ആള്‍ക്കൂട്ടത്തെ അക്രമാസക്തമാക്കി അഴിച്ചുവിടുന്നതിനു ചെറിയ പ്രകോപനം മതി. ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം ഡല്‍ഹിയിലും ഗോധ്രയ്ക്കുശേഷം ഗുജറാത്തിലും നാം അത് കണ്ടതാണ്.
ഉള്ളിവിരോധവും ഹിന്ദുത്വ രാഷ്ട്രീയവും
ഇന്ത്യയില്‍ ബി.ജെ.പി ഭരണസംവിധാനത്തില്‍ പല നടപടികളും സംശയാസ്പദമാകുന്നത് അവയ്ക്ക് വിചിത്രമായ രീതിയില്‍ ഹിറ്റ്ലറുടെ നടപടികളുമായി സാമ്യമുണ്ടാകുന്നതുകൊണ്ടാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കന്‍വര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴിയിലെ ഭക്ഷണശാലകളില്‍ കടയുടമകളുടെ പേരെഴുതി പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത് അതിന് ക്രിസ്റ്റല്‍നാട്ടുമായുള്ള സാമ്യംകൊണ്ടു മാത്രമല്ല, ഭരണഘടനയുടെ ചൈതന്യത്തിനും ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കും നിരക്കുന്നതല്ല അതെന്നു കണ്ടതുകൊണ്ടാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.
ഒരിക്കല്‍ ഡല്‍ഹിയില്‍നിന്നുള്ള രാജധാനിയില്‍ ഞാന്‍ യാത്ര ആരംഭിച്ചപ്പോള്‍ തേജസ്വികളായ മൂന്ന് ഹിന്ദു സന്ന്യാസിമാര്‍ എന്റെ മുന്നില്‍ വന്നിരുന്നു. അവരുടെ വികാരങ്ങളോടുള്ള ആദരസൂചകമായി ഞാന്‍ ഭക്ഷണം വെജിറ്റേറിയനാക്കി. സന്ന്യാസിമാര്‍ക്കുള്ള വെജിറ്റേറിയന്‍ ഭക്ഷണം വന്നപ്പോള്‍ അന്തരീക്ഷം സംഘര്‍ഷഭരിതമായി. ഭക്ഷണത്തില്‍ ഉള്ളി കണ്ടതാണ് പ്രശ്നമായത്. സാത്വികാഹാരത്തില്‍ ഉള്ളി പാടില്ലെന്നതാണ് സന്ന്യാസിമാരുടെ പ്രശ്നം. അവര്‍ കേറ്ററിങ് മാനേജറെ വരുത്തി കണക്കറ്റ് ശകാരിച്ചു. അത് കയ്യേറ്റത്തിലെത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഉള്ളിയുടെ പേരില്‍ ഹരിദ്വാര്‍ ദേശീയപാതയിലെ ധാബ അടിച്ചുതകര്‍ത്ത തീര്‍ത്ഥാടകരെപ്പോലെ അത്രയും അക്രമാസക്തരായില്ല രാജധാനിയിലെ സന്ന്യാസിമാര്‍ എന്നത് ഇതരയാത്രക്കാര്‍ക്ക് ആശ്വാസമായി. ഉള്ളിയോട് ചെറുപ്പംമുതലേ വിപ്രതിപത്തിയുള്ള എനിക്ക് ഞാനും സാത്വികഗണത്തില്‍പെട്ട ആളാണല്ലോയെന്ന തിരിച്ചറിവ് അനല്പമായ ആഹ്ലാദത്തിനു കാരണമായി. എന്നാലും സ്വാമിമാരുടെ വികാരം കണക്കിലെടുക്കാതെ രുചികരമായ ചിക്കന്‍ കറി കൂട്ടി ഞാന്‍ അത്താഴം കഴിച്ചു. സാത്വികര്‍ക്കു മാത്രമല്ല, രാക്ഷസഭാവമുള്ള ഡ്രാക്കുളയ്ക്കും വെളുത്തുള്ളിയോട് വിരോധമുണ്ടെന്ന് സ്വാമിമാരോട് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. വീടിന്റെ അതിരില്‍ പാമ്പിന്റെ ഇഴഞ്ഞുകയറ്റം തടയുന്നതിനും വെളുത്തുള്ളി നല്ലതാണെന്നു കേട്ടിട്ടുണ്ട്. ശൈവ തീര്‍ത്ഥാടകരെപ്പോലെ എല്ലാ ഹിന്ദുക്കളും ഉള്ളിയോട് വിരോധമുള്ളവരല്ല. ശബരിമലയിലേക്ക് വ്രതം നോക്കിയുള്ള യാത്രയ്ക്കിടയില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബീഫ് കഴിച്ചുവെന്ന് വാര്‍ത്തയുണ്ടായി. ബീഫല്ല, ഉള്ളിക്കറിയാണ് താന്‍ കഴിച്ചതെന്നായിരുന്നു സാത്വികനല്ലാത്ത സുരേന്ദ്രന്റെ വിശദീകരണം. നിര്‍മല സീതാരാമന്റെ ബജറ്റില്‍ ഉള്ളിക്കര്‍ഷകരേയും വ്യാപാരികളേയും പരിഗണിച്ചില്ലെന്ന ആക്ഷേപം മഹാരാഷ്ട്രയില്‍ ശക്തമാണ്. സാത്വികഗണത്തില്‍പെടുന്ന ആളാണോ ശ്രീമതി സീതാരാമന്‍!
രുചിയും വൃത്തിയുമുള്ള സസ്യാഹാരം താന്‍ കഴിച്ചിരുന്നത് മുസ്ലിം നടത്തിയിരുന്ന റസ്റ്റോറന്റില്‍ നിന്നായിരുന്നുവെന്ന് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി കൊച്ചിയില്‍ താമസിച്ചിരുന്ന ജസ്റ്റിസ് ഭട്ടി സുപ്രീം കോടതിയില്‍ പറഞ്ഞു. അദ്ദേഹമുള്‍പ്പെട്ട ബെഞ്ചാണ് ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്. പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയര്‍ക്കു ചോദിക്കാം. പക്ഷേ, പലര്‍ക്കും എല്ലാം അടങ്ങിയിരിക്കുന്നത് പേരിലാണ്. സാത്വികഭക്ഷണം ലഭിക്കുന്ന സ്ഥലം കണ്ടെത്തുന്നതിന് കന്‍വാരിയകളെ സഹായിക്കുന്നതിനുവേണ്ടിയാണ് ഈ ഐഡന്റിഫിക്കേഷന്‍ എന്ന് തീര്‍ത്തും സാധുക്കളായവര്‍ മാത്രമേ കരുതൂ. വില്‍പനയ്ക്കുള്ളത് സസ്യാഹാരമാണോ മാംസാഹാരമാണോ എന്നു മാത്രമാണ് അറിയേണ്ടത്. ബാര്‍ ഉണ്ടെങ്കില്‍ അക്കാര്യവും അറിയുന്നതു നല്ലതാണ്. അതിനപ്പുറമുള്ള അറിവ് ആപത്തിനു കാരണമാകും. റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മതപരമായ തിരിച്ചറിവിനു സഹായകമായ പേര് നല്‍കുന്നതുപോലും ഒഴിവാക്കാവുന്നതാണ്. മതമേതെന്നു മനസ്സിലാക്കാന്‍ കഴിയുന്ന ചിത്രങ്ങളും അടയാളങ്ങളും ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതും നല്ലതാണ്. അപ്പം തിന്നാല്‍ പോരേ; കുഴിയെണ്ണണം എന്നുണ്ടോ? മതമേതുമാകട്ടെ, ഭക്ഷണം നന്നായാല്‍ മതി.
സ്വജാതിയില്‍പെട്ടവര്‍ വില്‍ക്കുന്ന ഭക്ഷണമേ കഴിക്കൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെയാകാം. പക്ഷേ, അതിന് ഭരണകൂടം ഒത്താശ ചെയ്യേണ്ട കാര്യമില്ല. അത് ഭരണഘടനാവിരുദ്ധമായ അത്യാചാരമായി മാറും. സെക്കുലര്‍ ഭോജനശാലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യന്‍ കോഫി ഹൗസ്. അവിടെ പാചകക്കാരന്റെ ജാതി അറിഞ്ഞിട്ടല്ല നമ്മള്‍ പൂരി മസാല കഴിക്കുന്നത്. പ്രസിദ്ധമായ പല വെജിറ്റേറിയന്‍ ശൃംഖലകളുടേയും ഫ്രാഞ്ചൈസി എടുത്ത് അതേ പേരില്‍ റസ്റ്റോറന്റ് നടത്തുന്നത് വെജിറ്റേറിയന്‍ അല്ലാത്ത ഇതരമതസ്ഥരാണ്. താജ് മഹല്‍ എന്ന മുസ്ലിം പേരിനെ ഓര്‍മ്മിപ്പിക്കുന്ന ചായയും ഹോട്ടല്‍ ശൃംഖലയും നടത്തുന്നത് ടാറ്റ എന്ന പാഴ്സിയാണ്. ഇക്കാര്യം അറിയുന്നത് പൊതുവിജ്ഞാനത്തിനു നല്ലതാണ്. ചായ കുടിക്കുന്നവരെല്ലാം അതറിഞ്ഞുകൊള്ളണമെന്നില്ല. ജീസസിന്റേയും മേരിയുടേയും പേരില്‍ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല വിദ്യാലയങ്ങളുടേയും ഉടമസ്ഥര്‍ ഹിന്ദുക്കളാണ്. മിഷണറി വിദ്യാലയങ്ങള്‍ക്കുള്ള വിശ്വാസ്യത വാണിജ്യപരമായി പ്രയോജനപ്പെടുത്തുന്നതിനാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുര്‍വേദ ഔഷധങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനം - ഹിമാലയ വെല്‍നസ് കമ്പനി - ഒരു മുസ്ലിം കുടുംബത്തിന്റെ വകയാണ്.
സ്റ്റേ ചെയ്യപ്പെട്ട ഉത്തരവിലെ നടപടി മതാടിസ്ഥാനത്തിലുള്ള ചാപ്പകുത്തലായിരുന്നു. അടയാളപ്പെടുത്തിയാല്‍ തെരച്ചിലും വിവേചനവും എളുപ്പമാകും. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം വിലക്കിയിട്ടുള്ള ഭരണഘടനയാണ് നമ്മുടേത്. സ്വന്തം പേര് ആര്‍ക്കും അപമാനത്തിനോ അധമബോധത്തിനോ കാരണമാകുന്നില്ല. പേരില്‍നിന്ന് മതം വ്യക്തമാകുമെന്നിരിക്കെ പൊതുഇടങ്ങളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയാണ് സംശയാസ്പദമാകുന്നത്. ആലിബാബയുടെ വീട് തസ്‌കരന്‍ കണ്ടെത്തി അടയാളപ്പെടുത്തിയത് രാത്രി സംഘമായി വന്ന് അയാളെ കൊലപ്പെടുത്തുന്നതിനുവേണ്ടിയാണ്. ആലിബാബയുടെ കൗശലക്കാരിയായ പരിചാരിക അപരിചിതമായ അടയാളത്തില്‍ അപകടസൂചന കണ്ടു. അത് മായ്ക്കുന്നതിനു പകരം അതേ അടയാളം തെരുവിലെ എല്ലാ വീടുകളുടേയും വാതില്‍പടിയില്‍ മോര്‍ഗിയാന വരച്ചു. ഇത് അറബിക്കഥ. പക്ഷേ, അടയാളപ്പെടുത്തല്‍ എന്ന ടെക്നിക് കാലപ്പഴക്കമില്ലാതെ ഇന്നും തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates