വര്‍ധന ഹൈവോള്‍ട്ടേജില്‍; വൈദ്യുതി നിരക്ക് കൂടുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

വര്‍ധന ഹൈവോള്‍ട്ടേജില്‍; വൈദ്യുതി നിരക്ക് കൂടുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി
K.K.SUNDAR
Updated on
7 min read

കേരളത്തില്‍ സമീപ വര്‍ഷങ്ങളിലൊന്നും പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഉണ്ടായിട്ടില്ല എന്നത് സി.പി.എമ്മും ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും അനുബന്ധ സംഘടനകളും ആവര്‍ത്തിച്ചു പറയുന്ന കാര്യമാണ്; അവരുടെ അവകാശവാദങ്ങളിലെ ഒരു പ്രധാന ഇനം. പക്ഷേ, കേരളത്തില്‍ അങ്ങോളമിങ്ങോളം നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ദിവസവും ജനങ്ങള്‍ അനുഭവിക്കുന്ന ഒന്നുണ്ട്: അപ്രഖ്യാപിത പവര്‍കട്ട്. സമീപത്തെ വൈദ്യുതി ബോര്‍ഡ് ഓഫീസിലേക്കൊന്നു വിളിച്ച് തിരക്കിയാല്‍, ''ഇപ്പോള്‍ വരും'' എന്നായിരിക്കും മറുപടി. കുറഞ്ഞത് അരമണിക്കൂറെങ്കിലും കഴിയാതെ വരില്ല. കെ.എസ്.ഇ.ബി അതിനൊരു ഭാഗിക സ്ഥിരീകരണവും നല്‍കി. ''സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ദ്ധനവും ഝാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുതനിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 മുതല്‍ 650 മെഗാവാട്ട് വരെ കുറവ് പ്രതീക്ഷിക്കുന്നു. പവര്‍ എക്‌സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' എന്നാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തലേന്ന് കെ.എസ്.ഇ.ബി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

ഒരുവശത്ത് അവകാശവാദങ്ങള്‍ തുടരുമ്പോള്‍ത്തന്നെ ജനങ്ങളോട് ഇങ്ങനെ അഭ്യര്‍ത്ഥന നടത്തിയും നടത്താതേയും വൈദ്യുതിമുടക്കം പതിവ്. അതൊരു പശ്ചാത്തലമൊരുക്കലായിരുന്നു. അതിനിടയിലാണ് വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി അപേക്ഷ കൊടുത്തത്. പിന്നെ എല്ലാം വേഗത്തില്‍ നടന്നു. ഈ മാസം അഞ്ചിനു നടപ്പായ വൈദ്യുതിക്കൂലി വര്‍ദ്ധനയനുസരിച്ച് യൂണിറ്റിന് 16 പൈസ കൂടുതല്‍ കൊടുക്കണം. കൂടാതെ, സാധാരണക്കാരുടെ തലയില്‍നിന്ന് ഒഴിവാകും എന്നു പ്രതീക്ഷിച്ച 19 പൈസ സര്‍ച്ചാര്‍ജ്ജ് കൂടി കൊടുക്കേണ്ടിവരുന്നു. വരുമാനം കൂടാനൊരു വഴിയുമില്ലാതിരിക്കുകയും ഒഴിവാക്കാന്‍ കഴിയാത്ത ദൈനംദിന ചെലവുകള്‍ പലവിധത്തില്‍ കൂടുകയും ചെയ്യുമ്പോള്‍ നിസ്സഹായരായി മാറുന്ന സാധാരണക്കാരുടെ ബജറ്റിലേക്കാണ് ഈ വര്‍ദ്ധനവും കടന്നു കയറുന്നത്. പാചകവാതകത്തിനും പെട്രോളിയം ഉല്പന്നങ്ങള്‍ക്കും ഇടയ്ക്കിടെ മാരകമായി വില കൂടുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനു പറഞ്ഞുനില്‍ക്കാനാകാത്തവിധം മോശപ്പെട്ട തീരുമാനം.

2024-2025 മുതല്‍ 2026-'27 വരെ ( 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യമുള്ള വിധത്തില്‍ 2027 മാര്‍ച്ച് 31 വരെ) മൂന്നു വര്‍ഷത്തേക്കുള്ള 'പുതുക്കിയ' നിരക്കിന്റെ (വര്‍ദ്ധനവിന്റെ ഓമനപ്പേര്) വിശദാംശങ്ങളാണ് അപേക്ഷയിലുണ്ടായിരുന്നത്. അതേവിധം അത് റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചിട്ടില്ല. പക്ഷേ, മുന്‍കാല പ്രാബല്യത്തോടെയാണ് അധികഭാരം. ഇതില്‍ പൊതുജനാഭിപ്രായം തേടാന്‍ റഗുലേറ്ററി കമ്മിഷന്‍ കുറേ സിറ്റിംഗുകള്‍ നടത്തിയിരുന്നു. ജനങ്ങള്‍ ആ യോഗങ്ങളില്‍ കൃത്യമായി പറഞ്ഞു, ഇതു കൂടുതലാണ്. പക്ഷേ, നിരക്ക് കൂട്ടാന്‍ അനുമതി നല്‍കുമെന്ന് അന്നേ വ്യക്തമായിരുന്നു. കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത് അതേവിധം അംഗീകരിക്കുന്നതിനു പകരം നേരിയ കുറവ് വരുത്തിയേക്കാം എന്ന സൂചനകളും ഉണ്ടായിരുന്നു. പൊതുജനാഭിപ്രായം തേടി എന്നു വരുത്തിയത് ഒരു കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു. ഓര്‍ക്കേണ്ട കാര്യം, ഇതിനുമുന്‍പ് വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിച്ചിട്ട് ഒരു വര്‍ഷംപോലും തികഞ്ഞിട്ടില്ല എന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒടുവില്‍ നിരക്ക് കൂട്ടിയത്.

വേനല്‍ക്കാലത്തെ പ്രത്യേക നിരക്കിനും കൂടുതല്‍ ഉപഭോഗമുള്ള സമയത്തെ (പീക് ടൈം) നിരക്കിനും പ്രത്യേകം ഉള്‍ക്കൊള്ളിച്ചാണ് കെ.എസ്.ഇ.ബി അപേക്ഷ നല്‍കിയത്. ഏതായാലും അത് കമ്മിഷന്‍ അംഗീകരിച്ചിട്ടില്ല. പിഴിയാന്‍ തന്നെയാണ് വൈദ്യുതി ബോര്‍ഡ് നിശ്ചയിച്ചത് എന്ന് ആ അപേക്ഷ വ്യക്തമാക്കുന്നു. വേനല്‍ക്കാല പ്രത്യേക അധികനിരക്കും ക്രമേണ വരാനിരിക്കുന്നുണ്ട് എന്നതിന്റെ സൂചനതന്നെയാണ് അത്.

കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് കോഴിക്കോട്ടാണ് കമ്മിഷന്റെ ആദ്യ പബ്ലിക് ഹിയറിംഗ് നടന്നത്. നാലിന് പാലക്കാട്ടും അഞ്ചിന് എറണാകുളത്തും ജനങ്ങളെ 'കേട്ടു.' സെപ്റ്റംബര്‍ 10-ന് തിരുവനന്തപുരത്ത് ഹിയറിംഗ് നടന്നു. ഈ നാല് യോഗങ്ങളിലൂടെ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്കു മുഴുവന്‍ നിരക്ക് വര്‍ദ്ധനയെക്കുറിച്ചുള്ള അഭിപ്രായം ശരിയായി മനസ്സിലാക്കാന്‍ കഴിയും എന്ന കമ്മിഷന്റെ മനോഭാവം ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ജനപക്ഷ അവകാശവാദങ്ങള്‍ക്കു ചേരാത്തവിധം ഒരുതരം കാട്ടിക്കൂട്ടലായി. ജനാഭിപ്രായം കേട്ടെന്നു വരുത്തുക, എന്നിട്ട് വൈദ്യുതി ബോര്‍ഡിന് ജനങ്ങളെ പിഴിയാന്‍ അവസരം നല്‍കുക; അതാണ് സംഭവിച്ചത്. മുന്‍പും സംഭവിച്ചിട്ടുള്ളത് അതുതന്നെ. 2005-ല്‍ റഗുലേറ്ററി കമ്മിഷന്‍ രൂപീകരിച്ചതു മുതല്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഈ നാടകമാണ് തുടരുന്നത്. ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധന 2027 മാര്‍ച്ച് 31 വരെയാണെങ്കിലും അതിനിടയില്‍ കെ.എസ്.ഇ.ബി ഒരുവട്ടം കൂടിയെങ്കിലും റെഗുലേറ്ററി കമ്മിഷനെ സമീപിച്ച് ഈ നിരക്കുകള്‍ 'പുതുക്കാന്‍' അപേക്ഷിച്ചാലും അത്ഭുതപ്പെടാനില്ല. വേനല്‍ക്കാല പ്രത്യേക നിരക്ക് എന്ന ആവശ്യം ആവര്‍ത്തിച്ച് ശക്തമായി ഉന്നയിക്കുകയും ചെയ്യും.

അധികഭാരം

2024-'25 കാലയളവിലേക്ക് യൂണിറ്റിനു 30 പൈസയുടെ വര്‍ദ്ധനവാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. വേനല്‍ക്കാല അധികനിരക്ക് ചോദിച്ചത് 2025 ജനുവരി മുതല്‍ മെയ് വരെ യൂണിറ്റിന് 10 പൈസ. 2026-'27-ലെ വര്‍ദ്ധന നിലനിര്‍ത്തിക്കൊണ്ടുതന്നെ വേനല്‍ക്കാല അധിക നിരക്കായി 10 പൈസ തന്നെ ഈടാക്കാമെന്നും തീരുമാനിച്ചിരുന്നു. അതാണ് തല്‍ക്കാലത്തേയ്ക്കു നടക്കാതെ പോയത്. ഉപഭോക്താക്കളുടെ തലയ്ക്കു മുകളിലെ ഭീഷണിയായി അതു തുടരുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും 2025-ല്‍ അഞ്ചു പൈസയും യൂണിറ്റടിസ്ഥാനത്തില്‍ കൂടും. പക്ഷേ, ഇവര്‍ക്ക് പത്ത് ശതമാനം പകല്‍നിരക്ക് ഇളവുണ്ട്. അത് ആശ്വാസമായി മാറുന്നു. പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് ടി.ഒ.ഡി (ടൈം ഓഫ് ദി ഡേ) മീറ്ററാണ്. മൂന്നു വ്യത്യസ്ത സമയക്രമങ്ങളില്‍ വ്യത്യസ്ത നിരക്കാണ് ഇതു കാണിക്കുക. പകല്‍സമയം, അതായത് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ സാധാരണ നിരക്ക്, വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ, അതായത് പീക് ടൈമില്‍ സാധാരണ നിരക്കിന്റെ 20 ശതമാനം അധികം, രാത്രി 10 മുതല്‍ രാവിലെ ആറ് വരെ, അതായത് ഓഫ് പീക് ടൈമില്‍ സാധാരണ നിരക്കിന്റെ പത്ത് ശതമാനം കുറവ്.

പീക് ടൈമില്‍ അഞ്ചു ശതമാനവും ഓഫ് പീക് ടൈമില്‍ പത്തു ശതമാനവും വര്‍ദ്ധന ആവശ്യപ്പെടുന്നതിലെ അനീതിയെക്കുറിച്ചു ചോദ്യം ഉയരും എന്നു മനസ്സിലാക്കിയാണ് പകല്‍ സമയത്ത് ടി.ഒ.ഡി മീറ്ററുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പത്തു ശതമാനം ഇളവു നല്‍കാനുള്ള ശുപാര്‍ശ നല്‍കിയത്. കുറഞ്ഞവിലയ്ക്കു കൂടുതല്‍ വൈദ്യുതിയും സൗരോര്‍ജ്ജവും ധാരാളമായി ലഭിക്കുന്ന പകല്‍സമയത്ത് വൈദ്യുതിബോര്‍ഡും സര്‍ക്കാരും എന്തോ ഔദാര്യം ജനങ്ങള്‍ക്കു ചെയ്യുന്നു എന്നു വരുത്താനുള്ള ശ്രമം. പക്ഷേ, വൈദ്യുതിനിരക്ക് കൂട്ടിയതിലെ അനീതിയും ജനവിരുദ്ധ സമീപനവും കേരളം മനസ്സിലാക്കി. പ്രതികരണങ്ങള്‍ തുടരുകയുമാണ്.

കേരളത്തെ നിത്യവേദനയിലാഴ്ത്തുന്ന വയനാട് ഉരുള്‍പൊട്ടലും നാലര വര്‍ഷത്തിനുശേഷം പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നടുക്കവുമൊക്കെ കേരളത്തെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ അതിന്റെ മറവില്‍ വൈദ്യുതിവില വര്‍ദ്ധിപ്പിക്കാനാണ് ആ സമയത്ത് അപേക്ഷ കൊടുത്തത്. റെഗുലേറ്ററി കമ്മിഷന്‍ തിരക്കിട്ട സിറ്റിംഗുകളും നടത്തി. വൈദ്യുതിബോര്‍ഡും റെഗുലേറ്ററി കമ്മിഷനുമൊക്കെ തെറ്റായ രാഷ്ട്രീയ തീരുമാനത്തിന്റെ ഉപകരണങ്ങളായി മാറുകയാണ് ചെയ്തത്.

P. JAWAHAR

വാക്കും പ്രവൃത്തിയും

ഉല്പാദനം, പ്രസരണം, വിതരണം, സാമ്പത്തികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വൈദ്യുതിബോര്‍ഡിനു ശ്രദ്ധേയമായ നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് 2023-'24-ലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന നേട്ടത്തെക്കുറിച്ചാണ് ഈ മേനിപറച്ചില്‍. ഈ പിഴിയല്‍ എല്ലാ പരിധികളും ലംഘിച്ച് തുടരുകയാണ്. ഇടതുമുന്നണിയേയും സി.പി.എമ്മിനെ പ്രത്യേകിച്ചും പിന്തുണയ്ക്കുന്ന സാംസ്‌കാരിക പ്രമുഖര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇതിനോടു പ്രതികരണമില്ല. പ്രതിപക്ഷമായ യു.ഡി.എഫും ആ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സും നിരക്ക് വര്‍ദ്ധനവിനെതിരെ സമരത്തിലാണ്. പക്ഷേ, യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നിരക്ക് വര്‍ദ്ധനവുകള്‍ കൊണ്ടാണ് എല്‍.ഡി.എഫ് പ്രതിരോധിക്കുന്നത്. ചില കാര്യങ്ങളില്‍ രണ്ടു മുന്നണികളും ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടപ്പാക്കുന്നത് എന്ന വിമര്‍ശനം ശരിയാണെന്നു കൂടുതല്‍ക്കൂടുതല്‍ വ്യക്തമാവുകയും കൂടിയാണ്.

ജനം കൂടുതലായി ദരിദ്രരും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു നട്ടം തിരിയുന്നവരുമായി മാറുന്ന കാലത്ത്, 812.16 കോടിയും 549.10 കോടിയും 53.82 കോടിയും രൂപയാണ് നിരക്കു വര്‍ദ്ധനയിലൂടെ ഈ മൂന്നു വര്‍ഷവും കെ.എസ്.ഇ.ബി ലക്ഷ്യംവെച്ച അധിക വരുമാനം. ഇതിനു പുറമേ വേനല്‍ക്കാലത്തെ പ്രത്യേക നിരക്ക് വര്‍ദ്ധനവിലൂടെ മാത്രം 349.5 കോടി രൂപയുടെ അധിക വരുമാനവും പ്രതീക്ഷിച്ചു. ഇപ്പോഴത്തെ വര്‍ദ്ധന നടപ്പാകുമ്പോള്‍ 152 കോടി രൂപയാണ് അടുത്ത മാര്‍ച്ച് 31 വരെയുള്ള നാലു മാസം കൊണ്ടുമാത്രം കെ.എസ്.ഇ.ബിക്ക് കിട്ടുന്നത്; കൃത്യം തുക 151.67 കോടി. വന്‍കിടക്കാരുടെ വന്‍തുകയുടെ കുടിശികയോടുള്ള വിട്ടുവീഴ്ച ഗാര്‍ഹിക ഉപഭോക്താക്കളോടു കാണിക്കാതെ, നിശ്ചിത തീയതിക്കുള്ളില്‍ ബില്ലടയ്ക്കാതിരുന്നാല്‍ കൃത്യമായി കണക്ഷന്‍ വിച്ഛേദിക്കുന്നതുകൊണ്ട് ഈ തുക മുഴുവനായും പിരിഞ്ഞുകിട്ടുകയും ചെയ്യും. 2025 ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള അധിക വരുമാനം 473.20 കോടി എന്നാണ് കണക്ക്, ഏപ്രില്‍ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ 487.40 കോടി.

റെഗുലേറ്ററി കമ്മിഷനു മുന്നില്‍ വിനീതവിധേയരായാണ് കെ.എസ്.ഇ.ബി നില്‍ക്കുന്നത്. അപേക്ഷ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണം എന്നും ഒപ്പം ഉപഭോക്താക്കളായ പൊതുജനത്തെക്കൂടി കേള്‍ക്കണമെന്നും ബോര്‍ഡ് പറയുന്നു. ജനത്തെ കേള്‍ക്കുക എന്നത് കെ.എസ്.ഇ.ബിയുടേയോ റെഗുലേറ്ററി കമ്മിഷന്റേയോ സര്‍ക്കാരിന്റേയോ ഔദാര്യമല്ല. മറിച്ച്, 2003-ലെ വൈദ്യുതി നിയമ ഭേദഗതിയിലൂടെ റെഗുലേറ്ററി കമ്മിഷന്‍ രൂപീകരിച്ചപ്പോഴത്തെ വ്യവസ്ഥയാണ്.

തോന്നുന്നതുപോലെ വൈദ്യുതി നിരക്കു കൂട്ടുന്നതിന് കെ.എസ്.ഇ.ബിക്കും സര്‍ക്കാരിനും കൂട്ടുനില്‍ക്കുന്നതില്‍നിന്ന് റെഗുലേറ്ററി കമ്മിഷന്‍ പിന്‍മാറണം എന്ന ആവശ്യം കൂടിയാണ് ഇപ്പോള്‍ ഉയരുന്നത്. അതാണ് പബ്ലിക് ഹിയറിംഗുകളില്‍ ജനം ആവശ്യപ്പെട്ട ഒന്നാമത്തെ കാര്യം. വൈദ്യുതിവില കൂട്ടുന്നതിനു കാരണമായി ബോര്‍ഡ് പറയുന്ന വസ്തുതാപരമല്ലാത്ത കാര്യങ്ങളെ കാര്യങ്ങള്‍ പഠിച്ചുവന്ന് അക്കമിട്ടു നിരത്തി ചോദ്യം ചെയ്തു. ഉല്പാദനത്തിലും പ്രസരണത്തിലും വിതരണത്തിലും ശ്രദ്ധേയ നേട്ടം കൈവരിക്കുന്നു എന്ന് അവകാശപ്പെടുന്ന വൈദ്യുതിബോര്‍ഡിന് അധിക വരുമാനം ഉണ്ടാക്കാന്‍ മാത്രം ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്പിക്കണോ എന്നും കമ്മിഷന്‍ അതിനു കൂട്ടുനില്‍ക്കണോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഭരണ രാഷ്ട്രീയ നേതൃത്വത്തിനാണ്. കേരളമാകെ കൂടുതല്‍ ഇടങ്ങളില്‍ ഹിയറിംഗ് നടത്തി കൂടുതല്‍ ജനങ്ങളെ ശ്രദ്ധയോടെ കേട്ടു മാത്രമാകണം കമ്മിഷന്‍ കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ പരിഗണിക്കുന്നത്.

ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്തവിധം വര്‍ദ്ധന നടപ്പാക്കാനാണ് ശ്രമിച്ചത് എന്നാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞത്. ''വര്‍ദ്ധന ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. ഇപ്പോള്‍ത്തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത്.''

റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് വൈദ്യുതിനിരക്ക് കൂട്ടാന്‍ ഇടയാക്കുന്ന പ്രതിസന്ധിക്ക് കാരണം എന്നാണ് മുന്‍ വൈദ്യുതിമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്റെ പ്രതികരണം. ''വൈദ്യുതി കമ്പനികളുമായുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് വീണ്ടുവിചാരം ഇല്ലാതെയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല കരാര്‍ ക്രമവിരുദ്ധമായിരുന്നെങ്കിലും അത് റദ്ദാക്കുമ്പോള്‍ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയില്ല. വെളുക്കാന്‍ തേച്ചത് പാണ്ടായി. ചക്കിക്കൊത്ത ചങ്കരനെപ്പോലെയാണ് കെ.എസ്.ഇ.ബി പെരുമാറുന്നത്. പല തീരുമാനങ്ങളും വകുപ്പും വൈദ്യുതിമന്ത്രിയും അറിയുന്നില്ല.''

''എപ്പോഴാണ് നിങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ അപേക്ഷ തരുന്നത് എന്നു നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍ കമ്മിഷന്‍ വൈദ്യുതിബോര്‍ഡിനോട് ചോദിക്കുന്നുണ്ട്'', ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായി വിരമിച്ച ജയിംസ് കുട്ടി തോമസ് ചൂണ്ടിക്കാട്ടുന്നു: ''സൗരോര്‍ജ്ജ ഗുണഭോക്താക്കള്‍ക്കു ടി.ഒ.ഡി താരിഫ് അംഗീകരിച്ചിട്ടില്ലെങ്കിലും ഫലത്തില്‍ ഈ ഉത്തരവിലൂടെ അവരെല്ലാം ഈ ഉത്തരവിന്റെ പരിധിയില്‍ വരും. കണക്റ്റഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഫിക്സഡ് ചാര്‍ജ്ജും അംഗീകരിച്ചിട്ടില്ല.''

ഏറ്റവുമധികം പൊതുജനങ്ങള്‍ പങ്കെടുത്ത തെളിവെടുപ്പാണ് ഈ തീരുമാനത്തിനു മുന്‍പ് ഉണ്ടായത് എന്ന് റെഗുലേറ്ററി കമ്മിഷന്‍ പറയുന്നു. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഏറെ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്തു. ജനങ്ങളെ പരിഗണിച്ചതായി കെ.എസ്.ഇ.ബിയും അവകാശപ്പെടുന്നു.

പക്ഷേ, ഏട്ടിലെ പശുവിനെപ്പോലെയാണ് ഈ വര്‍ത്തമാനങ്ങള്‍ എന്നതാണ് വസ്തുത. വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ട അതേ വര്‍ദ്ധന അംഗീകരിച്ചുകൊടുത്തില്ല എന്ന റഗുലേറ്ററി കമ്മിഷന്റെ വാദത്തില്‍ കഴമ്പില്ല. കാരണം, അതേപടി അംഗീകരിക്കില്ല എന്നു മനസ്സിലാക്കിത്തന്നെയാണ് ബോര്‍ഡ് അപേക്ഷ കൊടുക്കുന്നത്. ഇത്ര ചോദിച്ചാല്‍ ഏകദേശം ഇത്ര അംഗീകരിച്ചു തരും എന്ന ധാരണയോടെയാണ് അപേക്ഷ തയ്യാറാക്കുന്നത്. മുന്‍കാലങ്ങളിലെ അപേക്ഷകളും കമ്മിഷന്‍ തീരുമാനവും നോക്കിയാല്‍ ഇതു വ്യക്തമാകും. നിരക്ക് കൂട്ടാന്‍ തീരുമാനമെടുത്ത ശേഷമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ജനങ്ങളുടെ ഭാഗം കേള്‍ക്കാനുള്ള ഹിയറിംഗ് പ്രഹസനങ്ങളും അതു പരിഗണിച്ചു എന്നു വരുത്തുന്നതും.

ജനത്തിനു ഷോക്കടിക്കുന്നവിധം, സര്‍ക്കാര്‍ വ്യത്യാസമില്ലാതെ വൈദ്യുതിനിരക്ക് കൂട്ടിക്കൊണ്ടേയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് പ്രധാനം.

vd satheeshan
വിഡി സതീശൻ ടിവി ദൃശ്യം
വൈദ്യുതിനിരക്ക് വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റേയും വൈദ്യുതിബോര്‍ഡിലേയും കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും വില കൊടുക്കേണ്ടിവരുന്നത് സാധാരണക്കാരായ ഗുണഭോക്താക്കളാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ യൂണിറ്റിന് 16 പൈസയാണ് കൂട്ടിയതെങ്കിലും മള്‍ട്ടി ഇയര്‍ താരിഫ് എന്ന പേരിലുള്ള ചതി കൂടി ഈ ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് പിന്നിലുണ്ട്. അതായത് 2025 മാര്‍ച്ച് കഴിയുമ്പോള്‍ യൂണിറ്റിന് 12 പൈസ കൂടി ആരും അറിയാതെ വര്‍ദ്ധിക്കും. മൂന്നു മാസം കഴിഞ്ഞുള്ള ഒരു ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപനം ഒഴിവാക്കുന്നതിനുവേണ്ടിയാണ് രണ്ടു വര്‍ദ്ധനകള്‍ ഒന്നിച്ചു പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ചത്. നിലവിലെ വര്‍ദ്ധനവ് അനുസരിച്ച് പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണ കുടുംബത്തിന്റെ വൈദ്യുതി ചാര്‍ജ് 45 രൂപ മുതല്‍ 50 രൂപ വരെ വര്‍ദ്ധിക്കും. ഈ വര്‍ദ്ധന മാര്‍ച്ച് കഴിയുമ്പോള്‍ 90 രൂപ മുതല്‍ നൂറ് രൂപ വരെയാകും. മാര്‍ച്ച് ആകുമ്പോഴേക്കും ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള ചാര്‍ജ്ജുകളും വര്‍ദ്ധിക്കും. ഇത് പൊതുജനത്തോടുള്ള ചതി അല്ലെങ്കില്‍ മറ്റെന്താണ്? തൊഴിലില്ലായ്മയും വിലക്കയറ്റവും വിവിധ സെസുകളും കുത്തനെയുള്ള നികുതികളും വെള്ളക്കരത്തിന്റെ വര്‍ദ്ധനവും ഉള്‍പ്പെടെ സാധാരണക്കാര്‍ ജീവിക്കാനാകാത്ത അവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ വീണ്ടും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിച്ചത് ജനങ്ങളോടുള്ള ക്രൂരതയാണ്. സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലം അനുഭവിക്കേണ്ടിവരുന്നത് പൊതുജനങ്ങളാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബിയെ ഏഴ് വര്‍ഷംകൊണ്ട് ഈ സര്‍ക്കാര്‍ 45000 കോടി രൂപയുടെ കടക്കെണിയിലാക്കി. യു.ഡി.എഫ് കാലത്ത് അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ 25 വര്‍ഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി നാല് രൂപ 29 പൈസയ്ക്ക് വാങ്ങാന്‍ വിവിധ കമ്പനികളുമായി ദീര്‍ഘകാല കരാറുണ്ടാക്കി. പവര്‍കട്ട് ഒഴിവാക്കിയെന്ന് ഈ സര്‍ക്കാര്‍ മേനിനടിച്ചതും ഈ കരാറിന്റെ ബലത്തിലായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷം മുന്‍പ് ഈ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. അതിനുശേഷം നാല് രൂപ 29 പൈസയ്ക്ക് വാങ്ങിയിരുന്ന വൈദ്യുതി ആറ് മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിയത്. ഇതിലൂടെ ദിവസേന 15 മുതല്‍ 20 കോടി രൂപ വരെയാണ് നഷ്ടമുണ്ടായത്. സാമാന്യബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീര്‍ഘകാല വൈദ്യുതി പര്‍ച്ചേസ് കരാര്‍ റദ്ദാക്കല്‍. അഴിമതി വ്യക്തമാണ്. തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെ.എസ്.ഇ.ബിക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ട്. കരാര്‍ അട്ടിമറിച്ചതില്‍ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സര്‍ക്കാര്‍ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷന്‍. മുന്‍മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സര്‍വ്വീസ് സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് അംഗങ്ങള്‍. ചെയര്‍മാനും സര്‍ക്കാര്‍ നോമിനി. സര്‍ക്കാരിന്റെ ഉള്ളറിഞ്ഞു മാത്രമേ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം എടുക്കൂവെന്ന് വ്യക്തം. കുറഞ്ഞ നിരക്കിലുള്ള യു.ഡി.എഫ് കാലത്തെ കരാറുകള്‍ റദ്ദാക്കിയ ശേഷം ഇടക്കാല കരാറുകളിലൂടെ വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ആരില്‍നിന്നാണെന്ന് കൂടെ നോക്കണം. അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. യൂണിറ്റിന് 10 രൂപ 25 പൈസ മുതല്‍ 14 രൂപ മൂന്ന് പൈസ വരെ നല്‍കി അദാനിയില്‍നിന്ന് നാല് കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്. നാല് രൂപ 29 പൈസയുടെ കരാര്‍ റദ്ദാക്കിയ ജിന്‍ഡാലില്‍നിന്ന് ഒന്‍പത് രൂപ 59 പൈസക്ക് പുതിയ കാരാറുണ്ടാക്കിയെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദാക്കിയ ശേഷം അതേ കമ്പനിയില്‍നിന്ന് വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു. അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തിലേക്ക് വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുമായിരുന്നുള്ളൂ. അത് സാധ്യമാക്കാന്‍ ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തണം. ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തണം. അഴിമതി പണം ഏതൊക്കെ പെട്ടിയിലേക്കാണ് പോയതെന്നു കണ്ടെത്തണം. 2040 വരെ കേരളത്തിന് നാല് രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ റെഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും സര്‍ക്കാരും ചെയ്തത്. ഇതിലൂടെ ബോര്‍ഡിനു നഷ്ടമുണ്ടായപ്പോഴും 2000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായത്. ഇതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ദീര്‍ഘകാല കരാറുകള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ നിരക്ക് വര്‍ദ്ധന ഒഴിവാക്കാമായിരുന്നു. അദാനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് 2000 കോടിയിലധികം ലാഭമുണ്ടായപ്പോള്‍ അഴിമതിയുടേയും കൊള്ളയുടേയും പാപഭാരം പൊതുജനത്തിന്റെ മുകളിലുമായി.
വി.ഡി. സതീശന്‍ (പ്രതിപക്ഷ നേതാവ്)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com