

റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന ഗ്ലോബല്‍ വാച്ച്‌ഡോഗിന്റെ റിപ്പോര്‍ട്ടു പ്രകാരം മാധ്യമ സ്വാതന്ത്ര്യസൂചികയില്‍ പതിനൊന്നു പടവുകള്‍ പിറകോട്ടിറങ്ങിയ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നത് ഭരണകൂടവും ഭരിക്കുന്ന കക്ഷികളും മാത്രമല്ല, മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയും അവയുടെ ഉടമസ്ഥതയുടെ കേന്ദ്രീകരണവും കൂടിയാണ്
''I disapprove of what you say, but I will defend to the death your right to say it.'
വോള്‍ട്ടയറുടേതെന്ന് പലപ്പോഴായി പറഞ്ഞുകേള്‍ക്കുന്ന ഈ വാചകം അപരാഭിപ്രായങ്ങളോടുള്ള ആദര്‍ശാത്മകമായ സഹിഷ്ണുതയുടെ കൊടിപ്പടമായി പലപ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെടാറുണ്ട്. ഈ പ്രസ്താവന ആരുടേതെന്നു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടെങ്കിലും. എന്തായാലും ഉദാര ജനാധിപത്യലോകത്തിന്റെ ഉജ്ജ്വല മുദ്രാവാചകങ്ങളിലൊന്നായി പില്‍ക്കാലത്ത് അതു മാറിയിട്ടുണ്ടെന്നത് നേരാണ്. ഫാസിസത്തിന്റെ കാലം അസ്തമിക്കുകയും രണ്ടാംലോകമഹായുദ്ധത്തിനു തിരശ്ശീല വീഴുകയും കൊളോണിയല്‍ വാഴ്ചയുടേയും അച്ചുതണ്ടു ശക്തികളുടേയും പിടിയില്‍നിന്നും കുതറി മൂന്നാംലോകത്തേതുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്കു ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്ത കാലത്ത് ആ രാജ്യങ്ങളിലെ ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും നിര്‍മ്മാണത്തില്‍ ഈ വാചകം വലിയ ശക്തിയാണ് ചെലുത്തിയത്. നമ്മുടെ രാഷ്ട്രശില്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവിതവീക്ഷണത്തിനും ഭരണാധികാരിയെന്ന നിലയിലുള്ള ഇടപെടലുകള്‍ക്കും മിക്കപ്പോഴും വഴിവിളക്കായി വര്‍ത്തിച്ചത് ഈ ആദര്‍ശാത്മക നിലപാടായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് ജീവിച്ചിരുന്ന, അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ഇടതും വലതുമുള്ള ദേശീയ നേതാക്കളില്‍ മിക്കവര്‍ക്കും ഇതേ സമീപനമായിരുന്നു ഉണ്ടായിരുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇന്ത്യന്‍ പൗരന് ഭരണഘടനാദത്തമാണ്. വാര്‍ത്തകള്‍ അറിയിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അതുപ്രകാരം ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ തത്ത്വത്തില്‍ നെഹ്‌റുവിന് അവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല.
''ആധുനിക ജീവിതത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് പത്രങ്ങള്‍. വിശേഷിച്ചും ഒരു ജനാധിപത്യക്രമത്തിന്റെ. പത്രങ്ങള്‍ക്ക് അതിഭയങ്കരമായ കഴിവുകളും അതുപോലെ ഉത്തരവാദിത്വങ്ങളും ഉണ്ട്. പത്രങ്ങള്‍ ബഹുമാനിക്കപ്പെടുകയും അവയോടു സഹകരിക്കുകയും വേണം'' എന്നായിരുന്നു 1951 മെയ് 16-നു പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രസ്താവിച്ചത്. എന്നാല്‍, ആ സന്ദര്‍ഭത്തില്‍ നെഹ്‌റു മറ്റു ചിലതുകൂടി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യ(liberty)വും സ്വാതന്ത്ര്യവും (Freedom) 19ാം നൂറ്റാണ്ടില്‍ ആധിപത്യം സ്വാധീനം ചെലുത്തിയിരുന്ന ആശയങ്ങളാണെന്നും നിലനില്‍ക്കുന്ന സാമൂഹിക ബന്ധങ്ങളേയും അസമത്വങ്ങളേയും കാത്തുസംരക്ഷിക്കുന്നതിനു ചലനമറ്റ ഒരുകാലത്തിന്റെ ഈ അവശിഷ്ടങ്ങള്‍ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യപരിഷ്‌കരണവും സോഷ്യല്‍ എന്‍ജിനീയറിങ്ങും പോലുള്ള ചലനാത്മകമായ ആശയങ്ങള്‍ ഈ തത്ത്വങ്ങളെ മറികടന്നിരിക്കുന്നുവെന്ന് നിരീക്ഷിച്ച നെഹ്‌റു മേല്‍ചൊന്ന രണ്ടു തത്ത്വങ്ങളെ passé ആയിട്ടാണ് വിശേഷിപ്പിച്ചത്.
ഭൂപരിഷ്‌കരണം നടപ്പാക്കുക, ജമീന്ദാരി സമ്പ്രദായം അവസാനിപ്പിക്കുക, വ്യവസായങ്ങളെ ദേശസാല്‍ക്കരിക്കുക, പിന്നാക്ക വിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും സംവരണം നല്‍കുക തുടങ്ങിയ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പരിപാടികള്‍ക്ക് ഇവ തടസ്സമാകുന്നു എന്നു തോന്നിയ സന്ദര്‍ഭത്തിലായിരുന്നു ഈ പ്രസംഗം. ''എങ്ങനെയൊക്കെയോ നമ്മള്‍ രൂപം നല്‍കിയ ഈ ഗംഭീര ഭരണഘടനയെ പിന്നീട് അഭിഭാഷകര്‍ തട്ടിയെടുക്കുകയും രഹസ്യമായി കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' എന്നും നെഹ്‌റു കുറ്റപ്പെടുത്തുന്നുണ്ട് ആ സന്ദര്‍ഭത്തില്‍. ത്രിപുര്‍ദമാന്‍ സിംഗിന്റെ Sixteen Stormy Days - The Story of the First Amendment to The Constitution of India എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ഇക്കാര്യം വിശദമാക്കുന്നുണ്ട്. ഭരണഘടന പ്രാബല്യത്തിലായിട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഭരണഘടനയില്‍ പവിത്രമെന്നു കരുതുന്ന ആര്‍ട്ടിക്കിളുകളെ അടിസ്ഥാനമാക്കി യൂണിയന്‍ ഗവണ്‍മെന്റിനെതിരേയും വിവിധ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്കെതിരേയും വന്‍കിട ഭൂവുടമകളും വ്യവസായികളും പത്രപ്രവര്‍ത്തകരും സവര്‍ണ്ണ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുറയുന്ന സാന്നിദ്ധ്യത്തെക്കുറിച്ച് വേവലാതിപൂണ്ട ചില പൗരന്മാരും കോടതികളെ സമീപിക്കുകയും നീതിപീഠങ്ങള്‍ പൗരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നീ തത്ത്വങ്ങളെ ഉയര്‍ത്തിപ്പിടിച്ച കോടതികള്‍ ആവലാതിക്കാര്‍ക്ക് അനുകൂലമായ നിലപാടുകളെടുക്കുകയും ചെയ്തപ്പോഴാണ് നെഹ്‌റുവിന് ഇങ്ങനെ ചിലത് വ്യക്തമാക്കേണ്ടിവന്നത്. അക്കാലത്ത് ബോംബെയില്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ്സിനേയും വിമര്‍ശിച്ച ഇടതുപക്ഷ പ്രസിദ്ധീകരണമായ ക്രോസ് റോഡ് നിരോധിച്ചത് റദ്ദാക്കപ്പെട്ടിരുന്നു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ സെന്‍സര്‍ ചെയ്യാന്‍ അധികാരികള്‍ നടത്തിയ ശ്രമത്തില്‍നിന്നും അവര്‍ക്കു പിന്തിരിയേണ്ടതായും വന്നിരുന്നു. രണ്ടു നടപടികള്‍ക്കും ആധാരമായ നിലപാടാണ് 73 വര്‍ഷങ്ങള്‍ക്കു മുന്‍പേ പരമോന്നത നീതിപീഠം കൈക്കൊണ്ടത്. ആദ്യകാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പവും പിന്നീട് സി.പി.ഐ.എമ്മിനൊപ്പവും നിലകൊണ്ട റൊമേഷ് ഥാപ്പറായിരുന്നു 'ക്രോസ് റോഡ്‌സ്' എന്ന പ്രസിദ്ധീകരണത്തിന്റെ അമരത്ത്. കേരളത്തില്‍ അക്കാലത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ പ്രസിദ്ധീകരണം കൂടുതല്‍ ശക്തിപകരുമെന്ന ഭയമായിരുന്നു അധികാരികള്‍ക്ക്.
ഈ സാഹചര്യത്തിലാണ് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഭരണഘടനാ ഭേദഗതി ഉണ്ടാകുന്നത്. ഈ ഭേദഗതി പ്രകാരം ക്രമസമാധാനഭഞ്ജനം, ആഭ്യന്തര സുരക്ഷിതത്വ കാരണങ്ങള്‍, വിദേശ ഭരണകൂടങ്ങളുമായുള്ള ബന്ധം എന്നിവ മുന്‍നിര്‍ത്തി പൗരസ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടുന്നതിനെ സംബന്ധിച്ച വ്യവസ്ഥകള്‍ അതു വിശദമാക്കി. നേരത്തേ, അപവാദപ്രചരണം, അപകീര്‍ത്തിപ്പെടുത്തല്‍, കോടതി അലക്ഷ്യം, ഭരണകൂടത്തെ അട്ടിമറിക്കാനോ സുരക്ഷിതത്വത്തെ വെല്ലുവിളിക്കുന്നതോ ആയ നടപടികള്‍ എന്നിവയില്‍ പരിമിതപ്പെട്ടിരുന്നു ഇതിനുള്ള കാരണങ്ങള്‍.
സ്വാതന്ത്ര്യത്തിന്റെ ആപേക്ഷികത
ഇന്ത്യയുടെ 14-ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 2014-ല്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ മാധ്യമരംഗത്ത് ഉണ്ടായ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ ആദ്യത്തെ ഭരണഘടനാ ഭേദഗതിയെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ക്ക് പ്രസക്തിയേറെയാണ്. സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന്റെ ആപേക്ഷികതയെക്കുറിച്ച് അന്നത്തെ ഭരണഘടനാഭേദഗതിയും ഇപ്പോഴത്തെ മാധ്യമരംഗവും ഓര്‍മ്മിപ്പിക്കുന്നുണ്ട്. മാധ്യമങ്ങളുള്‍പ്പെടെ ആരുടേയും സ്വാതന്ത്ര്യം നിയന്ത്രിക്കാനും പരിമിതപ്പെടുത്താനുമുള്ള നീക്കങ്ങള്‍ എല്ലായ്പോഴും ഒരേ അളവുകോലുപയോഗിച്ച് വിലയിരുത്തേണ്ടതുണ്ടോ എന്ന പ്രസക്തമായ ഒരു ചോദ്യം അതുയര്‍ത്തുന്നുണ്ട്. നെഹ്‌റു ചെയ്യുമ്പോള്‍ അതു ശരിയും മോദി ചെയ്യുമ്പോള്‍ അതു തെറ്റും ആകുന്നത് എങ്ങനെ എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നുണ്ട്. ഏതു പക്ഷത്തുനിന്നാണ് മാധ്യമ സ്വാതന്ത്ര്യത്തിനു നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നീക്കങ്ങളുണ്ടാകുന്നത് എന്നതു സംബന്ധിച്ച അന്വേഷണത്തിന് അതുകൊണ്ടുതന്നെ സാംഗത്യമുണ്ട്. നിരപേക്ഷമായ ഒരു മാധ്യമ സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യത്തിനും.
'വേള്‍ഡ് പ്രസ് ഫ്രീഡം ഡേ' ആയ മെയ് മൂന്നിനു മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ ഒരു വിശകലനം, 'വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍' ഇന്ത്യ 11 സ്ഥാനംകൂടി പിറകോട്ടു പിന്തള്ളപ്പെട്ടുവെന്നും ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം 'പ്രശ്‌നാത്മക'ത്തില്‍നിന്ന് 'വളരെ മോശം' ആയി മാറിയെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ നിലവാരസൂചികയില്‍ നൂറ്റിയന്‍പതാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2023-ല്‍ അത് നൂറ്റി അറുപത്തിയൊന്നിലേക്ക് താണിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആകെ 180 രാജ്യങ്ങളുടെ ഒരു പട്ടികയാണ് അത്. ഈ റിപ്പോര്‍ട്ടു പ്രകാരം ജനാധിപത്യം നിലവിലില്ലാത്തതും അവികസിതമോ സമഗ്രാധിപത്യ-ഏകാധിപത്യമോ മതാധിഷ്ഠിത ഭരണമോ ഒക്കെ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യവും മൂക്കും കുത്തി വീണിരിക്കുന്നത്. തീര്‍ച്ചയായും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുള്ളത് മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണങ്ങള്‍ മാത്രമല്ല. മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചകൂടി അതു പരിഗണിച്ചിട്ടുണ്ട്. അതായത് മറ്റു രണ്ടു രാജ്യങ്ങള്‍ കൂടി ഇന്ത്യയുടെ സമാനാവസ്ഥ പങ്കിടുന്നുണ്ട്. എര്‍ദോഗാന്റെ തുര്‍ക്കിയും താജികിസ്ഥാനുമാണ് ഈ രാജ്യങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പമുള്ള ധനികര്‍ രാജ്യത്തു നല്ല പ്രചാരമുള്ള മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് ബഹുസ്വരതയെ അപകടത്തിലാക്കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടി.വി ചാനലായ എന്‍.ഡി.ടി.വിയെ അദാനി ഏറ്റെടുത്തതിനെക്കുറിച്ചാണ് പരാമര്‍ശം. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും മാധ്യമങ്ങളുടെ രാഷ്ട്രീയ പക്ഷപാതവും മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണവുമെല്ലാം 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍' പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതായത് ഭരണകൂടത്തില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും നേരിടുന്ന ആക്രമണങ്ങള്‍ക്കു പുറമേ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയും മാധ്യമങ്ങളുടെ രാഷ്ട്രീയ പക്ഷപാതിത്വവുമെല്ലാം മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയങ്ങളാകുന്നു.
''പത്രമാധ്യമങ്ങളുടെ ഗുണങ്ങളേയും പരാജയങ്ങളേയും കുറിച്ച് നമ്മള്‍ എന്തു വിലയിരുത്തിയാലും അതു നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അവ ആളുകളുടെ മനസ്സിനേയും ചിന്തകളേയും അതു രൂപപ്പെടുത്തുന്നുണ്ട്. അവ സര്‍ക്കാരിന്റെ നയങ്ങളെ ബാധിക്കുന്നുണ്ട്-എല്ലായ്പോഴും നേരിട്ടല്ലെങ്കില്‍പോലും. അതിനാല്‍, ഞാന്‍ വിനയത്തോടെ പറയട്ടെ, നമുക്ക് എന്തെങ്കിലും വലിയ പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നാല്‍ അവയെ നേരിടുന്നതില്‍ ശരിയായൊരു നേതൃത്വം നല്‍കാന്‍ പത്രമാധ്യമങ്ങള്‍ക്കാകണം.'' 1950 മെയ് മാസത്തില്‍ പത്രാധിപന്മാരുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് നെഹ്‌റു പറഞ്ഞതിങ്ങനെ. പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതിനനുകൂലമായ ഒരഭിപ്രായവും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നര്‍ത്ഥം. എന്നിട്ടും പരോക്ഷമായിട്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന ഒരു ഭരണഘടനാ ഭേദഗതിക്ക് മുതിരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പ്രധാനമായും മാധ്യമങ്ങളും സ്വത്തുടമ വര്‍ഗ്ഗങ്ങളും വെച്ചുപുലര്‍ത്തിപ്പോന്ന രാഷ്ട്രീയ താല്പര്യങ്ങള്‍ തന്നെയായിരുന്നു.
മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാക്കുന്നത് തീര്‍ച്ചയായും ഭരണകൂടങ്ങളും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവയ്ക്കുനേരെ അഴിച്ചുവിടുന്ന ആക്രമണങ്ങളാണ്. വിമതശബ്ദങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരോട് അസഹിഷ്ണുതയുള്ളവരാണ് നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണാധികാരികളെന്ന് പരക്കേ വിമര്‍ശനമുണ്ട്. എന്നാല്‍, അതിലുമപ്പുറം ഭരണകൂടത്തെ അനുകൂലിക്കുന്ന കോര്‍പറേറ്റുകളുടെ കൈകളിലേക്കും ധനികരുടെ നിയന്ത്രണത്തിലേക്കും മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇതിനകം കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ വാര്‍ത്താചാനലുകളും പത്രങ്ങളും ഭരണകൂടത്തിന്റെ മൗത്ത്പീസുകളായും കേന്ദ്രഭരണത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും സംഘടനകളേയും നിശ്ശബ്ദമാക്കുന്നതിനു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളായും വര്‍ത്തിക്കുന്നതോടെ സ്വതന്ത്രമാധ്യമം എന്നത് വെറുമൊരു സങ്കല്പമായി മാറി. ഇതിനു പുറമേ സ്വതന്ത്ര മാധ്യമങ്ങള്‍ എന്നു ഇപ്പോഴും മേനിനടിക്കുന്ന പല മാധ്യമങ്ങളും പരോക്ഷമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടേയോ ആള്‍ദൈവങ്ങളുടേയോ മതസംഘടനകളുടേയോ ഒക്കെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ കേരളത്തില്‍ തന്നെ ഇതിനു ഉദാഹരണങ്ങളുണ്ട്. കേന്ദ്രഭരണകക്ഷിക്കു തുല്യമായി മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ തുനിയുന്ന പ്രതിപക്ഷ പാര്‍ട്ടികളും ഗവണ്‍മെന്റുകളും ഉണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഭീഷണി സാമഭേദദാനദണ്ഡങ്ങള്‍ പ്രയോഗിച്ച് മാധ്യമങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കുന്ന കേന്ദ്രഭരണകക്ഷിതന്നെയാണ് എന്നു പറയേണ്ടിവരും. ഇന്ന് എല്ലാ അധികാരങ്ങളുടേയും കേന്ദ്രീകരണം സംഭവിക്കുന്നുണ്ട് എന്നതിനാലാണ് ഇത്.
ഇന്ത്യ എന്ന രാജ്യത്തെപ്പോലെ വലുതും ജനസാന്ദ്രതയേറിയതുമാണ് ഇന്ത്യന്‍ മീഡിയാ ലാന്‍ഡ്‌സ്‌കേപ്പ്. 100,000-ത്തിലധികം പത്രങ്ങളും (36,000 വാരികകള്‍ ഉള്‍പ്പെടെ) 380 ടി.വി വാര്‍ത്താചാനലുകളും രാജ്യത്തു പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ മാധ്യമ സ്ഥാപനങ്ങളുടെ ബാഹുല്യം ഒന്നുകൊണ്ടുമാത്രം അത്രയും ഉടമകള്‍ അതിനുണ്ട് എന്നു കരുതിക്കൂടാ. ഉടമസ്ഥാവകാശത്തിന്റെ കേന്ദ്രീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയെ ഈ ബാഹുല്യം യഥാര്‍ത്ഥത്തില്‍ മറച്ചുവെയ്ക്കുന്നുണ്ട്, ദേശീയ തലത്തില്‍ വിരലിലെണ്ണാവുന്ന മാധ്യമ കമ്പനികള്‍ മാത്രമാണ് നിലവിലുള്ളത്. ഈ മാധ്യമ കമ്പനികളാകട്ടെ, ഭരിക്കുന്ന പാര്‍ട്ടിയുടെ താല്പര്യസംരക്ഷണത്തിനാണ് മുതിരാറ്. ഭരണകക്ഷിയെ എതിര്‍ക്കുന്ന വ്യക്തികളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കുറിച്ചുള്ള ജനാവബോധത്തെ സ്വാധീനിക്കുന്നതില്‍ മിക്കപ്പോഴും അവ സ്വാധീനിക്കുന്നുണ്ട്. ഭരണതലത്തില്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് അനുകൂലമായ ജനവികാരം സൃഷ്ടിക്കുന്നതിനുവേണ്ടി അവ വന്‍തോതില്‍ ഊര്‍ജ്ജം ചെലവാക്കുന്നു. രാജ്യത്തെ പ്രമുഖ ഭാഷയായ ഹിന്ദിയില്‍ നാല് ദിനപത്രങ്ങള്‍ക്കാണ് നാലില്‍ മൂന്നുഭാഗവും വായനക്കാര്‍. പ്രാദേശിക ഭാഷാ പ്രസിദ്ധീകരണങ്ങളുടെ വിഭാഗത്തില്‍ ഈ കേന്ദ്രീകരണം കൂടുതല്‍ ശക്തമാണ്.
അച്ചടി മാധ്യമങ്ങളിലേതുപോലെ ഉടമസ്ഥതയുടെ ഈ കേന്ദ്രീകരണം ചഉഠഢ പോലുള്ള പ്രമുഖ ടി.വി നെറ്റ്വര്‍ക്കുകളുള്ള ടിവി മേഖലയിലും നിരീക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓള്‍ ഇന്ത്യ റേഡിയോ (AIR) നെറ്റ്വര്‍ക്ക് എല്ലാ വാര്‍ത്താ റേഡിയോ സ്റ്റേഷനുകളുടേയും ഉടമസ്ഥത കയ്യാളുന്നു. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ ചരിത്രം അന്വേഷിച്ചു പോകുന്നവര്‍ക്ക് അവയില്‍ മിക്കവയുടേയും വേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലോ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലോ ആണെന്നു കാണാം. എന്നാല്‍, കാലംപോകെ അവയുടെ ഉടമസ്ഥത ഏതാനും വ്യവസായ ഗ്രൂപ്പുകളുടെ കൈവശം ചെന്നുചേരുന്നതായും വ്യവസായഗ്രൂപ്പുകളുടെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലുള്ള മറ്റൊരു മുതല്‍മുടക്കായി മാറുന്നതായും കാണാം. '80-കളില്‍ തുടക്കമിട്ടതും '90- കളില്‍ എല്ലാ മേഖലയിലേക്കും പടര്‍ന്നതും മോദിയുഗത്തോടെ അതിതീവ്രമാക്കപ്പെട്ടതുമായ സാമ്പത്തിക മേഖലയിലെ നവലിബറല്‍ പരിഷ്‌കാരങ്ങള്‍ മാധ്യമങ്ങളുടെ വാണിജ്യവല്‍ക്കരണത്തിന് ആക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ രൂപംകൊണ്ട മാധ്യമങ്ങള്‍ പലതും നവകൊളോണിയല്‍ വാഴ്ചയുടെ ജിഹ്വകളായി അങ്ങനെ മാറി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പിയും മാധ്യമങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന വലിയ കുടുംബങ്ങളും തമ്മില്‍ വലിയ അടുപ്പം ഉണ്ടായി. ഇതിനു മുഖ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് 800 ദശലക്ഷം ഇന്ത്യക്കാര്‍ വായനക്കാരോ പ്രേക്ഷകരോ ആയിട്ടുള്ള 70-ലധികം മാധ്യമ സ്ഥാപനങ്ങളുടെ ഉടമയായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പാണ്. 2022 അവസാനത്തോടെ നരേന്ദ്ര മോദിയുമായി വളരെ അടുപ്പത്തിലെന്നു കരുതപ്പെടുന്ന വ്യവസായി ഗൗതം അദാനി എന്‍.ഡി.ടി.വി ചാനല്‍ ഏറ്റെടുത്തതും മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരതയുടെ അന്ത്യം കുറിക്കലായിട്ടാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. വാണിജ്യ വ്യവസായരംഗങ്ങളിലെ ഭീമന്മാരുമായും വിവിധ ഗവണ്‍മെന്റുകളുമായുള്ള പരസ്യ കരാറുകളെയാണ് മാധ്യമ സ്ഥാപനങ്ങള്‍ പ്രധാനമായും വരുമാനസ്രോതസ്സായി കാണുന്നത്. അതിനാല്‍ എഡിറ്റോറിയല്‍ നയത്തിനും വാണിജ്യതാല്പര്യങ്ങള്‍ക്കും ഇടയില്‍ കൃത്യമായ അതിര്‍ത്തി ഇല്ലാത്തപക്ഷം മാധ്യമങ്ങള്‍ പലപ്പോഴും ബിസിനസ്സ് താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപാധിയായിട്ടു മാറുന്നു. ദേശീയ തലത്തില്‍ യൂണിയന്‍ ഗവണ്‍മെന്റ് ഈ അവസ്ഥ മുതലെടുക്കുന്നതു മുന്‍നിര്‍ത്തി ഇപ്പോള്‍ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി മാത്രം പ്രതിവര്‍ഷം 130 ബില്യണ്‍ രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. മുഖ്യമായും കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടേയും മുന്നണിയുടേയും നയസമീപനങ്ങളെ ന്യായീകരിക്കാനും പ്രതിപക്ഷസ്വരങ്ങളെ നിസ്സാരവല്‍ക്കരിക്കാനും അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ തയ്യാറാകുന്നു. ഇതു നമ്മുടെ ബഹുസ്വര രാഷ്ട്രീയത്തിനു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കേരളത്തിലെ അവസ്ഥ
ഏറെക്കുറെ പ്രബുദ്ധമായ ഒരു ലിബറല്‍ ജനാധിപത്യ സമൂഹത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന ഒന്നാണ് കേരളീയ സമൂഹം. ശരാശരി കേരളീയന്റെ ഒരു പ്രഭാതം പത്രവായനയോടെയാണ് തുടങ്ങുന്നത്. വീടുകളിലും വായനശാലകളിലും ആനുകാലികങ്ങളും പത്രങ്ങളും മുടങ്ങാതെയെത്തുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പത്രങ്ങള്‍ ദിനേന പുറത്തിറങ്ങുന്നു. ഇതിനു പുറമേ നിരവധി വാര്‍ത്താചാനലുകളും വിനോദചാനലുകളും മലയാളികള്‍ക്കു മുന്‍പിലെത്തുന്നു. ഏതെങ്കിലും തരത്തിലുള്ള ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ക്ക് എളുപ്പം കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത വെര്‍ച്വല്‍ ലോകത്തെ വാര്‍ത്താമാധ്യമ ഇടപെടലുകള്‍ വേറെയും. അത്യന്തം മാധ്യമവല്‍കൃതമായ ഒരു സമൂഹമാണ് ഇപ്പോള്‍ കേരളത്തിലേത്.
എന്നാല്‍, കേരളീയരുടെ രാഷ്ട്രീയബോധത്തെ നിര്‍ണ്ണയിക്കാനും സ്വാധീനിക്കാനും മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു വിമോചനസമരകാലത്തോളം പഴക്കമുണ്ട്. വിമോചന സമരത്തിനു അനുകൂലമായ പൊതുസമ്മതി സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ചത് പത്രങ്ങളായിരുന്നുവെന്നു ചരിത്രം പറയുന്നു. കേരളത്തിലെ മുപ്പതു പത്രങ്ങളില്‍ ഇരുപത്തിയാറെണ്ണവും കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു പ്രധാന അവകാശവാദം. വേറിട്ടുനിന്ന ബാക്കി നാല് പത്രങ്ങള്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ളവയായിരുന്നു. 1957-ല്‍ 19 പത്രങ്ങള്‍ക്ക് രണ്ടര ലക്ഷം കോപ്പി പ്രചാരമാണുണ്ടായിരുന്നത്. 1959 ആകുമ്പോഴേക്ക് ഇത് 30 പത്രങ്ങളും ഏതാണ്ട് ആറു ലക്ഷം പ്രചാരവുമായി വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. ആദ്യ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരേയും അതിനെ പിരിച്ചുവിടുന്നതിനുവേണ്ടിയും അന്നു പോരാടിയ ആ മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും ഇപ്പോഴും സജീവമാണ്. വിമോചനസമരകാലത്തില്ലാതിരുന്ന സംഘപരിവാര സംഘടനകളുടേയും യൂണിയന്‍ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടേയും കൂടി പിന്തുണയുള്ളതിനാല്‍ ഇപ്പോള്‍ കോര്‍പറേറ്റ് മാധ്യമങ്ങളുടെ വലതുപക്ഷ രാഷ്ട്രീയ പക്ഷപാതിത്വം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുവെന്ന് മാധ്യമ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ പൊതുജനവിശ്വാസം ആര്‍ജ്ജിക്കണം
ബി.ആര്‍.പി. ഭാസ്‌കര്‍
പത്രമാധ്യമങ്ങളില്‍ ആര്‍ക്കും വിശ്വാസമില്ലാത്ത കാലമാണിന്ന്. പത്രമാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരണമെങ്കില്‍ ബഹുജനങ്ങള്‍ക്ക് അവയില്‍ വിശ്വാസം വേണം. മാധ്യമങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുജനവിശ്വാസം ആര്‍ജ്ജിക്കേണ്ടത്. സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് വിശ്വാസമുണ്ടാകുക. നിര്‍ഭാഗ്യവശാല്‍ അതിനവര്‍ക്കു കഴിയുന്നില്ല.
മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ അത് അകത്തുനിന്നുതന്നെയുണ്ടാകേണ്ടതാണ്. മാധ്യമ പ്രവര്‍ത്തകന്‍ ഒരേപോലെ അകത്തും പുറത്തുമുള്ള അധികാരകേന്ദ്രങ്ങളുടെ അടിച്ചമര്‍ത്തലുകളെ അതിജീവിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് മാധ്യമ സ്വാതന്ത്ര്യം എന്ന വാക്കിനു അര്‍ത്ഥമുണ്ടാകുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യാ രാജ്യത്തെവിടേയും മാധ്യമ സ്വാതന്ത്ര്യത്തിനു വെല്ലുവിളിയുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഭരിക്കുന്നത് ഏതു പാര്‍ട്ടി എന്നു നോക്കിയിട്ടല്ല മാധ്യമ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടേണ്ടത്. അധികാരവും സ്വാതന്ത്ര്യവും തമ്മിലുള്ള പോരാട്ടമായിട്ടുവേണം മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനെ കണക്കാക്കേണ്ടത്. അധികാരത്തിലിരിക്കുന്നത് പിണറായി വിജയനോ നരേന്ദ്ര മോദിയോ ഉമ്മന്‍ ചാണ്ടിയോ ആരുമാകട്ടെ.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates